കോച്ചിംഗ് സെന്ററുകള്‍ക്ക് ബദലായി സ്മാര്‍ട്ട് ആപ്ലിക്കേഷനുകള്‍

കോച്ചിംഗ് സെന്ററുകള്‍ക്ക് ബദലായി സ്മാര്‍ട്ട് ആപ്ലിക്കേഷനുകള്‍

ഭാരിച്ച പുസ്തകങ്ങളും പരിശീലന കേന്ദ്രങ്ങളിലേക്കുള്ള യാത്രയും ഒഴിവാക്കി വീട്ടിലിരുന്ന് പഠിക്കാനുള്ള അവസരം ഒരുക്കുകയാണ് വിവിധ ഓണ്‍ലൈന്‍ ആപ്ലിക്കേഷനുകള്‍. ബാങ്കിംഗ്, റെയില്‍വേ ബോര്‍ഡ് പരീക്ഷകള്‍ തുടങ്ങി വിദ്യാര്‍ത്ഥികള്‍ക്കായി പ്രൊഫഷണല്‍ കോഴ്‌സിലേക്ക് പ്രവേശനം സാധ്യമാക്കുന്നതിനും ഇവര്‍ ആപ്ലിക്കേഷനുകള്‍ വഴി പരിശീലനം നല്‍കിവരുന്നു

 

തൊഴിലന്വേഷകരുടേയും വിദ്യാര്‍ത്ഥികളുടേയും നൈപുണ്യം വര്‍ധിപ്പിക്കുന്നതിനായി വിവിധ പരിശീലന കേന്ദ്രങ്ങള്‍ അനുദിനം രൂപം കൊള്ളുന്നുണ്ട്. ഉന്നത പഠനത്തിനായുള്ള പ്രവേശന പരീക്ഷകള്‍ക്കും ഇത്തരം കോച്ചിംഗ് സെന്ററുകളാണ് ഏക ആശ്രയ കേന്ദ്രം. ജിമാറ്റ്, ജിആര്‍ഇ, സിഎറ്റി എന്നിവയും ബാങ്ക്, റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ്, സിവില്‍ സര്‍വീസ് പരീക്ഷകളും മറ്റും അല്‍പം ബുദ്ധിമുട്ടേറിയവ ആയതിനാല്‍ മികച്ച പരിശീലനം ആവശ്യമാണ്. എന്നാല്‍ പഠനത്തിനായി ശരിയായ ടൂളുകള്‍ തെരഞ്ഞെടുത്താല്‍ ഇവയൊക്കെ എളുപ്പമാക്കാവുന്നതേയുള്ളൂ. ഭാരിച്ച പുസ്തകങ്ങളും പരിശീലന കേന്ദ്രങ്ങളിലേക്കുള്ള യാത്രയും മറ്റും ഒഴിവാക്കി വീട്ടിലിരുന്ന് പഠിക്കാനുള്ള അവസരമാണ് വിവിധ പഠന ആപ്ലിക്കേഷനുകളിലൂടെ വിവിധ സ്റ്റാര്‍ട്ടപ്പുകള്‍ പുതിയ തലമുറയ്ക്ക് നല്‍കുന്നത്. ഒരു സ്മാര്‍ട്ട്‌ഫോണ്‍ കൈയിലുണ്ടെങ്കില്‍ ഏതു പരീക്ഷയ്ക്കും സ്വയം തയാറെടുക്കാവുന്നതേയുള്ളൂവെന്നും ഇവര്‍ കാണിച്ചുതരുന്നു.

എജുടെക് മേഖലയിലേക്ക് നവീന സാങ്കേതിക വിദ്യകളുടെ കടന്നുവരവ് ഉപഭോക്താക്കളുടെ പഠനത്തെ ഏറെ ലളിതമാക്കുന്നുണ്ട്. ഒപ്പം പഠന നിലവാരം വര്‍ധിപ്പിക്കാനും സഹായിക്കുന്നു. പരിശീലന കേന്ദ്രങ്ങള്‍ക്കു ബദലായി ടെക്സ്റ്റ് ബുക്കുകളും യാത്രാസമയവും കളയാതെ ചെലവു കുറഞ്ഞ രീതിയില്‍ പരീക്ഷയ്ക്കായി തൊഴിലന്വേഷകരേയും വിദ്യാര്‍ത്ഥികളെയും റെഡിയാക്കുകയാണ് ഇത്തരം ടെസ്റ്റ് ആപ്ലിക്കേഷനുകളുടെ ലക്ഷ്യം. സംശയ നിവാരണത്തിനൊപ്പം മോക്ക് ടെസ്റ്റുകളിലൂടെ പരിശീലനവും മികച്ച പഠനവും സാധ്യമാക്കുന്ന ഏതാനും ചില ആപ്ലിക്കേഷനുകളെ ഇവിടെ പരിചയപ്പെടാം

ഒലിവര്‍ ബോര്‍ഡ്

വീഡിയോ വഴിയും ടെക്‌സ്റ്റുകളിലൂടെയും പഠന പരിശീലനം നല്‍കുന്ന പ്ലാറ്റ്‌ഫോമാണ് ഒലിവര്‍ ബോര്‍ഡ്. എംബിഎ, ബാങ്കിംഗ്, സര്‍ക്കാര്‍ വകുപ്പിലേക്കുള്ള വിവിധ പരീക്ഷകള്‍ എന്നിവയ്ക്കായി മികച്ച തയാറെടുപ്പുകള്‍ നടത്താന്‍ ഒലിവര്‍ ബോര്‍ഡിന്റെ ആപ്ലിക്കേഷന്‍ സഹായിക്കുന്നു. ജിമാറ്റ്, സിഎറ്റി, ജിആര്‍ഇ, സിമാറ്റ് തുടങ്ങിയ പരീക്ഷകള്‍ക്കുള്ള പരിശീലനവും ഇവര്‍ നല്‍കുന്നുണ്ട്. മോക്ക് ടെസ്റ്റുകളും ഓണ്‍ലൈനില്‍ തല്‍സമയ ഗ്രൂപ്പ് സ്റ്റഡിക്കും പ്രാധാന്യം നല്‍കുന്ന ഈ ആപ്ലിക്കേഷനില്‍ വിദ്യാര്‍ത്ഥികള്‍ ദുര്‍ബലരാകുന്ന പാഠ്യവിഭാഗങ്ങള്‍ കണ്ടെത്തി, അവ മെച്ചപ്പെടുത്താന്‍ വിവിധ ഗെയിമുകളിലൂടെ മികച്ച പരിശീലനം നല്‍കാനും പിന്തുണ നല്‍കുന്നുണ്ട്. ദിവസേനയുള്ള ജികെ സെക്ഷനുകളും സമകാലിക സംഭവങ്ങള്‍ കോര്‍ത്തിണക്കിയുള്ള വിദഗ്ധരുടെ പരിശീലനവും ഇതില്‍ ഒരുക്കിയിട്ടുണ്ട്.

2012ല്‍ അഭിഷേക് പാട്ടില്‍, സതീഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് തുടക്കമിട്ട ഒലിവര്‍ ബോര്‍ഡ് ആപ്ലിക്കേഷന്‍ നിലവില്‍ പത്തു ലക്ഷം ഡൗണ്‍ലോഡുകള്‍ പിന്നിട്ടു കഴിഞ്ഞിരിക്കുന്നു. ഇംഗ്ലീഷ്, ഹിന്ദി മാധ്യമങ്ങളില്‍ ആപ്ലിക്കേഷന്‍ ലഭ്യമാണ്.

ക്രാക്ക്‌യു

കാറ്റ് പരീക്ഷയ്ക്ക് തയാറെടുക്കുന്നവര്‍ക്കായി ഒരു വണ്‍ സ്റ്റോപ് ഷോപ്പ് സൊലൂഷന്‍ എന്ന നിലയിലാണ് ക്രാക്ക്‌യു പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഐഐടി-ഐഐഎം പൂര്‍വ വിദ്യാര്‍ത്ഥികളായ മാരുതി കൊണ്ടൂരി, ശ്രീകാന്ത് ലിംഗംനേനി, സയാലി കാലേ എന്നിവര്‍ ചേര്‍ന്നു തുടക്കമിട്ട സംരംഭം എസ്എസ്‌സി, ഗേറ്റ്, ബാങ്കിംഗ് പരീക്ഷകള്‍ക്കുള്ള പരിശീലനവും നിലവില്‍ നല്‍കി വരുന്നുണ്ട്. ഒരു ലക്ഷത്തില്‍ പരം ചോദ്യങ്ങളും ഉത്തരങ്ങളും അവയുടെ ടിപ്‌സുകളും മുന്‍ ചോദ്യ പേപ്പറുകളും നല്‍കുന്ന ആപ്ലിക്കേഷന്‍ സംശയ നിവാരണങ്ങള്‍ക്കായി വിദഗ്ധരുടെ സഹായം തേടാനുള്ള സൗകര്യവും ആപ്പ് വഴി ഒരുക്കിയിട്ടുണ്ട്.

സ്റ്റഡികോപ്റ്റര്‍

ഐബിപിഎസ്, എസ്എസ്‌സി, ആര്‍ആര്‍ബി, ജിമാറ്റ് തുടങ്ങിയ പരീക്ഷകള്‍ക്കായി പരിശീലനം നല്‍കിവരുന്ന ആപ്ലിക്കേഷനാണ് സ്റ്റഡികോപ്റ്റര്‍. ആഴ്ചയില്‍ 24 മണിക്കൂറും പരിശീലക അധ്യാപകരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട് ഇവിടെ. വിദ്യാര്‍ത്ഥികള്‍ ഏതൊക്കെ മേഖലയിലാണ് ദുര്‍ബലരെന്നു കണ്ടെത്തി ആ വിഭാഗങ്ങളില്‍ ഒരു ക്ലാസ്മുറിയിലെന്ന പോലെ പരിശീലനം നല്‍കാനും ഇവര്‍ ശ്രദ്ധിക്കുന്നു. ഇന്ത്യയ്ക്കു പുറമെ അമേരിക്കയിലും യൂറോപ്പിലും ഉപഭോക്താക്കളുളള സംരംഭം പഠന നിലവാരം ഉയര്‍ത്താന്‍ മികച്ച പരിശീലകരെ കണ്ടെത്താനും ശ്രമിക്കുന്നുണ്ട്. ചിക്കാഗോ, സ്റ്റാന്‍ഫോര്‍ഡ്, ഇന്‍സീഡ് എന്നിവിടങ്ങളില്‍ നിന്നുള്ള ബിസിനസ് സ്‌കൂളുകളിലെ വിദഗ്ധരാണ് സ്റ്റഡികോപ്റ്ററില്‍ പരിശീലനത്തിന് നേതൃത്വം വഹിക്കുന്നത്.

ഹാണ്ഡ കാ ഫണ്ഡ

ഓണ്‍ലൈന്‍ പരീക്ഷാ പരിശീലനം താങ്ങാവുന്ന നിരക്കിലേക്ക് എത്തിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് രവി ഹാണ്ഡ ഈ സ്റ്റാര്‍ട്ടപ്പിന് തുടക്കം കുറിച്ചത്. എംബിഎ, ബാങ്കിംഗ് പ്രവേശന പരീക്ഷകളില്‍ പരിശീലനം നല്‍കുന്ന സംരംഭം ജിമാറ്റ്, കാറ്റ്, എക്‌സ്എറ്റി, ജിആര്‍ജി തുടങ്ങിയവയ്ക്കുള്ള മികച്ച ടിപ്‌സുകളും ആപ്ലിക്കേഷനിലൂടെ നല്‍കി വരുന്നു. തല്‍സമയ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കു പുറമെ സംശയ നിവാരണത്തിനായി വിദഗ്ധരുടെ സഹായവും ലഭ്യമാക്കിയിരിക്കുന്ന ആപ്പില്‍ അസൈന്‍മെന്റ്, പരീക്ഷകള്‍ എന്നിവ അറിയിക്കുന്നതിനായി നോട്ടിഫിക്കേഷന്‍ ഫീച്ചറുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, ലോജിക്കല്‍ റീസണിംഗ്, ഡാറ്റ ഇന്റര്‍പ്രിറ്റേഷന്‍, വെര്‍ബല്‍ എബിലിറ്റി എന്നിവയില്‍ വീഡിയോ ക്ലാസുകളും ഇവര്‍ നല്‍കി വരുന്നു.

പ്രീഎക്‌സാം

സ്വന്തം പഠനത്തെ വിലയിരുത്താന്‍ സഹായിക്കുന്ന ഒരു ഉത്തമ പഠന പങ്കാളി എന്ന വിശേഷണമാകും ഈ സംരംഭത്തിനു യോജിക്കുക. കാറ്റ്, ഐഎഎസ് പ്രിലിമിനറി, എസ്എസ്‌സി, സിഎ-സിപിറ്റി എന്നിങ്ങനെ ഓരോ പരീക്ഷയ്ക്കും വിവിധ ആപ്ലിക്കേഷനുകളാണ് പ്രീഎക്‌സാം പുറത്തിറക്കിയിരിക്കുന്നത്. ഓരോ പരീക്ഷയ്ക്കും അയ്യായിരത്തില്‍ പരം ചോദ്യങ്ങളും ആപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Comments

comments

Categories: FK Special, Slider