പ്രളയക്കെടുതി വിലയിരുത്താന്‍ ലോകബാങ്ക് സംഘം ഇന്ന് കേരളത്തില്‍

പ്രളയക്കെടുതി വിലയിരുത്താന്‍ ലോകബാങ്ക് സംഘം ഇന്ന് കേരളത്തില്‍

5,000 കോടി രൂപയുടെ ദീര്‍ഘകാല വായ്പയാണ് സംസ്ഥാന സര്‍ക്കാര്‍ ലോക ബാങ്കില്‍ നിന്നും പ്രതീക്ഷിക്കുന്നത്

ന്യൂഡെല്‍ഹി: സംസ്ഥാനത്തുണ്ടായ പ്രളയക്കെടുതി വിലയിരുത്താന്‍ ലോകബാങ്ക് സംഘം ഇന്ന് കേരളത്തിലെത്തും. ഈ മാസം 22 വരെ സംഘം കേരളത്തിലെ പ്രളയ ബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തും. ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്കില്‍ (എഡിബി) നിന്നുള്ള സംഘവും ഇവര്‍ക്കൊപ്പമുണ്ടാകും.
ഇരുപതംഗ സംഘമാണ് കേരളത്തില്‍ എത്തുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശമനുസരിച്ചായിരിക്കും സംഘം സംസ്ഥാനത്തെ വിവിധ പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുക. എട്ടു വിഭാഗങ്ങളായി തിരിഞ്ഞായിരിക്കും സന്ദര്‍ശനം. കേരളത്തില്‍ സന്ദര്‍ശനം നടത്തുന്നതിന് കഴിഞ്ഞ ദിവസമാണ് കേന്ദ്ര സര്‍ക്കാര്‍ ലോകബാങ്ക് സംഘത്തിന് അനുമതി നല്‍കിയത്. സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ചായിരുന്നു ഇത്.
പ്രളയം കാരണം സംസ്ഥാനത്തുണ്ടായ നാശനഷ്ടങ്ങളുടെ വിശദമായ വിലയിരുത്തല്‍ നടത്തുമെന്ന് ലോകബാങ്ക് അറിയിച്ചിട്ടുണ്ട്. 5,000 കോടി രൂപയുടെ ദീര്‍ഘകാല വായ്പയാണ് സംസ്ഥാന സര്‍ക്കാര്‍ ലോക ബാങ്കില്‍ നിന്നും പ്രതീക്ഷിക്കുന്നത്. പ്രളയത്തില്‍ നശിച്ച റോഡ്, പാലം, കെട്ടിടങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങളുടെ വികസനം ലക്ഷ്യമാക്കിയാണിത്. പ്രളയത്തെ തുടര്‍ന്ന് മൊത്തം 20,000 കോടി രൂപയുടെ നാശനഷ്ടം സംസ്ഥാനത്തുണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഇതിന്റെ നാലിലൊന്ന് ലോകബാങ്കില്‍ നിന്നും വായ്പയായി ലഭിക്കുമെന്നാണ് കേരളത്തിന്റെ പ്രതീക്ഷ.

Comments

comments

Categories: Current Affairs
Tags: Kerala flood