56,000 കോടിയുടെ റീട്ടെയ്ല്‍ മുന്നേറ്റം ലക്ഷ്യമിട്ട് യെസ് ബാങ്ക്

56,000 കോടിയുടെ റീട്ടെയ്ല്‍ മുന്നേറ്റം ലക്ഷ്യമിട്ട് യെസ് ബാങ്ക്

ന്യൂഡെല്‍ഹി: റീട്ടെയ്ല്‍ വിഭാഗത്തില്‍ സാന്നിധ്യം ശക്തമാക്കാന്‍ ആക്രമണോത്സുക നീക്കവുമായി യെസ് ബാങ്ക്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ തങ്ങളുടെ റീട്ടെയ്ല്‍ ലോണ്‍ ബുക്ക് 75 ശതമാനം വളര്‍ച്ചയുമായി 56,000 കോടി രൂപയിലെത്തിക്കാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്. ”കഴിഞ്ഞ മൂന്ന്, നാല് വര്‍ഷങ്ങളായി റീട്ടെയ്ല്‍ വിഭാഗത്തിലാണ് ഞങ്ങള്‍ പൂര്‍ണമായും ശ്രദ്ധ ചെലുത്തുന്നത്. റീട്ടെയ്‌ലില്‍ വന്‍ അവസരങ്ങളാണ് ഞങ്ങള്‍ കാണുന്നത്. നിലവില്‍ 32,000 കോടി രൂപയ്ക്കടുത്താണ് ഞങ്ങളുടെ റീട്ടെയ്ല്‍ ആസ്തി ബുക്ക്. 2019-20 ഓടെ 55,000-56,000 കോടി രൂപയിലേക്ക് ഇത് ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്”, യെസ് ബാങ്ക് ഗ്രൂപ്പ് പ്രസിഡന്റും, ഗ്രൂപ്പ് മേധാവിയുമായ (ബ്രാഞ്ച് ആന്‍ഡ് റീട്ടെയ്ല്‍ ബാങ്കിംഗ്) രാജന്‍ പെന്റല്‍ പറഞ്ഞു.

ഭൂമിശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ ബ്രാഞ്ചുകളെ വേര്‍തിരിക്കുകയും ഉപഭോക്താക്കളുടെ ആവശ്യത്തിന് അനുസരിച്ച് നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍ വാഗ്ദാനം ചെയ്യുകയുമെന്ന വ്യത്യസ്തമായ സമീപനമാണ് ബാങ്കിനുള്ളത്. വ്യത്യസ്ത വിപണികള്‍ക്ക് വേണ്ടി വ്യത്യസ്ത ഉല്‍പ്പന്നങ്ങള്‍ ബാങ്കിനുണ്ട്. ചെറിയ വായ്പകള്‍, കാര്‍ഷിക വായ്പകള്‍ തുടങ്ങിയ ചില ഉല്‍പ്പന്നങ്ങള്‍ ഗ്രാമീണ മേഖലയെ മാത്രം ലക്ഷ്യമിട്ടുള്ളതാണ്. അതേസമയം നഗര,അര്‍ധ നഗര വിപണികളില്‍ എല്ലാ തലത്തിലുമുള്ള ഉല്‍പ്പന്നങ്ങളുണ്ട്. ബാങ്കിന്റെ ബ്രാഞ്ചുകള്‍ക്ക് രാജ്യത്തുടനീളം സാന്നിധ്യമുണ്ട്.

2018 ജൂണ്‍ വരെയുള്ള കണക്ക്പ്രകാരം ബാങ്കിന് രാജ്യത്ത് 1,100 ബ്രാഞ്ചുകളാണുള്ളത്. ഇതില്‍ 400 എണ്ണം ഗ്രാമീണ, അര്‍ധനഗര മേഖലകളിലാണ്. ബാങ്കിന് മികച്ച സാധ്യത നല്‍കുന്ന പുതിയ വിഭാഗമാണ് വാഹന വായ്പ. ഭവന വായ്പയിലും മികച്ച അവസരമാണ് ബാങ്ക് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

Comments

comments

Categories: Business & Economy
Tags: Retail shop