ആലിബാബയില്‍നിന്ന് ജാക്ക് മാ വിരമിക്കുന്നു

ആലിബാബയില്‍നിന്ന് ജാക്ക് മാ വിരമിക്കുന്നു

ഇംഗ്ലീഷ് ഭാഷയോട് ചെറുപ്രായം മുതല്‍ ഇഷ്ടം സൂക്ഷിച്ചിരുന്നു ജാക്ക് മാ. ഇംഗ്ലീഷ് ഭാഷ പഠിച്ചെടുക്കാനായി അദ്ദേഹം വീടിനടുത്തെത്തുന്ന ടൂറിസ്റ്റുകളുടെ ഗൈഡായി സേവനമനുഷ്ഠിച്ചിരുന്നു. പിന്നീട് വര്‍ഷങ്ങളോളം ഇംഗ്ലീഷ് അധ്യാപകനായി അദ്ദേഹം സേവനം ചെയ്തു. എന്നാല്‍ ജാക്ക് മാ തന്റെ കഴിവ് തെളിയിച്ചത് ടെക്‌നോളജി ബിസിനസ് രംഗത്തായിരുന്നു. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ടെക്‌നോളജി സ്ഥാപനമായ ആലിബാബ സ്ഥാപിച്ചതും ജാക്കാണ്.

 

ഒരു വെബ് പേജില്‍നിന്നും ലോകത്തെ ഏറ്റവും മൂല്യമുള്ള ടെക്‌നോളജി സ്ഥാപനം കെട്ടിപ്പൊക്കിയ ഒരു അധ്യാപകന്‍ ചൈനയിലുണ്ട്. ഇംഗ്ലീഷ് ഭാഷയെ സ്‌നേഹിക്കുകയും, എന്നാല്‍ ഡിജിറ്റല്‍ ബാങ്കിംഗും, ക്ലൗഡ് കമ്പ്യൂട്ടിംഗും ഉള്‍പ്പെടെയുള്ള ടെക്‌നോളജി രംഗത്ത് സാമ്രാജ്യം കെട്ടിപ്പൊക്കുകയും ചെയ്ത ആ അധ്യാപകന്റെ പേരാണു ജാക്ക് മാ. 2018 സെപ്റ്റംബര്‍ 10-ാം തീയതിയാണ് ജാക്ക് മാ, തന്റെ 54-ാം ജന്മദിനം ആഘോഷിച്ചത്. രണ്ട് പതിറ്റാണ്ട് നീണ്ട അധ്വാനത്തിലൂടെ പടുത്തുയര്‍ത്തിയ ആലിബാബ എന്ന സ്ഥാപനത്തിന്റെ അമരത്തുനിന്നും വിരമിക്കാനുള്ള തീരുമാനമെടുത്തതും 54-ാം ജന്മദിനത്തില്‍ തന്നെയായിരുന്നു. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാരുണ്യപ്രവര്‍ത്തന പദ്ധതികളുമായി ഇനിയുള്ള കാലം കഴിയുമെന്നാണു ജാക്ക് മാ അറിയിച്ചിരിക്കുന്നത്.

പേര്‍ഷ്യന്‍ ആലിബാബയും ചൈനീസ് ആലിബാബയും

‘ആലിബാബയും 40 കള്ളന്മാരും’ എന്ന പ്രശസ്ത നാടോടി കഥ വായിക്കാത്തവര്‍ നമ്മളില്‍ ആരും തന്നെയുണ്ടാവില്ല. വളരെ രസകരമാണ് ആലിബാബയുടെ കഥ. നൂറ്റാണ്ടുകള്‍ക്കു മുന്‍പു പേര്‍ഷ്യയില്‍ ജീവിച്ചിരുന്ന വ്യാപാരിയുടെ മകനായിരുന്നു ആലിബാബ. ദരിദ്രനായ ആലിബാബ വിറകുവെട്ടിയാണു ജീവിതം മുന്നോട്ടു നയിച്ചിരുന്നത്. ഒരു നാള്‍ അദ്ദേഹത്തിനു നിധി ലഭിക്കുന്നതും, ധനികനാകുന്നതുമാണു കഥയുടെ ഇതിവൃത്തം. സംരംഭകനായ ജാക്ക് മായുടെ ജീവിതവും ഏറെക്കുറെ നാടോടി കഥയിലെ ആലിബാബയുമായി സാമ്യമുള്ളതാണ്. ജാക്ക് മാ തുടക്കമിട്ട ബിസിനസിന് ആലിബാബയെന്നു പേരിട്ടതു യാദൃശ്ചികവുമാവാം. ചൈനയിലെ ഹാങ്‌സുവിലുള്ള ഒരു ദരിദ്ര കുടുംബത്തില്‍ 1964-ലായിരുന്നു ജാക്ക് മായുടെ ജനനം. പഠന കാലത്ത് നിരവധി പോരാട്ടങ്ങള്‍ നടത്തേണ്ടി വന്നിരുന്നെന്നു അദ്ദേഹം ഒരിക്കല്‍ അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. ഹാങ്‌സു ടീച്ചേഴ്‌സ് കോളജില്‍ പഠിക്കുന്നതിന് മുമ്പ് രണ്ടു തവണ പ്രവേശന പരീക്ഷയില്‍ ജാക്ക് മാ പരാജയപ്പെട്ടിരുന്നു. ഇംഗ്ലീഷിനോട് പ്രത്യേക താത്പര്യമുണ്ടായിരുന്നു. അതു കൊണ്ടു തന്നെ ചെറുപ്രായം മുതല്‍ ഇംഗ്ലീഷ് പഠിച്ചെടുക്കാന്‍ ജാക്ക് മാ പ്രത്യേകം ശ്രമം നടത്തി. ഹാങ്‌സു ഇന്റര്‍നാഷണല്‍ ഹോട്ടലിലുള്ള ഇംഗ്ലീഷ് സംസാരിക്കുന്ന ആളുകളുമായി സംസാരിച്ച് ജാക്ക് മാ ഇംഗ്ലീഷ് പഠിക്കാന്‍ തുടങ്ങി. ഇംഗ്ലീഷ് പരിശീലനത്തിനായി പ്രദേശത്തെത്തുന്ന ടൂറിസ്റ്റുകളുടെ ഗൈഡായി അദ്ദേഹം തന്റെ സൈക്കിളില്‍ 70 മൈല്‍ സഞ്ചരിക്കുമായിരുന്നു.1988-ലാണ് ജാക്ക് മാ ബിരുദം കരസ്ഥമാക്കിയത്. പിന്നീട് വര്‍ഷങ്ങളോളം ഇംഗ്ലീഷ് അധ്യാപകനായി അദ്ദേഹം സേവനം ചെയ്തു. ഇംഗ്ലീഷ് അധ്യാപകനായി സേവനം തുടരുന്നതിനിടെ, ജാക്ക് മായ്ക്ക് ഇന്റര്‍നെറ്റിനോട് തോന്നിയ താത്പര്യമാണ് അദ്ദേഹത്തെ ടെക്‌നോളജി ലോകത്ത് ചുവടുവയ്ക്കാന്‍ പ്രേരിപ്പിച്ചത്. 1995-ല്‍ ജാക്ക് മാ അധ്യാപകന്റെ ജോലി രാജിവച്ചതിനു ശേഷം പണം കടംവാങ്ങി ചൈന പേജസ് എന്ന കമേഴ്‌സ്യല്‍ വെബ്‌സൈറ്റിന് തുടക്കമിട്ടു. ചൈനയിലെ ഇന്റര്‍നെറ്റ് അധിഷ്ഠിത സംരംഭങ്ങളില്‍ ആദ്യത്തേതും ചൈന പേജസ് ആണ്. പക്ഷേ, ചൈന പേജസ് വിചാരിച്ചതു പോലെ വിജയിച്ചില്ല. തുടര്‍ന്ന് 1999-ല്‍ Alibaba.com എന്ന ബി-ടു-ബി മാര്‍ക്കറ്റ് പ്ലേസ് ആരംഭിച്ചു. ഉത്പന്നങ്ങള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനും മാനുഫാക്ച്ചറര്‍മാരും, വിതരണക്കാരും, എക്‌സ്‌പോര്‍ട്ടേഴ്‌സും, ഇംപോര്‍ട്ടേഴ്‌സും, ട്രേഡേഴ്‌സും, ഹോള്‍സെയിലര്‍മാരും, റീട്ടെയ്‌ലര്‍മാരും ഒത്തുചേരുന്ന ഓണ്‍ലൈന്‍ മാര്‍ക്കറ്റ്‌പ്ലേസാണ് ബിസിനസ് ടു ബിസിനസ് മാര്‍ക്കറ്റ്‌പ്ലേസ്. ആലിബാബയ്ക്ക് ഗോള്‍ഡ്മാന്‍ സാഷെ, സോഫ്റ്റ് ബാങ്ക് തുടങ്ങിയ ഭീമന്മാരുടെ പിന്തുണ ലഭിക്കുകയും ചെയ്തു. 2000-ത്തില്‍ ടെക്‌നോളജി രംഗത്തുണ്ടായ ഡോട്ട് കോം തകര്‍ച്ച, ഒട്ടുമിക്ക ടെക് സംരംഭങ്ങളെയും ദോഷകരമായി ബാധിച്ചിരുന്നു. എന്നാല്‍ ആലിബാബ ഇതിനെ അതിജീവിച്ചു. 2003-ല്‍ eBay ക്ക് സമാനമായ സംരംഭമായ Taobao.com നെ ആലിബാബ ഏറ്റെടുത്തു. അത് ആലിബാബയ്ക്ക് വലിയ തോതില്‍ ഗുണം ചെയ്യുകയുമുണ്ടായി. പിന്നീട് 2005-ല്‍ ആലിബാബയില്‍ അന്നത്തെ വലിയ ടെക്‌നോളജി കമ്പനിയായ യാഹൂ നാല് ബില്യന്‍ ഡോളറിന്റെ നിക്ഷേപം നടത്തി. 2005-നു ശേഷമുള്ള പത്ത് വര്‍ഷക്കാലത്തിനിടെ, ആലിബാബ ദശലക്ഷക്കണക്കിന് ഉപഭോക്താക്കളെ കൂട്ടിച്ചേര്‍ത്തു. ചൈനയിലെ തൊഴിലാളി വര്‍ഗത്തിന് ഓണ്‍ലൈന്‍ വ്യാപാരത്തിനുള്ള അവസരം ലഭ്യമാക്കി. അതിലൂടെ അനേകായിരങ്ങള്‍ക്കു പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. 2014-സെപ്റ്റംബറിലാണ് ആലിബാബ ന്യൂയോര്‍ക്ക് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തത്. അന്ന് ആലിബാബ സമാഹരിച്ചത് 25 ബില്യന്‍ ഡോളറായിരുന്നു.

‘ലോകം വലുതാണ്, ഞാന്‍ ചെറുപ്പവും’

‘ലോകം വലുതും ഞാന്‍ ചെറുപ്പവുമാണ്. അതിനാല്‍ ഞാന്‍ പുതിയ കാര്യങ്ങള്‍ പരീക്ഷിക്കാന്‍ ആഗ്രഹിക്കുന്നു ‘ വിരമിക്കലിനു ശേഷം എന്തു ചെയ്യുമെന്ന ചോദ്യത്തിനുള്ള ഉത്തരമായി ജാക്ക് മാ പറഞ്ഞു. ആലിബാബയുടെ founding partner എന്ന നിലയില്‍ തുടരാനാണ് ആഗ്രഹിക്കുന്നതെന്നും ജാക്ക് മാ പറഞ്ഞു. ‘എല്ലാവര്‍ക്കുമായി എനിക്ക് നല്‍കുവാനുള്ള വാഗ്ദാനം ഇതാണ്; ആലിബാബ എന്നത് ഒരിക്കലും ജാക്ക് മായെക്കുറിച്ചുള്ളതായിരുന്നില്ല. പക്ഷേ, ജാക്ക് മാ എന്നും ആലിബാബയ്ക്കു വേണ്ടിയുള്ളതായിരിക്കും’ ജാക്ക് മാ പറഞ്ഞു.

ആലിബാബയെ ഇനി ഡാനിയല്‍ ഷാംഗ് നയിക്കും

ആലിബാബ ഗ്രൂപ്പ് ഹോള്‍ഡിംഗില്‍ ജോലി ചെയ്യുന്ന 86,000-ത്തോളം വരുന്ന ജീവനക്കാര്‍ക്കിടയില്‍, ചീഫ് എക്‌സിക്യുട്ടീവ് ഡാനിയല്‍ ഷാംഗ് അറിയപ്പെടുന്നത് ഡാനിയലെന്നോ, മിസ്റ്റര്‍. ഷാംഗെന്നോ, ബോസ് എന്നോ അല്ല. പകരം, ജീവനക്കാര്‍ അദ്ദേഹത്തെ സിയായോയോസി (xiaoyaozi) അല്ലെങ്കില്‍ ‘സ്വതന്ത്രനായ ഒരാള്‍’ എന്നാണു വിശേഷിപ്പിക്കുന്നത്. 46-കാരനും ഷാങ്ഹായ് സ്വദേശിയുമായ ഷാംഗ്, Taobao ന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍.Tmall.com ന്റെ പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2015 മേയ് മാസം ആലിബാബയുടെ ചീഫ് എക്‌സിക്യൂട്ടീവായി നാമനിര്‍ദേശം ചെയ്തു. ഷാങ്ഹായ് യൂണിവേഴ്‌സിറ്റി ഓഫ് ഫിനാന്‍സ് ആന്‍ഡ് എക്കണോമിക്‌സില്‍ ഫിനാന്‍സ് പഠിച്ചിട്ടുള്ള ഷാംഗ്, 2007-ലാണ് ആലിബാബയില്‍ ചേര്‍ന്നത്. Taobao യെ ലാഭകരമാക്കി മാറ്റുന്നതില്‍ സുപ്രധാന പങ്ക് ഷാംഗ് വഹിച്ചിട്ടുണ്ട്. ഇപ്പോള്‍ സിംഗിള്‍സ് ഡേ എന്ന് പൊതുവേ വിശേഷിപ്പിക്കുന്ന ഡബിള്‍ 11 എന്ന ഷോപ്പിംഗ് ഫെസ്റ്റിവലിന് തുടക്കമിട്ട വ്യക്തിയെന്ന നിലയില്‍ ഷാംഗ് പ്രശസ്തനാണ്. 2009-ല്‍ നടന്ന ആദ്യ ഫെസ്റ്റിവല്‍ സെയില്‍സിലൂടെ 50 മില്യന്‍ യുവാന്‍ കൈവരിച്ചു. കഴിഞ്ഞ വര്‍ഷം ഇത് 168 ബില്യന്‍ യുവാന്‍ ആയി വളരുകയും ചെയ്തു. സിംഗിള്‍സ് ഡേ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ 24 മണിക്കൂര്‍ ഷോപ്പിംഗ് മേളയാണ്. സമാനമായ ഷോപ്പിംഗ് മേളയാണ് യുഎസിലെ ബ്ലാക്ക് ഫ്രൈഡേയും, ആമസോണ്‍ പ്രൈം ഡേയും. എന്നാല്‍ ഈ മേളയെ പിന്തള്ളിയിരിക്കുകയാണ് സിംഗിള്‍സ് ഡേ. ആലിബാബയ്ക്കായി പുതിയ റീട്ടെയ്ല്‍ തന്ത്രം മെനയുന്നതിനും, വിദേശത്ത് പ്രവര്‍ത്തനം വിപുലീകരിക്കുന്നതിനുമാണ് ഷാംഗ്, ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

Comments

comments

Categories: Business & Economy, Slider
Tags: Jack Ma