DWeb എന്ന ഇന്റര്‍നെറ്റ് ബദല്‍

DWeb എന്ന ഇന്റര്‍നെറ്റ് ബദല്‍

ഗൂഗിളും, ഫേസ്ബുക്കും, ആമസോണും പോലുള്ള വന്‍കിട കമ്പനികളാണ് ഇന്ന് നമ്മളുടെ ഡാറ്റയുടെ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നത്. ഇവയില്‍നിന്നും നമ്മളുടെ ഡാറ്റയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ ഡി-വെബ്ബിന് അഥവാ വികേന്ദ്രീകൃത വെബ്ബിനാകുമോ ? ഈ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താനുള്ള ശ്രമം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

ചൈനീസ് ഭരണകൂടവുമായി സഹകരിച്ചു ഗൂഗിള്‍ അവരുടെ സെര്‍ച്ച് എഞ്ചിന്റെ സെന്‍സേര്‍ഡ് പതിപ്പ് പ്രവര്‍ത്തിപ്പിക്കാന്‍ തയാറെടുക്കകയാണെന്ന വാര്‍ത്ത കഴിഞ്ഞ മാസം പ്രചരിച്ചിരുന്നു. ഇക്കാര്യം ടെക് ഭീമനായ ഗൂഗിള്‍ സ്ഥിരീകരിക്കുകയോ, നിഷേധിക്കുകയോ ചെയ്തുമില്ല. ഈ വാര്‍ത്ത പ്രചരിച്ചിരുന്ന സമയത്ത് അതായത്, ജുലൈ 31 മുതല്‍ ഓഗസ്റ്റ് രണ്ട് വരെയുള്ള കാലത്ത് ഗൂഗിള്‍, ഫെയ്‌സ്ബുക്ക് തുടങ്ങിയ ഇന്റര്‍നെറ്റ് കമ്പനികളെ മറികടക്കാനുള്ള മഹത്തായ ആശയം ചര്‍ച്ച ചെയ്യാന്‍ സാന്‍ഫ്രാന്‍സിസ്‌കോയില്‍, വേള്‍ഡ് വൈഡ് വെബ്ബിന്റെ (www) സൃഷ്ടാവായ ടിം ബേണേഴ്‌സ് ലീയും, 800-ാളം വെബ് നിര്‍മാതാക്കളും യോഗം ചേരുകയായിരുന്നു. Decentralised Web Summit-ല്‍ വച്ചാണ് ഈ യോഗം ചേര്‍ന്നത്. ഇന്റര്‍നെറ്റ് ആര്‍ക്കൈവ് ആണ് ഈ വെബ് സമ്മിറ്റിന് ആതിഥേയത്വം വഹിച്ചത്. ‘ഒരു നിയന്ത്രണവും കൂടാതെ എല്ലാ വിവരങ്ങളും എല്ലാവര്‍ക്കും ലഭ്യമാക്കുക’ (universal access to all knowledge) എന്ന ലക്ഷ്യത്തോടു കൂടി ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു ഡിജിറ്റല്‍ ലൈബ്രറിയാണ് ഇന്റര്‍നെറ്റ് ആര്‍ക്കൈവ്. സാന്‍ ഫ്രാന്‍സിസ്‌കോയിലാണ് ആസ്ഥാനം. പുസ്തകങ്ങള്‍, വെബ് സൈറ്റുകള്‍, സോഫ്റ്റ്‌വെയറുകള്‍, ഗെയ്മുകള്‍, ചലച്ചിത്രങ്ങള്‍, ചിത്രങ്ങള്‍ തുടങ്ങിയ ഡിജിറ്റല്‍ വസ്തുക്കളുടെ തുറന്ന ലഭ്യത ഇന്റര്‍നെറ്റ് ആര്‍ക്കൈവിലൂടെ സാധ്യമാക്കുന്നു. ശേഖരിക്കുക എന്നതിനു പുറമെ സ്വതന്ത്രമായി ലഭിക്കുന്ന സ്രോതസ്സുകള്‍ ഉപയോക്താക്കള്‍ക്കു വഴങ്ങുന്ന രീതിയില്‍ ക്രമീകരിക്കുകയും അവയ്ക്കു തുറന്ന ലഭ്യത ഉറപ്പു വരുത്തുകയും ചെയ്യുന്നു ഇന്റര്‍നെറ്റ് ആര്‍ക്കൈവ്.

ഡി വെബ്ബിന്റെ ലക്ഷ്യം സുതാര്യത

എഡ്വേഡ് സ്‌നോഡന്റെ വെളിപ്പെടുത്തലും, കേംബ്രിഡ്ജ് അനലിറ്റിക്ക അഴിമതിയും ലോകത്തെ ഞെട്ടിപ്പിച്ച സംഭവങ്ങളാണ്. ഇതേ തുടര്‍ന്നു സ്വകാര്യതയ്ക്കും (privacy), ചാരവൃത്തിക്കും (spying) ചുറ്റുമുള്ള കാര്യങ്ങളെ കുറിച്ചു പൊതുവേ ആശങ്കയുയര്‍ന്നു. ഇതേ തുടര്‍ന്നാണ് ഡി-വെബ്ബിനെ കുറിച്ചുള്ള ആശയം തന്നെ ഉയര്‍ന്നുവന്നത്. ലാഭം കൊയ്യാനായി ഉപയോക്താക്കളുടെ (യൂസറുടെ) ഡാറ്റ ശേഖരിക്കുന്ന വലിയ കമ്പനികളെ ആശ്രയിക്കാതെ ഇന്റര്‍നെറ്റിലൂടെ ആശയവിനിമയം നടത്താനും, ഭരണകൂടങ്ങള്‍ക്ക് ആവശ്യമെങ്കില്‍ നിരീക്ഷണം എളുപ്പമാക്കാനും സാധ്യമാക്കുന്ന സാഹചര്യം ഒരുക്കുകയെന്നതാണ് ഡി-വെബ്ബ് അഥവാ ഡീസെന്‍ട്രലൈസ്ഡ് വെബ്ബ് എന്ന ആശയത്തെ പ്രോത്സാഹിപ്പിക്കുന്നവരുടെ ലക്ഷ്യം.

എന്താണ് ഡി-വെബ്ബ് ?

നമ്മള്‍ക്കറിയാവുന്ന വെബ് പോലെയാണ് അത്, എന്നാല്‍ കേന്ദ്രീകൃത ഓപ്പറേറ്ററുകളെ ആശ്രയിക്കുന്നില്ല ഡി-വെബ്ബ്. 1989-ല്‍ നിലവില്‍ വന്ന വേള്‍ഡ് വൈഡ് വെബ്ബിന്റെ ആദ്യകാലങ്ങളില്‍, നമ്മളെ, പരസ്പരം സംസാരിക്കുന്ന ഡെസ്‌ക്ടോപ്പ് കമ്പ്യൂട്ടറുകളിലൂടെ, സുഹൃത്തുക്കളുമായും ബന്ധുക്കളുമായും നേരിട്ടു ബന്ധിപ്പിച്ചു. എന്നാല്‍ 2000-ന്റെ ആരംഭത്തില്‍ വെബ് 2.0-ന്റെ ആഗമനത്തോടെ നമ്മള്‍ പരസ്പരം ആശയവിനിമയം നടത്തുകയും വിവരങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്യുന്നത് ഗൂഗിള്‍, ഫെയ്‌സ്ബുക്ക്, ആമസോണ്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ വലിയ കമ്പനികള്‍ നല്‍കുന്ന സെന്‍ട്രലൈസ്ഡ് സര്‍വീസ് അഥവാ കേന്ദ്രീകൃത സേവനത്തിലൂടെയാണ്.
ഇന്ന് നമ്മളുടെ ലാപ്‌ടോപ്പ്/ഡെസ്‌ക് ടോപ്പ് എന്നത് വെറുമൊരു സ്‌ക്രീന്‍ മാത്രമാണ്. ക്ലൗഡ് ഇല്ലാതെ യാതൊരു പ്രയോജനവും അവയ്ക്കില്ല. ഇന്റര്‍നെറ്റ് അടിസ്ഥാനമാക്കിയുള്ള ഒരു കമ്പ്യൂട്ടിങ്ങ് രീതിയാണ് ക്ലൗഡ് കമ്പ്യൂട്ടിങ്ങ്. ചുരുക്കത്തില്‍ ഡി-വെബ് എന്നാല്‍ ഉപയോക്താക്കള്‍ അവരുടെ ഡാറ്റ നിയന്ത്രിക്കുകയും തങ്ങളുടെ നെറ്റ്‌വര്‍ക്കിലെ മറ്റുള്ളവരുമായി നേരിട്ട് ആശയവിനിമയം നടത്തുകയും ആശയവിനിമയം നടത്തുകയും ചെയ്യുന്ന രീതിയാണ്.

എന്തെല്ലാം വെല്ലുവിളിയാണ് ഡി-വെബ് അഭിമുഖീകരിക്കേണ്ടി വരിക ?

വികേന്ദ്രീകൃതമായ ഒരു വെബ് അഥവാ ഡി-വെബ് നിര്‍മ്മിക്കാന്‍ സാങ്കേതികമായി കൂടുതല്‍ ബുദ്ധിമുട്ടാണ്. കാരണം പ്രവര്‍ത്തിപ്പിക്കല്‍, കൈകാര്യം ചെയ്യല്‍, ഏകോപനം തുടങ്ങിയ കാര്യങ്ങളെല്ലാം ഒരു സ്ഥലത്ത് അല്ല. അത് വികേന്ദ്രീകൃതമായിരിക്കും. ആര്‍ക്കും ഉത്തരവാദിത്വമില്ലാത്ത ഒരു സാഹചര്യത്തില്‍ എങ്ങനെയാണ് ഡി-വെബ് എന്ന ആശയം സാക്ഷാത്കരിക്കാനാവുകയെന്ന ചോദ്യവും ഉയരുന്നുണ്ട്. ഡി-വെബ്ബില്‍ കേന്ദ്രീകൃത സംവിധാനമില്ലാത്തതിനാല്‍ ഓണ്‍ലൈനിലൂടെയുള്ള വിദ്വേഷ പ്രസംഗവും, ഉപദ്രവങ്ങളും വര്‍ധിക്കാനാണു സാധ്യത. നിലവില്‍ കേന്ദ്രീകൃത സംവിധാനമുണ്ടായിട്ടു പോലും ഫേസ്ബുക്കും, ഗൂഗിളും, ട്വിറ്ററുമൊക്കെ ഈ പ്രശ്‌നം പരിഹരിക്കാനാവാതെ ബുദ്ധിമുട്ടുകയാണ്. വികേന്ദ്രീകൃത വെബ് ഇതുവരെ ഇവിടെ നടപ്പിലായിട്ടില്ല. എന്നാല്‍ വികേന്ദ്രീകൃത മാതൃകയില്‍ വികസിപ്പിച്ച ആപ്പും, പ്രോഗ്രാമുകളും ഇവിടെയുണ്ട്. അവയില്‍ പലതും പരീക്ഷണഘട്ടത്തിലുള്ളവയാണ്. എന്നാല്‍ OpenBazaar (വികേന്ദ്രീകൃത വിപണി) പോലെ കൂടുതല്‍ വികസിപ്പിച്ച ഉത്പന്നങ്ങളുമുണ്ട്. Graphite Docs (Google documents ന്റെ ബദല്‍), DTube (യു ട്യൂബിന്റെ ബദല്‍) Matrix (വാട്‌സ് ആപ്പിനുള്ള ബദല്‍) Akasha, Diaspora (സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകള്‍ക്കുള്ള ബദല്‍) തുടങ്ങിയവയും വികസിപ്പിച്ച ഉത്പന്നങ്ങളാണ്.

വേള്‍ഡ് വൈഡ് വെബ്ബും ഡി-വെബ്ബും തമ്മിലുള്ള വ്യത്യാസം

പീര്‍-ടു-പീര്‍ കണക്റ്റിവിറ്റിയാണ് ഡി-വെബ്ബിലേത്. അതായത്, ഡി-വെബ്ബില്‍, നമ്മളുടെ കമ്പ്യൂട്ടര്‍ സേവനങ്ങള്‍ അഭ്യര്‍ത്ഥിക്കുക മാത്രമല്ല അവ നല്‍കപ്പെടുകയും ചെയ്യുന്നു. രണ്ടാമതായി, വിവരങ്ങള്‍ ശേഖരിക്കുന്നതും വീണ്ടെടുക്കുന്ന രീതിയും വ്യത്യസ്തമായിരിക്കുമെന്നതാണ്.

എന്തു കൊണ്ട് ബദല്‍ വേണമെന്ന ആവശ്യം ഉയരുന്നു ?

നിലവില്‍ നമ്മളുടെ ഡാറ്റ (യൂസര്‍ ഡാറ്റ) ഏതാനും ചില സ്ഥാപനങ്ങളുടെ അല്ലെങ്കില്‍ കുത്തക ഭീമന്മാരുടെ കൈവശമാണിരിക്കുന്നത്. അതാകട്ടെ ഒരു നാള്‍ ഹാക്ക് ചെയ്യപ്പെടാനുള്ള അപകട സാധ്യതയുമുണ്ട്. ഇത്തരത്തില്‍ ഡാറ്റ കൈകാര്യം ചെയ്യുന്ന കേന്ദ്രീകൃത സംവിധാനം ഏതെങ്കിലും ഒരു കാലത്ത് തകരുകയാണെങ്കില്‍, നമ്മളുടെ ഡാറ്റയും കണക്ഷനും നഷ്ടപ്പെടും. ഇതിനു പുറമേ, പല കമ്പനികളുടെയും ബിസിനസ് മോഡലുകള്‍ ഉയര്‍ത്തുന്ന സ്വകാര്യതയുമായി ബന്ധപ്പെട്ട ആശങ്കയുമുണ്ട്. എന്നാല്‍ ഡി-വെബ് ഇത്തരം പ്രശ്‌നങ്ങളൊന്നുമില്ലാത്തവയാണ്. ഇപ്പോള്‍ ലഭിക്കുന്ന വെബ് സേവനം ഡി-വെബ്ബും വാഗ്ദാനം ചെയ്യും. പക്ഷേ, അത് വികന്ദ്രീകൃതമായിരിക്കും. നിയന്ത്രണം, സ്വകാര്യത എന്നിവ ഡി-വെബ്ബില്‍ ഉറപ്പിക്കാം. ഒരു വെബ്‌സൈറ്റ് ബ്ലോക്ക് ചെയ്യുക എന്നത് ഡി-വെബ്ബില്‍ സാധ്യമായിരിക്കില്ല.

Comments

comments

Categories: Tech
Tags: De-web