പെട്രോളിനെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണം

പെട്രോളിനെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണം

പെട്രോള്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ച് പ്രളയക്കെടുതി നേരിടുന്ന കേരളത്തിലും ഹര്‍ത്താല്‍ ‘ആഘോഷിച്ചു’. ഈ ദുരിത സാഹചര്യത്തില്‍ കേരളത്തെ സ്തംഭനാവസ്ഥയില്‍ നിന്നു ഒഴിച്ചുനിര്‍ത്തുകയെന്ന ഉത്തരവാദിത്തമായിരുന്നു അവര്‍ കാണിക്കേണ്ടിയിരുന്നത്. അതിനുള്ളില്‍ നിന്നുകൊണ്ടാകണമായിരുന്നു ഇന്ധന വിലവര്‍ധനയ്‌ക്കെതിരെയുള്ള പ്രതിഷേധം

മുംബൈയില്‍ ഇന്നലെ പെട്രോള്‍ വില കുതിച്ച് ലിറ്റിന് 89.97 രൂപയിലെത്തി. ജനജീവിതം അസഹ്യമാക്കുന്ന രീതിയില്‍ ഇന്ധനവിലയില്‍ വര്‍ധനവുണ്ടായിക്കൊണ്ടിരിക്കുകയാണ്. ഇതിനെ നിയന്ത്രിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാരിന് സാധിച്ചില്ലെങ്കില്‍ ആസന്നമായ പൊതുതെരഞ്ഞെടുപ്പില്‍ അത് നിഴലിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ഇന്ധനവില വര്‍ധനവിനെതിരെ എന്ന് പറഞ്ഞ് ജനജീവിതം വീണ്ടും അസഹ്യമാക്കുന്ന രീതിയിലാണ് ഇന്നലെ ഭാരത ബന്ധ് അരങ്ങേറിയത്.

ബിഹാറില്‍ രണ്ട് വയസായ കുട്ടി ആശുപത്രിയിലെത്താതെ മരിച്ചു. പ്രളയക്കെടുതിയില്‍ പെട്ട കേരളവും വല്ലാതെ വലഞ്ഞു ഇന്നലെ നടന്ന ഹര്‍ത്താലില്‍. ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിന് മേലുള്ള കടന്നുകയറ്റമാണ് ഹര്‍ത്താല്‍ പോലുള്ള സമരമാര്‍ഗ്ഗങ്ങള്‍. ഇതില്‍ നമ്മുടെ നേതാക്കള്‍ ഉത്തരവാദിത്തബോധമുള്ളവരല്ല എന്നത് തീര്‍ത്തും നിര്‍ഭാഗ്യകരമെന്നേ പറയേണ്ടൂ. ഹര്‍ത്താലിനെതിരെ കിടിലന്‍ പ്രസംഗങ്ങള്‍ നടത്തിയ നേതാക്കളും ഇപ്പോള്‍ ഹര്‍ത്താല്‍ നടത്താന്‍ ഉല്‍സാഹിക്കുന്നുവെന്നത് മറ്റൊരു വൈരുദ്ധ്യം. കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയെ പോലുള്ള ചില സംരംഭകര്‍ ഹര്‍ത്താലിനെതിരെ കാര്യമായ പ്രചരണങ്ങള്‍ നടത്തുന്നുണ്ടെങ്കിലും സമൂഹം ഹര്‍ത്താല്‍ വിരുദ്ധ മുന്നേറ്റങ്ങള്‍ ഏറ്റെടുക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തണം.

സാധാരണക്കാരന്റെ സൈ്വര ജീവിതത്തിന് മേലുള്ള കടന്നുകയറ്റവും മനുഷ്യാവകാശ ലംഘനവുമാണ് ഈ ഹര്‍ത്താലുകള്‍ എന്നത് ബോധ്യമായിട്ടും മനുഷ്യാവകാശത്തിന്റെയും ജനാധിപത്യത്തിന്റെയും സംരക്ഷകര്‍ എന്ന് മേനി നടിക്കുന്നവര്‍ക്കൊന്നും ഇതിനെതിരെ മിണ്ടാട്ടം പോലുമില്ല.

ജനാധിപത്യത്തിന് മേലും വ്യക്തിസ്വാതന്ത്ര്യത്തിനു മേലും പൗരന്റെ മൗലിക അവകാശങ്ങള്‍ക്കു മേലുമുള്ള കടന്നുകയറ്റമാണ് ഇത്തരം സമരങ്ങള്‍. എന്താണ് ഈ ഹര്‍ത്താലുകള്‍ കൊണ്ട് നേടുന്നത്. ഏത് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുന്ന ഹര്‍ത്താലായാലും ശരി, അതിന് പ്രായോഗികമായ ഒരു ഗുണവുമുണ്ടാകുന്നില്ല. ജനങ്ങളുടെ സാധാരണ ജീവിതത്തില്‍ താളപ്പിഴകളുണ്ടാകുക എന്നല്ലാതെ അതിനപ്പുറത്തേക്ക് ഒന്നും സംഭവിക്കുന്നില്ല.

പ്രതിപക്ഷത്തിരിക്കുമ്പോള്‍ ഇന്ധനവില വര്‍ധനയില്‍ രോഷം പൂണ്ട് പ്രസംഗങ്ങളും ട്വീറ്റുകളും നടത്തിയ ബിജെപി നേതാക്കള്‍ക്ക് അധികാരത്തിലിരിക്കുമ്പോള്‍ വില വര്‍ധന ആവര്‍ത്തിക്കുന്നതിന് ഉത്തരം നല്‍കേണ്ട ധാര്‍മിക ബാധ്യതയുണ്ട്. അല്ലെങ്കില്‍ അതും ഇരട്ടതാപ്പിന്റെ മറ്റൊരു മുഖമാണ്.

ക്രൂഡ് ഓയില്‍ വിലയിലുണ്ടായ വര്‍ധനയും ഡോളറിനെതിരെ രൂപയുടെ മൂല്യമിടിവുമാണ് പ്രധാനമായും എണ്ണ വിലയിലെ വര്‍ധനയ്ക്ക് കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇത് രണ്ടും സര്‍ക്കാരിന്റെ നിയന്ത്രണത്തിലുളള കാര്യങ്ങളല്ല എന്നുപറഞ്ഞ് ഒഴിഞ്ഞുമാറുന്ന നടപടികള്‍ അല്ല സ്വീകരിക്കേണ്ടത്. മറിച്ച് വില നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് കൃത്യമായ, ക്രിയാത്മക നടപടികള്‍ എടുക്കുകയാണ് വേണ്ടത്.

പെട്രോളിയം ഉല്‍പ്പന്നങ്ങളെ ചരക്കുസേവനനികുതി (ജിഎസ്ടി)ക്ക് കീഴില്‍ കൊണ്ടുവരാനുള്ള നടപടികള്‍ എത്രയും പെട്ടെന്ന് സ്വീകരിക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്യേണ്ടത്. ഈ വിഷയത്തോട് അനുഭാവപൂര്‍ണമായ നിലപാട് സ്വീകരിക്കുമെന്നാണ് പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് വ്യക്തമാക്കിയിരിക്കുന്നത്. ഇന്ധനവിലവര്‍ധനവിനെ ഒരു രാഷ്ട്രീയ വിഷയമായി ഉപയോഗപ്പെടുത്താതിരിക്കാനും അതുതന്നെയാണ് നല്ലത്.

Comments

comments

Categories: Editorial, Slider
Tags: petrol, Petrolium