ഒരേ രുചി ഒരേ സ്വാദ്, ചായ വിശേഷങ്ങളുമായി ‘ ഹാസ്‌രി’

ഒരേ രുചി ഒരേ സ്വാദ്, ചായ വിശേഷങ്ങളുമായി ‘ ഹാസ്‌രി’

എല്ലാ ദിവസവും ഒരേ രുചിയിലും സ്വാദിലുമുള്ള ചായ ലഭ്യമാക്കുന്നയിടം എന്ന നിലയിലാണ് ഹാസ്‌രി ശ്രദ്ധേയമാകുന്നത്. അര്‍ഥ വെഞ്ച്വര്‍ ഫണ്ടില്‍ നിന്നും 1.25 കോടി രൂപ സമാഹരിച്ച കമ്പനി അടുത്ത 18 മാസങ്ങള്‍ക്കുള്ളില്‍ 25 ല്‍ പരം ഔട്ട്‌ലെറ്റുകള്‍ പുതുതായി തുറക്കാന്‍ ലക്ഷ്യമിടുന്നു

 

നല്ല രുചിയുള്ള ചായ നല്‍കുന്ന സംരംഭങ്ങള്‍ ഇവിടെ ധാരാളമുണ്ട്. വിവിധ ഫ്‌ളേവറുകളില്‍ നൂറില്‍ പരം ചായകളാണ് ചില കടകളുടെ സവിശേഷത. എന്നാല്‍ എല്ലാ ദിവസവും ഒരേ രുചിയിലും സ്വാദിലുമുള്ള ചായ ലഭ്യമാക്കുന്നയിടം എന്ന നിലയിലാണ് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹാസ്‌രി ശ്രദ്ധേയമാകുന്നത്. രാവിലെയെന്നോ പകലെന്നോ ഇല്ലാതെ ഏതു ദിവസം വന്നാലും ഇവിടുത്തെ ചായയുടെ രുചിയില്‍ തെല്ലും വ്യത്യാസമുണ്ടാകില്ല. അതിന്റെ രഹസ്യം ചായ ഉണ്ടാക്കുന്നതിലാണെന്ന് സംരംഭകര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നു.

കരണ്‍ സിംഗാള്‍, അര്‍ജുന്‍ മിദ്ദ, ധ്രുവ് അഗര്‍വാള്‍ എന്നീ മൂവര്‍ സംഘമാണ് ഹാസ്‌രിയുടെ അണിയറ പ്രവര്‍ത്തകര്‍. വേറിട്ട ചായ റെസിപ്പി തയാറാക്കി, എല്ലാ ദിവസവും ഒരേ രീതിയിലുള്ള ചായ ലഭ്യമാക്കുമെന്ന വാഗ്ദാനമാണ് അവര്‍ ഉപഭോക്താക്കള്‍ക്കു നില്‍കിയിരിക്കുന്നത്. ”റോഡിന്റെ വശങ്ങളിലുള്ള ചായക്കച്ചവടക്കാര്‍ക്കും ടീ വെന്‍ഡിംഗ് മെഷീനുകള്‍ക്കും പകരമായി ആരോഗ്യകരവും താങ്ങാവുന്ന വിലയിലുമുള്ള ചായയാണ് ഞങ്ങള്‍ നല്‍കുന്നത്. യാത്രക്കാര്‍ക്കു മാത്രമല്ല, ഓഫീസുകളിലേക്കും വിതരണം നടത്തുന്നുണ്ട്,” ധ്രുവ് പറയുന്നു.

ഹാസ്‌രിയുടെ സ്വാദിന് പ്രിയമേറുന്നു

മുംബൈയിലെ ചായ പ്രിയരായ ജനതയുടെ ഇഷ്ട തോഴനായി മാറുകയാണിപ്പോള്‍ ഹാസ്‌രി. ചായ കച്ചവടം പൊടിപൊടിക്കുമ്പോള്‍ സംരംഭത്തോട് നിരവധി നിക്ഷേപകര്‍ക്കും താല്‍പ്പര്യം വര്‍ധിച്ചു വരുന്നുണ്ട്. അര്‍ഥ വെഞ്ച്വര്‍ ഫണ്ടില്‍ നിന്നും 1.25 കോടി രൂപ സമാഹരിച്ച കമ്പനി അടുത്ത 18 മാസങ്ങള്‍ക്കുള്ളില്‍ 25 ല്‍ പരം ഔട്ട്‌ലെറ്റുകള്‍ പുതുതായി തുറക്കാനാണ് ലക്ഷ്യമിടുന്നത്.

രണ്ടു വര്‍ഷം മുമ്പ് മുംബൈയിലെ മലാഡില്‍ തുടക്കമിട്ട ഹാസ്‌രിയിലെ ഒരു ചായയ്ക്ക് 20 രൂപയാണ് വില. ഇപ്പോള്‍ നിലവിലുള്ള അഞ്ച് ഔട്ട്‌ലെറ്റുകളിലും ചായയ്ക്കു ഉപയോഗിക്കുന്നത് ഒരേ റെസിപ്പിയാണെന്നും അവയിലെ രുചിക്കും മാറ്റമുണ്ടാകില്ലെന്ന് സംരംഭകര്‍ പറയുന്നു. ഇത്തരത്തില്‍ ചായയുടെ രുചി ഒരേപോലെയാകുന്നതിന്റെ പിന്നിലെ രഹസ്യം മറ്റൊന്നുമല്ല, ഇവിടെ ഒന്നോ രണ്ടോ കപ്പുകള്‍ക്കു വേണ്ടി ചായ ഉണ്ടാക്കാറില്ല. ഒരു സമയത്ത് 2.5 ലിറ്റര്‍ ചായയാണ് തയാറാക്കുക. 20 മിനിറ്റ് സമയമെടുത്താണ് ചായ തയാറാക്കുന്നത്. ദിബ്രുഗയില്‍ നിന്നുള്ള തേയിലയിലയാണ് ചായ തയാറാക്കാന്‍ ഉപയോഗിക്കുന്നതെന്നും ധ്രുവ് പറയുന്നു.

ഭാവി പദ്ധതികള്‍

മുംബൈയില്‍ വാടകയിനത്തിലെ ചെലവ് ബിസിനസിന്റെ തുടക്കത്തില്‍ ഏറ്റവും വലിയ വെല്ലുവിളിയായതായി ധ്രുവ് ചൂണ്ടിക്കാണിക്കുന്നുണ്ട്. തുടര്‍ന്ന് റെവന്യൂ ഷെയറിംഗ് പ്ലാറ്റ്‌ഫോമിലായിരുന്നു സംരംഭത്തിന്റെ പ്രവര്‍ത്തനം. പെനിന്‍സുല ബിസിനസ് പാര്‍ക്കില്‍ നാലോളം ഔട്ട്‌ലെറ്റുകളുള്ള ഹാസ്‌രി സിനിമാസ്, പ്രധാന ഹോസ്പിറ്റലുകള്‍, കോളെജുകള്‍ എന്നിവരുമായി പങ്കാളിത്തം സ്ഥാപിക്കാന്‍ പദ്ധതിയിടുന്നുണ്ട്. ചായയ്ക്കു പുറമെ പഞ്ചാബിലെ പ്രധാന സ്‌നാക്‌സ് വിഭവങ്ങളും ഇവിടെ നിന്നും ലഭിക്കും.

15 ലക്ഷം രൂപ പ്രാഥമിക നിക്ഷേപത്തില്‍ തുടങ്ങിയ സംരംഭം അധികം വൈകാതെ തന്നെ സാധാരണക്കാര്‍ക്ക് താഴ്ന്ന വിലയില്‍ ഭക്ഷണം ലഭ്യമാക്കുന്ന സംരംഭത്തിലേക്കും ചുവടുവെച്ചേക്കും. ഹാസ്‌രിയുടെ തുടക്കത്തില്‍, ആദ്യത്തെ ആറു മാസത്തില്‍ പ്രതിമാസം 95,000 രൂപയായിരുന്നു വരുമാനം. എന്നാല്‍ കോര്‍പ്പറേറ്റ് മാതൃകയിലേക്ക് കടന്നതോടെ വരുമാനം പ്രതിമാസം 2 ലക്ഷം രൂപ കടന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ ഹാസ്‌രിയുടെ വരുമാനം 4 ലക്ഷത്തില്‍ എത്തിയിരുന്നു. ദിവസേന നാല്‍പതോളം കോര്‍പ്പറേറ്റ് കമ്പനികള്‍ക്കായി 1800 കപ്പ് ചായയാണ് ഹാസ്‌രിയില്‍ നിന്നും വിറ്റഴിയുന്നത്.

Comments

comments

Categories: Entrepreneurship
Tags: Hasri chaya