അല്‍ഷിമേഴ്‌സിനെ ചെറുക്കാന്‍ കുങ്കുമപ്പൂവ്

അല്‍ഷിമേഴ്‌സിനെ ചെറുക്കാന്‍ കുങ്കുമപ്പൂവ്

കുങ്കുമപ്പൂവിന് ഡിമന്‍ഷ്യ, അല്‍ഷിമേഴ്‌സ് രോഗങ്ങളെ ഒരു പരിധിവരെ അകറ്റി നിര്‍ത്താന്‍ കഴിയുമെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ററാക്ടീവ് മെഡിസിന്‍ (ഐഐഐഎം) ജമ്മുവിലെ ഒരു സംഘം ഗവേഷകര്‍ കണ്ടെത്തി. അഞ്ചു വര്‍ഷം നീണ്ട പഠനത്തിലാണ് ഈ വെളിപ്പെടുത്തല്‍

 

സുഗന്ധവൃജ്ഞനങ്ങളില്‍ വില അല്‍പം കൂടുതലുളള ഒന്നാണ് കുങ്കുമപ്പൂവ്. ഭക്ഷ്യവസ്തുക്കളില്‍ നിറത്തിനും സ്വാദ് കൂട്ടുന്നതിനും മാത്രമല്ല, മെഡിക്കല്‍ രംഗത്ത് നിരവധി രോഗങ്ങള്‍ക്കും മറ്റും ചെറിയ തോതിലുള്ള ശമനം കണ്ടെത്താന്‍ ഇത് സഹായിക്കുമെന്ന് ഗവേഷക ലോകം വളരെ മുമ്പ് തന്നെ കണ്ടെത്തിയിട്ടുണ്ട്. കുങ്കുമപ്പൂവിന് ഡിമന്‍ഷ്യ, അല്‍ഷിമേഴ്‌സ് രോഗങ്ങളെ ഒരു പരിധിവരെ അകറ്റി നിര്‍ത്താന്‍ കഴിയുമെന്നാണ് ഗവേഷകര്‍ ഏറ്റവും പുതിയതായി കണ്ടെത്തിയിരിക്കുന്നത്. അഞ്ചു വര്‍ഷം നീണ്ട പഠനത്തിലാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ററാക്ടീവ് മെഡിസിന്‍ (ഐഐഐഎം) ജമ്മുവിലെ ഒരു സംഘം ഗവേഷകര്‍ ഈ വാര്‍ത്ത വെളിപ്പെടുത്തിയിരിക്കുന്നത്.

അല്‍ഷിമേഴ്‌സ് രോഗത്തിനുള്ള മരുന്നോ അവ വരാതിരിക്കാനോ ഉള്ള മാര്‍ഗമോ അല്ല കുങ്കുമപ്പൂവ്. മറിച്ച് അല്‍ഷിമേഴ്‌സ് രോഗം വരുന്നതിന് കാലതാമസം വരുത്താന്‍ കുങ്കുമപ്പൂവില്‍ അടങ്ങിയിരിക്കുന്ന രാസപദാര്‍ത്ഥത്തിനു കഴിയുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ഈ രാസപദാര്‍ത്ഥത്തിന് തലച്ചോറിലെ കോശങ്ങളെ ഒരു പരിധി വരെ സംരക്ഷിച്ചു നിര്‍ത്താന്‍ കഴിയുമെന്നും സൂചിപ്പിക്കുന്നുണ്ട്. ലോകത്താകമാനം ഡിമന്‍ഷ്യ, അല്‍ഷിമേഴ്‌സ് രോഗബാധിതര്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പുതിയ കണ്ടുപിടുത്തത്തിന് പ്രസക്തി ഏറിവരികയാണ്. കണ്ടെത്തലിന്റെ ഭാഗമായി പുതിയ കുങ്കുമപ്പൂവ് ക്യാപ്‌സൂള്‍ വിപണിയിലിറക്കാനാണ് നീക്കം. ഒരു ഡയറ്ററി സപ്ലിമെന്റ് എന്ന നിലയില്‍ ഒക്ടോബര്‍ -നവംബര്‍ മാസങ്ങളോടെ അമേരിക്കന്‍ വിപണിയില്‍ ഇറക്കുന്ന ഈ മരുന്ന് 40 വയസ് കഴിഞ്ഞവര്‍ ദിവസവും രണ്ടു തവണ വീതം കഴിക്കാനാകും നിര്‍ദേശിക്കുക. അടുത്ത ആറുമാസത്തിനുള്ളില്‍ ഈ ക്യാപ്‌സൂള്‍ ഇന്ത്യന്‍ വിപണിയിലെത്തുമെന്നും ഐഐഎം ജമ്മു ഡയറക്ടര്‍ വ്യക്തമാക്കി. പ്രായാധിക്യം മൂലമുണ്ടാകുന്ന നിരവധി ന്യുറോ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ഈ ക്യാപ്‌സൂള്‍ ഗുണകരമാകുമെന്നും ആരോഗ്യവിദഗ്ധര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

2017 ലെ ഇന്ത്യ ഏജിംഗ് റിപ്പോര്‍ട്ട് പ്രകാരം, ഇന്ത്യയിലെ വയോജനങ്ങളുടെ എണ്ണം ഓരോ വര്‍ഷവും മൂന്നു ശതമാനം വീതം വര്‍ധിക്കുന്നതായി കാണാം. 2050 ഓടുകൂടി ഇന്ത്യയിലെ വയോജനങ്ങളുടെ തോത് 300 മില്യണില്‍ എത്തും. അതായത് രാജ്യത്തെ ആകെ ജനസംഖ്യയുടെ 20 ശതമാനവും ഈ വിഭാഗത്തിലുള്ളവരാകുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2050 ഓടെ പ്രായമായവരുടെ നിരയില്‍ 4.6 മില്യണ്‍ ആളുകള്‍ക്ക് അല്‍ഷിമേഴ്‌സ് രോഗബാധ ഉണ്ടാകാമെന്നും ഇത് 2015 ലേതിനേക്കാള്‍ 1.6 മില്യണ്‍ വര്‍ധനവാണ് കാണിക്കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ഡയറ്ററി സപ്ലിമെന്റായി അംഗീകരിച്ച രാസപദാര്‍ത്ഥം ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്കു ശേഷം മരുന്ന് നിര്‍മാണത്തിലേക്ക് ഉള്‍പ്പെടുത്താനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. അര്‍ബുദം ബാധിച്ചവര്‍ കുങ്കുമപ്പൂവ് കഴിക്കുന്നത് പ്രയോജനകരമാകുമെന്ന് ഗവേഷകലോകം മുന്‍പ് കണ്ടെത്തിയിട്ടുണ്ട്.

Comments

comments

Categories: FK News, Slider