ഒരു ദശലക്ഷം ഡോളറിന്റെ സ്റ്റാര്‍ട്ടപ്പ് മത്സരവുമായി ആന്ധ്ര സര്‍ക്കാര്‍

ഒരു ദശലക്ഷം ഡോളറിന്റെ സ്റ്റാര്‍ട്ടപ്പ് മത്സരവുമായി ആന്ധ്ര സര്‍ക്കാര്‍

അമരാവതി: ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഒരു ദശലക്ഷം ഡോളറിന്റെ ആഗോളതല മത്സരം പ്രഖ്യാപിച്ചു. ബിസിനസ് അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും നിക്ഷേപകരെയും വന്‍കിട കമ്പനികളെയും സംസ്ഥാനത്തേക്ക് ആകര്‍ഷിക്കാനുമുള്ള ആന്ധ്ര സര്‍ക്കാരിന്റെ സംരംഭമായ വിശാഖപട്ടണത്തുള്ള ഫിന്‍ടെക് വാലി യുഎസ് ആസ്ഥാനമായ ബിസോഫിറ്റുമായി സഹകരിച്ചാണ് മത്സരം സംഘടിപ്പിക്കുക. ഇന്ത്യന്‍ ഐടി വിദഗ്ധനായ ബാല പാലമഡായ് സ്ഥാപിച്ച ക്രൗഡ് സോഴ്‌സ്ഡ് ഇന്നൊവേഷന്‍ പ്ലാറ്റ്‌ഫോമായ ബിസോഫിറ്റ് സംരംഭങ്ങളെ ടെക്‌നോളജി കമ്പനികളുമായി ബന്ധിപ്പിക്കുന്ന സംരംഭമാണ്.

മത്സരത്തിന്റെ ഭാഗമായി, ബെംഗളൂരുവിലും ചിക്കാഗോ, ന്യൂയോര്‍ക്ക്, സാന്‍ഫ്രാന്‍സിസ്‌കോ, ടെല്‍ അവീവ്, പാരീസ്, ലണ്ടന്‍, ഹോങ്കോംഗ് നഗരങ്ങളിലും റോഡ്‌ഷോകള്‍ സംഘടിപ്പിക്കും. പരമ്പരയിലെ ആദ്യ റോഡ് ഷോ ചിക്കാഗോയില്‍ നാളെ നടക്കും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കൃഷി, ഫിന്‍ടെക്, ആധുനിക ടെക്‌നോളജി മേഖലകളിലെ അവരുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കാന്‍ അവസരമൊരുക്കുന്നത്. മത്സരത്തിലേക്ക് തെരഞ്ഞെടുക്കുന്ന 25 സ്റ്റാര്‍ട്ടപ്പുകളുടെ അവതരണം അടുത്ത മാസം 25 ന് നടക്കും. ഒന്നാം സ്ഥാനം നേടുന്ന ടീമിന് ഒരു കോടി രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 70 ലക്ഷം രൂപയും ലഭിക്കും. കൂടാതെ ഓരോ വിഭാഗത്തിലെ വിജയിക്കും ഏഴു ലക്ഷം രൂപ വീതം സമ്മാനം ലഭിക്കും.

സംസ്ഥാനത്ത് പുതുതലമുറയിലെ സ്റ്റാര്‍ട്ടപ്പുകളുടെയും കോര്‍പ്പറേറ്റുകള്‍, നിക്ഷേപകര്‍, ടെക് കമ്പനികള്‍ എന്നിവര്‍ക്ക് നൂതന ഡിജിറ്റല്‍ പ്രവണതകളും സംയുക്ത ഇന്നൊവേഷനുകളും അവതരിപ്പിക്കാന്‍ കഴിയുന്ന വൈദഗ്ധ്യത്തിന്റെ ഒരു ആവാസവ്യവസ്ഥ യാഥാര്‍ത്ഥ്യമാക്കാന്‍ ആന്ധ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്ന് മുഖ്യമന്ത്രിയുടെ പ്രത്യേക ഐടി ഉപദേഷ്ടാവ് ജെ എ ചൗധരി പറഞ്ഞു. ആന്ധ്രാപ്രദേശ് സംഘടിപ്പിക്കുന്ന ചലഞ്ചിന്റെ വടക്കന്‍ അമേരിക്കയിലെ പങ്കാളിയാകാന്‍ കഴിഞ്ഞതിലുള്ള സന്തോഷം പങ്കുവെച്ച് ബിസോഫിറ്റ് സിഇഒ ബാല പാലമഡായ് ഇത് വെര്‍ച്വല്‍ ഇന്നൊവേഷന്‍ സോണ്‍ ആക്‌സിലറേറ്റിംഗ് ഗ്രോത്ത് എന്ന നിലയിലുള്ള വിശാഖപട്ടണത്തിന്റെ സ്ഥാനം ഉയര്‍ത്തുമെന്ന് അഭിപ്രായപ്പെട്ടു.

Comments

comments

Categories: FK News