രാജന്റെ മുന്നറിയിപ്പ് അവഗണിക്കരുത്

രാജന്റെ മുന്നറിയിപ്പ് അവഗണിക്കരുത്

കിട്ടാക്കടം പെരുകിയതിനെ കുറിച്ചുള്ള കാരണങ്ങള്‍ വളരെ സ്പഷ്ടമായി തന്നെ ആര്‍ബിഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ വ്യക്തമാക്കി. എന്നാല്‍ ചെറുകിട വായ്പകളെ കുറിച്ച് അദ്ദേഹം നല്‍കിയ മുന്നറിയിപ്പുകള്‍ രാജ്യം ഗൗരവത്തിലെടുക്കേണ്ടതുണ്ട്

ഇന്ത്യയുടെ ബാങ്കിംഗ് രംഗം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് കിട്ടാക്കടം. അറ്റ നിഷ്‌ക്രിയ ആസ്തിയെന്ന സങ്കീര്‍ണമായ പ്രശ്‌നം സൃഷ്ടിക്കപ്പെട്ടതിന് കാരണക്കാര്‍ രാഷ്ട്രീയ നേതാക്കളും ബാങ്കുകളുടെ തലപ്പത്തിരുന്നവരും തന്നെയാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്‍ഗവര്‍ണര്‍ രഘുറാം രാജന്റേതായി കഴിഞ്ഞ ദിവസം ഈ വിഷയത്തില്‍ വന്ന പ്രസ്താവന അത് ഒരിക്കല്‍ കൂടി അടിവരയിടുകയും ചെയ്യുന്നു.

2006-2008 കാലയളവിലാണ് ഏറ്റവും കൂടുതല്‍ കിട്ടാക്കടത്തിന് കാരണമായ വായ്പകള്‍ വിതരണം ചെയ്യപ്പെട്ടതെന്ന ആരോപണങ്ങള്‍ നേരത്തെ തന്നെ ഉയര്‍ന്നതാണ്. രാഷ്ട്രീയ ആരോപണ-പ്രത്യാരോപണങ്ങള്‍ക്ക് പകരം ബാങ്കിംഗ് രംഗത്തെ സ്വതന്ത്രമാക്കുകയും ശക്തമായ നിരീക്ഷണത്തിനു വിധേയമാക്കുകയും ചെയ്തില്ലെങ്കില്‍ ഇനിയും ഈ പ്രശ്‌നം ആവര്‍ത്തിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. കിട്ടാക്കടം പരിഹരിക്കാന്‍ പാപ്പരത്ത നിയമം പോലുള്ള പരിഷ്‌കരണങ്ങളിലൂടെ നരേന്ദ്ര മോദി സര്‍ക്കാര്‍ ക്രിയാത്മകമായ നടപടികള്‍ കൈക്കൊള്ളുന്നുണ്ടെങ്കില്‍ കൂടി കുറച്ചുകൂടി ഗൗരവം ഇതിന് കല്‍പ്പിക്കപ്പെടേണ്ടതുണ്ട്. മാത്രമല്ല കുറ്റമറ്റ നയങ്ങളും അനിവാര്യമാണ്.

ഏകദേശം 10 ലക്ഷം കോടി രൂപയുടെ കിട്ടാക്കടത്തിന്റെ പുറത്താണ് ബാങ്കുകള്‍ ഇരിക്കുന്നത്. യുക്തിയില്ലാതെ വായ്പ നല്‍കിയതാണ് ഇത്തരമൊരു സ്ഥിതിവിശേഷത്തിലേക്ക് ബാങ്കിംഗ് മേഖലയെ എത്തിച്ചത്. വായ്പ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച്ച വരുത്തിയ ട്രാക്ക് റെക്കോഡ് ഉള്ള പല പ്രൊമോട്ടര്‍മാര്‍ക്കും വീണ്ടും വായ്പകള്‍ കൊടുത്തതിന്റെ യുക്തിയൊന്നും ചോദ്യം ചെയ്യപ്പെട്ടില്ല എന്നതാണ് നിര്‍ഭാഗ്യകരം. പ്രൊമോട്ടര്‍മാരെയും വായ്പയ്ക്ക് അപേക്ഷിച്ച പദ്ധതികളെയും മോണിറ്റര്‍ ചെയ്യുന്നതില്‍ അപര്യാപ്തമായിരുന്നു ബാങ്കുകളുടെ സംവിധാനങ്ങള്‍ എന്നതാണ് വാസ്തവം. ഒരു ഇടപാട് തട്ടിപ്പായി രേഖപ്പെടുത്തിയാല്‍ അന്വേഷണ ഏജന്‍സികള്‍ തങ്ങളെ ഹരാസ് ചെയ്യുമോയെന്ന ഭയം ബാങ്കര്‍മാര്‍ക്കുള്ളതായി രാജന്‍ പരാമര്‍ശിച്ചതും ശ്രദ്ധേയമാണ്.

അമിത ആത്മവിശ്വാസമുള്ള ബാങ്കര്‍മാരും സര്‍ക്കാരിന്റെ മെല്ലെപ്പോക്ക് നയങ്ങളുമെല്ലാം കിട്ടാക്കടം സങ്കീര്‍ണമാക്കുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന വ്‌സ്തുത കൂടിയാണ് രാജന്‍ പാര്‍ലമെന്ററി പാനലിന് മുമ്പില്‍ ചൂണ്ടിക്കാട്ടിയത്. ചെറുകിട, ഇടത്തരം സംരംഭക മേഖലയിലെ വായ്പകളില്‍ ഇതേ പ്രശ്‌നം ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്ന അദ്ദേഹത്തിന്റെ മുന്നറിയിപ്പിനെ അവഗണിക്കരുത്. വായ്പാ സംവിധാനങ്ങളെ സ്വതന്ത്രമാക്കിയാല്‍ മാത്രമേ അതിന്റെ ഗുണനിലവാരവും വര്‍ധിക്കൂ. തിരിച്ചടവില്‍ വീഴ്ച്ച വരുത്തുമെന്ന് ഉറപ്പുള്ളവര്‍ക്ക് വന്‍കിടവായ്പ നല്‍കുന്ന ഏര്‍പ്പാടിന് പൂര്‍ണമായും അന്ത്യം കുറിക്കണം. പൊതുമേഖല ബാങ്കുകളും സര്‍ക്കാരും തമ്മിലുള്ള അകലം കൂട്ടുന്നതാണ് ഏറ്റവും നല്ലത്. ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാക്കള്‍ക്കോ മന്ത്രിമാര്‍ക്കോ സ്വാധീനം ചെലുത്താന്‍ കഴിയുന്നവരാണ് പൊതുമേഖല ബാങ്ക് മേധാവികള്‍ എന്നുവന്നാല്‍ പിന്നെ കിട്ടാക്കടം സൃഷ്ടിക്കപ്പെടുന്ന വഴി നോക്കേണ്ടതില്ല. കൃത്യസമയത്ത് ബാങ്കുകളിലെ ഒഴിവുകള്‍ നികത്തേണ്ടതുമുണ്ട്.

Comments

comments

Categories: Editorial, Slider