ദുബായില്‍ ചൈനീസ് ഫിലിം വീക്ക്…

ദുബായില്‍ ചൈനീസ് ഫിലിം വീക്ക്…

ഒക്‌റ്റോബര്‍ ഒന്നിനാണ് ദുബായിലെ ആദ്യ ചൈനീസ് ഫിലിം വീക്ക് തുടങ്ങുക

ദുബായ്: ചൈനയിലെ ജനകീയ ബ്ലോക്ബസ്റ്ററുകള്‍ ദുബായില്‍ പ്രദര്‍ശിപ്പിച്ച് ചൈനീസ് ഫിലിം വീക്കിന് ഒക്‌റ്റോബര്‍ ഒന്നിന് തുടക്കമാകും. ഹല ചൈനയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചൈനയിലെ വമ്പന്‍ സെലിബ്രിറ്റി താരങ്ങളെയും സംവിധായകരെയും ദുബായിലെത്തിക്കാനും പരിപാടിയുണ്ട്.

ദുബായിലെ സിറ്റി വാക്കിലുള്ള റോക്‌സി സിനിമാസിലായിരിക്കും ചൈനീസ് ഫിലിം വീക്കുമായി ബന്ധപ്പെട്ട പരിപാടി നടക്കുക. ഡ്രാഗണ്‍ ബ്ലേഡ്, പൊ ഫെംഗ്, ട്വന്റീസ് വണ്‍സ് എഗെയ്ന്‍, ദി നൈറ്റിന്‍ഗേല്‍, അമേരിക്കന്‍ ഡ്രീംസ് ഇന്‍ ചൈന, വോള്‍ഫ് ടോടെം, മങ്കി കിംഗ്: ഹീറോ ഈസ് ബാക്ക്, ബിഗ് ഫിഷ് ആന്‍ഡ് ബെഗോണിയ തുടങ്ങിയ നിരവധി ചിത്രങ്ങള്‍ ഫിലിം വീക്കിന്റെ ഭാഗമായി പ്രദര്‍ശിപ്പിക്കും.

ദുബായിലെ ചൈനീസ് കോണ്‍സലേറ്റ് ജനറലിന്റെയും ചൈന ഫിലിം അഡ്മിനിസ്‌ട്രേഷന്റെയും പിന്തുണയോടെയാണ് ഫിലിം വീക്ക് നടക്കുക. ഗോള്‍ഡന്‍ വീക്ക് ആഘോഷങ്ങളുടെ ഭാഗമായി നഗരത്തിലേക്ക് വരുന്ന ചൈനീസ് ടൂറിസ്റ്റുകളെ കൂടി ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. മാത്രമല്ല ഏകദേശം 270,000 ചൈനീസ് പ്രവാസികളാണ് യുഎഇയില്‍ താമസിക്കുന്നത്. ഇവരില്‍ നല്ലൊരു ശതമാനവും ഫിലിം വീക്കിനായി എത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

2018ലെ ആദ്യപാദത്തില്‍ മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ യുഎസിന് വലിയ വെല്ലുവിളി ഉയര്‍ത്താന്‍ ചൈനീസ് സിനിമാ വിപണിക്ക് സാധിച്ചിരുന്നു. ടൂറിസം, വ്യാപാരം, നിക്ഷേപം തുടങ്ങിയ മേഖലകളിലെ സഹകരണത്തിലൂടെ സാമ്പത്തിക വികസനം സാധ്യമാക്കുന്നതിനായി രൂപം കൊണ്ട സംരംഭമാണ് ഹല ചൈന. മെരാസും ദുബായ് ഹോള്‍ഡിംഗുമാണ് ഇതിന് മുന്‍കൈയെടുത്തത്. ഫുഡ് ഫെസ്റ്റിവലുകള്‍, ഫാഷന്‍ ഷോകള്‍, സാംസ്‌കാരിക ഉല്‍സവങ്ങള്‍ തുടങ്ങി നിരവധി പരിപാടികള്‍ ഇവര്‍ പദ്ധതിയിട്ടിട്ടുണ്ട്.

ഹല ചൈന സംരംഭത്തിന്റെ ഭാഗമായി നടക്കുന്ന ആദ്യ പരിപാടികളിലൊന്നാണ് ചൈനീസ് ഫിലിം വീക്ക്. ചൈനീസ് സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ ഈ പരിപാടിക്ക് സാധിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ-ഹല ചൈന ചെയര്‍മാന്‍ ഷേഖ് മജീദ് അല്‍ മുവല്ല പറഞ്ഞു.

ദുബായ് നഗരത്തിന്റെ അടിസ്ഥാനസൗകര്യങ്ങളുടെ നിലവാരം ചൈനീസ് സിനിമാ വ്യവസായവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുക്കാനും അവരെ ആകര്‍ഷിക്കാനുമുള്ള അവസരം കൂടിയാണ് ഇതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Arabia