ജര്‍മനിയിലെ കെഒ കാംപസിനെ ഏറ്റെടുത്ത് ബഹ്‌റൈനിലെ ഇന്‍വെസ്റ്റ്‌കോര്‍പ്പ്

ജര്‍മനിയിലെ കെഒ കാംപസിനെ ഏറ്റെടുത്ത് ബഹ്‌റൈനിലെ ഇന്‍വെസ്റ്റ്‌കോര്‍പ്പ്

ജര്‍മനിയിലെ എഷ്‌ബോണ്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കെഒ കാംപസിനെ 99.5 മില്ല്യണ്‍ ഡോളറിനാണ് ഇന്‍വെസ്റ്റ്‌കോര്‍പ്പ് ഏറ്റെടുത്തത്

മനാമ: ബഹ്‌റൈനിലെ വമ്പന്‍ നിക്ഷേപസ്ഥാപനമായ ഇന്‍വെസ്റ്റ്‌കോര്‍പ്പ് ജര്‍മനിയില്‍ തങ്ങളുടെ രണ്ടാമത്തെ റിയല്‍ എസ്റ്റേറ്റ് നിക്ഷേപം നടത്തി. ജര്‍മനിയിലെ എഷ്‌ബോണ്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കെഒ കാംപസിനെ 99.5 മില്ല്യണ്‍ ഡോളറിനാണ് ഇന്‍വെസ്റ്റ്‌കോര്‍പ്പ് ഏറ്റെടുത്തത്.

ഫ്രാങ്ക്ഫര്‍ട്ട് റെയ്ന്‍-മെയിന്‍ അര്‍ബന്‍ ഏരിയയുടെ ഭാഗമായ വാണിജ്യ മേഖലയെന്ന നിലയില്‍ ശ്രദ്ധ പിടിച്ചുപറ്റിയ എഷ്‌ബോണിലെ കെഒ കാംപസ് അടുത്തിടെയാണ് നവീകരണത്തിന് വിധേയമായത്. 40,000 സ്‌ക്വയര്‍ മീറ്റര്‍ വരുന്ന കെഒ കാംപസില്‍ മൂന്ന് ഓഫീസ് കെട്ടിടങ്ങള്‍ അത്യാധുനിക സൗകര്യങ്ങളോടെ ഒരുക്കിയിട്ടുണ്ട്. മാനുഫാക്ച്ചറിംഗ്, റീട്ടെയ്ല്‍, ടെക്‌നോളജി മേഖലകള്‍ക്ക് അനുയോജ്യമായ ഓഫീസ് കെട്ടിടങ്ങളാണിത്.

ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് ജര്‍മനിയിലെ തങ്ങളുടെ ആദ്യത്തെ റിയല്‍ എസ്റ്റേറ്റ് ഡീല്‍ ഇന്‍വെസ്റ്റ്‌കോര്‍പ്പ് പ്രഖ്യാപിച്ചത്. കോണ്ടിനം കാപ്പിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് മാനേജ്‌മെന്റുമായി ചേര്‍ന്നായിരുന്നു സ്റ്ററ്റ്ഗാര്‍ട്ടിലെ ബുറോകാംപസിനെ ഇന്‍വെസ്റ്റ്‌കോര്‍പ്പ് ഏറ്റെടുത്തത്.

ഞങ്ങളുടെ വൈവിധ്യവല്‍ക്കരിക്കപ്പെട്ട ആസ്തികളുടെ പ്രതിഫലനമാണ് പുതിയ നിക്ഷേപം. കമ്പനിക്ക് കൂടുതല്‍ മൂല്യവര്‍ധന നല്‍കാന്‍ ഈ നിക്ഷേപത്തിന് സാധിക്കുമെന്നാണ് പ്രതീക്ഷ-ഇന്‍വെസ്റ്റ്‌കോര്‍പ്പിന്റെ സഹ സിഇഒ ഹാസെം ബെന്‍ ഗാസെം പറഞ്ഞു.

അടുത്തിടെയാണ് സ്വിസ്സ് പ്രൈവറ്റ് ബാങ്കായ പിബിഎസ്സിന്റെ 40 ശതമാനം ഓഹരികള്‍ ബഹ്‌റൈനിലെ ലിസ്റ്റഡ് കമ്പനിയായ ഇന്‍വെസ്റ്റ്‌കോര്‍പ്പ് ഏറ്റെടുത്തത്. നാല് വര്‍ഷത്തിനുള്ളില്‍ തങ്ങള്‍ കൈകാര്യം ചെയ്യുന്ന ആസ്തി 50 ബില്ല്യണ്‍ ഡോളര്‍ ആക്കി ഉയര്‍ത്തുകയാണ് ഇന്‍വെസ്റ്റ് കോര്‍പ്പിന്റെ പദ്ധതി. ഇതിനായാണ് വ്യാപകനിക്ഷേപങ്ങളില്‍ കമ്പനി ഏര്‍പ്പെട്ടിരിക്കുന്നത്. നിലവില്‍ 22.6 ബില്ല്യണ്‍ ഡോളറിന്റെ ആസ്തിയാണ് കമ്പനി കൈകാര്യം ചെയ്യുന്നത്.

1982ല്‍ പ്രവര്‍ത്തനമാരംഭിച്ച ഇന്‍വെസ്റ്റ്‌കോര്‍പ്പ് റിയല്‍ എസ്റ്റേറ്റ്, ഹെഡ്ജ് ഫണ്ട്‌സ്, പ്രൈവറ്റ് ഡെറ്റ് തുടങ്ങിയ മേഖലകളില്‍ സജീവമാണ്. ബ്രിട്ടനിലെ ഏറ്റവും വലിയ സ്വകാര്യ നിക്ഷേപ ഗ്രൂപ്പായ 3i യുടെ ഡെറ്റ് മാനേജ്‌മെന്റ് ബിസിനസ് 12 ബില്ല്യണ്‍ ഡേളറിന് ഏറ്റെടുത്തതോടെയാണ് ഇന്‍വെസ്റ്റ്‌കോര്‍പ്പ് ആഗോള ശ്രദ്ധ പിടിച്ചുപറ്റിയത്.

പിബിഎസില്‍ ഓഹരിയെടുത്തതോടെ കമ്പനി സ്വകാര്യ ബാങ്കിംഗ് രംഗത്തേക്ക് കൂടി വരവറിയിച്ചിരിക്കുകയാണ്.

Comments

comments

Categories: Business & Economy
Tags: invest corp