ഡാറ്റയുടെ സ്വതന്ത്രമായ ഒഴുക്ക് ഉറപ്പാക്കണമെന്ന് സുന്ദര്‍ പിച്ചൈ

ഡാറ്റയുടെ സ്വതന്ത്രമായ ഒഴുക്ക് ഉറപ്പാക്കണമെന്ന് സുന്ദര്‍ പിച്ചൈ

ഉപയോക്താവിന്റെ സ്വകാര്യതയും സുരക്ഷയും സംരക്ഷിച്ചു കൊണ്ട് ഡാറ്റ കൈമാറ്റം നടത്തണമെന്ന് ഗൂഗിള്‍ സിഇഒ; ഡാറ്റ സുരക്ഷ സംബന്ധിച്ച കരട് ബില്ലിനോടുള്ള എതിര്‍പ്പ് പരോക്ഷമായി പ്രകടിപ്പിച്ചതാണെന്ന് സൂചന

ഡാറ്റാ സുരക്ഷക്ക് മുന്‍ഗണന നല്‍കി ഇന്റര്‍നെറ്റ്-സോഷ്യല്‍ മീഡിയ മേഖലയില്‍ കടുത്ത നിയമ നിര്‍മാണങ്ങളിലേക്ക് കേന്ദ്ര സര്‍ക്കാര്‍ കടക്കുന്നതിനിടെ കൂടുതല്‍ സ്വാതന്ത്ര്യത്തിനായി വാദിച്ച് ഗൂഗിള്‍. അതിരുകളില്ലാത്ത ഡാറ്റ ഒഴുക്ക് ഉറപ്പാക്കണമെന്നും ഡിജിറ്റല്‍ ഇന്ത്യയുടെ മുന്നേറ്റത്തിന് ഇത് ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി ഇന്ത്യന്‍ വംശജനായ ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ കേന്ദ്ര സര്‍ക്കാരിന് കത്തയച്ചു. ഇത്തരമൊരു നടപടി, ഇന്ത്യയുടെ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയുടെ ഭാഗമാകാന്‍ താല്‍പ്പര്യപ്പെടുന്ന ആഗോള കമ്പനികള്‍ക്കും ആഗോള തലത്തിലേക്ക് വളരാനാഗ്രഹിക്കുന്ന ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഒരുപോലെ പ്രോത്സാഹനമാകുമെന്ന് കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദിന് അയച്ച കത്തില്‍ സുന്ദര്‍ പിച്ചൈ അഭിപ്രായപ്പെട്ടു. കാലിഫോര്‍ണിയയിലെ മൗണ്ടന്‍ വ്യൂവിലുള്ള ഗൂഗിളിന്റെയും മാതൃ കമ്പനിയായ ആല്‍ഫബൈറ്റിന്റെയും ആസ്ഥാനം സന്ദര്‍ശിച്ചതിന് നന്ദി അറിയിച്ചു കൊണ്ടുള്ള കത്താണെങ്കിലും രാജ്യത്ത് നടന്നു കൊണ്ടിരിക്കുന്ന ഡാറ്റ സുരക്ഷയുമായി ബന്ധപ്പെട്ട അഭിപ്രായ രൂപീകരണത്തിലേക്ക് തങ്ങളുടെ നിലപാട് കൂടി അറിയിക്കാനാണ് അമേരിക്കന്‍ കമ്പനി ശ്രമിച്ചിരിക്കുന്നതെന്ന് വ്യക്തം.

‘അതിരുകള്‍ക്കപ്പുറത്തേക്ക് നിര്‍ബാധം ഒഴുകുന്ന ഡാറ്റ, ഉപയോക്താവിന്റെ സ്വകാര്യതയും സുരക്ഷയും സംരക്ഷിച്ചു കൊണ്ടുള്ളത്-ആഗോള തലത്തിലേക്ക് വികസിക്കാനും നൂതനമായ കണ്ടുപിടിത്തങ്ങള്‍ നടത്താനും സ്റ്റാര്‍ട്ടപ്പുകളെ പ്രേരിപ്പിക്കും. ഇന്ത്യയുടെ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയിലേക്ക് സംഭാവനകള്‍ നല്‍കാന്‍ ആഗോള കമ്പനികള്‍ക്കും ഇതില്‍ നിന്ന് പ്രേരണ ലഭിക്കും,’ സുന്ദര്‍ പിച്ചൈ കത്തില്‍ ചൂണ്ടിക്കാട്ടി. യഥാര്‍ത്ഥ ഡിജിറ്റല്‍ ഇന്ത്യ നിര്‍മിക്കാനുള്ള കാഴ്ചപ്പാട് ഗൂഗിളും പങ്കുവെക്കുന്നുണ്ടെന്നും ഇന്ത്യയുടെ വിജയ കഥയുടെ ഭാഗമാകാന്‍ കമ്പനിക്ക് ഉറച്ച ദൃഢനിശ്ചയമുണ്ടന്നും അദ്ദേഹം പറഞ്ഞു. ഐടി മന്ത്രിയുടെ സന്ദര്‍ശന സമയത്ത് നടന്ന ചര്‍ച്ചകളുടെ തുടര്‍ച്ചക്കായി ഇന്ത്യയിലെ തങ്ങളുടെ ഘടകം സര്‍ക്കാരുമായി ബന്ധം പുലര്‍ത്തുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. രവിശങ്കര്‍ പ്രസാദിന്റെ കാലിഫോര്‍ണിയ സന്ദര്‍ശന വേളയിലും ഡാറ്റ സ്വാതന്ത്ര്യം സംബന്ധിച്ച് ഗൂഗിള്‍ നിലപാട് മുന്നോട്ട് വെച്ചിട്ടുണ്ടാവാമെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

ഡാറ്റ സുരക്ഷയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടി ജസ്റ്റിസ് ബി എന്‍ ശ്രീകൃഷ്ണ കമ്മറ്റി ജൂലൈയില്‍ കരട് നിയമം രവിശങ്കര്‍ പ്രസാദിന് കൈമാറിയിരുന്നു. സ്വകാര്യ വിവരങ്ങളുടെ സംരക്ഷണം, ഡാറ്റ കൈകാര്യം ചെയ്യുന്ന കമ്പനികളുടെ നിയമപരമായ ബാധ്യതകള്‍, ഉപയോക്താക്കളുടെ അവകാശങ്ങള്‍, കടന്നുകയറ്റങ്ങള്‍ക്കും നിയമ ലംഘനങ്ങള്‍ക്കും ശക്തമായ ശക്ഷാ നടപടികള്‍ എന്നിവയടക്കം മേഖലയുടെ മുഖച്ഛായ മാറ്റിമറിക്കുന്ന നിയന്ത്രണങ്ങളാണ് ശുപാര്‍ശ ചെയ്യപ്പെട്ടിരിക്കുന്നത്. സെപ്റ്റംബര്‍ 30 വരെ കരട് ബില്ലിന്‍മേല്‍ അഭിപ്രായങ്ങളറിയിക്കാന്‍ രാജ്യത്തെ പൊതുസമൂഹത്തിന് അവസരമുണ്ട്.

ഇന്ത്യയിലെ പൗരന്‍മാരുടെ ഡാറ്റ (സ്വകാര്യ വിവരങ്ങള്‍ അടക്കം) കൈകാര്യം ചെയ്യുന്ന എല്ലാ സംരംഭകരും വിവരങ്ങളുടെ ഒരു പകര്‍പ്പെങ്കിലും ഇന്ത്യയില്‍ സ്ഥാപിച്ച സെര്‍വറുകളില്‍ സംഭരിക്കണമെന്നാണ് റിപ്പോര്‍ട്ടിലെ സുപ്രധാന നിര്‍ദേശങ്ങളിലൊന്ന്. നിലവില്‍ ഇന്ത്യക്കാരുടെ ഡാറ്റ വിദേശത്തെ സെര്‍വറുകളില്‍ ശേഖരിച്ച് സൂക്ഷിക്കുന്ന ഗൂഗിള്‍ മുതല്‍ സാമൂഹ്യ മാധ്യമമായ ഫേസ്ബുക്കിന് വരെ ഈ നിര്‍ദേശം തിരിച്ചടിയാണ്. ഏതൊക്കെ വിവരങ്ങളാണ് നിര്‍ണായക സ്വകാര്യ വിവരങ്ങളെന്ന വിഭാഗത്തില്‍ പെടുത്തേണ്ടതെന്നും അവയില്‍ ഏതൊക്കെയാണ് ഇന്ത്യയില്‍ ശേഖരിച്ച് സൂക്ഷിക്കേണ്ടതുമെന്ന് നിര്‍ണയിക്കാനുള്ള പൂര്‍ണ അധികാരം കേന്ദ്ര സര്‍ക്കാരില്‍ നിക്ഷിപ്തമായിരിക്കും. വിവരങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തിക്കപ്പുറത്തേക്ക് കടത്തിക്കൊണ്ട് പോകുന്നതിലും കര്‍ശന നിയന്ത്രണങ്ങള്‍ കരട് ബില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്. ഇന്ത്യയില്‍ സെര്‍വറുകള്‍ സ്ഥാപിക്കുന്നതിന്റെ ഭീമമായ ചെലവും അതിന് ശേഷം വിവരങ്ങളുടെ മേല്‍ ഇന്ത്യയിലെ സര്‍ക്കാരിന് കൈവരുന്ന നിര്‍ണായക നിയന്ത്രണാവകാശവുമാണ് അമേരിക്കന്‍ കമ്പനികളെ അസ്വസ്ഥമാക്കുന്നത്.

Comments

comments

Categories: Politics, Slider, Tech