ഓണ്‍ലൈന്‍ വിപണിയിലെ സാങ്കേതിക മുന്നേറ്റം

ഓണ്‍ലൈന്‍ വിപണിയിലെ സാങ്കേതിക മുന്നേറ്റം

ഓണ്‍ലൈനില്‍ സാധനങ്ങള്‍ വാങ്ങുന്ന മൂന്നില്‍ രണ്ട് ഉപഭോക്താക്കളും കമ്പനികളുമായി സംഘര്‍ഷത്തില്‍

 

ഓണ്‍ലൈനില്‍ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നത് എളുപ്പവും സൗകര്യപ്രദവുമാണ്. എന്നാല്‍, പായ്‌ക്കെജ് വൈകുകയോ അതിനു കേടുപാടുണ്ടാകുകയോ അതോ ഒരിക്കലും കൈയില്‍ കിട്ടാതെവരുകയോ ചെയ്യുന്ന പക്ഷം അത് ഉപഭോക്താവില്‍ നിരാശയും അമര്‍ഷവും വേദനയും ഉണ്ടാക്കുകയും ചെയ്യുന്നു. ഓരോ വര്‍ഷവും മൂന്നില്‍ രണ്ട് ഓണ്‍ലൈന്‍ ഷോപ്പിംഗ് ഉപഭോക്താക്കള്‍ ഈ പ്രശ്‌നങ്ങള്‍ നേരിടുന്നു. ഇനി, ഇതിന് നഷ്ടപരിഹാരം നേടുകയെന്നതും പലപ്പോഴും വിഫലശ്രമമാകാം. ഇ- മെയിലുകളിലൂടെയും ഫോണ്‍ കോളുകളിലൂടെയും കമ്പനികളുമായി ബന്ധപ്പെടുന്നതിനും സാധനം മാറ്റി വാങ്ങാനും ആഴ്ചകള്‍ തന്നെ എടുത്തേക്കാം. ബ്രിട്ടണ്‍ പോലുള്ള രാജ്യങ്ങളില്‍ ഓണ്‍ലൈന്‍ ബിസിനസ്സുകളില്‍ ഉപഭോക്താക്കള്‍ക്കായി ഏറെപണം ചെലവഴിക്കുന്നുണ്ട്. ഉപഭോക്താക്കളുടെ നിയമപരമായ അവകാശങ്ങള്‍ അറിയുകയും നിങ്ങളുടെ ഓര്‍ഡറുകള്‍ നിറവേറിയില്ലെങ്കില്‍ അതിന് എങ്ങനെ പരിഹാരം കണ്ടെത്താമെന്നും മനസിലാക്കുകയും ചെയ്യാം.

സാധനം കിട്ടാത്ത സാഹചര്യം

മൂന്നില്‍ ഒരാള്‍ക്കുമാത്രമേ കഴിഞ്ഞ വര്‍ഷം, ഓര്‍ഡര്‍ ചെയ്തതുപോലെ ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ നിന്നു സാധനങ്ങള്‍ കിട്ടിയുള്ളൂവെന്നു ഉപഭോക്തൃസംഘടന വിച്ച് കണ്ടെത്തിയിട്ടുണ്ട്. അതിനു തന്നെ ദീര്‍ഘകാലതാമസം നേരിട്ടുവെന്നതാണു വാസ്തവം. പായ്‌ക്കെജുകള്‍ പലതിനും കേടുപാടുകള്‍ സംഭവിച്ചിരുന്നു. സ്ഥാപനങ്ങളില്‍ നിന്നുള്ള ആശയവിനിമയവും പൊതുവേ മോശമായിരുന്നു. പലയിടങ്ങളില്‍ ചിതറിക്കിടക്കുന്ന വിധമാണ് പല പായ്‌ക്കെജുകളും ലഭിച്ചത്. കാറിനടിയില്‍ നിന്നോ പടിവാതിലില്‍ കുടുങ്ങിക്കിടക്കുന്ന നിലയിലോ അല്ലെങ്കില്‍ ചവറ്റുകൊട്ടയില്‍ നിന്നോ ആണു പല പൊതികളും കണ്ടെത്തിയത്.

ആമസോണിന്റെ റിംഗ് എന്ന വീഡിയോ ഡോര്‍ബെല്‍ ഇത്തരത്തില്‍ വളരെ ലളിതമായ ഒരു ഡിവൈസാണ്. സ്വയം ഘടിപ്പിക്കാനുള്ള ഈ സംവിധാനത്തിലുള്ള വൈഫൈ, സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷന്‍ എന്നിവയിലൂടെ നിങ്ങളുടെ വാതിലിനു പുറത്തു സംഭവിക്കുന്ന കാര്യങ്ങളുടെ നിരന്തരമായ തത്സമയ കാഴ്ച ലഭിക്കും. എന്താണ് സംഭവിക്കുന്നതെന്നതിന്റെ തെളിവുകള്‍ ശ്രദ്ധാപൂര്‍വ്വം റെക്കോര്‍ഡ് ചെയ്യുകയാണിവിടെ.
വാതിലിനു പുറത്തുള്ള ചലനത്തെ അത് നിരീക്ഷിക്കുകയും റെക്കോര്‍ഡ് ചെയ്യുകയും സൂക്ഷിക്കുകയും ചെയ്യുന്നു. ഡോര്‍ബെല്‍ അമര്‍ത്തപ്പെടുമ്പോള്‍ അത് ആപ്ലിക്കേഷനിലേക്ക് ജാഗ്രതാനിര്‍ദേശം അയയ്ക്കുന്നു. ആപ്ലിക്കേഷനില്‍ വരുന്ന റിംഗ് ടോണിന് ഉത്തരം നല്‍കണം. സന്ദര്‍ശകനോടോ ഡെലിവറി ബോയോടോ ലോകത്തെവിടെ നിന്നും നിങ്ങള്‍ക്കു നേരിട്ടു സംസാരിക്കാനാകും.

അവകാശങ്ങള്‍ അറിയുക

സാധനങ്ങള്‍ യഥാസമയം ലഭിച്ചില്ലെങ്കില്‍ ആരുമായാണു ബന്ധപ്പെടേണ്ടതെന്ന കാര്യത്തില്‍ ഉപഭോക്താക്കള്‍ സംശയാലുക്കളാണെന്നതു വസ്തുതയാണെന്ന് വിച്ചിന്റെ വീട്ടുപകരണങ്ങളുടെയും സേവനങ്ങളുടെയും മാനേജിങ് ഡയറക്റ്റര്‍ അലക്‌സ് നീല്‍ പറയുന്നു. വില്‍ക്കുന്ന ചില്ലറവില്‍പ്പനക്കാരെയാണോ വിതരണ കമ്പനിയെയാണോ സംശയനിവൃത്തിക്കായി സമീപിക്കേണ്ടതെന്ന കാര്യത്തില്‍ അവര്‍ക്ക് വ്യക്തതയില്ല. ഇക്കാര്യത്തില്‍ വ്യക്തതവരുത്തിയിട്ടുണ്ടെന്നതാണ് വാസ്തവം. ചില്ലറവില്‍പ്പനക്കാരനു പരാതി നല്‍കുകയാണു വേണ്ടത്. ഉപഭോക്തൃ തര്‍ക്കപരിഹാര വെബ്‌സൈറ്റ് റിസോള്‍വര്‍, കഴിഞ്ഞ വര്‍ഷം ഓണ്‍ലൈന്‍ വാങ്ങലുകളും വിതരണവും സംബന്ധിച്ച് 60,000 പരാതികളാണ് സ്വീകരിച്ചത്. രൂക്ഷമായ പരാതിപ്രളയമാണിത്, 177%മാണു വര്‍ധന.

എന്നാല്‍, ഇത്തരം വെബ്‌സൈറ്റുകള്‍ പോലും തങ്ങളുടെ പങ്ക് നിര്‍വഹിക്കുന്നതില്‍ അലംഭാവം കാണിക്കുന്നുവെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നിയമം നിങ്ങളുടെ ഭാഗത്തു തന്നെയാണെങ്കിലും, വെബ്‌സൈറ്റുകള്‍ഉപഭോക്താക്കളുടെ അവകാശം സംബന്ധിച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതായി കാണുന്നുവെന്ന് സാമ്പത്തികവിദഗ്ദ്ധന്‍ മാര്‍ട്ടിന്‍ ജെയിംസ് പറയുന്നു. സാധനങ്ങള്‍ ഉപഭോക്താക്കള്‍ക്കു ഉറപ്പായും ലഭ്യമാക്കാന്‍ പരിശ്രമിക്കുന്നില്ലെന്നു മാത്രമല്ല, ഉപഭോക്താക്കളെ കുറ്റപ്പെടുത്താന്‍ പോലും ചിലയവസരങ്ങളില്‍ തുനിയുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. വിതരണം ചെയ്യുന്ന വാഹനത്തിന്റെ ഡ്രൈവര്‍ എവിടെയാണെന്ന് ചില്ലറവില്‍പ്പനക്കാരന് തീര്‍ച്ചയായും കണ്ടെത്താനാകും. കാരണം, സ്‌റ്റോറില്‍ നിന്ന് ഒപ്പിട്ടു വാങ്ങിയതിന്റെയും ലക്ഷ്യത്തിന്റെയും രേഖകള്‍ അയാളുടെ പക്കല്‍ ഉണ്ടായിരിക്കും. ഉപഭോക്താക്കള്‍ക്ക് ഉല്‍പ്പന്നം ലഭിക്കുമെന്ന് ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്തം ചില്ലറവില്‍പ്പനക്കാരനു തന്നെയാണ്. വിതരണകമ്പനിക്കെതിരേ പരാതി ചെയ്യാനുള്ള വാതിലും ഉപയോക്താവിനു മുമ്പില്‍ തുറന്നു തന്നെയിരിക്കുന്നു. ജീവനക്കാരുടെ മോശം പെരുമാറ്റം, പാഴ്‌സലുകള്‍ക്കു വന്ന കേടുപാടുകള്‍, അല്ലെങ്കില്‍ ഉല്‍പ്പന്നം കൈമാറാന്‍ ഇടയാക്കിയ കാലതാമസം എന്നിവയെക്കുറിച്ച് വിതരണക്കാര്‍ക്കു പരാതി നല്‍കാം.

സമയദോഷം

കൃത്യസമയത്ത് വിതരണം നടത്തുന്നതിന് നിങ്ങള്‍ക്ക് നിയമപരമായ പ്രതിബദ്ധത ഉണ്ടായിരിക്കും. ചില്ലറവ്യാപാരിയുമായി ഉഭയസമ്മതം ഉറപ്പിക്കുന്ന കരാറോ നിശ്ചിത സമയപരിധി നിശ്ചയിച്ചിട്ടില്ലെങ്കില്‍ അനാവശ്യ കാലതാമസമില്ലാതിരിക്കുമെന്ന ഉറപ്പോ ഉദാഹരണത്തിന്, 30 ദിവസത്തില്‍ കൂടുതല്‍ സമയമെടുക്കില്ല എന്ന കരാറോ അനുസരിച്ചാകും വിതരണം നടത്തേണ്ടത്. ഇതിനു കഴിഞ്ഞില്ലെങ്കില്‍, 2013-ലെ കണ്‍സ്യൂമര്‍ കോണ്‍ട്രാക്റ്റ് ചട്ടത്തില്‍ പറഞ്ഞിരിക്കുന്നതുപോലെയുള്ള മുഴുവന്‍ റീഫണ്ടിനും ഉപഭോക്താവിന് അര്‍ഹതയുണ്ടായിരിക്കും. നിശ്ചിത സമയത്തിനോ വിതരണ തിയതിക്കു ശേഷമോ ആണു സാധനം കൈയിലെത്തുന്നതെങ്കില്‍ അതിനു വേണ്ടി അടച്ച തുക നിങ്ങള്‍ക്ക് ഇത് തിരികെ ആവശ്യപ്പെടാം. നിങ്ങളുടെ പാഴ്‌സല്‍ കേടാകുകയോ തെറ്റായി കൈമാറുകയോ ചെയ്താല്‍ ചില്ലറവ്യാപാരി പണം തിരികെ നല്‍കുകയോ സാധനം മാറ്റി നല്‍കുകയോ വേണം. വിവിധ ഉപഭോക്തൃസംഘടനകള്‍ സഹായത്തിനായി മുമ്പിലുണ്ട്.

സുരക്ഷിതമായി കൈകാര്യം ചെയ്യുക

ദ് കംപ്ലെയ്‌നിംഗ് കൗ എന്ന ഉപഭോക്തൃസംഘടനയുടെ സ്ഥാപകന്‍ ഹെലന്‍ ഡ്യൂഡ്‌നി പറയുന്നത്, ഡെലിവറി വാഗ്ദാനം പാലിക്കുമ്പോള്‍ വരുന്ന ചെലവുകള്‍ക്ക് നിങ്ങള്‍ക്ക് അര്‍ഹതയുണ്ടായിരിക്കുമെന്നാണ്. നിങ്ങളുടെ പായ്‌ക്കെജ് എത്തിക്കുന്നതിന് ഒരു സുരക്ഷിത സ്ഥലത്തിനായുള്ള വിശദാംശങ്ങള്‍ നല്‍കുന്നതു ശ്രദ്ധയോടെ വേണം. അയച്ചതിനു ശേഷം അത് മോഷ്ടിക്കപ്പെട്ടാല്‍, അത് നിങ്ങളുടെ പിശകായാകും വിലയിരുത്തപ്പെടുക, ഡെലിവറി കമ്പനിയുടേതോ ചില്ലറ വില്‍പ്പനക്കാരന്റേതോ ആയിട്ടല്ല. നിങ്ങള്‍ പ്രത്യേകനിര്‍ദ്ദേശങ്ങളൊന്നും നല്‍കിയില്ലെങ്കില്‍, ഡെലിവറിസ്ഥാപനമാകും കുറ്റക്കാര്‍. റീഫണ്ട് നല്‍കാനുള്ള പ്രതിബദ്ധത പൂര്‍ണമായും നിങ്ങളില്‍ നിക്ഷിപ്തമായിരിക്കും.

ചില്ലറ വ്യാപാരിക്ക് പരാതി എഴുതിനല്‍കാന്‍ ഡ്യൂഡ്‌നി നിര്‍ദേശിക്കുന്നു. അതില്‍ നിങ്ങളുടെ ഓര്‍ഡര്‍ നമ്പര്‍ രേഖപ്പെടുത്തിയിരിക്കണം. ഡെലിവറി പ്രതീക്ഷിച്ചിരുന്ന സമയം, പ്രശ്‌നത്തിന്റെ രൂപരേഖ എന്നിവയും ഉള്‍പ്പെടുത്തണം. റീ ഡെലിവറി, അധിക ചെലവുകള്‍, തപാല്‍മടക്കത്തിന് മുന്‍കൂര്‍ ചെലവാക്കിയ തുക എന്നിങ്ങനെ നിങ്ങള്‍ എന്താണ് ആഗ്രഹിക്കുന്നതെന്തെല്ലാമെന്ന് വിവരിക്കുക. അതിനു ശേഷം തൃപ്തരാകുന്നില്ലെങ്കില്‍ നിങ്ങള്‍ എന്തുചെയ്യുമെന്ന് പറയുക. ചെറിയ ക്ലെയിമുകള്‍ കോടതിയില്‍ പോയി നേടിയെടുക്കുകയോ ട്രേഡിംഗ് സ്റ്റാന്‍ഡേര്‍ഡിന് ഇത് റിപ്പോര്‍ട്ട് ചെയ്യുകയോ പോലുള്ള കാര്യങ്ങളാകാം. കമ്പനിയുടെ ചീഫ് എക്‌സിക്യുട്ടീവിനു കത്തെഴുതാം. ഇത്തരം പ്രവൃത്തികള്‍ കമ്പനിയുടെ മേല്‍ത്തട്ടില്‍ പ്രശ്‌നപരിഹാരത്തിനുള്ള ശ്രദ്ധയാവശ്യപ്പെടുന്നു.

നിയമനടപടി

താരതമ്യേന ചെറിയ തുകകളാണ് തര്‍ക്കപരിഹാരത്തിലൂടെ നഷ്ടപരിഹാരം കിട്ടുകയെന്ന് ചൈല്‍ഡ് ആന്‍ഡ് ചൈല്‍ഡ് സഹസ്ഥാപകന്‍ മൈക്കല്‍ ഹാച്ച്‌വെല്‍ പറയുന്നു. കേസുകള്‍ അപൂര്‍വ്വമായേ കോടതിയില്‍ എത്തുകയുള്ളൂ. ക്രെഡിറ്റ് കാര്‍ഡിലൂടെ തുകയടയ്ക്കുമ്പോള്‍ കണ്‍സ്യൂമര്‍ ക്രെഡിറ്റ് ആക്റ്റിലെ 75- ാം വകുപ്പിനു കീഴില്‍അധിക നിയമപരിരക്ഷ ഉറപ്പു വരുത്തപ്പെടുന്നു. നിങ്ങളുടെ കാര്‍ഡ് കമ്പനി കൈമാറ്റം ചെയ്യപ്പെടാത്ത സാധനങ്ങള്‍ക്ക് റീയിംബേഴ്‌സ്‌മെന്റ് ഉറപ്പു വരുത്തിയിരിക്കണം.

പോരാട്ടം തുടരുക

മാര്‍ട്ടിന്‍ ജെയിംസിന്റെ സങ്കല്‍പ്പത്തില്‍ പ്രശ്‌നങ്ങളുടെ അടിസ്ഥാനപ്രശ്‌നം സ്ഥിരംതൊഴിലുകള്‍ക്കെതിരായുള്ള ഹ്രസ്വകാല കരാറുകളുടെയോ ഫ്രീലാന്‍സ് ജോലിയുടെയോ ഫലമായി വര്‍ത്തിക്കുന്ന ആധുനിക തൊഴില്‍ വിപണിയാണ്. ഈ മേഖലയിലുള്ള തൊഴിലാളികളുടെ പ്രധാന പ്രത്യേകത, അവര്‍ അസംഘടിതരാണെന്നതാണ്. ഡെലിവറി തൊഴിലാളികള്‍ യാഥാര്‍ത്ഥ്യബോധമില്ലാത്ത ലക്ഷ്യങ്ങള്‍ക്കുവേണ്ടി കുറഞ്ഞ ശമ്പളത്തില്‍ അനിശ്ചിതസമയം തൊഴിലെടുക്കേണ്ടി വരുന്നവരാണ്. അങ്ങനെ വരുമ്പോള്‍ ചെയ്തു കൂട്ടുന്ന അബദ്ധങ്ങള്‍ക്ക് അവരെ കുറ്റപ്പെടുത്താന്‍ വളരെ എളുപ്പമാണ്. എന്നാല്‍, അവരോടുള്ള സമൂഹത്തിന്റെ സമീപനമെന്തെന്ന് മനസിലാക്കാന്‍ അവരുടെ സാഹചര്യങ്ങള്‍ എത്രമാത്രം ഹീനമാണെന്ന് അന്വേഷിക്കണം. അപ്പോള്‍ മനസിലാകും ജോലിയുടെ ഗുണനിലവാരത്തില്‍ വരുത്തുന്ന വീഴ്ചയ്ക്ക് എന്താണു കാരണമെന്ന്.

ആഗോള വസ്ത്രവ്യാപാര ശൃംഖലകളായ മാര്‍ക്‌സ് ആന്‍ഡ് സ്‌പെന്‍സര്‍, ജോണ്‍ ലെവിസ് തുടങ്ങിയവര്‍ പാഴ്‌സലുകള്‍ വിതരണം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയാല്‍ ബഹുരാഷ്ട്ര പാഴ്‌സല്‍ കമ്പനിയായ ഡിപിഡിയില്‍ നിന്നു 150 പൗണ്ടാണ് പ്രതിദിനം ചുമത്തുന്നത്. ഓണ്‍ലൈന്‍ വ്യവസായത്തിന് കടുത്ത ചട്ടങ്ങളും ഓംബുഡ്‌സ്മാനും ആവശ്യമാണെന്ന് ജെയിംസ് പറയുന്നു. പരാതിയിലൂടെ നിങ്ങള്‍ക്ക് നിങ്ങളുടെ ചെറിയ പങ്ക് നിര്‍വഹിക്കാനാകും. കൂടുതല്‍ ആളുകള്‍ ഇതിനായി ഇപ്പോള്‍ ശബ്ദമുയര്‍ത്തുന്നുണ്ട്. മെച്ചപ്പെട്ട നിയന്ത്രണങ്ങള്‍ വേണമെന്ന ആവശ്യമാണ് ഉയരുന്നത്.

പുതിയ സാങ്കേതികവിദ്യ

അവസാനവട്ട ഡെലിവറിയിലാണ് റീറ്റെയ്‌ലര്‍മാര്‍ കൂടുതല്‍ കാര്യക്ഷമത കാട്ടാന്‍ മല്‍സരിക്കുന്നത്. ആമസോണും യുപിഎസും ഡ്രോണുകളുപയോഗിച്ച് ഡെലിവറി നടത്തുന്ന രീതിയാണ് അവലംബിച്ചിരിക്കുന്നത്. ഡ്രോണുകള്‍ വഹിക്കാന്‍ മെഴ്‌സിഡസ് ബെന്‍സ് പ്രത്യേക വാനുകള്‍ തന്നെ രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. ഒരേ സമയം നിരവധി ഡെലിവറികള്‍ നടത്താന്‍ ഡ്രോണുകള്‍ ഇതിലൂടെ കഴിയുന്നു. പേയ്‌മെന്റ് പ്രോസസിങ് കമ്പനിയായ വേള്‍ഡ്‌പേ ഒരു പടി കൂടി കടന്ന്, ഉപഭോക്താക്കള്‍ക്ക് ഡ്രോണ്‍ ലാന്‍ഡിംഗ് പാഡ് എന്ന പരീക്ഷണസാങ്കേതിവിദ്യ കൂടി ഉപയുക്തമാക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇതില്‍ കാര്‍ഡ് വിശദാംശങ്ങളാണുള്ളത്. സാധനങ്ങള്‍ ഡ്രോപ് ചെയ്യും മുമ്പ് ഡ്രോണ്‍ ഇതു വായിക്കുന്നു.
ഡ്രോണ്‍ പേ ചെലവുകള്‍ മാത്രമല്ല തിരക്കും മലിനീകരണത്തോതും വെട്ടിക്കുറയ്ക്കുന്നതിനും വിതരണം അതിവേഗത്തിലാക്കാനും വളരെയധികം സഹായിക്കുന്നു. എന്നാല്‍ ഇതിന്റെ പ്രധാന പരിമിതി പായ്‌ക്കെജിന്റെ ഭാരവും അധികദൂരവുമാണ്.

ചില അപ്ലിക്കേഷനുകള്‍ ഇതിനകം തന്നെ ഓണ്‍ലൈന്‍ വ്യാപാരം എളുപ്പമാക്കിത്തീര്‍ത്തിരിക്കുന്നു. പാഴ്‌സലിയിലൂടെ 1,600 കളക്ഷന്‍ പോയിന്റുകളിലേക്ക് നിങ്ങളുടെ ഓര്‍ഡര്‍ എത്തുമ്പോള്‍ത്തന്നെ ഇ- മെയില്‍, ടെക്സ്റ്റ്, പുഷ് അലേര്‍ട്ടുകളിലേക്ക് വിവരമറിയിക്കുന്നു. ആമസോണ്‍ കീ ആപ്ലിക്കേഷന്‍ അമേരിക്കയിലെ പ്രീമിയം ഉപഭോക്താക്കള്‍ക്ക് ഡോര്‍ ഡെലിവറി ചെയ്യുന്നു ദൂരെ നിന്നു തന്നെ കാണാന്‍ അവസരമൊരുക്കുന്നു. ഒരു വെബ്ക്യാമറയിലൂടെ നിങ്ങളുടെ ഹോം ഡെലിവറി തത്സമയം കാണാന്‍ കഴിയും. തല്‌സമയം അവസരം നഷ്ടപ്പെട്ടാല്‍ തന്നെ ആക്ഷന്‍ റീപ്ലേ കാണാനാകും. സ്റ്റാര്‍ഷിപ് ടെക്‌നോളജീസ് റോബോട്ടുകളെയാണ് ഡെലിവറിക്കുപയോഗിക്കുന്നത്. അത് ഒരുപാട് സമയലാഭം ഉണ്ടാക്കുന്നു. മാനേജ്‌മെന്റ് കണ്‍സള്‍ട്ടിംഗ് കമ്പനിയായ മക്കിന്‍സി പറയുന്നത് ഗ്രാമീണ മേഖലയില്‍ ഡ്രോണ്‍ വഴിയുള്ള സാധന വിതരണം സാധാരണമാകാന്‍ പോകുകയാണെന്നാണ്. ലോകമെമ്പാടും പാഴ്‌സല്‍ വിതരണത്തിന്റെ 80% ഡ്രോണുകള്‍ കൈയടക്കാന്‍ പോകുകയാണ്.

Comments

comments

Categories: Business & Economy
Tags: Drone, online