ഭാരതി ഇന്‍ഫ്രാടെലിന്റെ വരുമാനം ഇടിയും

ഭാരതി ഇന്‍ഫ്രാടെലിന്റെ വരുമാനം ഇടിയും

വൊഡഫോണ്‍ ഐഡിയ ലിമിറ്റഡില്‍ നിന്ന് വാടക കരാര്‍ അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ഭാരതി എയര്‍ടെലിന് നോട്ടീസുകള്‍ അയച്ചുതുടങ്ങിയിട്ടുണ്ട്

കൊല്‍ക്കത്ത: ടെലികോം ഭീമനായ ഭാരതി എയര്‍ടെല്ലിന്റെ മൊബൈല്‍ ടവര്‍ വിഭാഗമായ ഭാരതി ഇന്‍ഫ്രാടെലിന്റെ വരുമാനവും പ്രവര്‍ത്തന ലാഭവും മൂന്ന് വര്‍ഷത്തേക്ക് കുറഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ട്. വൊഡഫോണ്‍ ഇന്ത്യ, ഐഡിയ സംയുക്ത സംരംഭം നിരവധി പാട്ടക്കരാറുകള്‍ ഒഴിവാക്കുന്നതാണ് ഇതിന്് പ്രധാന കാരണം.
10-12 ശതമാനം കുറവാണ് എയര്‍ടെലിന്റെ ടവര്‍ യൂണിറ്റിന്റെ വരുമാനത്തിലുണ്ടാവുക. പ്രവര്‍ത്തന വരുമാനത്തില്‍ 15-18 ശതമാനത്തിന്റെ കുറവും ഉണ്ടായേക്കാമെന്ന് സ്വിസ് ബ്രോക്കറേജ് യുബിഎസിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 2018-20 വര്‍ഷങ്ങളില്‍ വൊഡഫോണ്‍ ഐഡിയ നിരവധി ടവറുകളുടെ വാടക കരാറില്‍ നിന്ന് പിന്‍മാറുന്നത് എയര്‍ടെലിനെ കാര്യമായി ബാധിക്കുമെന്നാണ് കരുതുന്നത്. ഐഡിയക്കും വോഡഫോണിനും ഇനി വെവ്വേറേ ടവറുകള്‍ ആവശ്യമില്ലാതാകുന്ന സാഹചര്യത്തിലാണ് വിവിധ ടവറുകള്‍ സംയുക്ത സംരംഭം കൈയൊഴിയുന്നത്.
വൊഡഫോണ്‍ ഐഡിയ ലിമിറ്റഡില്‍ നിന്ന് വാടക കരാര്‍ അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ഭാരതി എയര്‍ടെലിന് നോട്ടീസുകള്‍ അയച്ചുതുടങ്ങിയിട്ടുണ്ട്. 27,447 ടവറുകളുടെ വാടക കരാര്‍ അവസാനിപ്പിക്കാനാണ് ആവശ്യം. ഇത് സെപ്റ്റംബര്‍ 1 മുതല്‍ ഇത്് നടപ്പായി. പ്രതിമാസം ടെലികോം ടവര്‍ കമ്പനിക്ക് ഇത് 60-65 കോടി രൂപയുടെ നഷ്ടം വരുത്തും. വൊഡാഫോണ്‍ ഐഡിയയില്‍ നിന്നും കൂടുതല്‍ വാടക കരാറുകള്‍ റദ്ദാക്കുന്നത് സംബന്ധിച്ച് നോട്ടീസുകള്‍ ഭാരതി ഇന്‍ഫ്രാടെലിന് വരും ദിവസങ്ങളില്‍ ലഭിക്കുമെന്ന് ബാങ്ക് ഓഫ് അമേരിക്ക മെറില്‍ ലിഞ്ച് പറയുന്നു.
നെറ്റ്‌വര്‍ക്ക് സംയോജനം വൊഡാഫോണ്‍ ഐഡിയ ആരംഭിച്ചിട്ടേയുള്ളൂ. കരാറുകളില്‍ നിന്ന് നേരത്തേ പിന്‍മാറുന്നതിന്റെ ഭാഗമായി ഭാരതി ഇന്‍ഫ്രാടെലിന് നഷ്ടപരിഹാര തുക ആവശ്യപ്പെടാവുന്നതാണ്. കണക്കുകള്‍ പ്രകാരം 1,400-1.500 കോടിയോളം എക്‌സിറ്റ് പിഴയായി എയര്‍ടെലിന് അവകാശപ്പെടാമെന്നാണ് യുഎസ് ബ്രോക്കറേജ് സ്ഥാപനം യുബിഎസ് അഭിപ്രായപ്പെടുന്നത്. എന്നാല്‍ സംഭവിക്കുന്ന നഷ്ടം കണക്കാക്കുമ്പോള്‍ ഇത് പരിമിതമായിരിക്കുമെന്നും ഈ തുക മുഴുവനായും നേടാനാകില്ലെന്നും വിലയിരുത്തപ്പെടുന്നു.
ഭാരതി ഇന്‍ഫ്രാടെലിന്റെ വളര്‍ച്ചയ്ക്കുള്ള ഭാവി അവസരങ്ങള്‍ കുറവാണ്. റിലയന്‍സ് ജിയോ സ്വന്തമായി ടവറുകള്‍ നിര്‍മിക്കുന്നതും വൊഡാഫേണ്‍ ഐഡിയ ഏകീകരിച്ച സംവിധാനത്തിലേക്ക് വരുന്നതുമാണ് ഇതിനു കാരണം.
ഫൈബര്‍ ഒപ്റ്റിക് നെറ്റ്‌വര്‍ക്കുകള്‍, സ്മാര്‍ട്ട് സിറ്റികള്‍ തുടങ്ങിയ അനുബന്ധ ബിസിനസ്സുകളിലേക്ക് മൂലധനം നിക്ഷേപിക്കേണ്ടത് അനിവാര്യമാണെന്നാണ് ഭാരതി ഇന്‍ഫ്രാടെല്‍ വിലയിരുത്തുന്നത്.

Comments

comments

Categories: Business & Economy