ചരിത്രത്തിലെ വലിയ സൈനികാഭ്യാസവുമായി റഷ്യയും ചൈനയും; അപലപിച്ച് നാറ്റോ

ചരിത്രത്തിലെ വലിയ സൈനികാഭ്യാസവുമായി റഷ്യയും ചൈനയും; അപലപിച്ച് നാറ്റോ

3,00,000 സൈനികരും 36,000 വാഹനങ്ങളും പങ്കെടുക്കുന്നു; വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനുള്ള പരിശീലനമെന്ന് നാറ്റോ

 

മോസ്‌കോ: സോവിയറ്റ് കാലഘട്ടത്തെ സൈനികാഭ്യാസങ്ങളെ വെല്ലുന്ന വിപുലമായ സൈനിക പരിശീലനവുമായി റഷ്യ. കിഴക്കന്‍ ചിത പ്രവിശ്യയിലാണ് ഒരാഴ്ച നീണ്ടു നില്‍ക്കുന്ന വിപുലമായ യുദ്ധാഭ്യാസം റഷ്യ ആരംഭിച്ചത്. ചൈനീസ് സേനയുടെ വിഭാഗങ്ങളും സംയുക്ത അഭ്യാസത്തില്‍ പങ്കെടുക്കും. കിഴക്കന്‍ നഗരമായ വഌഡിവോസ്‌റ്റോക്കില്‍ നടക്കുന്ന സാമ്പത്തിക ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷം റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിനും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിംഗും സൈനികാഭ്യാസം നേരിട്ട് കാണാനെത്തും. അമേരിക്കക്കും നാറ്റോ സഖ്യത്തിനുമെതിരായ വെല്ലുവിളിയായാണ് റഷ്യ-ചൈന സൈനികാഭ്യാസം വിലയിരുത്തപ്പെടുന്നത്. പരിപാടിക്കെതിരെ ശക്തമായ വിമര്‍ശനവുമായി നാറ്റോ രംഗത്തെത്തിക്കഴിഞ്ഞു. വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനുള്ള പരിശീലനമാണ് സൈനികാഭ്യാസമെന്ന് നാറ്റോ വിമര്‍ശിച്ചു.

റഷ്യന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയതെന്ന് അവകാശപ്പെടുന്ന സൈനികാഭ്യാസത്തില്‍ 3,00,000 സൈനികരാണ് പങ്കെടുക്കുക. 36,000 സൈനിക വാഹനങ്ങളും 80 പടക്കപ്പലുകളും 1,000 വിമാനങ്ങളും വോസ്‌റ്റോക് 2018 എന്ന് പേരിട്ടിരിക്കുന്ന അഭ്യാസത്തിന്റെ ഭാഗമാകും. ഇതിന് പുറമേ ഹെലികോപ്റ്ററുകളും ഡ്രോണുകളും അഭ്യാസത്തില്‍ പങ്കെടുക്കും. ആണവ പോര്‍മുന വഹിക്കാന്‍ ശേഷിയുള്ള ഇസ്‌കന്തര്‍ മിസൈലുകളും ടി-80, ടി-90 ടാങ്കുകളും, സുഖോയ് 34, 35 വിമാനങ്ങളുമാണ് പുതിയതായി പരീക്ഷിക്കുക. 3,500 സൈനികരെയാണ് ചൈന പരിശീലന പരിപാടിയില്‍ പങ്കെടുപ്പിക്കുന്നത്. ഒന്‍പത് വേദികളിലും മൂന്ന് സമുദ്രങ്ങളിലുമായാണ് അഭ്യാസം സംഘടിപ്പിച്ചിരിക്കുന്നത്. ജപ്പാന്‍ കടല്‍, ബെറിംഗ് കടല്‍, ഒഖോസ്‌ക് എന്നിവ സംയുക്ത അഭ്യാസത്തിന് വേദിയാകും. 1981 ല്‍ സോവിയറ്റ് യൂണിയന്‍ സംഘടിപ്പിച്ച സപാദ് 81 ആണ് ഇതു വരെ നടത്തിയ വലിയ സൈനികാഭ്യാസം. 1,50,000 ലക്ഷത്തോളം സൈനികരാണ് ഇതില്‍ പങ്കെടുത്തിരുന്നത്.

റഷ്യയും അമേരിക്കയും തമ്മിലുള്ള ബന്ധം തീരെ വളഷായ സാഹചര്യത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന യുദ്ധ സന്നാഹ പരിശീലനം വീണ്ടുമൊരു ലോക യുദ്ധത്തിന്റെ ഭീഷണി മുഴക്കുന്നുണ്ട്. ഉക്രെയ്‌നിലെയും സിറിയയിലെയും ഇടപെടലുകളും യുഎസിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലടക്കം ഇടപെട്ടെന്ന സംശയവുമാണ് റഷ്യക്കെതിരെ അമേരിക്കയുടെ നേതൃത്വത്തിലുള്ള സൈനിക ചേരിയെ തിരിച്ചിരിക്കുന്നത്. പടിഞ്ഞാറേക്ക് സ്വാധീനം വ്യാപിപ്പിക്കാനുള്ള അമേരിക്കന്‍ ശ്രമത്തില്‍ റഷ്യക്കും ആശങ്കയുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് സൈനിക അഭ്യാസങ്ങള്‍ ശക്തി പ്രകടനമാക്കി മാറ്റിയിരിക്കുന്നത്. അതേ സമയം സൈനികരെ സജീവമാക്കാനാണ് പരിശീലനമെന്ന് പറഞ്ഞ് നാറ്റോ ആരോപണം റഷ്യ തള്ളുന്നുമുണ്ട്. ‘കൂടുതല്‍ നിശ്്ചയദാര്‍്യമുള്ള റഷ്യയെയാണ് കാണാനാവുന്നത്. പ്രതിരോധ ബജറ്റും സൈനിക സാന്നിധ്യവും വര്‍ധിപ്പിക്കുകയാണ് അവര്‍,’ നാറ്റോ വക്താവ് ഡൈലാന്‍ വൈറ്റ് ആരോപിച്ചത് ഇങ്ങനെയാണ്.

വ്യാപാര യുദ്ധമടക്കം അമേരിക്കയുമായി ഉരസലിലുള്ള ചൈനയുടെ പങ്കാളിത്തം ഇതിന് കൂടുതല്‍ മാനങ്ങള്‍ നല്‍കുന്നു. വഌഡിവോസ്‌റ്റോക്കില്‍ നടന്ന സാമ്പത്തിക ഉച്ചകോടിക്കിടെ പുടിന്‍ ചൈനയെ കണക്കറ്റ് പ്രശംസിച്ചു. ‘രാഷ്ട്രീയ രംഗത്തും സുരക്ഷാ മേഖലയിലും പ്രതിരോധ രംഗത്തും പരസ്പരം വിശ്വാസ യോഗ്യമായ ബന്ധമാണ് ഞങ്ങള്‍ തമ്മിലുള്ളത്,’ എന്നായിരുന്നു പുടിന്റെ പ്രസ്താവന. സൗഹൃദവും എക്കാലവും കരുത്താര്‍ജിക്കുകയാണെന്ന് ചൈനീസ് പ്രസിഡന്റും അഭിപ്രായപ്പെട്ടു.

Comments

comments

Categories: Business & Economy