ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ഔദ്യോഗിക ഡിജിറ്റല്‍ ഇന്നൊവേഷന്‍ പാര്‍ട്ണറായി ഇന്‍ഫോസിസ്

ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ഔദ്യോഗിക ഡിജിറ്റല്‍ ഇന്നൊവേഷന്‍ പാര്‍ട്ണറായി ഇന്‍ഫോസിസ്

ബെംഗളൂരു: പ്രമുഖ ഇന്ത്യന്‍ ഐടി കമ്പനിയായ ഇന്‍ഫോസിസ് ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റായ ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ഔദ്യോഗിക ഡിജിറ്റല്‍ ഇന്നൊവേഷന്‍ പാര്‍ട്ണറായി കരാര്‍ ഒപ്പുവെച്ചു. മൂന്നു വര്‍ഷ കാലയളവിലേക്കാണ് കരാര്‍. ടെന്നീസ് കോര്‍ട്ടിനകത്തും പുറത്തുമുള്ള ടെന്നീസ് ആസ്വാദനത്തിന് പുതിയൊരു മാനം നല്‍കുകയെന്നതാണ് സഹകരണ പദ്ധതിയുടെ ലക്ഷ്യം.

സഹകരണത്തിന്റെ ഭാഗമായി ടെന്നീസ് ആരാധകര്‍ക്ക് നൂതനമായ മികച്ച അനുഭവം സമ്മാനിക്കുന്നതിനായി ഇന്‍ഫോസിസ് തങ്ങളുടെ ബിഗ് ഡാറ്റ & അനലക്റ്റിക്‌സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, വെര്‍ച്വല്‍ & ഓഗ്മെന്റഡ് റിയാലിറ്റി തുടങ്ങിയ ആധുനിക ടെക്‌നോളജികളിലെ വൈദഗ്ധ്യം പ്രയോജനപ്പെടുത്തും. ടെന്നീസ് രംഗത്തെ ഇന്‍ഫോസിസിന്റെ രണ്ടാമത്തെ സഹകരണ പദ്ധതിയാണിത്. എടിപി വേള്‍ഡ് ടൂറിന്റെ ടെക്‌നോളജി പാര്‍ട്ണറായ ഇന്‍ഫോസിസ് ടെന്നീസ് ആരാധകര്‍ക്ക് നിയ എന്ന കമ്പനിയുടെ ഓപ്പണ്‍ ഡാറ്റാ അനലക്റ്റിക്‌സ് പ്ലാറ്റ്‌ഫോം വഴി വിവരങ്ങളും ഉള്‍കാഴ്ച്ചയും നല്‍കുന്നുണ്ട്.

ടെന്നീസ് കളിക്കാരും പരിശീലകരും ആരാധകരുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് ഡാറ്റയും ഉള്‍ക്കാഴ്ച്ചയും പ്രയോജനപ്പെടുത്തേണ്ടതിന്റെ ആവശ്യകത ബോധ്യമായതായും ഇന്‍ഫോസിസുമായി സഹകരിച്ച് ടെന്നീസിനെ ഭാവിയില്‍ ഓരോരുത്തര്‍ക്കും അനുഭവവേദ്യമാകുന്ന രീതിയില്‍ വിപ്ലവകരമായ മാറ്റം വരുത്താനാണ് ആഗ്രഹിക്കുന്നതെന്നും ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടൂര്‍ണമെന്റ് ഡയറക്റ്റര്‍ ക്രെയ്ഗ് ടിലെ പറഞ്ഞു. പങ്കാളിത്തം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ആസ്വദിക്കാനുള്ള പുതിയ വഴികള്‍ തുറക്കുമെന്ന് ഇന്‍ഫോസിസ് സിഇഒ സലില്‍ പരേഖ് അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ ഐടി മേഖല കായികരംഗവുമായി ഇതിനു മുമ്പും പലപ്പോഴും സഹകരിച്ചിട്ടുണ്ട്. 2015 ല്‍ എച്ച്‌സിഎല്‍ ടെക്‌നോളജീസ് ഇംഗ്ലീഷ് ഫുട്‌ബോള്‍ ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി മൂന്നു വര്‍ഷത്തെ കരാറില്‍ ഏര്‍പ്പെട്ടിരുന്നു. വിപ്രോയും ഇംഗ്ലീഷ് ഫുട്‌ബോള്‍ ക്ലബ്ബ് ചെല്‍സിയുമായി സമാനമായ കരാര്‍ ഉണ്ടാക്കിയിരുന്നു. ഇതിനു പുറമെ വിപ്രോ കഴിഞ്ഞ വര്‍ഷം ഫോര്‍മുല വണ്‍ ടീം മക്‌ലാറെനുമായി ഡിജിറ്റല്‍വല്‍ക്കരണത്തിന് പങ്കാളിത്ത കരാറില്‍ ഏര്‍പ്പെടുകയുണ്ടായി.

Comments

comments

Categories: Business & Economy