കള്ളന്‍ കപ്പലില്‍ തന്നെ ; റെനോ ജീവനക്കാര്‍ ഡസ്റ്റര്‍ മോഷ്ടിച്ചു

കള്ളന്‍ കപ്പലില്‍ തന്നെ ; റെനോ ജീവനക്കാര്‍ ഡസ്റ്റര്‍ മോഷ്ടിച്ചു

രണ്ട് ജീവനക്കാര്‍ രണ്ട് ഡസ്റ്റര്‍ എസ്‌യുവികള്‍ കവര്‍ച്ച ചെയ്തു. രണ്ട് പേരെയും പൊലീസ് പിടികൂടി

ചെന്നൈ : റെനോ-നിസാന്‍ ഇത് ഒരിക്കലും പ്രതീക്ഷിച്ചിരിക്കില്ല. ഫാക്റ്ററിയില്‍നിന്ന് സ്വന്തം ജീവനക്കാര്‍ തന്നെ കാറുകള്‍ മോഷ്ടിക്കുമെന്ന് റെനോ നിസാന്‍ ഓട്ടോമോട്ടീവ് ഇന്ത്യ സംശയിക്കേണ്ട യാതൊരു കാര്യവുമുണ്ടായിരുന്നില്ല. എന്നാല്‍ ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത, അനിഷ്ട സംഭവമാണ് സഖ്യത്തിന്റെ ചെന്നൈ പ്ലാന്റില്‍ നടന്നത്. രണ്ട് ജീവനക്കാര്‍ രണ്ട് ഡസ്റ്റര്‍ എസ്‌യുവികള്‍ കവര്‍ച്ച ചെയ്യുകയായിരുന്നു. എന്നാല്‍ രണ്ട് പേരെയും പൊലീസ് കയ്യോടെ പിടികൂടി.

തൊണ്ടിയാര്‍പേട്ട് സ്വദേശി എം അരുണ്‍ കുമാര്‍ (27), പി മാരിമുത്തു എന്ന മുഹമ്മദ് അഷ്‌റഫ് (28) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏഴ് വര്‍ഷമായി ഫാക്റ്ററിയിലെ ജീവനക്കാരാണ് ഇരുവരും. മോഷ്ടിച്ച വാഹനങ്ങളിലൊന്ന് കുമാര്‍ എന്ന വ്യക്തിക്ക് ഇവര്‍ വിറ്റിരുന്നു. രണ്ടാമത്തെ ‘ഉപയോക്താവിനെ’ തേടുമ്പോഴാണ് പൊലീസിന്റെ വലയിലാകുന്നത്. ഫാക്റ്ററിയില്‍നിന്ന് രണ്ട് എസ്‌യുവികള്‍ കാണാനില്ലെന്ന് കമ്പനി അധികൃതര്‍ നേരത്തെ കണ്ടെത്തിയിരുന്നു.

റെനോ ഡീലര്‍ഷിപ്പുകളിലേക്ക് അയയ്ക്കാന്‍ തയ്യാറാക്കിവെച്ചവയില്‍ രണ്ട് എസ്‌യുവികളാണ് ഈ വര്‍ഷം ജനുവരിയില്‍ കാണാതായത്. പ്രതികളില്‍നിന്ന് വാഹനങ്ങള്‍ കണ്ടെടുക്കുമ്പോള്‍ അവയില്‍ വ്യാജ രജിസ്‌ട്രേഷന്‍ നമ്പറുകള്‍ പതിച്ചിരുന്നു. വെളുപ്പ്, വെള്ളി നിറങ്ങളിലുള്ള രണ്ട് ഡസ്റ്റര്‍ എസ്‌യുവികളാണ് നഷ്ടപ്പെട്ടിരുന്നത്.

നിര്‍മ്മിച്ച പുതിയ വാഹനങ്ങള്‍ പുറത്തെത്തിച്ച് എന്തെങ്കിലും മെക്കാനിക്കല്‍ തകരാറ് ഉണ്ടോയെന്ന് പരിശോധിക്കുകയായിരുന്നു ഇരുവരുടെയും ജോലി. വ്യാജ ഗേറ്റ് പാസുകള്‍ നിര്‍മ്മിച്ചശേഷം രണ്ട് ഡസ്റ്ററുകള്‍ പുറത്തെത്തിച്ച് കണ്ടുപിടിക്കാതിരിക്കാന്‍ ജീവനക്കാരുടെ വാഹനങ്ങള്‍ക്കിടയില്‍ പാര്‍ക്ക് ചെയ്തു. ഫാക്റ്ററിയിലെ സുരക്ഷാ ജീവനക്കാര്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പര്‍ മാത്രം പരിശോധിക്കുകയാണ് പതിവ്. യൂസ്ഡ് വാഹനങ്ങളുമായി അകത്തെത്തിയ പ്രതികള്‍ ഈ വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ പുതിയ രണ്ട് ഡസ്റ്ററുകളില്‍ ഘടിപ്പിച്ച് പ്ലാന്റില്‍നിന്ന് പുറത്തുകടക്കുകയായിരുന്നു.

Comments

comments

Categories: Auto