മഹീന്ദ്ര വൈ400 എസ്‌യുവി ഒക്‌റ്റോബര്‍ 9 ന്

മഹീന്ദ്ര വൈ400 എസ്‌യുവി ഒക്‌റ്റോബര്‍ 9 ന്

ആദ്യ തലമുറ സാംഗ്‌യോംഗ് റെക്‌സ്ടണ്‍ വഴിമാറിക്കൊടുക്കും. 24 ലക്ഷം രൂപ മുതലായിരിക്കും വില

ന്യൂഡെല്‍ഹി : മഹീന്ദ്രയുടെ പുതിയ ഫഌഗ്ഷിപ്പ് എസ്‌യുവിയായ വൈ400 (മോഡല്‍ കോഡ്) ഒക്‌റ്റോബര്‍ 9 ന് പുറത്തിറക്കും. വാഹനത്തിന്റെ ഔദ്യോഗിക നാമം മഹീന്ദ്ര വെളിപ്പെടുത്തിയിട്ടില്ല. കമ്പനിയുടെ ഇന്ത്യാ ലൈനപ്പില്‍ എക്‌സ്‌യുവി 500 മിഡ് സൈസ് എസ്‌യുവിക്ക് മുകളിലായിരിക്കും പുതിയ വൈ400 എസ്‌യുവിയുടെ സ്ഥാനം. ആദ്യ തലമുറ സാംഗ്‌യോംഗ് റെക്‌സ്ടണ്‍ ഇതോടെ വഴിമാറിക്കൊടുക്കും. 24 ലക്ഷം രൂപ മുതലായിരിക്കും പുതിയ മഹീന്ദ്ര വൈ400 എസ്‌യുവിയുടെ ഏകദേശ വില. ടൊയോട്ട ഫോര്‍ച്യൂണര്‍, ഇസുസു എംയു-എക്‌സ്, ഫോഡ് എന്‍ഡവര്‍ എന്നിവയായിരിക്കും എതിരാളികള്‍.

ഈ വര്‍ഷത്തെ ഓട്ടോ എക്‌സ്‌പോയിലാണ് മഹീന്ദ്ര വൈ400 എസ്‌യുവി ഇന്ത്യയില്‍ അരങ്ങേറിയത്. രണ്ടാം തലമുറ സാംഗ്‌യോംഗ് റെക്‌സ്ടണ്‍ അടിസ്ഥാനമാക്കിയാണ് മഹീന്ദ്ര വൈ400 എസ്‌യുവി നിര്‍മ്മിക്കുന്നത്. മറ്റ് മഹീന്ദ്ര മോഡലുകളിലേതുപോലെ സവിശേഷ ഗ്രില്‍ ഡിസൈന്‍ എസ്‌യുവിയില്‍ കാണാം. കൂടാതെ ഇന്ത്യയിലെത്തുമ്പോള്‍ ഇവിടുത്തെ റോഡുകള്‍ കണക്കിലെടുത്ത് പരിഷ്‌കരിച്ച സസ്‌പെന്‍ഷന്‍ സംവിധാനം നല്‍കും.

ആദ്യ തലമുറ സാംഗ്‌യോംഗ് റെക്‌സ്ടണുമായി താരതമ്യം ചെയ്യുമ്പോള്‍ മഹീന്ദ്ര വൈ400 എസ്‌യുവിയില്‍ കൂടുതല്‍ ഫീച്ചറുകള്‍ കാണും. പ്രൊജക്റ്റര്‍ ഹെഡ്‌ലാംപുകള്‍, ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവ സഹിതം 9.2 ഇഞ്ച് എച്ച്ഡി ടച്ച്‌സ്‌ക്രീന്‍, 360 ഡിഗ്രി കാമറ, 7.0 ഇഞ്ച് എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, കൂള്‍ഡ് സീറ്റുകള്‍, നാപ്പ ലെതര്‍ അപ്‌ഹോള്‍സ്റ്ററി, സ്മാര്‍ട്ട് ടെയ്ല്‍ഗേറ്റ് എന്നിവ ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച വാഹനത്തില്‍ നല്‍കിയിരുന്നു. മേല്‍പ്പറഞ്ഞ മിക്ക ഫീച്ചറുകളും ഇന്ത്യ സ്‌പെക് എസ്‌യുവിയില്‍ ഉണ്ടായിരിക്കും.

ബോണറ്റിന് കീഴില്‍ 2.2 ലിറ്റര്‍, 4 സിലിണ്ടര്‍, ടര്‍ബോ-ഡീസല്‍ എന്‍ജിന്‍ വാഹനത്തിന് കരുത്തേകും. ഈ മോട്ടോര്‍ 187 എച്ച്പി കരുത്തും 420 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 7 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ വഴി പിന്‍ ചക്രങ്ങളിലേക്ക് കരുത്ത് കൈമാറും. ഉയര്‍ന്ന സ്‌പെക് വേരിയന്റുകളില്‍ ഓള്‍ വീല്‍ ഡ്രൈവ് നല്‍കും.

Comments

comments

Categories: Auto