വിഭ പാടല്‍ക്കര്‍ എച്ച്ഡിഎഫ്‌സി ലൈഫിന്റെ പുതിയ എംഡി ആയേക്കും

വിഭ പാടല്‍ക്കര്‍ എച്ച്ഡിഎഫ്‌സി ലൈഫിന്റെ പുതിയ എംഡി ആയേക്കും

നിയമനം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ എച്ച്ഡിഎഫ്‌സി ലൈഫിന്റെ ഉന്നതതല സമിതി നാളെ യോഗം ചേരും

മുംബൈ: എച്ച്ഡിഎഫ്‌സി സ്റ്റാന്‍ഡേര്‍ഡ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയുടെ മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുമായി വിഭ പാടല്‍ക്കറിനെ നിയമിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ എച്ച്ഡിഎഫ്‌സി ലൈഫിന്റെ എക്‌സിക്യൂട്ടിവ് ഡയറക്റ്ററും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുമാണ് വിഭ.

അമിതാഭ് ചൗധരി കമ്പനി വിടുന്ന സാഹചര്യത്തിലാണ് ഈ ഒഴിവിലേക്ക് വിഭയുടെ പേര് ഉയര്‍ന്നുവന്നിരുന്നത്. ആക്‌സിസ് ബാങ്കിന്റെ പുതിയ എംഡിയായാണ് അമിതാഭ് ചൗധരി ചുമതലയേല്‍ക്കുന്നത്. ആക്‌സിസ് ബാങ്കിന്റെ നിലവിലെ മേധാവി ശിഖ ശര്‍മ ഡിസംബര്‍ 31ന് സ്ഥാനമൊഴിയും. ജനുവരി ഒന്നിന് ചൗധരി ചുമതലയേല്‍ക്കും. ഇതോടെ വിഭ പാല്‍ക്കര്‍ എച്ച്ഡിഎഫ്‌സി ലൈഫിന്റെ എംഡിയായി ചുമതലയേല്‍ക്കുമെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ചൗധരിയുടെ ഒഴിവിലേക്ക് പുതിയ നിയമനം നടത്തുന്നത് ചര്‍ച്ച ചെയ്യാന്‍ എച്ച്ഡിഎഫ്‌സി ലൈഫിന്റെ ഉന്നതതല സമിതി നാളെ യോഗം ചേരും. 2008 ഓഗസ്റ്റ് മുതല്‍ എച്ച്ഡിഎഫ്‌സി ലൈഫിന്റെ ഭാഗമാണ് വിഭ പാടല്‍ക്കര്‍. ഫിനാന്‍സ്, ലീഗല്‍, സെക്രട്ടേറിയല്‍ ആന്‍ഡ് കംപ്ലെയന്‍സ്, ഇന്റേണല്‍ ഓഡിറ്റ്, റിസ്‌ക്, ഇന്‍വെസ്റ്റര്‍ റിലേഷന്‍സ് എന്നീ വിഭാഗങ്ങളിലെ ചുമതലകളാണ് വിഭ നിലവില്‍ വഹിക്കുന്നത്. എച്ച്ഡിഎഫ്‌സി ലൈഫില്‍ എത്തുന്നതിനു മുമ്പ് ഡബ്ല്യുഎന്‍എസ് ഗ്ലോബല്‍ സര്‍വീസസ്, കോള്‍ഗേറ്റ് പാമോലീവ്, പ്രൈസ് വാാട്ടര്‍ഹൗസ്-കൂപ്പേഴ്‌സ് എന്നീ കമ്പനികളിലും വിഭ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഐസിഎഇഡബ്ല്യു (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് എക്കൗണ്ടന്റ്‌സ് ഇന്‍ ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ്), ഐസിഎഐ (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് എക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ) എന്നിവയിലെ അംഗമാണ് വിഭ. മാക്‌സ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയുമായുള്ള ലയനത്തിലും കമ്പനിയുടെ ലിസ്റ്റിംഗിലും വിഭ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. ര
രാജ്യത്തെ ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള ഇന്‍ഷുറന്‍സ് കമ്പനിയാണ് എച്ച്ഡിഎഫ്‌സി ലൈഫ്. 90,704.54 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം. കമ്പനിയുടെ ദീര്‍ഘനാളത്തെ പ്രവര്‍ത്തനത്തിലും ഒരു ദശാബ്ദത്തിനിടയിലെ കമ്പനിയുടെ വിജയത്തിലും വിഭ ഒപ്പമുണ്ടായിരുന്നു.

Comments

comments

Categories: Banking