വിമാന ഇന്ധനത്തിന് വില കൂടുതല്‍; കുറയ്ക്കണമെന്ന് ടിം ക്ലര്‍ക്ക്

വിമാന ഇന്ധനത്തിന് വില കൂടുതല്‍; കുറയ്ക്കണമെന്ന് ടിം ക്ലര്‍ക്ക്

വിമാനങ്ങള്‍ക്കുള്ള ഇന്ധനത്തിന്റെ വില ബാരലിന് 52 ഡോളറായി കുറയ്ക്കണമെന്ന് എമിറേറ്റ്‌സ് പ്രസിഡന്റ് സര്‍ ടിം ക്ലര്‍ക്ക്

ദുബായ്: എയര്‍ലൈന്‍ ഇന്ധനത്തിന് വില കുറയ്ക്കണമെന്ന് എമിറേറ്റ്‌സ് പ്രസിഡന്റ് സര്‍ ടിം ക്ലര്‍ക്ക്. സിഎന്‍ബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം നയം വ്യക്തമാക്കിയത്. വിമാനങ്ങള്‍ക്കുള്ള ഇന്ധനത്തിന്റെ നിലവിലെ വില വളരെ കൂടുതലാണെന്ന് അദ്ദേഹം പറഞ്ഞു. ബാരലിന് 77 ഡോളറും 83 ഡോളറും ഒന്നുമല്ല വേണ്ടത്. 52 ഡോളര്‍ എന്ന നിലയിലേക്ക് അത് താഴണം-അദ്ദേഹം വ്യക്തമാക്കി.

52 ഡോളറിന് ഇന്ധനം നല്‍കുന്നതിലൂടെ ബിസിനസ് നടത്താന്‍ സാധിക്കില്ലെന്ന് പറയുന്നവര്‍ ആരായാലും അവര്‍ ആ ബിസിനസ് നിര്‍ത്തി വേറെ വല്ലതും ചെയ്യുന്നതാകും നല്ലതെന്നും അദ്ദേഹം തുറന്നടിച്ചു.

ഏകദേശം 25,000 കാബിന്‍ ക്ര്യൂ ജീവനക്കാരുള്ള എമിറേറ്റ്‌സിന്റെ വളര്‍ച്ചയെ ഗള്‍ഫ് മേഖലയിലുണ്ടായ എണ്ണ വില ഇടിവ് ബാധിച്ചിരുന്നു. എന്നാല്‍ എണ്ണ ഉല്‍പ്പാദന രാജ്യങ്ങള്‍ അമിതമായ ലാഭം കൊയ്യുന്ന അവസ്ഥയെ കൂടിയാണ് വിമാന ഇന്ധനിവിലയുമായി ബന്ധപ്പെട്ട പ്രസ്താവനയിലൂടെ ടിം ക്ലര്‍ക്ക് ചോദ്യം ചെയ്തതെന്നത് വ്യക്തമാണ്.

ഈ വര്‍ഷം 289 ദശലക്ഷം പാസഞ്ചര്‍ കിലോമീറ്ററാണ് എമിറേറ്റ്‌സ് രേഖപ്പെടുത്തിയിരിക്കുന്നത്. അമേരിക്കന്‍ എയര്‍ലൈന്‍സും ഡെല്‍റ്റ എയര്‍ലൈന്‍സും യുണൈറ്റഡ് എയര്‍ലൈന്‍സുമാണ് മുന്നിലുള്ളത്. കഴിഞ്ഞയാഴ്ച്ചയാണ് ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ എമിറേറ്റ്‌സിനെ ലോകത്തെ ഏറ്റവും വലിയ നാലാമത്തെ എയര്‍ലൈനായി തെരഞ്ഞെടുത്തത്. കാര്‍ഗോയുടെ അടിസ്ഥാനത്തില്‍ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ എയര്‍ലൈനായാണ് എമിറേറ്റ്‌സ് തെരഞ്ഞെടുക്കപ്പെട്ടത്.

വ്യോമയാന മേഖല കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നാണ് മേഖലയിലുള്ള പലരും അഭിപ്രായപ്പെടുന്നത്. വ്യാപാര യുദ്ധം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഹ്രസ്വകാലാത്തേക്ക് മാത്രമുള്ളതാണെന്നും എമിറേറ്റ്‌സ് പ്രസിഡന്റ് കഴിഞ്ഞ ദിവസം വ്യക്തമാക്കി. വിവിധ കറന്‍സികളുടെ മൂല്യത്തകര്‍ച്ചയും താല്‍ക്കാലിക പ്രതിഭാസമായി തുടരാനാണ് സാധ്യതയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ കൂടുതല്‍ ആരോഗ്യകരമായ ആഗോള സമ്പദ് വ്യവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുമെന്നാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്.

Comments

comments

Categories: Arabia
Tags: Airline fuel