രാജ്യത്ത് ടിവി ഉല്‍പ്പാദനം വര്‍ധിക്കുന്നു

രാജ്യത്ത് ടിവി ഉല്‍പ്പാദനം വര്‍ധിക്കുന്നു

നികുതി ഘടനയില്‍ സര്‍ക്കാര്‍ കൊണ്ടു വന്ന മാറ്റങ്ങള്‍ ആഭ്യന്തര ഉല്‍പ്പാദനത്തെ സജീവമാക്കുന്നു; ദീപാവലിയോടെ ടെലിവിഷന്‍ ഇറക്കുമതി പാതിയാകും

 

കൊല്‍ക്കത്ത: മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് കീഴില്‍ രാജ്യത്തെ ടെലിവിഷന്‍ നിര്‍മ്മാണം ഉഷാറാകുന്നെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളില്‍ ഷഓമി, ടിസിഎല്‍, സ്‌കൈവര്‍ത്ത്, ബിപിഎല്‍, തോംസണ്‍ തുടങ്ങിയ ബ്രാന്‍ഡുകള്‍ പ്രാദേശികമായുള്ള ഉല്‍പ്പാദനം വര്‍ധിപ്പിച്ചു. ഇതു വരെ രാജ്യത്ത് വില്‍ക്കാന്‍ ടെലിവിഷനുകള്‍ വിദേശത്തെ ഉല്‍പ്പാദ കേന്ദ്രങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്തുകൊണ്ടിരുന്ന ബ്രാന്‍ഡുകളാണ് ഇലക്ട്രോണിക് ഘടകങ്ങളുടെ ആഭ്യന്തര ഉല്‍പ്പാദനം സജീവമാക്കിയത്. ഇറക്കുമതി ചെയ്ത മൊഡ്യൂളുകള്‍ കൂട്ടിച്ചേര്‍ത്ത് വില്‍ക്കുന്നതില്‍ താല്‍പര്യപ്പെട്ടിരുന്ന സോണി, എല്‍ജി തുടങ്ങിയ മുന്‍നിര ബ്രാന്‍ഡുകള്‍ പോലും ഇപ്പോള്‍ ഇന്ത്യയില്‍ ടെലിവിഷന്‍ ഘടകങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള വഴി തേടുകയാണെന്ന് മേഖലയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.

പ്രാദേശിക ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിന് ഈ വര്‍ഷം ആദ്യം നികുതി ഘടനയില്‍ സര്‍ക്കാര്‍ മാറ്റങ്ങള്‍ വരുത്തിയതിന്റെ പശ്ചാത്തലത്തിലാണ് വലിയ പരിവര്‍ത്തനം ഉണ്ടായിരിക്കുന്നത്. അഞ്ച് മുതല്‍ ഏഴ് ശതമാനം വരെ ലാഭം പ്രാദേശിക ഉല്‍പ്പാദനം നടത്തുന്ന കമ്പനികള്‍ക്ക് ലഭിക്കുന്ന തരത്തിലുള്ള നയം മാറ്റമാണ് കൊണ്ടുവന്നിരിക്കുന്നത്. ടെലിവിഷന്റെ ഇറക്കുമതി നികുതി 10 ശതമാനത്തില്‍ നിന്ന് 20 ശതമാനമാക്കി കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു. റെഡി-ടു-യൂസ് എല്‍ഇഡി പാനലുകള്‍ക്ക് 15 ശതമാനം ഇറക്കുമതി തീരുവയും, ഓപ്പണ്‍ സെല്‍ ടിവി പാനലുകള്‍ക്ക് ആദ്യം 10 ശതമാനം നികുതിയുമാണ് ചുമത്തിയതെങ്കിലും പിന്നീടിത് അഞ്ച് ശതമാനമാക്കി കുറച്ചു. വില കൂടിയ പ്രീമിയം ഒഎല്‍ഇഡി, 4കെ മോഡലുകളും ഇന്ത്യയില്‍ തന്നെ ഉല്‍പ്പാദിപ്പിക്കാനാരംഭിച്ചിട്ടുണ്ട്.

എല്‍ജി അതിന്റെ പൂനെ ഫാക്റ്ററിയാണ് ആഭ്യന്തര ഉല്‍പ്പാദനത്തെ സഹായിക്കാനായി വിപുലീകരിക്കുന്നത്. ഘടകഭാഗങ്ങളുടെ നിര്‍മ്മാണത്തിന് ഒരു വ്യാവസായിക പാര്‍ക്ക് ആരംഭിക്കുന്ന കാര്യം ടിസിഎല്‍ ആസൂത്രണം ചെയ്യുന്നുണ്ട്. 32, 40 ഇഞ്ച് ടിവികളുടെ നിര്‍മാണമാണ് ആരംഭിച്ചിരിക്കുന്നതെന്ന് ബിപിഎല്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ മന്‍മോഹന്‍ ഗണേഷ് പറഞ്ഞു. പ്രതിവര്‍ഷം ഇന്ത്യയില്‍ വില്‍ക്കുന്ന 14 ദശലക്ഷം ടിവി സെറ്റുകളില്‍ ഏകദേശം 35 ശതമാനം ഇറക്കുമതി ചെയ്യുന്നവയാണെന്ന് വ്യാവസായിക കണക്കുകള്‍ വ്യക്തമാക്കുന്നു. മേക്ക് ഇന്ത്യ മോഡലുകള്‍ വിപണി കീഴടക്കുന്നതോടെ ഈ ദീപാവലിയോട് കൂടി ഇറക്കുമതി ചെയ്യുന്നവയുടെ വില്‍പ്പന പകുതിയായി കുറയുമെന്നാണ് കണക്കാക്കുന്നത്. നിലവില്‍ സോണി ഒഴിച്ച് എല്ലാ ഓണ്‍ലൈന്‍ എക്‌സ്‌ക്ലുസീവ് ബ്രാന്‍ഡുകളും വന്‍തോതില്‍ ഇറക്കുമതി ചെയ്ത ടിവി സെറ്റുകളാണ് ഉപയോഗിക്കുന്നത്.

ആഗോളതലത്തിലെ മൂന്നാമത്തെ വലിയ ടിവി നിര്‍മാതാക്കളായ ചൈനീസ് കമ്പനി ടിസിഎല്‍ കോര്‍പ് ഇന്ത്യയില്‍ ഉല്‍പ്പാദനം ആരംഭിച്ചിട്ടുണ്ട്. കരാര്‍ നിര്‍മ്മാതാക്കള്‍ വഴിയാണ് ഉല്‍പ്പാദനം. തങ്ങളുടെ സ്വന്തം നിര്‍മാണ പ്ലാന്റ്, ഓപ്പണ്‍ സെല്‍ പാനല്‍ ഫാക്റ്ററി, ആര്‍ ആന്‍ഡ് ഡി തുടങ്ങിയവ രാജ്യത്ത് ആരംഭിക്കാന്‍ പദ്ധതിയുണ്ടെന്ന് ടിസിഎല്‍ ഇന്ത്യയുടെ തലവന്‍ മൈക് ചെന്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം ഇന്ത്യയിലെ ടെലിവിഷന്‍ നിര്‍മാണം അവസാനിപ്പിക്കുന്നതായി കൊറിയന്‍ ഇലക്ട്രോണിക്‌സ് ഭീമന്‍ സാംസംഗ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ചെന്നൈയിലുള്ള പ്ലാന്റില്‍ വര്‍ഷം മൂന്നു ലക്ഷം ടെലിവിഷനായിരുന്നു കമ്പനി നിര്‍മ്മിച്ചുകൊണ്ടിരുന്നത്. ഇനി വിയറ്റ്‌നാമില്‍ നിന്ന് ടെലവിഷനുകള്‍ ഇറക്കുമതി ചെയ്യാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.

Comments

comments

Categories: Business & Economy