പരസ്യ വരുമാനത്തില്‍ അടിതെറ്റി ഹിന്ദി വിനോദ ചാനലുകള്‍

പരസ്യ വരുമാനത്തില്‍ അടിതെറ്റി ഹിന്ദി വിനോദ ചാനലുകള്‍

2018 സാമ്പത്തിക വര്‍ഷത്തില്‍ ഹിന്ദി ചാനലുകളുടെ പരസ്യ വരുമാനം 9.05 ശതമാനം ഇടിഞ്ഞെന്ന് കെപിഎംജി

 

മുംബൈ: ഹിന്ദി ഭാഷയില്‍ സംപ്രേഷണം ചെയ്യുന്ന വിനോദ ചാനലുകള്‍ക്ക് പരസ്യ വരുമാനത്തില്‍ ഗണ്യമായ ഇടിവെന്ന് റിപ്പോര്‍ട്ട്. 2018 സാമ്പത്തിക വര്‍ഷത്തില്‍ പരസ്യ വരുമാനം 9.05 ശതമാനം ഇടിഞ്ഞെന്ന് കെപിഎംജി പുറത്തിറക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2017 സാമ്പത്തിക വര്‍ഷത്തില്‍ ടെലിവിഷന്‍ മേഖലയിലെ മൊത്തം പരസ്യ ചെലവിടലിന്റെ 30.5 ശതമാനം ഈ വിഭാഗത്തിനാണ് ലഭിച്ചിരുന്നത്. എന്നാല്‍ 2018 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 27.7 ശതമാനത്തിലേക്ക് ഇടിഞ്ഞു.

”പൊതുവെ, പരസ്യ ചെലവിടലിന്റെ വലിയൊരു ഭാഗം ഇപ്പോള്‍ ഐപിഎല്ലിലേക്കാണ് നീക്കി വെക്കുന്നത്. കഴിഞ്ഞ വര്‍ഷം ഐപിഎലിന് ശേഷമാണ് ജിഎസ്ടി നടപ്പാക്കപ്പെട്ടത്. ചെലവുകള്‍ നിയന്ത്രിക്കപ്പെട്ടതിനാല്‍ വിനോദ ചാനലുകളിലേക്കുള്ള ബജറ്റ് പുനര്‍വിന്യാസം സംഭവിച്ചില്ല”, കെപിഎംജി ഇന്ത്യ പാര്‍ട്ണറും മീഡീയ ആന്‍ഡ് എന്റര്‍ടൈയ്ന്‍മെന്റ് മേധാവിയുമായ ഗിരീഷ് മേനോന്‍ പറഞ്ഞു.

വരുമാനം കുറഞ്ഞെങ്കിലും വലിയ പദ്ധതികളില്‍ നിക്ഷേപിക്കുന്നത് ഹിന്ദി വിനോദ ചാനലുകള്‍ അവസാനിപ്പിച്ചിട്ടില്ല. പ്രേക്ഷകരെ കാത്ത് വലിയ പരിപാടികളാണ് അണിയറയില്‍ ഒരുങ്ങുന്നത്. ബിഗ് ബോസിന്റെ 12ാം സീസണ്‍ ആരംഭിക്കുമെന്ന് അടുത്തിടെയാണ് കളേഴ്‌സ് ടിവി പ്രഖ്യാപിച്ചത്. വിപണിയില്‍ നിലവിലെ ആദ്യ സ്ഥാനക്കാരായ സ്റ്റാര്‍ പ്ലസ,് ബാലാജി ടെലിഫിലിംസിന്റെ പിന്തുണയുള്ള കസൗട്ടി സിന്ദഗി കേ എന്ന സീരിയലിന്റെ തുടര്‍ ഭാഗം അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. സീ ടിവിയുടെ കുംങ്കും ഭാഗ്യയും കുണ്ഡലി ഭാഗ്യ പരമ്പരകളും മികച്ച രീതിയില്‍ മുന്നേറുന്നുണ്ട്.

നഗര മേഖലകളില്‍ കഴിഞ്ഞ നാല് ആഴ്ചകളിലും സ്റ്റാര്‍ പ്ലസ് പ്രേക്ഷകര്‍ക്കിടയില്‍ ആധിപത്യം തുടര്‍ന്നു. തൊട്ടുപിന്നില്‍ കളേഴ്‌സ് ടിവിയാണ്. അതേസമയം ഗ്രാമീണ മേഖലകളില്‍ ആറ് ആഴ്ചയായി സീ ടീവിയാണ് മുന്നിലുള്ളതെന്ന് ബാര്‍ക്ക് ഡാറ്റ പറയുന്നു.

ബിഗ് ബോസ് പോലുള്ള ഷോകള്‍ക്ക് വ്യത്യസ്ത തലത്തിലുള്ള കാഴ്ചക്കാരുണ്ടെന്ന് കളേഴ്‌സിന്റെ മാതൃകമ്പനിയായ വിയാകോം 18 ഗ്രൂപ്പിന്റെ സിഒഒ രാജ് നായക് പറയുന്നു. വര്‍ഷങ്ങളായി തങ്ങള്‍ സൃഷ്ടിച്ച വിശ്വസ്തരായ കാഴ്ചക്കാര്‍ ആ ഷോയുടെ പുതിയ സീസണായി കാത്തിക്കുന്നുണ്ട്. നിക്ഷേപത്തിന്റെ രീതിയില്‍ ചില വരുമാനങ്ങള്‍ ഷോയില്‍ നിന്ന് ലഭിച്ചാലും തങ്ങളെ സംബന്ധിച്ച് ഏറ്റവും ലാഭകരമായ ഷോകളിലൊന്നല്ല അതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

Comments

comments

Categories: FK News