ഗുണനിലവാരത്തിലെ വീഴ്ച; ടെലികേം കമ്പനികള്‍ക്ക് ട്രായ് പിഴ ചുമത്തി

ഗുണനിലവാരത്തിലെ വീഴ്ച; ടെലികേം കമ്പനികള്‍ക്ക് ട്രായ് പിഴ ചുമത്തി

ന്യൂഡെല്‍ഹി: ടെലികോം ഭീമന്മാരായ റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, ലയിച്ച് ഒരു കമ്പനിയായി മാറിയ വൊഡാഫോണ്‍, ഐഡിയ എന്നീ കമ്പനികള്‍ക്ക് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്) പിഴ ചുമത്തി. മാര്‍ച്ച് പാദത്തില്‍ സേവന നിലവാരത്തില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് പിഴ ഈടാക്കിയിരിക്കുന്നത്.
ഏകദേശം 34 ലക്ഷം രൂപയാണ് മാര്‍ച്ച് പാദത്തില്‍ റിലയന്‍സ് ജിയോയ്ക്ക് പിഴയായി ചുമത്തിയിരിക്കുന്നത്. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ജിയോ നിരവധി സേവന വിഭാഗങ്ങളിലാണ് വീഴ്ച വരുത്തിയത്. പോയിന്റ് ഓഫ് ഇന്റര്‍ കണക്ഷനിലെ അപര്യാപ്തത, കോള്‍ സെന്ററുകളിലോക്കോ കസ്റ്റമര്‍ കെയ്‌റിലേക്കോ വിളിച്ചാല്‍ ലഭ്യമാകാതിരിക്കുക, ഉപയോക്താക്കളുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കാത്തത് എന്നിവ പരിശോധിച്ചാണ് ട്രായി പിഴ ചുമത്തിയിരിക്കുന്നത്.
വൊഡാഫോണും ഐഡിയയും ലയിക്കുന്നതിന് മുമ്പ് രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായിരുന്ന ഭാരതി എയര്‍ടെല്ലിന് ഏകദേശം 11 ലക്ഷം രൂപയാണ് ട്രായ് പിഴ ചുമത്തിയത്. ബില്ലിംഗ്( പോസ്റ്റ്‌പെയ്ഡ്), കോള്‍ സെന്റര്‍-കസ്റ്റമര്‍കെയര്‍ ലഭ്യത, ഉപയോക്താക്കളുടെ സംശയങ്ങള്‍ക്ക് മറുടി നല്‍കിയതിന്റെ കണക്കുകള്‍ എന്നിവ നിരീക്ഷിച്ചാണ് പിഴ ചുമത്തിയിരിക്കുന്നത്. മാര്‍ച്ച് പാദത്തില്‍ 12.5 ലക്ഷം രൂപയാണ് ഐഡിയ സെല്ലുലാറിന് പിഴ ചുമത്തിയിരിക്കുന്നത്. നാല് ലക്ഷം രൂപയാണ് വോഡഫോണിന് ചുമത്തിയ പിഴ.
സേവന ഗുണനിലവാരം നിലനിര്‍ത്താത്ത ടെലികോം കമ്പനികള്‍ക്ക് പിഴ ചുമത്തിയിട്ടുണ്ടെന്ന് ട്രായ് ചെയര്‍മാന്‍ ആര്‍ എസ് ശര്‍മ നേരത്തേ പറഞ്ഞിരുന്നു. എന്നാല്‍ കമ്പനികളുടെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിരുന്നില്ല. ട്രായിയുടെ പുതിയ സേവന ഗുണനിലവാര സൂചികകള്‍ അനുസരിച്ച് കോള്‍ ഡ്രോപ്പ് കണക്കാക്കുന്നത് ടെലികോം സര്‍ക്കിള്‍ ലെവലിനു പകരം മൊബീല്‍ ടവര്‍ ലെവല്‍ വെച്ചായിരിക്കും.

Comments

comments

Categories: Tech
Tags: TRAI