ടിവിഎസ് അപ്പാച്ചെ അശ്വമേധം തുടരുന്നു

ടിവിഎസ് അപ്പാച്ചെ അശ്വമേധം തുടരുന്നു

2005 ലാണ് ടിവിഎസ് അപ്പാച്ചെ ബ്രാന്‍ഡ് അവതരിപ്പിച്ചത്

ന്യൂഡെല്‍ഹി : മുപ്പത് ലക്ഷം അപ്പാച്ചെ മോട്ടോര്‍സൈക്കിളുകള്‍ വിറ്റ് ടിവിഎസ് പുതിയ നാഴികക്കല്ല് താണ്ടി. 2005 ലാണ് അപ്പാച്ചെ എന്ന ബ്രാന്‍ഡ് ടിവിഎസ് അവതരിപ്പിച്ചത്. നിലവില്‍ 160 സിസി മുതല്‍ 313 സിസി വരെ എന്‍ജിന്‍ ഡിസ്‌പ്ലേസ്‌മെന്റുള്ള നിരവധി മോട്ടോര്‍സൈക്കിളുകളാണ് അപ്പാച്ചെ കുടുംബത്തിലുള്ളത്.

ടിവിഎസ്സിന്റെ 36 വര്‍ഷത്തെ റേസിംഗ് പാരമ്പര്യത്തില്‍നിന്ന് അനുഭവങ്ങള്‍ ഉള്‍ക്കൊണ്ട് നിര്‍മ്മിച്ചതാണ് അപ്പാച്ചെ കുടുംബത്തിലെ ഏറ്റവും പുതിയ മോഡലായ ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 4വി. അപ്പാച്ചെ ഉപയോക്താക്കളുടെ പൊതുവേദിയെന്ന നിലയില്‍ അപ്പാച്ചെ ഓണേഴ്‌സ് ഗ്രൂപ്പ് (എഒജി) ടിവിഎസ് രൂപീകരിച്ചിരുന്നു. ഇതിനകം 33 നഗരങ്ങളില്‍ എഒജി റൈഡുകള്‍ നടത്തി. മൂവായിരത്തിലധികം ഉപയോക്താക്കളാണ് ഈ റൈഡുകളില്‍ പങ്കെടുത്തത്.

അവാര്‍ഡ് വിന്നിംഗ് സീരീസാണ് ടിവിഎസ് അപ്പാച്ചെ. 2015 മുതല്‍ 2018 വരെ തുടര്‍ച്ചയായ നാല് വര്‍ഷമാണ് ജെഡി പവര്‍ സര്‍വ്വേയില്‍ വിജയിച്ചത്. ഈ വര്‍ഷത്തെ ജെഡി പവര്‍ ഏഷ്യ പസിഫിക് അവാര്‍ഡുകളില്‍ ‘ഏറ്റവും ആകര്‍ഷകമായ പ്രീമിയം മോട്ടോര്‍സൈക്കിള്‍’ എന്ന അവാര്‍ഡ് നേടിയത് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 180 മോട്ടോര്‍സൈക്കിളാണ്.

സമ്പന്നമായ റേസിംഗ് പാരമ്പര്യവും സാങ്കേതികവിദ്യാ മേന്‍മകളും സ്റ്റൈലിഷ് രൂപകല്‍പ്പനയുമാണ് ടിവിഎസ് അപ്പാച്ചെയുടെ വിജയത്തിന് കാരണമെന്ന് ടിവിഎസ് മോട്ടോര്‍ കമ്പനി പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ കെഎന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

Comments

comments

Categories: Auto
Tags: TVS Appache