മാതൃകയായി ട്രാന്‍സ്‌ജെന്‍ഡര്‍ സംരംഭകരും

മാതൃകയായി ട്രാന്‍സ്‌ജെന്‍ഡര്‍  സംരംഭകരും

കേരളത്തിന്റെ സംരംഭകത്വ മേഖല വളരുകയാണ്. പുതിയ ആശയങ്ങള്‍, പുതിയ സ്ഥാപനങ്ങള്‍ , പുതിയ നിക്ഷേപ മാര്‍ഗങ്ങള്‍..എന്നാല്‍ ഇക്കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ കേരളത്തിന് ഒന്നടങ്കം അഭിമാനിക്കാനുള്ള വക നല്‍കിയത് സംരംഭകരംഗത്തേക്കുള്ള ഭിന്നലിംഗക്കാരുടെ കടന്നു വരവായിരുന്നു. പുരുഷ വനിതാ സംരംഭകര്‍ മാത്രം അടക്കി വാണിരുന്ന കേരളത്തിന്റെ സംരംഭകത്വ മേഖലയില്‍ ഇപ്പോള്‍ ട്രാന്‍സ്‌ജെന്‍ഡര്‍ സംരംഭകരും തങ്ങളുടെ സ്ഥാനം ഉറപ്പിച്ചിരിക്കുന്നു

അടുത്തിടെവരെ ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന പദത്തെ പൂര്ണമായതും ഉള്‍ക്കൊള്ളാന്‍ കഴിയാതെ വിഷമിച്ചിരുന്നവരായിരുന്നു കേരളീയര്‍. മറ്റു സംസ്ഥാനങ്ങളില്‍ കല്‍ക്കി സുബ്രഹ്മണ്യത്തെ പോലുള്ള ട്രാന്‍സ്‌ജെന്‍ഡര്‍ വനിതകള്‍ കലയിലും ബിസിനസിലും ഒരുപോലെ നേട്ടം കൊയ്യുമ്പോള്‍ നമ്മുടെ സംസ്ഥാനത്തെ മൂന്നാം ലിംഗക്കാര്‍ ഇരുട്ടില്‍ തപ്പുകയായിരുന്നു.അവഗണനയുടെയും തിരസ്‌കരിക്കപ്പെടലിന്റെയും ഇരുണ്ട കാലഘട്ടങ്ങള്‍ക്കിപ്പുറം സംസ്ഥാനത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹവും നിലനില്‍പ്പിനായി സ്വയം തൊഴില്‍ കണ്ടെത്തിത്തുടങ്ങിയിരിക്കുന്നു. ഇതില്‍ ഏറ്റവും അഭിമാനാര്‍ഹമായ കാര്യം അവര്‍ ചെറിയ തൊഴിലുകള്‍ കണ്ടെത്തി ജീവിക്കാനുള്ള വക കണ്ടെത്തുന്നതില്‍ അല്ല, മറിച്ച് സ്വന്തം കഴിവിനും നേതൃപാടവത്തിനും മുന്‍തൂക്കം നല്‍കി സംരംഭകത്വത്തിലേക്ക് ഇറങ്ങുവാനാണ് ശ്രദ്ധിക്കുന്നത് എന്നതാണ്.

സ്വന്തമായി ബിസിനസ് നടത്തുന്നതിന് നിക്ഷേപം സമാഹരിക്കുന്നതിനായി സര്‍ക്കാര്‍ ഭിന്നലിംഗത്തില്‍പ്പെട്ട ആളുകള്‍ക്ക് ലോണുകള്‍ നല്‍കുന്നുണ്ട് എന്നത് ഏറെ ശ്രദ്ധേയമായ കാര്യമാണ്. മേക്കപ്പ് സ്റ്റുഡിയോ, ഡിസൈനര്‍ ബുട്ടീക്ക് , ജ്വല്ലറി ഷോപ്പ് തുടങ്ങി വിവിധങ്ങളായ പദ്ധതിയുമായാണ് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പെട്ട ആളുകള്‍ സംരംഭകലോകത്തേക്ക് കടന്നു വന്നിരിക്കുന്നത്. ഇവയ്ക്ക് പുറമെ കുടുംബശ്രീയുടെ ഭാഗത്ത് നിന്നും ലഭിക്കുന്ന മികച്ച പിന്തുണയോടെ ജ്യൂസ് പാര്‍ലര്‍, അച്ചാര്‍ വില്‍പന, ചിപ്‌സ് നിര്‍മാണം തുടങ്ങിയ മേഖലകളില്‍ കഴിവ് തെളിയിച്ചവരും അനവധി. വേറെ ചിലരാകട്ടെ ഡാന്‍സ് ട്രൂപ്പുകള്‍, നൃത്തപഠന കഌസുകള്‍ എന്നിവ നടത്തിയും ജീവിക്കാന്‍ ആവശ്യമായ വരുമാനം കണ്ടെത്തുന്നു. തള്ളിപ്പറഞ്ഞവര്‍ക്ക് മുന്നില്‍ തന്റേടത്തോടെ ജീവിച്ചു മാതൃകയാവുകയാണ് ഇവര്‍. സ്വയം വരുമാനം കണ്ടെത്തുന്നതോടൊപ്പം മറ്റുള്ളവര്‍ക്ക് തൊഴില്‍ നല്‍കുകയും ചെയ്യുന്നു. ഇത്തരത്തില്‍ സംരംഭ ലോകത്തിന് മാതൃകയായ ചില ട്രാന്‍സ്‌ജെന്‍ഡര്‍ സംരംഭകരെ പരിചയപ്പെടാം…

ആഭരണ നിര്‍മാണത്തില്‍ മികവ് തെളിയിച്ച് തൃപ്തി ഷെട്ടി

കേരളത്തിലെ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നുള്ള ആദ്യ സംരംഭകയാണ് കൊച്ചിയില്‍ താമസമാക്കിയ കാസര്‍ഗോഡ് സ്വദേശിനി തൃപ്തി ഷെട്ടി. പുരുഷ ശരീരത്തിനുള്ളില്‍ സ്ത്രീ മനസുമായുള്ള ജീവിതം ദുസ്സഹമായപ്പോഴാണ് തൃപ്തി വീട് വിട്ടിറങ്ങിയത്. പിനീട് മുംബൈ നഗരത്തിലെത്തി. പല വിധ ജോലികള്‍ ചെയ്ത് ജീവിച്ചു. ഒടുവില്‍ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീ ശരീരത്തിലേക്ക് മാറി. തിരികെ കേരളത്തില്‍ എത്തിയ തൃപ്തി കൊച്ചിയിലെ ഒരു ഹോട്ടലില്‍ കാഷ്യര്‍ ആയി ജോലി നോക്കി. അവിടെ വച്ചാണ് ആഭരണ നിര്‍മാണം പഠിക്കുന്നത്. ജോലി കഴിഞ്ഞുള്ള ഒഴിവ് സമയത്ത് അധിക വരുമാനത്തിനായി പഠിച്ചതാണ് എങ്കിലും ഇപ്പോള്‍ ആഭരണ നിര്‍മാണത്തിലൂടെ സംരംഭക എന്ന നിലയിലേക്ക് ഉയര്‍ന്നിരിക്കുകയാണ് തൃപ്തി ഷെട്ടി.

17 ദിവസം കൊണ്ട് ആഭരണ നിര്‍മാണം പഠിച്ചെടുത്ത തൃപ്തിക്ക് പിന്നീടങ്ങോട്ട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. സ്വന്തമായി നിര്‍മ്മിച്ചെടുക്കുന്ന ഹാന്‍ഡിക്രാഫ്റ്റ് ഉത്പന്നങ്ങള്‍ പല ഇടങ്ങളിലായി നടക്കുന്ന എക്‌സിബിഷനുകളില്‍ പ്രദള്‍ശിപ്പിച്ച് വിപണനം ചെയ്ത് ജീവിക്കാനാവശ്യമായ വരുമാനം കണ്ടെത്തുകയാണ് തൃപ്തി. തൃപ്തിസ് ഹാന്‍ഡ്‌മെയ്ഡ് ജ്വല്ലറി എന്ന പേരില്‍ ഒരു ഓണ്‍ലൈന്‍ ഷോപ്പ് ആരംഭിച്ച്, ഓണ്‍ലൈന്‍ വ്യാപാരത്തിലും തൃപ്തി ശ്രദ്ധ പതിപ്പിക്കുന്നു. ഹാന്‍ഡിക്രാഫ്റ്റ് സെമി പ്രോസസ് സ്‌റ്റോണ്‍, ഹാന്‍ഡ്‌മെയ്ഡ് ജ്വല്ലേഴ്‌സ്, പെയ്ന്റിംഗ് എന്നിവയാണ് പ്രധാനമായും തൃപ്തി നിര്‍മിക്കുന്നത്.കൊച്ചിയില്‍ കൗരകൗശല വസ്തുക്കളുടെ നിര്‍മ്മാണ യൂണിറ്റും അതോടൊപ്പം കൊച്ചി കേന്ദ്രമാക്കി ഒരു വിപണന കേന്ദ്രവും ആണ് തൃപ്തിയുടെ ഭാവിയെ പറ്റിയുള്ള സ്വപ്‌നങ്ങള്‍. കേരള സംസ്ഥാന കരകൗശലകോര്‍പ്പറേഷന്റെ ആര്‍ട്ടിസാന്‍ ഐഡന്റിന്റിറ്റി കാര്‍ഡ് ലഭിച്ചിട്ടുള്ള വ്യക്തിയാണ് തൃപ്തി.

”ജീവിക്കുവാന്‍ പണം കണ്ടെത്തുന്നതിനായി ഞാന്‍ യാചിച്ചിട്ടുണ്ട്. ഒരുപാട് അവഗണനകള്‍ സഹിച്ചിട്ടുണ്ട്. എന്നാല്‍ ഒടുവില്‍ ഞാന്‍ എന്റെ ജീവിതമാര്‍ഗം കണ്ടെത്തി. ആഭരണ വില്‍പനയുടെ പ്രതിമാസം നല്ലൊരു വരുമാനം ലഭിക്കുന്നുണ്ട്. കേരളത്തില്‍ ആകമാനം എക്‌സിബിഷനുകള്‍ നടത്തണം എന്നും ഒരു ബ്രാന്‍ഡ് ആയി മാറണം എന്നുമാണ് ഞാന്‍ ആഗ്രഹിക്കുന്നത്” തൃപ്തി ഷെട്ടി പറയുന്നു.

200 രൂപ മുതല്‍ 2000 രൂപ വരെ വിലമതിക്കുന്ന മാലകള്‍, വളകള്‍, കമ്മലുകള്‍ എന്നിവയാണ് തൃപ്തി വില്‍ക്കുന്നത്. ഉയര്‍ന്ന ഗുണമേന്മ തന്നെയാണ് തൃപ്തിയുടെ കരവിരുതിനെ വേറിട്ട് നിര്‍ത്തുന്നത്. സര്‍ക്കാര്‍ ഭാഗത്തു നിന്നുമുള്ള പിന്തുണ ഏറെ പ്രയോജനം ചെയ്യുന്നുണ്ട് എന്ന് തൃപ്തി പറയുന്നു.

വിനീത് സീമ എന്ന മേക്കപ്പ് ബ്രാന്‍ഡ്

പുരുഷരൂപത്തിലുള്ള തന്റെ ഉള്ളില്‍ ഒരു പെണ്ണിന്റെ മനസ്സാണ് ഉള്ളത് എന്ന് തിരിച്ചറിഞ്ഞ നിമിഷം ആ രൂപത്തിലേക്ക് മാറുന്നതിനായി മനസ്സിനെ സ്വയം പാകപ്പെടുത്തിയ വ്യക്തിയാണ് തിരുവനന്തപുരം സ്വദേശിയായ വിനീത്. ലിംഗമാറ്റ ശസ്ത്രക്രിയക്ക് ശേഷം സീമ എന്ന പേര് സ്വീകരിച്ച് വിനീത് സീമ എന്ന് സ്വയം പരിചയപ്പെടുത്തുമ്പോള്‍ സ്വന്തം സ്വത്വത്തെ തിരിച്ചറിഞ്ഞതിന്റെ ആനന്ദമായിരുന്നു അവളുടെ മുഖത്ത്. എന്നാല്‍ ജീവിക്കുന്നതിനായുള്ള വരുമാനം കണ്ടെത്തേണ്ടത് എങ്ങനെ എന്ന ചോദ്യം അവളുടെ മുന്നില്‍ ബാക്കിയായി. പടിയിറക്കിവിട്ട വീട്ടുകാരുടെ മുന്നിലേക്ക് ഒരു ബാധ്യത എന്നവണ്ണം കയറി ചെല്ലാനാവില്ല.

അതിനാല്‍ തനിക്ക് അറിയാവുന്ന നൃത്തത്തെയും അനുകരണ കലയെയും തൊഴിലാക്കി കുറച്ചുനാള്‍ ജീവിച്ചു. അതിനുശേഷമാണ് മേക്കപ്പ് എന്ന കല പഠിക്കാനായി പോകുന്നത്. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാത്തില്‍പെട്ട ഒരാള്‍ ബ്രൈഡല്‍മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആകുക എന്നത് അക്കാലത്ത് ഏറെ ശ്രമകരമായ ഒരു കാര്യമായിരുന്നു. എന്നാല്‍ സീമയുടെ കൂടെ എന്നും ഭാഗ്യം ഉണ്ടായിരുന്നു. മേക്കപ്പില്‍ സീമ കൊണ്ട് വന്ന വ്യത്യസ്തത വളരെ വേഗത്തില്‍ അംഗീകരിക്കപ്പെട്ടു. വിവാഹ പാര്‍ട്ടികള്‍ക്ക് വേണ്ടി വിനീത് സീമ വധുവിനെ അണിയിച്ചൊരുക്കിയത് ഏറെ ശ്രദ്ധിക്കപ്പെട്ടു.അതോടെ അവസരങ്ങള്‍ തേടിയെത്തി.

വിനീത് സീമ എന്ന പേരില്‍ ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആയി തന്നെ ബ്രാന്‍ഡ് ചെയ്‌തെടുക്കുന്നതില്‍ സീമ വിജയിച്ചു. ഫേസ്ബുക്ക് ആയിരുന്നു പ്രധാന മാധ്യമം.ബ്രൈഡല്‍ മേക്കപ്പ് രംഗത്ത് സജീവമായി രണ്ടു വര്‍ഷത്തിനുള്ളില്‍ തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി രണ്ടു മേക്കപ്പ് സ്റ്റുഡിയോകള്‍ വിനീത് സീമ ആരംഭിച്ചു. 15000 രൂപക്ക് മുകളിലാണ് വിനീത് സീമ വധുവിനെ അണിയിച്ചൊരുക്കുന്നതുമായി ഈടാക്കുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് മികച്ച വരുമാനവും സമ്പാദ്യവും നേടാന്‍ വിനീത് സീമക്കായി.ഒരുകാലത്ത് ഒരു ജോലികിട്ടാന്‍ ആഗ്രഹിച്ചു നടന്ന വിനീത് സീമ ഇപ്പോള്‍ നിരവധിപ്പേര്‍ക്ക് ജോലി നല്‍കുന്നു.കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും പുറത്തും വിനീത് മേക്കപ്പിനായി എത്തിയിട്ടുണ്ട്. ഒരു സംരംഭക എന്ന നിലയില്‍ തന്റെ ജീവിതം ആസ്വദിക്കുന്നതിനോടൊപ്പം തനിക്ക് ദൈവം നല്‍കിയ അനുഗ്രഹീത കലയായ നൃത്തവും വിനീത് സീമ ഏറെ പാഷനോടെ മുന്നോട്ട് കൊണ്ട് പോകുന്നു.

നളപാചകവുമായി സന്ധ്യ

പാചകത്തില്‍ നളനെ വെല്ലുന്ന കൈപുണ്യമാണ് കണ്ണൂര്‍ സ്വദേശിനിയായ സന്ധ്യക്കുള്ളത് എന്നാണ് സന്ധ്യയുടെ കൈപ്പുണ്യം രുചിച്ചവര്‍ പറയുന്നത്. മറ്റ് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പെട്ട ആളുകള്‍ക്ക് ഉള്ളതുപോലെ തന്നെ ഒട്ടും സുഖകരമല്ലാത്ത കൗമാരവും യൗവനവും ആയിരുന്നു സന്ധ്യയ്ക്കും. എന്നാല്‍ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ തന്റെ ആഗ്രഹപൂര്‍ത്തീകരണം നടത്തി സ്ത്രീ ആയി മാറിയ സന്ധ്യ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ സ്വന്തം കാലില്‍ നില്‍ക്കാനുള്ള വരുമാനം കണ്ടെത്തുന്നതിനുള്ള വഴികളെപ്പറ്റിയാണ് ആലോചിച്ചത്.

കണ്ണൂര്‍ ജില്ലയില്‍ താമസമാക്കിയ സന്ധ്യക്ക് കൂട്ടായി വന്നതാകട്ടെ കുടുംബശ്രീയും. കുടുംബശ്രീയുടെ നേതൃത്വത്തില്‍ 10 ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികള്‍ക്കായി കണ്ണൂരില്‍ കുടുംബശ്രീയുടെ ഒരു യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. നന്മ കുടുംബശ്രീ യൂണിറ്റ് എന്ന് പേരിട്ടിരിക്കുന്ന ഈ കൂട്ടായ്മയ്ക്ക് കീഴില്‍ ചിപ്‌സ് നിര്‍മാണം ആരംഭിക്കുകയായിരുന്നു സന്ധ്യ ചെയ്തത്. നൈസി എന്നാണ് ചിപ്‌സുകളുടെ ബ്രാന്‍ഡ് നെയിം. സ്വയം വരുമാനം കണ്ടെത്തുന്നതിനോടൊപ്പം തന്റെ വിഭാഗത്തില്‍പെട്ട 9 പേര്‍ക്ക് കൂടി ജീവിക്കാനാവശ്യമായ വക കണ്ടെത്തിനല്‍കുനനത്തില്‍ സന്ധ്യയുടെ നേതൃപാഠവം സഹായിച്ചു.

കായവറുത്തത്, ചക്ക വറുത്തത്, കപ്പവറുത്തത്, മിക്‌സ്ചര്‍ , മുറുക്ക് തുടങ്ങിയ നാടന്‍ പലഹാരങ്ങളാണ് സന്ധ്യയുടെ നേതൃത്വത്തില്‍ നിര്‍മിക്കുന്നത്.മായം ചേര്‍ക്കുന്നില്ല, ശുദ്ധമായ വെളിച്ചെണ്ണ മാത്രമാണ് ഉപയോഗിക്കുന്നത് തുടങ്ങിയ ഘടകങ്ങളിലൂടെ കണ്ണൂര്‍ ജില്ലയിലെ ഭക്ഷണപ്രേമികളുടെ മനസ്സിലിടം നേടാന്‍ നൈസി ചിപ്‌സിന് ഇതിനോടകം കൈയൊഴിഞ്ഞിട്ടുണ്ട്.കുടുംബശ്രീയില്‍ നിന്നും സംരംഭം തുടങ്ങുന്നതിനായി പത്തുലക്ഷം രൂപയാണ് വായ്പയായി എടുത്തത്. ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ ഇതില്‍ നല്ലൊരുഭാഗം തിരിച്ചടക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

ജ്യൂസ് മധുരവുമായി അമൃത സുമിത്ത്

കൊച്ചി കാക്കനാട് സ്വദേശി അമൃത സുമിത്ത് വരുമാനം കണ്ടെത്തുന്നത് ജ്യൂസ് പാര്‍ലറിലൂടെയാണ്. സിവില്‍ സ്റ്റേഷനില്‍ കളക്റ്ററുടെ നേതൃത്വത്തില്‍ ആരംഭിച്ച ജ്യൂസ് പാര്‍ലര്‍ ആണ് അമൃതയുടെ മേല്‍നോട്ടത്തില്‍ തകൃതിയായി മുന്നോട്ട് പോകുന്നത്. ഇപ്പോള്‍ മഴക്കാലം ആയതിനാല്‍ വില്‍പനയില്‍ ആലാപനം ഇടിവുള്ളത് ഒഴിച്ചാല്‍ ലഭിക്കുന്ന വരുമാനത്തില്‍ അമൃത ഏറെ സന്തോഷവതിയാണ്.

”8 മാസമായി ലക്ഷ്യ എന്ന പേരില്‍ ഞാന്‍ കാക്കനാട് ജ്യൂസ് പാര്‌ലര് നടത്തുന്നു. വേനല്‍ക്കാലത്ത് പ്രതിദിനം 4000 രൂപയുടെ കച്ചവടം ഉണ്ടാകാറുണ്ട്. ഒപ്പം അച്ചാര് വില്‍പ്പനയിലും സജീവമാണ് ഞാന്‍. അമൃത എന്ന പേരില്‍ തന്നെയാണ് ഞാന്‍ അച്ചാറുകള്‍ നിര്‍മിച്ച് വിപണിയില്‍ എത്തിക്കുന്നത്. നാരങ്ങാ, മാങ്ങ, നെല്ലിക്ക അച്ചാറുകള്‍ ആണ് ഇപ്പോള്‍ വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. ഇതില്‍ നിന്നും മാസം മോശമല്ലാത്തൊരു തുക വരുമാനമായി ലഭിക്കുന്നുണ്ട്.” അമൃത പറയുന്നു.

ഇവയ്‌ക്കെല്ലാം പുറമെ സ്വന്തമായി ഡാന്‍സ് ട്രൂപ്പ് നടത്തി വരുമാനം കണ്ടെത്താനും അമൃതക്ക് കഴിയുന്നുണ്ട്. ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന പേരില്‍ മുന്‍പത്തെ പോലെ ആരും അവഗണിക്കുന്നില്ല എന്നതും സമൂഹത്തില്‍ അര്‍ഹമായ സ്ഥാനം ലഭിക്കുന്നുണ്ട് എന്നതും ഏറെ സന്തോഷകരമായ കാര്യമാണെന്ന് അമൃത സുമിത്ത് പറയുന്നു.

പത്ത് തരം ജ്യൂസുകളുമായി മോനിഷയും കൂട്ടരും

കോഴിക്കോട് നഗരത്തില്‍ സിവില്‍സ്റ്റേഷനോട് ചേര്‍ന്ന് പ്രവര്‍ത്തനനിരതമാകുന്ന ഒരു ജ്യൂസ് കടയുണ്ട്. 7 തരം നെല്ലിക്ക ജ്യൂസുകളും മറ്റു വിവിധയിനം ജൂഊസുകളുമായി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം കുടുംബശ്രീയുടെ നേതൃത്വത്തില്‍ ട്രാന്‍സ്‌ജെന്‍ഡറായ മോനിഷയും സുഹൃത്തുക്കളും ചേര്‍ന്ന് ആരംഭിച്ചതാണ്. കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും എക്‌സിബിഷനുകള്‍ നടത്തി ജ്യൂസ് വില്‍പനയുടെ വരുമാനം കണ്ടെത്തുകയാണ് ഈ സംഘം.

തൃശൂര്‍ ജില്ലയില്‍ കലോത്സവത്തോട് അനുബന്ധിച്ച് രണ്ടു ദിവസം സ്റ്റാള്‍ ഇട്ട് 275000 രൂപയുടെ വരുമാനമാണ് ഇവര്‍ നേടിയത്. പ്രതിമാസം ഏറ്റവും ചുരുങ്ങിയത് 30000 രൂപയുടെ വരുമാനം നേടാന്‍ ഗ്രൂപ്പിലെ ഓരോ വ്യക്തിക്കും കഴിയുന്നുണ്ടെന്ന് മോനിഷ പറയുന്നു. മോനിഷയെ കൂടാതെ അലീന , വര്‍ഷ, ഷംന എന്നിവരാണ് ഗ്രൂപ്പില്‍ ഉള്ളത്. തന്റെ നാടായ രാമനാട്ടുകരയില്‍ ഒരു സ്ഥിരം ജ്യൂസ് സ്റ്റാള്‍ ഇടണം എന്നാണ് ഈ സംരംഭകയുടെ ആഗ്രഹം

Comments

comments

Categories: FK Special, Slider