താളം തെറ്റിയ മനസ്സുകള്‍ക്കും ഇനി പരിരക്ഷയുടെ പ്രതിരോധം

താളം തെറ്റിയ മനസ്സുകള്‍ക്കും ഇനി പരിരക്ഷയുടെ പ്രതിരോധം

മാനസിക രോഗങ്ങള്‍ക്കും ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കാനുള്ള ‘നാഷണല്‍ മെന്റല്‍ ഹെല്‍ത്ത് കെയര്‍ ആക്റ്റ് 2017’ എന്ന ചരിത്രപരമായ നിയമനിര്‍മാണം കഴിഞ്ഞ വര്‍ഷം പാര്‍ലമെന്റ് പാസാക്കിയിരുന്നെങ്കിലും മിക്ക ഇന്‍ഷ്വറന്‍സ് കമ്പനികളും ഇത് നടപ്പാക്കാന്‍ അമാന്തം കാട്ടുകയാണ് ചെയ്തിരുന്നത്. മാനസി രോഗ ചികിത്സ തേടുന്നവര്‍ക്കും പരിരക്ഷ നല്‍കണമെന്ന് കര്‍ശനമായി വ്യവസ്ഥ ചെയ്യുന്ന സര്‍ക്കുലര്‍ കഴിഞ്ഞ മാസം 16 ന് സര്‍ക്കാര്‍ പുറപ്പെടുവിച്ചതോടെ വലിയ സാമൂഹിക മാറ്റത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. വിഷാദ രോഗമടക്കം മാനസിക രോഗങ്ങള്‍ക്ക് അടിപ്പെടുന്ന എണ്‍പത് ശതമാനം ആളുകള്‍ക്കും മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന ഞെട്ടിപ്പിക്കുന്ന വസ്തുത നമ്മുടെ മുന്നിലുണ്ട്. ചികിത്സയുടെ ഭീമമായ ചെലവും ഭീതിയും ഇതിന് കാരണമാണ്. ഈ രണ്ട് പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സക്ഷമമായ നിയമമാണ് നടപ്പാക്കാനൊരുങ്ങുന്നത്.

ഓരോ അഞ്ച് ഇന്ത്യക്കാരിലും ഒരാള്‍ വീതം ഡിപ്രഷന്‍ അഥവാ വിഷാദ രോഗമെന്ന മാനസിക അസ്വാസ്ഥ്യത്തിന്് ജീവിതകാലത്തില്‍ ഒരിക്കലെങ്കിലും അടിമപ്പെടുന്നവരാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 131 കോടിയിലേറെ ജനങ്ങള്‍ അധിവസിക്കുന്ന രാജ്യത്ത് ഇത് ഭീമമായ സംഖ്യ തന്നെയാണ്. കാല്‍ കോടിയിലധികം ആള്‍ക്കാരെ ഒരിക്കലെങ്കിലും ബാധിക്കുന്ന, അവരില്‍ തന്നെ നല്ലൊരു ശതമാനം ആളുകളുടെ ജീവിതം ദീര്‍ഘകാലത്തേക്ക് താറുമാറാക്കാന്‍ കരത്തുള്ള, ഒരുപക്ഷേ ആത്മഹത്യയിലേക്ക് പോലും നയിച്ചേക്കാവുന്ന ഇത്തരം രോഗങ്ങളുടെ ചികിത്സക്ക് മതിയായ പരിഗണന ലഭിക്കുന്നുണ്ടായിരുന്നില്ല എന്നത് ഒട്ടും ആശാസ്യമല്ലാത്ത വസ്തുതയാണ്. മാനസിക രോഗ ചികിത്സകനെ കണ്‍സള്‍ട്ട് ചെയ്തു എന്ന് ചികിത്സാ രേഖകളില്‍ കുറിക്കപ്പെട്ടാല്‍, അവകാശമുണ്ടെങ്കില്‍ പോലും ഇന്‍ഷുറന്‍സ് തുക നിഷേധിക്കപ്പെടുകയാണ് ചെയ്തിരുന്നത്. രാജ്യത്തെ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ ഇക്കാര്യത്തില്‍ പ്രത്യേക നിഷ്‌കര്‍ഷ എടുക്കുകയും ചെയ്തിരുന്നു.

എന്നാലിപ്പോള്‍ കാര്യങ്ങള്‍ മാറിമറിയുകയാണ്. മാനസികാരോഗ്യവും ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്ക് കീഴില്‍ കൊണ്ടുവരാനുള്ള സുപ്രധാന ഉത്തരവാണ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയിിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം പാര്‍ലമെന്റ് പാസാക്കിയ ‘നാഷണല്‍ മെന്റല്‍ ഹെല്‍ത്ത് കെയര്‍ ആക്റ്റ് 2017’ അനുസരിച്ചാണ് ഇന്‍ഷുറന്‍സ് പോളിസികളുടെ പരിധിയില്‍ മാനസികാരോഗ്യവും കൂടി ഉള്‍പ്പെടുത്താന്‍ കമ്പനികള്‍ക്ക് ഇന്‍ഷുറന്‍സ് മേഖലയുടെ നിയമ നിയന്ത്രാതാവായയ ഇന്‍ഷുറന്‍സ് റെഗുലേറ്ററി ഡെവലപ്പ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ) ഇപ്പോള്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് കഴിഞ്ഞ മാസം പുറത്തു വന്നു. കോടിക്കണക്കിന് പൗരന്‍മാര്‍ക്ക് ആശ്വാസം പകരുന്ന നടപടിയാണ് ഇതെന്നതിന് സംശയമില്ല.

നാഷണല്‍ മെന്റല്‍ ഹെല്‍ത്ത് കെയര്‍ ആക്റ്റ് 2017 ലെ 21(4) അനുച്ഛേദ പ്രകാരം എല്ലാ ഇന്‍ഷ്വറന്‍സ് കമ്പനികളും ശാരീരിക രോഗ ചികിത്സകള്‍ക്ക് നല്‍കുന്ന പരിരക്ഷയുടെ അതേ മാനദണ്ഡ പ്രകാരം മാനസിക രോഗങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷയും ഉറപ്പാക്കണമെന്ന് ഐആര്‍ഡിഎഐ പുറത്തുവിട്ട സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നു. ആരോഗ്യ വിഭാഗം ജനറല്‍ മാനേജര്‍ ഡി വി രമേഷ് ഒപ്പു വെച്ച സര്‍ക്കുലര്‍, അടിയന്തര പ്രാധാന്യത്തോടെ നടപ്പിലാക്കാനാണ് കമ്പനികളോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

അതേസമയം ഇന്‍ഷുറന്‍സ് കമ്പനികള്‍ ഇതുവരെ പുതിയ സേവനങ്ങള്‍ നല്‍കുന്നത് ആരംഭിച്ചിട്ടില്ല. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട ഏതൊക്കെ ചികിത്സകള്‍ക്ക് ഇന്‍ഷുറന്ഡസ് പരിരക്ഷ നല്‍കണമെന്നും ഏതിനെയൊക്കെ ഒഴിവാക്കാമെന്നും ഐആര്‍ഡിഎഐ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ലെന്നതാണ് പദ്ധതി നടപ്പാക്കാനാരംഭിക്കാത്തതിന് കാരണമായി ഇന്‍ഷ്വറന്‍സ് കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നത്. മനുഷ്യ മനസുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങളുടെ ആഴം ദുര്‍ഗ്രഹമായതിനാല്‍ പരിരക്ഷ ഉറപ്പാക്കേണ്ട അസുഖങ്ങളെ അളക്കുന്ന മാനകങ്ങള്‍ വ്യക്തമാക്കേണ്ടതുണ്ടെന്ന് കമ്പനികള്‍ വാദിക്കുന്നു. നിലവിലുള്ള നിയമങ്ങള്‍ പ്രകാരം മാനസിക ആരോഗ്യത്തിന് വിശാലമായ നിര്‍വചനമാണ് നല്‍കപ്പെട്ടിരിക്കുന്നത്. ഇന്‍ഷുറന്‍സ് ഇനത്തില്‍ ചെലവാക്കേണ്ട് തുകയുടെ കാര്യത്തില്‍ കമ്പനികള്‍ ഇരുട്ടില്‍ തപ്പുകയാണെന്ന് ന്യൂ ഇന്ത്യ അഷ്വറന്‍സിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

ദേശീയ തലത്തിലോ അന്താരാഷ്ട്ര തലത്തിലോ അംഗീകൃതമായ മെഡിക്കല്‍ മാനദണ്ഡങ്ങള്‍ക്കനുസൃതമായി (ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ അന്താരാഷ്ട്ര രോഗ വര്‍ഗീകരണ പ്രകാരവും), മാനസിക രോഗം നിര്‍ണയിക്കണമെന്ന് നാഷണല്‍ മെന്റല്‍ ഹെല്‍ത്ത് കെയര്‍ നിയമത്തിലെ രണ്ടാം അധ്യായത്തില്‍ മൂന്നാം വകുപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോസയന്‍സസ് നടത്തിയ (എന്‍ഐഎംഎച്ച്എഎന്‍എസ്) ദേശീയ മാനസികാരോഗ്യ സര്‍വേ 2015-16 പ്രകാരം സൈക്കോട്ടിക്, ബൈപോളാര്‍, ന്യൂറോട്ടിക് രോഗങ്ങള്‍ക്കും വിഷാദരോഗം, സമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട രോഗങ്ങള്‍ എന്നിവക്കും ഏറ്റവുമധികം സാധ്യതയുള്ളത് 40 നും 49 നും ഇടയിലില്‍ പ്രായമുള്ളവരിലാണ്. ഇത് കൂടാതെ മെട്രോ നഗരങ്ങളില്‍ താമസിക്കുന്നവര്‍ മാനസിരോഗങ്ങള്‍ക്ക് കൂടുതല്‍ വശംവദരാകുന്നെന്നും സര്‍വേ കണ്ടെത്തിയിരിക്കുന്നു. സ്ത്രീ-പുരുഷ ലിംഗ ഭേദമില്ലാതെ യുവതലമുറക്കിടയില്‍ രോഗലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ 7.3 ശതമാനമാണ്.

ഓരോ വൈകല്യങ്ങള്‍ക്കുമനുസരിച്ച് ചികിത്സക്കും പരിചരണത്തിനുമായി ചെലവഴിക്കുന്ന തുകയിലും വ്യത്യാസമുണ്ട്. മദ്യാസക്തി മൂലമുള്ള അസുഖങ്ങള്‍ക്ക് 2,250 രൂപ, സ്‌കിസോഫ്രീനിയ-മറ്റ് മാനസികാസ്വാസ്ഥ്യങ്ങള്‍ എന്നിവക്ക് 1,000 രൂപ, വിഷാദ രോഗത്തിന് 1,500, ന്യൂറോസിസ് 1,500 രൂപ, അപസ്മാരത്തിന് 1,500 എന്നിങ്ങനെയാണ് തുക. മാനസികാരോഗ്യ നിയമത്തിന്റെ മികച്ച നേട്ടങ്ങളിലൊന്നാണ് ആത്മഹത്യയെകുറിച്ചുള്ള തിരിച്ചറിവ്. ഒരു കുറ്റകൃത്യത്തിന് ഉപരി, ആത്മഹത്യാ ശ്രമമെന്നത് വ്യക്തിപരവും സാമൂഹികവുമായ അപര്യാപ്തതകളില്‍ നിന്നുളവാകുന്ന ഒരു അകൃത്രിമമായ പ്രശ്‌നമാണെന്ന് അംഗീകരിക്കപ്പെട്ടിരിക്കുന്നു.

ബിരുദ വിദ്യാര്‍ത്ഥിയായ ശൗര്യ സേതുപതിയുടെ (പേര് യഥാര്‍ത്ഥമല്ല) അഭിപ്രായങ്ങള്‍ ഈ സാഹചര്യത്തില്‍ പരിഗണന അര്‍ഹിക്കുന്നതാണ്. ശൗര്യയുടെ മാതാപിതാക്കളില്‍ ഒരാള്‍ക്ക് സ്‌കീസോഫ്രീനിയ ബാധിച്ചിട്ടുണ്ട്. മാനസിക പ്രശ്‌നങ്ങളെ പരിഹസിക്കുകയും അപമാനിക്കുകയും യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് അംഗീകരിക്കുന്നതില്‍ പരാജയപ്പെടുകയുമാണ് ഇത്രനാള്‍ പൊതുസമൂഹം ചെയ്തിരുന്നതെന്ന് ശൗര്യ സ്വന്തം അനുഭവത്തില്‍ നിന്ന് പറയുന്നു. ശാരീരിക വൈകല്യമുള്ള ഒരു വ്യക്തിയെ കണ്ടാല്‍ ആളുകള്‍ ഉടന്‍ സഹാനുഭൂതി, അനുകമ്പ തുടങ്ങിയ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നു. എന്നാല്‍ സങ്കടകരമായ കാര്യം, മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്ക് ഈയൊരു പരിഗണന ലഭിക്കാറില്ല എന്നതാണ്. എല്ലായ്‌പ്പോഴും തിരിച്ചടികള്‍ മാത്രമാണ് അവര്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. യാഥാര്‍ഥ്യത്തെക്കുറിച്ചുള്ള അറിവിന്റെ പരിമിതിയാണ് ഇതിന് ഇതിന് പ്രധാന കാരണമെന്ന് ശൗര്യ പറയുന്നു. മാനസിക അനാരോഗ്യത്തിന്റെ അദൃശ്യ സ്വഭാവം മൂലം പൊതുജനത്തിന് പലകാര്യങ്ങളും തിരിച്ചറിയാന്‍ സാധിക്കാതെ പോകുന്നു. ഈ സാഹചര്യത്തില്‍ ഇന്‍ഷ്വറന്‍സ് കമ്പനികള്‍ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് പരിരക്ഷ നല്‍കാന്‍ മുന്നോട്ട് വരികയാണെങ്കില്‍ രാജ്യത്തിന് തന്നെ അതൊരു മികച്ച നേട്ടമായിരിക്കും. മാനസിക രോഗങ്ങളെക്കുറിച്ച് അനാവശ്യ ഭീതിയാണ് സമൂഹത്തില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്നും ആ വിദ്യാര്‍ത്ഥി ചൂണ്ടിക്കാട്ടുന്നു.

മാനസിക രോഗത്തിന് വളരെ വിശാലമായ ഒരു തലമുണ്ട്. അതുകൊണ്ട് ഇത്തരം ആളുകളുടെ ‘നിഷ്ഫലത’ കണ്ട് സമൂഹം നിഗമനങ്ങളില്‍ എത്തിച്ചേരരുത്. നേരെമറിച്ച് ഏറ്റവും സൃഷ്ടിപരമായ തലച്ചോറുകളാണ് ചില അസാധാരണത്വങ്ങള്‍ പ്രകടിപ്പിക്കുന്നതെന്നു കൂടി സമൂഹം മനസിലാക്കണം. ആനുകാലികമായി പുറത്തു വന്ന ചില സിനിമകളിലും മറ്റും മാനസിക ആരോഗ്യത്തെ ക്രിയാത്മകമായി പ്രതിഫലിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. അടുത്തിടെ തീയേറ്ററുകളിലേക്കെത്തിയ ‘എ ബ്യൂട്ടിഫുള്‍ മൈന്‍ഡ്’, ‘ഹിച്ച്കി’ തുടങ്ങിയ സിനിമകള്‍ വേരുറച്ച ചിന്തകളെ വെല്ലുവിളിക്കുന്നതും മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവരും മനുഷ്യരാണെന്ന് പ്രഖ്യാപിക്കുന്നതുമായിരുന്നു.

മാനസിക പ്രശ്‌നങ്ങളുള്ളവരുടെ കുടുംബങ്ങള്‍ നേരിടുന്ന സാമ്പത്തികമായ ആഘാതം കൂടി കണക്കിലെടുക്കണം. മാനസിക പ്രശ്‌നങ്ങള്‍ ഉള്ളവരെല്ലാം തന്നെ ജോലിയില്ലാത്തവരോ സ്വന്തമായി വരുമാനമില്ലാത്തവരോ അല്ല. നന്നായി ജോലിയെടുക്കുകയും പണം സമ്പാദിക്കുകയും ചെയ്യുന്ന ധാരാളം ആളുകളുണ്ട്. വന്‍ പ്രതിഫലം പറ്റുന്നവരല്ലെങ്കിലും അവരില്‍ പലരും സമൂഹത്തിന് മികച്ച സംഭാവന നല്‍കുന്ന തരത്തില്‍ തൊഴിലെടുക്കുന്ന പ്രൊഫഷണലുകളാണ്. എങ്കിലും സമ്പാദിക്കുന്ന പണത്തിന്റെ വിനിയോഗത്തില്‍ പലപ്പോഴും വിനാശകരമായ തീരുമാനങ്ങളാണ് അവര്‍ എടുക്കുക. ക്രെഡിറ്റ് കാര്‍ഡ് കമ്പനികള്‍ മാനസിക പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് സൗജന്യ കാര്‍ഡുകള്‍ വാഗ്ദാനം ചെയ്യുമ്പോള്‍ അതിന്റെ ഉപയോഗത്തെപ്പറ്റി അവര്‍ ബോധവാന്മാര്‍ അല്ലെങ്കില്‍ വലിയ സങ്കീര്‍ണ്ണതകള്‍ അഭിമുഖീകരിക്കേണ്ടി വരും.
അന്തര്‍ലീനമായ വിഷാദരോഗത്തെ നേരിടുന്നതിനുള്ള മാര്‍ഗ്ഗമായി, ആശ്വാസം കണ്ടെത്തുന്നതിനായി സാധനങ്ങള്‍ വാങ്ങിക്കൂട്ടാന്‍ അവര്‍ ശ്രമിക്കുന്നു. പണവിനിയോഗം വളരെ മോശമാകുമ്പോള്‍ കുടുംബം അപ്പാടെ കടക്കെണിയിലേക്ക് നീങ്ങുന്നു.

ദീര്‍ഘകാലമായി അമേരിക്കയില്‍ താമസിക്കുന്ന കലൈവാണിയുടെ (യഥാര്‍ത്ഥ പേരല്ല) ജീവിതകഥയും ഈ വിഷയത്തില്‍ സജീവ പരിഗണന അര്‍ഹിക്കുന്നതാണ്. കടുത്ത മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞതോടെ കുട്ടികളോടൊപ്പം അവളുടെ ഭര്‍ത്താവ് മാറിത്താമസിച്ചു. വര്‍ഷങ്ങള്‍ കൊണ്ട് സമ്പാദിച്ച പണവുമായി അവള്‍ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയപ്പോള്‍ ഒരു മത സംഘടന അവള്‍ക്ക് ‘ആശ്വാസം’ പകരുന്നതിനായി അത്യുല്‍സാഹത്തോടെ രംഗപ്രവേശം ചെയ്തു. ‘ദൈവ വേലക്കും സഹാനുഭൂതിക്കും’ ഉള്ള സംഭാവനയെന്ന പേരില്‍ അവളുടെ സമ്പാദ്യങ്ങള്‍ അവര്‍ ചോര്‍ത്തിയെടുത്തു. ഇപ്പോള്‍ അമ്മയോടൊപ്പം താമസിക്കുന്ന കലൈവാണി മഹാദാരിദ്ര്യത്തെ നേരിടുകയാണ്. ചികിത്സക്കുള്ള പണം കണ്ടെത്താനും ആഹാരത്തിനുള്ള മാര്‍ഗം കണ്ടെത്താനും ബുദ്ധിമുട്ടനുഭവപ്പെടുന്ന സാഹചര്യമാണുള്ളത്. സാമ്പത്തിക ദുരന്തങ്ങളില്‍ നിന്ന് ആളുകളെ രക്ഷിക്കാന്‍ ഇത്തരം പ്രശ്‌നങ്ങള്‍ കൂടി ഇന്‍ഷ്വറന്‍സുമായി ബന്ധപ്പെട്ട് ഉള്‍പ്പെടുത്തണമെന്ന ആവശ്യമാണ് ഉയരുന്നത്.

നിരവധി വര്‍ഷങ്ങള്‍ നീണ്ടു നില്‍ക്കുന്ന മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ രോഗികള്‍ക്കൊപ്പം പരിചരിക്കുന്നരെയും നിരവധി പ്രതിസന്ധികൡലേക്ക് തള്ളിവിടുന്നുണ്ട്. ചികിത്സക്ക് ചെലവേറിയതിനാല്‍ ഈ വിഭാഗത്തിന് ഇന്‍ഷുറന്‍സ് പരിരക്ഷ നിഷേധിക്കുകയാണെങ്കില്‍ അത് കാര്യങ്ങള്‍ കൂടുതല്‍ ദയനീയമാക്കും. അതിനാല്‍ സര്‍ക്കാരിന്റെ നീക്കം ഏറെ പ്രശംസനീയം തന്നെയാണെന്നതില്‍ തര്‍ക്കമില്ല.

Comments

comments

Categories: FK Special, Slider