യുവതലമുറയ്ക്കായ് ഓര്‍ഗാനിക് കൃഷിപാഠങ്ങള്‍

യുവതലമുറയ്ക്കായ് ഓര്‍ഗാനിക് കൃഷിപാഠങ്ങള്‍

കൃഷി, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ മികച്ച പാഠങ്ങള്‍ പകര്‍ന്നു നല്‍കി യുവതലമുറയില്‍ വൃത്യസ്തത സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടാണ് മിങ്ക് ഇന്ത്യയുടെ തുടക്കം. മിങ്ക് ഓര്‍ഗാനിക്‌സ് വിഭാഗത്തിലൂടെ വിവിധയിനം ഓര്‍ഗാനിക് പച്ചക്കറികള്‍ വിപണിയില്‍ എത്തിക്കുന്നതോടൊപ്പം മിങ്ക് അക്കാഡമിക്‌സിലൂടെ കുട്ടികളിലെ നൈസര്‍ഗിക ശേഷി വളര്‍ത്തുന്ന വിവിധ പരിശീലന കോഴ്‌സുകളും ഇവര്‍ നടത്തിവരുന്നു

 

അക്കാഡമിക്‌സ്, ഓര്‍ഗാനിക് ഫാമിംഗ് എന്നിവയ്ക്ക് പ്രാധാന്യം നല്‍കി തുടക്കമിട്ട സംരംഭമാണ് മിങ്ക് ഇന്ത്യ. പഞ്ചാബ് ആസ്ഥാനമായി കഴിഞ്ഞ വര്‍ഷം തുടക്കമിട്ട സ്ഥാപനം ഇന്ത്യയെ വികസനത്തിലേക്ക് നയിക്കുന്ന കൃഷി, വിദ്യാഭ്യാസം, മികച്ച തൊഴിലവസരം എന്നീ വിഷയങ്ങളിലാണ് പ്രധാനമായും ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത്. കഞ്ചാവിന്റെ അമിതമായ ഉപഭോഗമുള്ള പഞ്ചാബിലെ ഒരു വിഭാഗം ജനതയെ അതില്‍ നിന്നും പിന്തിരിപ്പിക്കാനുള്ള എളിയ പരിശ്രമം കൂടിയാണ് അനുരാഗ് കശ്യപ് നടത്തിവരുന്ന ഈ സംരംഭം.

കഴിഞ്ഞ വര്‍ഷം തുടക്കമിട്ട സംരംഭം പ്രധാനമായും മിങ്ക് ഓര്‍ഗാനിക്‌സ്, മിങ്ക് അക്കാഡമിക്‌സ് എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലായാണ് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയിരിക്കുന്നത്. ആരോഗ്യകരമായ ഓര്‍ഗാനിക് ഭക്ഷണം, മെച്ചപ്പെട്ട വിദ്യാഭ്യാസത്തിലൂടെ തൊഴിലവസരങ്ങള്‍ എന്നിവ സൃഷ്ടിക്കാന്‍ പരിശ്രമിക്കുന്ന മിങ്ക് ഇന്ത്യ ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ മേഖലയില്‍ ശ്രദ്ധേയമായി കഴിഞ്ഞിരിക്കുന്നു.

കൃഷി, വിദ്യാഭ്യാസ മേഖലയ്ക്ക് ഊന്നല്‍

രാജ്യത്തെ വികസനത്തിലേക്ക് നയിക്കുന്ന രണ്ട് പ്രധാനപ്പെട്ട വിഭാഗങ്ങളാണ് കൃഷിയും വിദ്യാഭ്യാസവും. ഈ മേഖലകളില്‍ മികച്ച സംഭാവന നല്‍കി വൃത്യസ്തത സൃഷ്ടിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് മിങ്ക് ഇന്ത്യയുടെ തുടക്കം. അനുരാഗ് അറോറയും ഭാര്യ ജയതി അറോറയും ചേര്‍ന്ന് നയിക്കുന്ന ഈ സ്റ്റാര്‍ട്ടപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ആറംഗ സംഘമാണ്. രാജ്യത്ത് ചെറുതാണെങ്കിലും ഒരു മാറ്റം സൃഷ്ടിക്കാന്‍ യുവതലമുറയ്ക്ക് കഴിയുമെന്ന് വിശ്വസിക്കുന്ന അനുരാഗ് ഡെല്‍ഹിയിലെ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലെ പൂര്‍വ വിദ്യാര്‍ത്ഥി കൂടിയാണ്. ട്രിഡന്റ് ഇന്ത്യയില്‍ ഹ്യൂമന്‍ റിസോഴ്‌സ് മേധാവിയായി ജോലി ചെയ്യവെയാണ് പുതിയ സ്റ്റാര്‍ട്ടപ്പിലേക്കുള്ള ആശയം ഈ യുവാവില്‍ ജനിച്ചത്. കഞ്ചാവിന് അടിമപ്പെട്ട പഞ്ചാബിലെ യുവതലമുറയെ വിദ്യാഭ്യാസത്തിലേക്കും കൃഷിയിലേക്കും ആകര്‍ഷിക്കാനും അവരുടെ ഭാവി ഭദ്രമാക്കാനും തനിക്ക് കഴിയുമെന്ന് ചിന്തിച്ചതോടെ ജോലി ഉപേക്ഷിച്ച് പുതിയ സംരംഭത്തിന് തിരശില ഉയര്‍ത്തുകയായിരുന്നു.

മായം കലരാത്ത ഭക്ഷണം

കീടനാശിനികളും രാസവള പ്രയോഗങ്ങളും നമ്മുടെ ശരീരത്തിനുണ്ടാക്കുന്ന ദൂഷ്യഫലങ്ങള്‍ വളരെ വലുതാണ്. അതുകൊണ്ടുതന്നെ ഈ സാഹചര്യത്തിന് മാറ്റമുണ്ടാക്കാന്‍ ചെലവ് കുറഞ്ഞ ഓര്‍ഗാനിക് കൃഷിരീതികള്‍ പുതിയ തലമുറയ്ക്ക് പകര്‍ന്നു നല്‍കാനാണ് അനുരാഗ് ആദ്യം ശ്രമിച്ചത്. ” കുട്ടികളില്‍ കൃഷിയിലേക്കുള്ള താല്‍പ്പര്യം വര്‍ധിക്കണം, പ്രത്യേകിച്ച് ഓര്‍ഗാനിക് കൃഷി മാര്‍ഗങ്ങളിലേക്ക് അവരുടെ ശ്രദ്ധ തിരിച്ചാലെ ഭാവിയില്‍ നമുക്ക് വിഷമയമല്ലാത്തെ പഴങ്ങളും പച്ചക്കറികളും ലഭ്യമാക്കാനാകൂ,” അനുരാഗ് പറയുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ തുടക്കമിട്ട മിങ്ക് ഓര്‍ഗാനിക് പ്രധാനമായും മട്ടുപ്പാവിലെ ഓര്‍ഗാനിക് പച്ചക്കറി കൃഷിയിലാണ് ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത്.

കൃഷിക്ക് ആവശ്യമായ മികച്ച മാര്‍ഗ നിര്‍ദേശങ്ങളും മറ്റും നല്‍കുന്നതിനൊപ്പം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഇന്റേണ്‍ഷിപ്പ് പരിപാടികളും ഇവര്‍ സംഘടിപ്പിക്കുന്നുണ്ട്. ഓര്‍ഗാനിക് കൃഷിരീതികള്‍ പരിപോഷിപ്പിക്കുന്നതോടൊപ്പം വെര്‍മി കംപോസ്റ്റിലും മണ്ണില്ലാതെ ചെയ്യുന്ന കൃഷിരീതികളിലും വിളയിക്കുന്ന ഉല്‍പ്പന്നങ്ങള്‍ നേരിട്ടും അല്ലാതെയും ഇവര്‍ വിപണനം ചെയ്യുന്നു. സംരംഭത്തിലെ ചിപ്പി കൂണ്‍ കൃഷിയും ഓര്‍ഗാനിക് പച്ചക്കറികളും ഇതിനോടകം തന്നെ വിപണിയില്‍ ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞിരിക്കുന്നു. ” പോഷകഗുണമുള്ള പച്ചക്കറികള്‍ പോക്കറ്റ് കാലിയാക്കാതെ ആളുകളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. മുളപ്പിച്ച പയറുവര്‍ഗങ്ങള്‍, മൈക്രോ ഗ്രീന്‍സ് മുതലായവ വിപണിയിലെത്തിച്ചത് ഇതിന്റെ ഭാഗമായാണ്. ചെറിയ ചില ഉല്‍പ്പന്നങ്ങളിലൂടെ വിപണിയില്‍ ഇടം കണ്ടെത്താനാണ് എന്റെ ശ്രമം,” അനുരാഗ് പറയുന്നു.

ചെറുകിട കച്ചവടക്കാര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതോടൊപ്പം ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണ്‍ വഴിയും ഈ ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കളെ തേടി എത്തുന്നു. പഞ്ചാബിലെ ജലന്ധറില്‍ തന്നെ 25 ല്‍ പരം കൗണ്ടറുകളാണ് മിങ്ക് ഇന്ത്യയ്ക്ക് നിലവിലുള്ളത്.

50 കിലോഗ്രാം കൂണ്‍ വളര്‍ത്തിക്കൊണ്ടാണ് മിങ്ക് ഓര്‍ഗാനിക്‌സ് തുടക്കമിട്ടത്. വെറും രണ്ടു മാസത്തിനുള്ളില്‍ 200 കിലോഗ്രാമിലേക്ക് വിളയുടെ തോത് ഉയര്‍ത്തി സംരംഭത്തെ വികസിപ്പിക്കാന്‍ അനുരാഗിനും സംഘത്തിനും സാധിച്ചിരുന്നു. കൂണ്‍കൃഷിയുടെ തോത് 4000 കിലോഗ്രാമിലേക്ക് എത്തിക്കാനാണ് കമ്പനി ഇപ്പോള്‍ ലക്ഷ്യമിടുന്നതെന്നും അനുരാഗ് ചൂണ്ടിക്കാട്ടുന്നു. റാഡിഷ്, ബീറ്റ്‌റൂട്ട്, കാബേജ്, തക്കാളി, സവോള, ബ്രോക്കോളി, കോളിഫഌവര്‍ തുടങ്ങിയവ ഉള്‍പ്പെടെ 12 ഓളം പച്ചക്കറികളാണ് മിങ്ക് ഓര്‍ഗാനിക്‌സ് വിപണിയില്‍ എത്തിക്കുന്നത്. വിവധയിനം പച്ചക്കറികള്‍ ടെറസിലും അല്ലാതെയും നട്ടു വളര്‍ത്താനും അതിനാവശ്യമായ മികച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കാനും മറ്റുമായി കണ്‍സള്‍ട്ടന്‍സി സര്‍വീസും ഇവര്‍ നടത്തുന്നുണ്ട്.

വിദ്യാര്‍ത്ഥികളിലെ പഠന നിലവാരം മെച്ചപ്പെടുത്താന്‍ പരിശീലനം

വിദ്യാര്‍ത്ഥികളിലെ പഠന നിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായി മെന്റല്‍ ആപ്റ്റിറ്റിയൂഡ്, സ്‌കോളാസിറ്റിക് ആപ്റ്റിറ്റിയൂഡ്, ഭാഷാ നൈപുണ്യം എന്നിവ മെച്ചപ്പെടുത്തുന്ന തരത്തിലുള്ള പരിശീലന പരിപാടികളാണ് മിങ്ക് അക്കാഡമിക്‌സിലൂടെ അനുരാഗ് ലഭ്യമാക്കുന്നത്. വിവിധ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ട് കുട്ടികളിലെ കൈയക്ഷരം മെച്ചപ്പെടുത്തുന്നത് അടക്കമുള്ള പരിപാടികള്‍ ഇവര്‍ ഏറ്റെടുത്ത് നടത്തുന്നുണ്ട്. എട്ടോളം വിവിധ കോഴ്‌സുകള്‍ നടത്തുന്ന മിങ്ക് അക്കാഡമിക്‌സിന്റെ പരിശീലന കേന്ദ്രത്തില്‍ നിലവില്‍ അറുപതില്‍ പരം വിദ്യാര്‍ത്ഥികളുണ്ട്.

കുട്ടികളിലെ നൈസര്‍ഗിക ശേഷി വളര്‍ത്തി, പഠന നിലവാരം മെച്ചപ്പെടുത്തുന്ന വിവിധ കോഴ്‌സുകള്‍ക്കു പുറമെ എല്ലാ പ്രായത്തിലുമുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയും കൃഷി രീതികള്‍ പഠിപ്പിക്കാനും ഇവര്‍ മുന്‍കൈയെടുക്കുന്നു. ” കുട്ടിക്കാലം മുതലെ ഈ മേഖലയില്‍ കുട്ടികളുടെ താല്‍പ്പര്യം ക്ഷണിക്കാന്‍ ഈ പഠനത്തിലൂടെ കഴിയും. വിദ്യാര്‍ത്ഥികള്‍ പല കാര്യങ്ങളും നേരിട്ട് ചെയ്താണ് പഠിക്കുന്നത്. ആ രീതിയില്‍ അവര്‍ കൃഷിയിലേക്കും ഭാവിയില്‍ തിരിയുമെന്നാണ് എന്റെ പ്രതീക്ഷ,” അനുരാഗ് പറയുന്നു. പഞ്ചാബില്‍ കൂടുതല്‍ നഗരങ്ങളിലേക്ക് ബിസിനസ് വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്ന മിങ്ക് ഇന്ത്യ, കൂടുതല്‍ ഓര്‍ഗാനിക് ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കാനും കൂടുതല്‍ സ്‌കൂളുകളുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ട് മിങ്ക് അക്കാഡമിക്‌സ് വിഭാഗം ശക്തിപ്പെടുത്താനും ആലോചിക്കുന്നുണ്ട്.

Comments

comments

Categories: FK Special