ക്ലാസിക് 500 എബിഎസ് ഡെലിവറി ആരംഭിച്ചു

ക്ലാസിക് 500 എബിഎസ് ഡെലിവറി ആരംഭിച്ചു

മുംബൈ എക്‌സ് ഷോറൂം വില 2.10 ലക്ഷം രൂപ

ന്യൂഡെല്‍ഹി : റോയല്‍ എന്‍ഫീല്‍ഡിന്റെ രാജ്യമെങ്ങുമുള്ള ഡീലര്‍ഷിപ്പുകള്‍ ക്ലാസിക് 500 എബിഎസ് വേര്‍ഷന്‍ വിതരണം ചെയ്യാനാരംഭിച്ചു. 2.10 ലക്ഷം രൂപയാണ് മോട്ടോര്‍സൈക്കിളിന് മുംബൈ എക്‌സ് ഷോറൂം വില. സ്റ്റാന്‍ഡേഡ് വേര്‍ഷനേക്കാള്‍ ഏകദേശം 20,000-30,000 രൂപ കൂടുതല്‍. ക്ലാസിക് 500 മോട്ടോര്‍സൈക്കിളിന്റെ നിറമനുസരിച്ച് വിലയില്‍ വ്യത്യാസം വരും. തുടക്കത്തില്‍ സ്‌റ്റെല്‍ത്ത് ബ്ലാക്ക്, ഡെസേര്‍ട്ട് സ്‌റ്റോം കളര്‍ ഓപ്ഷനുകളില്‍ മാത്രമാണ് എബിഎസ് ലഭിക്കുന്നതെന്ന് ഡീലര്‍മാര്‍ അറിയിച്ചു. മറ്റ് വേര്‍ഷനുകളില്‍ എബിഎസ് ഫീച്ചര്‍ പിന്നീട് നല്‍കും.

ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം സഹിതം ക്ലാസിക് 350 സിഗ്‌നല്‍സ് എഡിഷന്‍ നേരത്തെ പുറത്തിറക്കിയിരുന്നു. ഇന്ത്യയില്‍ എബിഎസ് ലഭിക്കുന്ന ആദ്യ റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളാണ് ക്ലാസിക് 350 സിഗ്‌നല്‍സ് എഡിഷന്‍. കൂടാതെ ഹിമാലയന്‍ അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളിന്റെ എബിഎസ് പതിപ്പും റോയല്‍ എന്‍ഫീല്‍ഡ് അവതരിപ്പിച്ചു.

ഈ രണ്ട് മോട്ടോര്‍സൈക്കിളിലേതുപോലെ ഡുവല്‍ ചാനല്‍ എബിഎസ് യൂണിറ്റാണ് ക്ലാസിക് 500 ബൈക്കില്‍ റോയല്‍ എന്‍ഫീല്‍ഡ് നല്‍കിയിരിക്കുന്നത്. എന്നാല്‍ എബിഎസ് നല്‍കിയപ്പോള്‍ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന് ഏകദേശം 10,000-12,000 രൂപ മാത്രമാണ് വില വര്‍ധിച്ചത്. റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളുകളില്‍ എബിഎസ്സിനായി കാത്തിരിപ്പ് തുടങ്ങിയിട്ട് നാളേറെയായി. അതേസമയം കമ്പനിയുടെ അന്തര്‍ദേശീയ വേര്‍ഷനുകളില്‍ എബിഎസ് നേരത്തെ നല്‍കിയിരുന്നു.

എബിഎസ് നല്‍കി എന്നതൊഴിച്ചാല്‍, ക്ലാസിക് 500 മോട്ടോര്‍സൈക്കിളില്‍ മറ്റ് മാറ്റങ്ങളില്ല. 499 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ്, ഫ്യൂവല്‍ ഇന്‍ജെക്റ്റഡ് എന്‍ജിന്‍ 27 ബിഎച്ച്പി കരുത്തും 41 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് ട്രാന്‍സ്മിഷന്‍ മോട്ടോറുമായി ചേര്‍ത്തുവെച്ചു.

റോയല്‍ എന്‍ഫീല്‍ഡിന്റെ മുഴുവന്‍ ബൈക്കുകളിലും താമസിയാതെ എബിഎസ് നല്‍കും. 650 സിസി ഇരട്ടകളായ ഇന്റര്‍സെപ്റ്റര്‍, കോണ്ടിനെന്റല്‍ ജിടി മോട്ടോര്‍സൈക്കിളുകള്‍ കമ്പനി ഈ മാസം ആഗോളതലത്തില്‍ പുറത്തിറക്കും.

Comments

comments

Categories: Auto