കരിമ്പ് കര്‍ഷകര്‍ക്ക് യോഗി സര്‍ക്കാര്‍ വക 5,500 കോടിയുടെ പാക്കേജ് വരുന്നു

കരിമ്പ് കര്‍ഷകര്‍ക്ക് യോഗി സര്‍ക്കാര്‍ വക 5,500 കോടിയുടെ പാക്കേജ് വരുന്നു

സഹകരണ സംഘങ്ങള്‍ക്കും മില്ലുകള്‍ക്കും നല്‍കിയ കരിബിന്റെ കുടിശിക മുഴുവന്‍ ആദ്യ ഘട്ടത്തില്‍ തീര്‍ക്കും; സ്വകാര്യ മില്ലുകളുടേത് അടുത്ത സീസണ് മുന്‍പ്

ന്യൂഡെല്‍ഹി: കരിമ്പ് കര്‍ഷകര്‍ക്ക് വന്‍ കടാശ്വാസ പദ്ധതി നടപ്പാക്കാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഒരുങ്ങുന്നെന്ന് റിപ്പോര്‍ട്ട്. കരിമ്പ് കര്‍ഷകരുടെ കടം ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ 5,535 കോടി രൂപയുടെ പാക്കേജാണ് യോഗി സര്‍ക്കാര്‍ പ്രഖ്യാപിക്കാനിരിക്കുന്നത്. മില്ലുകള്‍ക്ക് കൈമാറുന്ന തുക, കരിമ്പ് നല്‍കിയ കര്‍ഷകരുടെ കുടിശിക തീര്‍ക്കാന്‍ ചെലവിടും. 24 സഹകരണ ബാങ്കുകള്‍ക്ക് കീഴിലുള്ള ഫാക്റ്ററികള്‍ക്ക് നല്‍കാന്‍ 1,010 കോടി രൂപ വിനിയോഗിക്കും. ഇതുകൂടാതെ സംസ്ഥാന സഹകരണ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള മില്ലിന് 25 കോടി രൂപ കൈമാറും. ബാക്കിയുള്ള 4,500 കോടി രൂപയില്‍ 500 കോടി രൂപ സ്വകാര്യ പഞ്ചസാര മില്ലുകള്‍ക്ക് നല്‍കാനാണ് പരിപാടി.

കിട്ടാക്കടം വീട്ടാനാകും ശേഷിക്കുന്ന 4,000 കോടി രൂപ വിനിയോഗിക്കുക. നടപ്പ് സീസണിലെ കുടിശിക തീര്‍ക്കാന്‍ ഈ തുക പര്യാപ്തമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ മാസത്തെ ധനസഹായത്തിനുള്ള സപ്ലിമെന്ററി ആവശ്യകത വഴി ഇതിന് സര്‍ക്കാര്‍ കളമൊരുക്കിയിട്ടുണ്ട്. വരുന്ന ആഴ്ചകളില്‍ തന്നെ സംസ്ഥാന മന്ത്രിസഭ ഈ പാക്കേജ് ഔദ്യോഗികമായി അംഗീകരിക്കുമെന്ന് ഉത്തര്‍പ്രദേശിലെ പഞ്ചസാര മന്ത്രി സുരേഷ് റാണ വ്യക്തമാക്കി.

സ്വകാര്യ മില്ലുകള്‍ക്ക് വകയിരുത്തിയിരിക്കുന്ന 500 കോടി ഗ്രാന്റിലൂടെ ക്വിന്റലിന് 4.50 രൂപ നിരക്കിലായിരിക്കും കര്‍ഷകര്‍ക്ക് പണം നല്‍കുകയെന്ന് മന്ത്രി പറഞ്ഞു. 4,000 കോടി രൂപയുടെ ചെറുകിട വായ്പക്ക് പലിശ നിരക്ക് ഈടാക്കും. ഇതുമായി ബന്ധപ്പെട്ട വിവിധ വ്യവസ്ഥകള്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനിക്കുമെന്നും റാണ വ്യക്തമാക്കി. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന യോഗി ആദിത്യനാഥിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റുന്നതിനായി കഴിഞ്ഞ വര്‍ഷം സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ 36,000 കോടി രൂപ പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമെയാണ് നിലവിലെ സഹായം.

2017-18 സീസണില്‍ 35,458.28 കോടി രൂപയുടെ കരിമ്പാണ് സംസ്ഥാനത്തെ മില്ലുകള്‍ കര്‍ഷകരില്‍ നിന്ന് വാങ്ങിയിരിക്കുന്നത്. ക്വിന്റലിന് 315-325 രൂപയാണ് നിശ്ചയിച്ചിട്ടുള്ളത്. സെപ്റ്റംബര്‍ പത്ത് വരെ 25,492.11 കോടി രൂപയാണ് കര്‍ഷകര്‍ക്ക് നല്‍കിയത്. 9966.17 കോടി രൂപയാണ് കുടിശ്ശികയായി ഉള്ളതെന്ന് ലക്‌നൗവിലെ കരിമ്പ് കമ്മീഷണറുടെ ഓഫീസില്‍ നിന്നുള്ള രേഖകളില്‍ പറയുന്നു. സഹകാരികളുടേയും സഹകരണ സംഘങ്ങളുടെയും ഉടമസ്ഥതയിലുള്ള മില്ലുകളുടെ കുടിശ്ശിക ഉടന്‍ വിതരണം ചെയ്യാന്‍ പാക്കേജിലൂടെ സാധിക്കും. അടുത്ത സീസണ്‍ ആരംഭിക്കുന്നതിന് മുന്‍പ് സ്വകാര്യ മില്ലുകളുടെ കുടിശ്ശികയും തീര്‍ക്കാമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Comments

comments

Categories: FK News
Tags: Sugarcane