രണ്ടാം പകുതിയില്‍ ഇന്ത്യയുടെ വളര്‍ച്ചാ വേഗം കുറയും

രണ്ടാം പകുതിയില്‍ ഇന്ത്യയുടെ വളര്‍ച്ചാ വേഗം കുറയും

നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യ 7.4 ശതമാനം വളര്‍ച്ച നേടുമെന്നാണ് ഡിബിഎസിന്റെ നിഗമനം

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം പകുതിയില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലാകുമെന്ന് ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിംഗ് കമ്പനിയായ യുബിഎസിന്റെ വിലയിരുത്തല്‍. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ (ജിഡിപി) ശക്തമായ വളര്‍ച്ചയാണ് ഇന്ത്യ രേഖപ്പെടുത്തിയത്. എന്നാല്‍, രണ്ടാം പകുതിയില്‍ ഇതേ വളര്‍ച്ച നിലനിര്‍ത്തുന്നതിന് കടുത്ത സാമ്പത്തിക സാഹചര്യങ്ങളും ഉയര്‍ന്ന ഇന്ധന വിലയും ആഗോള മാന്ദ്യവും ഇന്ത്യക്ക് വെല്ലുവിളിയാകുമെന്നാണ് യുബിഎസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ആദ്യ പാദത്തിലെ 8.2 ശതമാനത്തില്‍ നിന്നും രണ്ടാം പകുതിയോടെ ജിഡിപി വളര്‍ച്ച 7-7.3 ശതമാനമായി ചുരുങ്ങുമെന്നാണ് യുബിഎസിന്റെ നിഗമനം. സ്വകാര്യ കോര്‍പ്പറേറ്റുകളുടെ മൂലധന ചെലവിടല്‍ ഇപ്പോഴും മിതമായ തലത്തില്‍ തുടരുന്നതും കമ്പനികളുടെ ഉയര്‍ന്ന കടബാധ്യതയും മോശം സാമ്പത്തികാരോഗ്യവും വളര്‍ച്ചാ വേഗം നിലനിര്‍ത്തുന്നതിന് സമ്പദ്‌വ്യവസ്ഥയ്ക്ക് തിരിച്ചടിയാകുമെന്ന് യുബിഎസ് സെക്യൂരിറ്റീസ് ഇന്ത്യയില്‍ നിന്നുള്ള സാമ്പത്തിക വിദഗ്ധ തന്‍വി ഗുപ്ത ജെയ്‌നും സ്ട്രാറ്റജിസ്റ്റ് റോഹിത് അറോറയും റിസര്‍ച്ച് നോട്ടില്‍ വ്യക്തമാക്കി.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) ധനനയ അവലോകന സമിതി (എംപിസി) ഇടക്കാലത്തേക്ക് അടിസ്ഥാന പലിശ നിരക്കുകള്‍ അതേപടി നിലനിര്‍ത്തുമെന്നാണ് യുബിഎസ് പ്രതീക്ഷിക്കുന്നത്. ലോകത്തിലെ പ്രധാന സാമ്പത്തിക ശക്തികള്‍ തമ്മിലുള്ള വ്യാപാര യുദ്ധം ആഗോള സാമ്പത്തിക മാന്ദ്യത്തിലേക്കും ഉല്‍പ്പന്നങ്ങളുടെ വിലക്കുറവിലേക്കും നയിക്കും. വിലക്കയറ്റം കുറയുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ബാഹ്യ സമ്മര്‍ദങ്ങളെ ചെറുക്കുന്നതിന് സഹായിക്കുമെന്ന് യുബിഎസ് പറയുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ അടിസ്ഥാന പലിശ നിരക്കുകളില്‍ കേന്ദ്ര ബാങ്ക് മാറ്റം വരുത്താനുള്ള സാധ്യതയില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. അതേസമയം, ഇതിനു വിപരീതമാണ് സ്ഥിതിയെങ്കില്‍ ഈ സാമ്പത്തിക വര്‍ഷത്തെ അടുത്ത യോഗങ്ങളില്‍ പലിശ നിരക്കില്‍ 50 ബേസിസ് പോയ്ന്റ് വരെ വര്‍ധന വരുത്താനിടയുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ശക്തമായ വളര്‍ച്ച നേടാന്‍ ഇന്ത്യക്ക് കഴിഞ്ഞെങ്കിലും വരും പാദങ്ങളില്‍ എട്ട് ശതമാനത്തില്‍ കൂടുതല്‍ വളര്‍ച്ച നിലനിര്‍ത്താന്‍ ഇന്ത്യക്ക് കഴിയുമോ എന്ന കാര്യം സംശയമാണെന്നും ഡിബിഎസ് തങ്ങളുടെ ഗവേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ആദ്യ പാദത്തിലെ വളര്‍ച്ചാ നിരക്ക് കണക്കാക്കിയ രീതിക്കെതിരേ ആര്‍ബിഐ ധനനയ സമിതി അംഗം രവീന്ദ്ര ധോലാക്കിയ തന്നെ പരസ്യമായി വിമര്‍ശനം ഉന്നയിച്ചിരുന്നു. വ്യാവസായിക ഉല്‍പ്പാദനത്തെ പെരുപ്പിച്ചു കണക്കാക്കിയെന്നാണ് ധോലാക്കിയ നിരീക്ഷിച്ചത്. നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യ 7.4 ശതമാനം വളര്‍ച്ച നേടുമെന്നാണ് ഡിബിഎസിന്റെ നിഗമനം.

Comments

comments

Categories: Business & Economy
Tags: economy