സ്റ്റീല്‍ ആവശ്യകതയില്‍ ഇന്ത്യ തിളങ്ങുമെന്ന് മൂഡീസ്

സ്റ്റീല്‍ ആവശ്യകതയില്‍ ഇന്ത്യ തിളങ്ങുമെന്ന് മൂഡീസ്

മുന്‍നിരയിലുള്ള അഞ്ച് സ്റ്റീല്‍ കമ്പനികളുടെ സംയോജിത ലാഭത്തില്‍ 121 ശതമാനം വര്‍ധനയുണ്ടാകും

ന്യൂഡെല്‍ഹി: സ്റ്റീല്‍ ആവശ്യകതയില്‍ ദക്ഷിണ, ദക്ഷിണ-പൂര്‍വ്വേഷ്യന്‍ മേഖലകളിലെ പ്രധാന കേന്ദ്രമായി ഇന്ത്യ മാറുമെന്ന് പ്രതീക്ഷിക്കുന്നതായി മൂഡിസ്. രാജ്യത്ത് സ്റ്റീല്‍ ഉപഭോഗം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ മൂഡീസ് വ്യക്തമാക്കി. അടുത്ത 12-18 മാസത്തിനുള്ളില്‍ ഇന്ത്യയുടെ സ്റ്റീല്‍ ഉപഭോഗത്തില്‍ കുറഞ്ഞത് 5.5 മുതല്‍ ആറ് ശതമാനം വരെ വര്‍ധനയുണ്ടാകുമെന്നാണ് മൂഡിസ് കരുതുന്നത്.
ശക്തമായ ജിഡിപി വളര്‍ച്ചയുടെ പിന്‍ബലത്തില്‍ ഇന്ത്യന്‍ സ്റ്റീല്‍ വ്യവസായം ശക്തമായ അടിത്തറ സൃഷ്ടിക്കുമെന്നും മൂഡീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട് . രാജ്യത്തെ മുന്‍നിരയിലുള്ള അഞ്ച് സ്റ്റീല്‍ കമ്പനികളുടെ സംയോജിത ലാഭം (നികുതി കഴിച്ചുള്ളത്) വാര്‍ഷികാടിസ്ഥാനത്തില്‍ 121 ശതമാനം വര്‍ധിച്ച് 21,210 കോടി രൂപയിലെത്തുമെന്നാണ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. അനുകൂലമായ ഉപഭോക്തൃ ആവശ്യകതയും ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള കുറഞ്ഞ ചെലവിടലും ഇറക്കുമതിയിലുണ്ടായ കുറവും ഇതിന് സഹായിക്കുമെന്ന് അനലിസ്റ്റുകള്‍ പറയുന്നു.
ഈ കമ്പനികളുടെ അറ്റ വരുമാനം 27 ശതമാനം വര്‍ധിച്ച് ഏകദേശം 3.80 ലക്ഷം കോടി രൂപയിലെത്തുമെന്നാണ് കണക്കുകൂട്ടല്‍. പ്രവര്‍ത്തന ലാഭം വാര്‍ഷികാടിസ്ഥാനത്തില്‍ 34 ശതമാനം വര്‍ധിച്ച് 65,638 കോടി രൂപയിലെത്തുമെന്നും മൂഡീസ് പറയുന്നു. ഓഹരി വിപണിയിലും ഇന്ത്യന്‍ സ്റ്റീല്‍ കമ്പനികള്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. ജൂലൈയിലെ ഏറ്റവും താഴ്ന്ന തലത്തില്‍ നിന്നും 23 ശതമാനം വര്‍ധനയാണ് ടാറ്റ സ്റ്റീലിന്റെ ഓഹരി വിലയില്‍ അനുഭവപ്പെട്ടിട്ടുള്ളത്. ജെഎസ്ഡബ്ല്യു സ്റ്റീല്‍ ഓഹരികള്‍ 35 ശതമാനം നേട്ടം ഇക്കാലയളവില്‍ കായ്തു. ജൂലൈയിലെ കുറഞ്ഞ തലത്തില്‍ നിന്നും സെയ്‌ലിന്റെ ഓഹരി മൂല്യം എട്ട് ശതമാനം ഉയര്‍ന്നിട്ടുണ്ടെന്നും മൂഡിസ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
ഏഷ്യയിലെ ഏഴ് മുന്‍നിര സ്റ്റീല്‍ കമ്പനികളില്‍ ആറെണ്ണത്തെ സംബന്ധിച്ച മൂഡിസിന്റെ വീക്ഷണം സുസ്ഥിരമാണ്. ഒരു കമ്പനിക്ക് പോസിറ്റീവ് ഔട്ട്‌ലുക്ക് ആണ് മൂഡീസ് നല്‍കിയിട്ടുള്ളത്. ഇന്ത്യന്‍ സ്റ്റീല്‍ കമ്പനികളില്‍ ജെഎസ്ഡബ്ല്യു സ്റ്റീലിന്റെ റേറ്റിംഗ് ബിഎ3 സ്ഥിരതയില്‍ നിന്നും മാര്‍ച്ചില്‍ ബിഎ2 സ്ഥിരതയിലേക്ക് മൂഡീസ് ഉയര്‍ത്തിയിരുന്നു. മേയില്‍ ടാറ്റ സ്റ്റീലിന്റെ റേറ്റിംഗ് ബിഎ3യാക്കി. കമ്പനിയുടെ വീക്ഷണം സ്ഥിരതയില്‍ നിന്നും പോസിറ്റീവിലേക്കും മൂഡിസ് മാറ്റിയിരുന്നു.
സ്റ്റീല്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്ക് 25 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്താനുള്ള യുഎസ് ഭരണകൂടത്തിന്റെ തീരുമാനം ചൈന, ജപ്പാന്‍, കൊറിയ എന്നീ രാജ്യങ്ങളില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍, ഇന്ത്യയില്‍ നിന്നുള്ള മൊത്തം സ്റ്റീല്‍ കയറ്റുമതിയില്‍ വെറും മൂന്ന് ശതമാനം മാത്രമാണ് യുഎസിന്റെ പങ്ക്. അതുകൊണ്ട് ഇന്ത്യന്‍ സ്റ്റീല്‍ നിര്‍മാണ കമ്പനികളെ സംബന്ധിച്ചിടത്തോളം ഇക്കാര്യത്തില്‍ വലിയ ആശങ്കകളില്ല. ഇന്ത്യന്‍ സ്റ്റീല്‍ കമ്പനികളില്‍ നിന്നുള്ള വിതരണത്തിന്റെ ഭൂരിഭാഗവും ആഭ്യന്തര ഓട്ടോമോട്ടീവ്, മാനുഫാക്ച്ചറിംഗ് കമ്പനികളിലേക്കാണെന്നും യുഎസ് തീരുമാനം പരോക്ഷമായി പോലും ഇന്ത്യന്‍ കമ്പനികളെ കാര്യമായി ബാദിക്കില്ലെന്നും മൂഡിസ് വിശദീകരിച്ചു.

Comments

comments

Categories: Business & Economy
Tags: Moody's