കല്‍ക്കരി ഇറക്കുമതി ചെലവ് കുറഞ്ഞു

കല്‍ക്കരി ഇറക്കുമതി ചെലവ് കുറഞ്ഞു

നാല് വര്‍ഷത്തിനിടെ ഇന്ത്യ ലാഭിച്ചത് ഒരു ലക്ഷം കോടിയിലധികം രൂപ

ന്യൂഡെല്‍ഹി: കല്‍ക്കരി ഇറക്കുമതി ബില്ലില്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഇന്ത്യ ഒരു ലക്ഷം കോടി രൂപയിലധികം ലഭിച്ചതായി കേന്ദ്ര സര്‍ക്കാര്‍. ഊര്‍ജ മേഖലയിലേക്കുള്ള കല്‍ക്കരി ഇറക്കുമതി കുത്തനെ ഇടിഞ്ഞതായും കേന്ദ്ര കല്‍ക്കരി മന്ത്രാലയം വിലയിരുത്തുന്നു. ഇന്ത്യയുടെ കല്‍ക്കരി ആവശ്യകതയുടെ 76 ശതമാനത്തോളം പങ്കുവഹിക്കുന്നത് ഊര്‍ജ മേഖലയാണ്. ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിച്ചതും മെച്ചപ്പെട്ട ഗുണനിലവാര നിയന്ത്രണവുമാണ് ഊര്‍ജ മേഖലയില്‍ കല്‍ക്കരി ഇറക്കുമതി കുത്തനെ ഇടിയാനുള്ള കാരണമായി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.
2010-2011നും 2014-2015നും ഇടയില്‍ ഊര്‍ജ വിഭാഗത്തിലേക്കുള്ള കല്‍ക്കരി ഇറക്കുമതിയില്‍ 10 ശതമാനത്തിന്റെ വാര്‍ഷിക വര്‍ധനയാണുണ്ടായിരുന്നത്. എന്നാല്‍, 2014-2015ലെ 91.29 മില്യണ്‍ ടണ്ണില്‍ നിന്നും ഊര്‍ജ മേഖലയിലേക്കുള്ള കല്‍ക്കറി ഇറക്കുമതി 2017-2018ല്‍ 56.41 മില്യണ്‍ ടണ്ണായി ചുരുങ്ങിയിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇക്കാലയളവില്‍ കല്‍ക്കരി അധിഷ്ഠിത പവര്‍ സ്റ്റേഷനുകളില്‍ നിന്നുള്ള വൈദ്യുതി ഉല്‍പ്പാദനം ഏകദേശം അഞ്ച് ശതമാനം വര്‍ധിച്ചിട്ടുണ്ട്.
2009-2010നും 2014-2015നും ഇടയില്‍ കല്‍ക്കരി ഇറക്കുമതിയിലുണ്ടായ ശരാശരി വര്‍ധനയുടെ അടിസ്ഥാനത്തില്‍ 2017-2018ല്‍ 380 മില്യണ്‍ ടണ്ണിന്റെ ഇറക്കുമതി ആവശ്യകതയാണ് കേന്ദ്രം നേരത്തെ കണക്കാക്കിയിരുന്നത്. 2.52 ലക്ഷം കോടി രൂപയാണ് ഇതിനായി ചെലവ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, ഇക്കാലയളവില്‍ 208 മില്യണ്‍ ടണ്‍ കല്‍ക്കരിയാണ് രാജ്യം യഥാര്‍ത്ഥത്തില്‍ ഇറക്കുമതി ചെയ്തത്. 1.14 ലക്ഷം കോടി രൂപയാണ് ഇറക്കുമതിക്കായി ചെലവഴിച്ചത്.
രാജ്യത്തെ കല്‍ക്കരി ആവശ്യകതയില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യാതെ തന്നെ ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ പിന്‍ബലത്തില്‍ ഇറക്കുമതി കുറയ്ക്കാന്‍ ഇന്ത്യക്കായി. ഇത് രാജ്യത്തിന്റെ ഊര്‍ജ സുരക്ഷ വര്‍ധിപ്പിക്കുന്നതിനും സഹാകമായെന്ന് കല്‍ക്കരി മന്ത്രാലയം വിലയിരുത്തി. 2014-2015നും 2017-2018നും ഇടിയില്‍ 110 മില്യണ്‍ ടണ്‍ വര്‍ധനയാണ് ആഭ്യന്തര കല്‍ക്കരി ഉല്‍പ്പാദനത്തില്‍ ഉണ്ടായത്. ഇതിനുമുന്‍പുള്ള നാല് വര്‍ഷത്തിനിടെ 31 മില്യണ്‍ ടണ്‍ വര്‍ധന രേഖപ്പെടുത്തിയ സ്ഥാനത്താണിതെന്നും മന്ത്രാലയം വിശദീകരിച്ചു.

Comments

comments

Categories: FK News
Tags: Coal