പ്രശ്‌നം പരിഹരിക്കാന്‍ സീയും ജിയോയും

പ്രശ്‌നം പരിഹരിക്കാന്‍ സീയും ജിയോയും

പ്രശ്‌നങ്ങള്‍ പരിഹരിച്ച് പുതിയ കരാര്‍ ഈ ആഴ്ച തന്നെ ഒപ്പുവെക്കും

മുംബൈ: വീഡിയോ ഉള്ളടക്കങ്ങളുടെ പ്രതിഫലം സംബന്ധിച്ച പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കുന്നതിനായി സീ എന്റര്‍ടെയ്ന്‍മെന്റ് എന്റര്‍പ്രൈസസ്(സീ) ഉടമസ്ഥന്‍ സുബാഷ് ചന്ദ്രയും റിലയന്‍സ് ജിയോ ഉടമസ്ഥന്‍ മുകേഷ് അംബാനിയും ചര്‍ച്ചകള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. കരാര്‍ മൂല്യം സംബന്ധിച്ച വിയോജിപ്പിനെ തുടര്‍ന്ന് റിലയന്‍സ് ജിയോയുമായി സഹകരണം അവസാനിപ്പിച്ച് ഓഗസ്റ്റ് ആദ്യം ജിയോയ്ക്ക് നല്‍കിയിരുന്ന എല്ലാ വീഡിയോ ഉള്ളടക്കങ്ങളും സീ നീക്കം ചെയ്തിരുന്നു.

35 ലൈവ് ടിവി ചാനലുകള്‍, 200,000 മണിക്കൂര്‍ ദൈര്‍ഘ്യം വരുന്ന വീഡിയോ ഓണ്‍ ഡിമാന്‍ഡ് ഉള്ളടക്കങ്ങള്‍ എന്നിവയാണ് ജിയോ പ്ലാറ്റ്‌ഫോമില്‍ നിന്ന് സീ നീക്കം ചെയ്തത്. ജിയോയിലേക്ക് സീയുടെ ഉള്ളടക്കങ്ങള്‍ തിരികെ കൊണ്ടുവരുന്നതിനായി കഴിഞ്ഞ ആഴ്ച ഇരുകമ്പനികളും ചര്‍ച്ച നടത്താമെന്ന് തീരുമാനിച്ചിരുന്നു.
പ്രോമോട്ടര്‍ തലത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഉടന്‍ തന്നെ പ്രശ്‌നം പരിഹരിച്ച് ഇരുകമ്പനികളും ഒരു തീരുമാനത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജിയോയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. അടിയന്തരമായി ഉപയോക്താക്കളുടെ ഉപഭോഗം സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പടെയുള്ളവ നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പുതിയ കരാര്‍ ഈ ആഴ്ച തന്നെ ഒപ്പുവെക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകും.

2016 മധ്യത്തിലാണ് ദീര്‍ഘകാല കരാറില്‍ ഇരു കമ്പനികളും ഒപ്പുവെച്ചത്. ഒരാഴ്ച മുമ്പ് വരെയുള്ള ടെലിവിഷന്‍ പരിപാടികള്‍ കാണാന്‍ ഇതിലൂടെ പ്രേക്ഷകര്‍ക്ക് അവസരമുണ്ടായിരുന്നു. നിലവില്‍ 21.5 കോടി ഉപഭോക്താക്കലാണ് ജിയോയ്ക്കുള്ളത്.

ജിയോയുമായി കരാര്‍ അവസാനിപ്പിച്ച ആഴ്ചയില്‍ തന്ന സീ ടെലികോം ഭീമനായ ഭാരതി എയര്‍ടെലുമായി മൂന്ന് വര്‍ഷ കാലാവധിയുള്ള കരാറില്‍ ഏര്‍പ്പെട്ടു. എക്‌സ്‌ക്ലുസിവ് വീഡിയോ ഉള്ളടക്കങ്ങള്‍ എയര്‍ടെലിന്റെ വിഡിയോ ഓണ്‍ ഡിമാന്‍ഡ് ആപ്പിലൂടെയും എയര്‍ടെല്‍ ടിവിയിലൂടെയും സീയുടെ ഓവര്‍ ദ ടോപ്പ് ആപ്പ്( ഛഠഠ) സേവനത്തിലൂടെയും നല്‍കാന്‍ ഇരു കമ്പനികളും തീരുമാനിച്ചു.
കരാറിന്റെ ഭാഗമായി ഉപഭോക്തൃ വിവരങ്ങള്‍ പങ്കുവെക്കാന്‍ എയര്‍ടെല്‍ സമ്മതിച്ചിരുന്നു. ദീര്‍ഘകാല ഉടമ്പടിക്ക് ഉപഭോക്തൃ വിവരങ്ങള്‍ അത്യാവശ്യമാണെന്നും എയര്‍ടെലുമായുള്ള ഇടപാടിന്റെ പ്രധാന ഘടകം ഇതായിരുന്നുവെന്നും സീയുടെ മാനേജിംഗ് ഡയറക്റ്റര്‍ പുനീത് ഗോയെങ്ക പറഞ്ഞു.

Comments

comments

Categories: Tech
Tags: Zee-Jio