രൂപയുടെ തകര്‍ച്ച ഇന്ത്യന്‍ കമ്പനികള്‍ക്ക് ക്രെഡിറ്റ് നെഗറ്റീവ്: മൂഡീസ്

രൂപയുടെ തകര്‍ച്ച ഇന്ത്യന്‍ കമ്പനികള്‍ക്ക് ക്രെഡിറ്റ് നെഗറ്റീവ്: മൂഡീസ്

ഇന്നലെ വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ ഡോളറിനെതിരേ 72.46 ആയിരുന്നു രൂപയുടെ മൂല്യം

ന്യൂഡെല്‍ഹി: ഡോളറിനെതിരെ തുടരുന്ന രൂപയുടെ മൂല്യ തകര്‍ച്ച ഇന്ത്യന്‍ കമ്പനികള്‍ക്ക് ക്രെഡിറ്റ് നെഗറ്റീവ് ആണെന്ന് ആഗോള റേറ്റിംഗ് ഏജന്‍സിയായ മൂഡീസിന്റെ ഇന്‍വെസ്റ്റര്‍ സര്‍വീസ് റിപ്പോര്‍ട്ട്. രൂപയില്‍ വരുമാനം കണ്ടെത്തുകയും പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ വായ്പയ്ക്കും മൂലധന ചെലവുകള്‍ക്കും ഡോളറിനെ വലിയ തോതില്‍ ആശ്രയിക്കുകയും ചെയ്യുന്ന കമ്പനികള്‍ക്കാണ് വലിയ പ്രത്യാഘാതം നേരിടേണ്ടി വരിക.

ഇന്നലത്തെ വ്യാപാരത്തില്‍ ഒരു ഘട്ടത്തില്‍ 72.49 എന്ന താഴ്ചയിലായിരുന്നു രൂപ. 2018ന്റെ തുടക്കം മുതല്‍ 13 ശതമാനം വരെ ഇടിവാണ് രൂപയുടെ മൂല്യത്തിലുണ്ടായതെന്ന് മൂഡീസ് വൈസ് പ്രസിഡന്റ് അന്നലിസ ഡിസിയാര പറയുന്നു. എങ്കിലും ഏറ്റവും ഉയര്‍ന്ന റേറ്റിംഗിലുള്ള ഇന്ത്യയിലെ കോര്‍പ്പറേറ്റുകള്‍ക്ക് ഇതിന്റെ ആഘാതം കുറവായിരിക്കുമെന്ന് ഡിസിയാറ പറഞ്ഞു. ഇന്നലെ വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ ഡോളറിനെതിരേ 72.46 ആയിരുന്നു രൂപയുടെ മൂല്യം.

ഐടി, എണ്ണ, പാചകവാതകം, കെമിക്കല്‍ കമ്പനികള്‍, ഓട്ടോമൊബീല്‍സ്, സ്റ്റീല്‍, റിയല്‍ എസ്‌റ്റേറ്റ് മേഖല തുടങ്ങിയവ ഉള്‍പ്പടെയുള്ള മേഖലകളിലെ 24 കോര്‍പ്പറേറ്റ് കമ്പനികളെ അവലോകനം ചെയ്തതിനു ശേഷമാണ് മൂഡീസ് ഈ നിരീക്ഷണം നടത്തിയത്. ഇതില്‍ 12 കമ്പനികളുടെ വരുമാനം യുസ് ഡോളറിലാണ്. രൂപ ദുര്‍ബലമാകുന്നത് പണമൊഴുക്കില്‍ സൃഷ്ടിക്കുന്ന കുറവിനെ മറികടക്കാന്‍ ഇത് ഈ കമ്പനികള്‍ക്ക് സഹായകമാണെന്ന് മൂഡീസ് നിരീക്ഷിക്കുന്നു.

Comments

comments

Categories: Business & Economy
Tags: Rupee slips