മാരുതി സുസുകി എസ്-ക്രോസ് പരിഷ്‌കരിച്ചു

മാരുതി സുസുകി എസ്-ക്രോസ് പരിഷ്‌കരിച്ചു

ന്യൂഡെല്‍ഹി : മാരുതി സുസുകി പരിഷ്‌കരിച്ച എസ്-ക്രോസ് നിശ്ശബ്ദം അവതരിപ്പിച്ചു. പുതിയ ഫീച്ചറുകള്‍ നല്‍കിയതോടെ സിഗ്മ വേരിയന്റിന് 8.85 ലക്ഷം രൂപയും ടോപ് ആല്‍ഫ വേരിയന്റിന് 11.45 ലക്ഷം രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, സ്പീഡ് അലര്‍ട്ട് സിസ്റ്റം, പാസഞ്ചര്‍ സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡര്‍ എന്നീ സുരക്ഷാ ഫീച്ചറുകളാണ് ക്രോസ്ഓവറില്‍ പുതുതായി നല്‍കിയത്. എല്ലാ വേരിയന്റുകളിലും ഈ സുരക്ഷാ സന്നാഹങ്ങള്‍ സ്റ്റാന്‍ഡേഡാണ്.

നേരത്തെ ടോപ് വേരിയന്റുകളില്‍ മാത്രം നല്‍കിയിരുന്ന സ്മാര്‍ട്ടി കീ ഫംഗ്ഷന്‍, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട് എന്നീ ഫീച്ചറുകള്‍ ഇപ്പോള്‍ ഡെല്‍റ്റ ട്രിമ്മില്‍ നല്‍കിയിരിക്കുന്നു. ടേണ്‍ ഇന്‍ഡിക്കേറ്ററുള്ള സ്വയം മടങ്ങുന്ന പുറം കണ്ണാടികള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂസ് കണ്‍ട്രോള്‍ എന്നീ ഫീച്ചറുകളും ഡെല്‍റ്റ ട്രിമ്മില്‍ നല്‍കി. മുന്‍ വേരിയന്റുമായി താരതമ്യം ചെയ്യുമ്പോള്‍ സിഗ്മ വേരിയന്റിന് 24,000 രൂപയും ഡെല്‍റ്റ വേരിയന്റിന് 55,000 രൂപയും സീറ്റ വേരിയന്റിന് 47,000 രൂപയും ആല്‍ഫ വേരിയന്റിന് 13,000 രൂപയുമാണ് വര്‍ധിച്ചത്.

2018 മാരുതി സുസുകി എസ്-ക്രോസ് തുടര്‍ന്നും 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ മാത്രം ഉപയോഗിക്കും. ഈ മോട്ടോര്‍ 89 ബിഎച്ച്പി കരുത്തും 200 എന്‍എം പരമാവധി ടോര്‍ക്കുമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ എന്‍ജിനുമായി ചേര്‍ത്തിരിക്കുന്നു. സിയാസ് ഫേസ്‌ലിഫ്റ്റ് ഉപയോഗിക്കുന്ന 1.5 ലിറ്റര്‍ കെ-സീരീസ് പെട്രോള്‍ എന്‍ജിന്‍ എസ്-ക്രോസിന് നല്‍കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ മാരുതി സുസുകി ഇക്കാര്യം സ്ഥിരീകരിച്ചില്ല. റെനോ ഡസ്റ്റര്‍, ഹ്യുണ്ടായ് ക്രെറ്റ തുടങ്ങിയവയുമായാണ് ക്രോസ്ഓവര്‍ മത്സരിക്കുന്നത്.

Comments

comments

Categories: Auto