സമ്പദ്‌വ്യവസ്ഥയ്ക്ക് 32,000 കോടി രൂപയുടെ നേട്ടമാകുമെന്ന് സര്‍ക്കാര്‍

സമ്പദ്‌വ്യവസ്ഥയ്ക്ക് 32,000 കോടി രൂപയുടെ നേട്ടമാകുമെന്ന് സര്‍ക്കാര്‍

ജന്‍ധന്‍ എക്കൗണ്ടുകളുടെ ഓവര്‍ഡ്രാഫ്റ്റ് പരിധി 5,000 രൂപയില്‍ നിന്ന് 10,000 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്

ന്യൂഡെല്‍ഹി: പ്രധാന്‍ മന്ത്രി ജന്‍ധന്‍ യോജന (പിഎംജെഡിവൈ) പ്രകാരമുള്ള ബാങ്ക് എക്കൗണ്ടുകളിലെ ഓവര്‍ ഡ്രാഫ്റ്റ് സൗകര്യം സമ്പദ്‌വ്യവസ്ഥയ്ക്ക് നേട്ടമാകുമെന്ന് സര്‍ക്കാര്‍. രാജ്യത്തെ മൊത്തം 32 കോടി ജന്‍ധന്‍ എക്കൗണ്ടുകളില്‍ കുറഞ്ഞത് പകുതിയോളം എക്കൗണ്ടുകളെങ്കിലും പ്രത്യേക നിയന്ത്രണങ്ങളില്ലാത്ത 2,000 രൂപ വരെയുള്ള ഓവര്‍ഡ്രാഫ്റ്റ് സൗകര്യം ഉപയോഗിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഇത് ഏകദേശം 32,000 കോടി രൂപയുടെ ഉത്തേജനം സമ്പദ് വ്യവസ്ഥയ്ക്ക് നല്‍കുമെന്നാണ് കരുതുന്നതെന്നും കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു.
ദൈനംദിന ബിസിനസുകള്‍ക്കായി പച്ചക്കറി വില്‍പ്പനക്കാരും ചെറുകിട കച്ചവടക്കാരും ഓവര്‍ഡ്രാഫ്ര്റ്റ് സൗകര്യം ഉപയോഗപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉയര്‍ന്ന മൂല്യമുള്ള വായ്പകള്‍ നേടുന്നതിനുള്ള അര്‍ഹത ഉറപ്പാക്കുന്നതിന് അവര്‍ ഈ തുക തിരിച്ചടയ്ക്കുമെന്നും ഔപചാരിക ബാങ്കിംഗ് വ്യവസ്ഥയിലേക്ക് ജനധന്‍ എക്കൗണ്ട് ഉടമകളെ കൂടുതല്‍ അടുപ്പിക്കുന്നതിന് ഇത് സഹായിക്കുമെന്നും ധനമന്ത്രാലയം വിലയിരുത്തുന്നു
സര്‍ക്കാരിന്റെ ഏറ്റവും പുതിയ കണക്ക് പ്രകാരം 2017 ഡിസംബര്‍ വരെയുള്ള കാലയളവില്‍ 32 ലക്ഷം ജന്‍-ധന്‍ എക്കൗണ്ട് ഉടമകള്‍ക്ക് 354 കോടി രൂപ ഓവര്‍ഡ്രാഫ്റ്റായി ലഭിച്ചിരുന്നു. ജന്‍-ധന്‍ എക്കൗണ്ടുകള്‍ക്ക് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ ഓവര്‍ഡ്രാഫ്റ്റ് സൗകര്യം ഉപയോഗിക്കുമെന്നാണ് ധനമന്ത്രാലയം പ്രതീക്ഷിക്കുന്നത്.
എന്നാല്‍, ഇത്തരം ചെറിയ വായ്പകള്‍ നിഷ്‌ക്രിയാസ്തിയായി മാറാനുള്ള സാധ്യതയുണ്ടെന്നാണ് ബാങ്കിംഗ് മേഖലയില്‍ നിന്നുള്ളവരുടെ അഭിപ്രായം. പൊതുതെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാല്‍ ചിലര്‍ ഇതിനെ ഫ്രീബീയായി കരുതുമെന്നും ഇത് വായ്പയെടുക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കുമെന്നും അവര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍, എട്ട് കോടി എക്കൗണ്ടുകള്‍ ഡിബിടി (ഡയറക്റ്റ് ബെനഫിറ്റ് ട്രാന്‍സ്ഫര്‍) സ്‌കീമുമായി ബന്ധിപ്പിച്ചവയാണെന്നും അതുകൊണ്ട് ചെറിയ മൂല്യത്തിലുള്ള ഓവര്‍ഡ്രാഫ്റ്റുകള്‍ കിട്ടാക്കടമാകാനുള്ള സാധ്യത കുറവാണെന്നുമാണ് ധനമന്ത്രാലയം പറയുന്നത്.
സീറോ ബാലന്‍സ് ആണെങ്കിലും എക്കൗണ്ടില്‍ നിന്ന് പിഴ കൂടാതെ അവശ്യസമയത്ത് ഒരു നിശ്ചിത പരിധിക്കുള്ളിലെ തുക പിന്‍വലിക്കാനാകുന്ന സൗകര്യമാണ് ഓവര്‍ഡ്രാഫ്റ്റ്. ജന്‍ധന്‍ എക്കൗണ്ടുകളുടെ ഓവര്‍ഡ്രാഫ്റ്റ് പരിധി 5,000 രൂപയില്‍ നിന്ന് 10,000 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്.

Comments

comments

Categories: Business & Economy
Tags: economy