ഡീസല്‍ വിലക്കയറ്റത്തില്‍ ആശങ്കയറിയിച്ച് ടെലികോം മേഖല

ഡീസല്‍ വിലക്കയറ്റത്തില്‍ ആശങ്കയറിയിച്ച് ടെലികോം മേഖല

എബിറ്റ്ഡ വരുമാനം പാദാടിസ്ഥാനത്തില്‍ 60 ബേസിസ് പോയന്റ് ഇടിഞ്ഞു; മേഖല പ്രതിവര്‍ഷം ഉപയോഗിക്കുന്നത് 200 കോടി ലിറ്റര്‍ ഇന്ധനം

 

കൊല്‍ക്കത്ത: രാജ്യത്ത് കുതിച്ചുയരുന്ന ഇന്ധന വില നിലവില്‍ സാമ്പത്തിക സമ്മര്‍ദ്ദം നേരിടുന്ന ടെലികോം മേഖലയില്‍ കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്നെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരു മാസമായി പ്രതിദിനം വര്‍ധിച്ചു കൊണ്ടിരിക്കുന്ന ഡീസല്‍ വില മൂലം രാജ്യത്തെ മുന്‍നിര ടെലികോം കമ്പനികളുടെ സെപ്റ്റംബര്‍ പാദത്തിലെ പ്രവര്‍ത്തന മാര്‍ജിനില്‍ 50 മുതല്‍ 60 അടിസ്ഥാന പോയന്റുകളുടെ ഇടിവുണ്ടായെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വോഡഫോണ്‍ ഐഡിയ (വിഐഎല്‍), ഭാരതി എയര്‍ടെല്‍, റിലയന്‍സ് തുടങ്ങിയ മുന്‍നിര കമ്പനികള്‍ക്കെല്ലാം തിരിച്ചടി നേരിട്ടു.

”ഒരു മൊബീല്‍ സേവന ദാതാവിന്റെ വരുമാനത്തിന്റെ ഏകദേശം എഴ്-എട്ട് ശതമാനമാണ് ഡീസല്‍ ചെലവ്. നിര്‍ണായകമായ ഇന്ധനത്തിന്റെ തുടര്‍ച്ചയായ വില വര്‍ധനവ് ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ ടെലികോമുകളുടെ എബിറ്റ്ഡയില്‍ (പലിശ, നികുതികള്‍, ചെലവ് എന്നിവ ഉള്‍പ്പെടുത്താതെയുള്ള വരുമാനം) പാദാടിസ്ഥാനത്തില്‍ 60 അടിസ്ഥാന പോയ്ന്റുകളുടെ ഇടിവ് വരുത്തി”, അനാലിസിസ് മേസണ്‍ പാര്‍ട്ണറും, ഇന്ത്യ, മിഡില്‍ ഈസ്റ്റ് മേധാവിയുമായ റോഹന്‍ ധമിജ പറഞ്ഞു.

ഓഗസ്റ്റ് ഒന്ന് മുതല്‍ ഡീസല്‍ വില ഏഴ് ശതമാനത്തോളം വര്‍ധിച്ചു. രൂപയുടെ മൂല്യത്തകര്‍ച്ച, ആഗോള എണ്ണ വിലയുടെ വര്‍ധന, കനത്ത നികുതികള്‍ എന്നിവയാണ് വില വര്‍ധനവിന്റെ പ്രധാന കാരണങ്ങള്‍. ”ഡീസല്‍ വിലയുടെ വര്‍ധനവ് ടെലികോം മേഖലയില്‍ പ്രതികൂലമായ സാമ്പത്തികാവസ്ഥ സൃഷ്ടിക്കും. സെല്‍ ടവറുകളുടെ 99.99 ശതമാനം പ്രവര്‍ത്തന സമയം ഉറപ്പാക്കുന്നതിന് പവര്‍ ഉല്‍പ്പാദകര്‍ ഈ ഇന്ധനത്തെയാണ് ആശ്രയിക്കുന്നത്”, സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ (സിഒഎഐ) ഡയറക്റ്റര്‍ ജനറല്‍ രാജന്‍ മാത്യൂസ് പറയുന്നു.

റെയ്ല്‍വേ കഴിഞ്ഞാല്‍ ഡീസല്‍ ഗണ്യമായി വാങ്ങുന്നത് ടെലികോം വ്യവസായമാണ്. ഏകദേശം 200 കോടി ലിറ്റര്‍ ഇന്ധനത്തിനായി 9,000 കോടി രൂപയുടെ വാര്‍ഷിക ചെലവിടല്‍ ടെലികോം മേഖല നടത്തുന്നുണ്ടെന്നാണ് കണക്ക്. ഡീസല്‍ വില വര്‍ധനവ് തുടരുന്നത് യഥാര്‍ത്ഥ പ്രവര്‍ത്തന വരുമാനത്തില്‍ പാദാടിസ്ഥാനത്തില്‍ രണ്ട് ശതമാനം ഇടിവുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഡീസല്‍ വില വര്‍ധനവ് തുടരുകയാണെങ്കില്‍ ടവര്‍ കമ്പനികള്‍ കമ്മ്യൂണിക്കേഷന്‍സ് മന്ത്രാലയത്തിന്റെ പിന്തുണ തേടുമെന്ന് ടവര്‍ ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊവൈഡേഴ്‌സ് അസോസിയേഷന്‍ (ടിഎഐപിഎ) ഡയറക്റ്റര്‍ ജനറല്‍ ടിആര്‍ ദുവ വ്യക്തമാക്കി. നിലവില്‍ വിപണിയിലെ കടുത്ത മത്സരം മൂലം വന്‍ സാമ്പത്തിക സമ്മര്‍ദ്ദത്തെയാണ് ടെലികോം മേഖല നേരിടുന്നത്. എട്ട് ലക്ഷം കോടി രൂപയുടെ കടബാധ്യതയാണ് മേഖലയ്ക്ക് മൊത്തമായി ഉള്ളത്.

Comments

comments

Categories: FK News
Tags: telecom

Related Articles