കൊതുക് ഒരു ഭീകരജീവി ആവുമോ?

കൊതുക് ഒരു ഭീകരജീവി ആവുമോ?

ഡെങ്കിപ്പനി മുതല്‍ മലേറിയ വരെയുള്ള രോഗങ്ങളുടെ വാഹകരായി മൂളിപ്പറന്നെത്തുന്ന കൊതുകുകളെ എത്ര ബലവാനായ മനുഷ്യനും ഭയക്കുന്ന കാലഘട്ടമാണ് അടുത്തിടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഉന്മൂലനം ചെയ്‌തെന്ന് നാം അവകാശപ്പെട്ട രോഗങ്ങള്‍ പലതും അതിശക്തമായി തിരികെ എത്തുന്ന കാലം. കൊതുകു തിരികള്‍ മുതല്‍ വലകള്‍ വരെ വലിയൊരു കച്ചവട വിപണിയും ഇനിനെ ചുറ്റിപ്പറ്റി വികസിച്ചു വന്നിട്ടുണ്ട്. കൊതുകുശല്യം സഹിക്കാനാവാതെ ചില കടുംക്രിയകളിലേക്ക് തിരിഞ്ഞിരിക്കുകയാണ് ശാസ്ത്രലോകം. രോഗവാഹകരായ ഈഡിസ് ഈജിപ്തി കൊതുകുകളുടെ ജനിതക മാറ്റം വരുത്തിയ ഇനത്തെ വന്‍തോതില്‍ ഉത്പാദിപ്പിച്ച് പുറത്തു വിടാനാണ് ആഫ്രിക്കന്‍ രാജ്യങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. അമേരിക്കന്‍ ഗവേഷകരുടെ ഒരു കണ്ടു പിടുത്തത്തിന് കൂടി ഫലത്തില്‍ ആഫ്രിക്ക പരീക്ഷണ ലാബ് ആകാന്‍ പോകുന്നു. ദൂരവ്യാപക ഫലങ്ങള്‍ എന്തെന്ന് പോലും അറിയാത്ത ഘട്ടത്തിലാണ് ഇത്തരമൊരു പരീക്ഷണമെന്ന്ത് ലോകത്തെ മുഴുവന്‍ ആശങ്കപ്പെടുത്തുന്നതാണ്.

 

‘ഒരു പേരില്‍ എന്തിരിക്കുന്നു?
പ്രിയ ഷേക്‌സ്പിയര്‍,
ഇനിയുമങ്ങനെ ചോദിക്കരുത്.
………………………………………………………………..
ഒരു പേരിലെന്തിരിക്കുന്നുവെന്ന് മാത്രം
ഇനിയും ചോദിക്കരുത്’

-‘ഒരു പേരില്‍ എന്തിരിക്കുന്നു?’ (‘കുക്കിനിക്കട്ടയും പുന്നാഗച്ചെട്ടും’ എന്ന കവിതാസമാഹാരം), സീന ശ്രീവത്സന്‍

ആയിരത്തിത്തൊള്ളായിരത്തി എഴുപത്തേഴ്-എഴുപത്തെട്ട് കാലഘട്ടം. അമേരിക്കയിലെ മേരിലാന്റിലെ ഫോര്‍ട്ട്‌ഡെട്രിക് പരീക്ഷണശാലയില്‍ രണ്ട് വൈറസുകളെ കൂട്ടിയോജിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്; വിസ്നയും എച്ച്ടിഎല്‍വി-ഒന്നും. ഫോര്‍ട്ട്‌ഡെട്രിക്കിലെ പരീക്ഷണശാല അമേരിക്കന്‍ പട്ടാളത്തിന്റേതാണ്. പരീക്ഷണങ്ങള്‍ നടക്കുന്നത് ജൈവായുധ / ജൈവയുദ്ധസന്നാഹങ്ങളില്‍. ഫല പരീക്ഷണം നടത്തുന്നത് ജയില്‍പുള്ളികളില്‍ ആണ്. അവര്‍ പരീക്ഷണപാത്രമാകുവാന്‍ സ്വയം സന്നദ്ധരാവുകയാണ്. കാരണം പ്രതിഫലമായി ലഭിക്കുന്നത് ശിക്ഷാകാലാവധിക്ക് മുന്‍പുള്ള വിടുതല്‍ ആണ്. അങ്ങിനെ രണ്ട് വൈറസുകള്‍ കൂട്ടിയോജിപ്പിച്ച്, ചില ഘടകങ്ങള്‍ ഒഴിവാക്കി നിര്‍മ്മിച്ച്, ആ ജയില്‍പ്പുള്ളികള്‍ വഴി പുറത്തെറിയപ്പെട്ട ഒരു പരീക്ഷണ അണുവായിരുന്നത്രെ എയ്ഡ്സ് രോഗം പരത്തുന്ന എച്ച്‌ഐവി വൈറസ്. പഴയ കിഴക്കന്‍ ജര്‍മ്മനിയിലെ ഹംബ്‌ലോട്ട് സര്‍വ്വകലാശാലയിലെ പ്രൊഫസ്സര്‍ ആയിരുന്ന ജേക്കബ് സെഗാളിന്റെ പിന്നീടുള്ള വെളിപ്പെടുത്തലിലൂടെയാണ് ലോകം ഈ വിവരം അറിഞ്ഞത്. നിഷേധക്കുറിപ്പുകള്‍ പിന്നീട് നിരവധി വന്നെങ്കിലും, സെഗാളിന്റെ കണ്ടെത്തല്‍ ശരിയാണെന്ന് അദ്ദേഹവും അതുപോലെ നിരവധിയാളുകളും വിശ്വസിക്കുന്നു. സത്യമാണെങ്കിലും അല്ലെങ്കിലും തല്‍ക്കാലം അതവിടെ നില്‍ക്കട്ടെ.

ആധുനിക വൈദ്യശാസ്ത്ര ചരിത്രം ഏറ്റവുമാദ്യം രേഖപ്പെടുത്തിയ പകര്‍ച്ച വ്യാധികളില്‍ ഒന്നാണ് മലേറിയ. മാല്‍ എയര്‍ (ദുഷിച്ച വായു) എന്നതില്‍ നിന്ന് ഇറ്റലിക്കാര്‍ നല്‍കിയ പേരാണ് മലേറിയ എന്ന് കരുതുന്നു. പ്ലാസ്‌മോഡിയം വര്‍ഗ്ഗത്തില്‍പ്പെട്ട അഞ്ചിനം അണുക്കളാണ് മലേറിയ പടര്‍ത്തുന്നത്. ഈ അണുവാഹകരാവട്ടെ അനോഫെലീസ് വിഭാഗത്തില്‍പെട്ട പെണ്‍കൊതുകുകളും. അറുപതോളം ഇനം അനോഫെലീസ് കൊതുകുകള്‍ ഉണ്ടെങ്കിലും പത്തെണ്ണം മാത്രമാണ് പ്ലാസ്‌മോഡിയം വാഹകര്‍ ആവുന്നത്. അതായത്, ലോകത്തിലെ മൂവായിരത്തോളം ഇനം കൊതുകുകളില്‍ പത്ത് ഇനങ്ങളിലെ പെണ്‍ വിഭാഗം മാത്രമാണ് മലേറിയ പടര്‍ത്തുന്നത്. ക്യൂലക്‌സ്, അനോഫെലിസ്, ഈഡിസ് എന്നീ മൂന്ന് വര്‍ഗ്ഗങ്ങള്‍ മാത്രമേയുള്ളൂ രോഗങ്ങള്‍ പരത്തുന്ന കൊതുകു വിഭാഗങ്ങള്‍.

മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വരുന്നവരില്‍ മലമ്പനി കണ്ടെത്തുന്നത് അപൂര്‍വമല്ലെങ്കിലും തദ്ദേശീയരില്‍ രോഗം കണ്ടെത്തിയത് അതീവ ഗൗരവത്തോടെ കണ്ട് വേണ്ട നടപടികള്‍ സത്വരം കൈകൊണ്ടത് കൊണ്ട്, പകര്‍ച്ചവ്യാധിയുടെ വ്യാപനം പൂര്‍ണ്ണമായും തടയാനായി. ചതുപ്പ് പനി എന്നാണ് മുന്‍പ് മലേറിയയെ വിളിച്ചിരുന്നത്. ഒരു വലിയ വെള്ളപ്പൊക്കം കഴിഞ്ഞ കേരളത്തില്‍ ചതുപ്പുകള്‍ പലയിടത്തും രൂപം കൊണ്ടിട്ടുണ്ട്. ആയതിനാല്‍ മലേറിയയുടെ വ്യാപനസാധ്യത തള്ളിക്കളയാനാവില്ല.

2015 ലെ കണക്ക് പ്രകാരം ലോകത്ത് ഒരു വര്‍ഷം ശരാശരി ഇരുപത്തൊന്ന് കോടി ആളുകള്‍ക്ക് മലേറിയ ബാധിക്കുന്നുണ്ട്. ഇതില്‍ നാലര ലക്ഷത്തോളം പേര്‍ മരണമടയുന്നു. ആരോഗ്യസംരക്ഷണത്തില്‍ മുന്നില്‍ നില്‍ക്കുന്ന കേരളം 1965 ല്‍ പൂര്‍ണ്ണമായും മലേറിയ മുക്തമായതാണ്. അവിടവിടങ്ങളില്‍ നിന്ന് യാത്രക്കാരായി വരുന്നവര്‍ കൊണ്ടുവരുന്ന മലേറിയ മാത്രമേ പിന്നീട് 1969 വരെ കണ്ടിട്ടുള്ളൂ. 1970 ന് ശേഷം, തുടച്ചു നീക്കപ്പെട്ട മലേറിയ വീണ്ടും ഒറ്റപ്പെട്ട കേസ്സുകളിലെങ്കിലും പുനര്‍ജ്ജനിക്കാന്‍ ഇടയായി. വീണ്ടും 1995-96 കാലഘട്ടത്തിലും ആരോഗ്യവകുപ്പിന്, മലേറിയക്ക് മുകളിലുള്ള പിടി അല്‍പ്പം അയയുകയുണ്ടായി.

കേരളത്തില്‍ വിമാനത്താവളങ്ങളുടെ എണ്ണം വര്‍ധിച്ചത് ഇറക്കുമതി മലേറിയ വര്‍ധിക്കാനുള്ള പ്രധാന കാരണമാണ്. രാജ്യത്തെ മറ്റിടങ്ങളില്‍ നിന്നും വിദേശങ്ങളില്‍ നിന്നും വിമാനത്തിനകത്ത്, പ്രധാനമായും ലഗേജ ്കാബിനില്‍ പെടുന്ന കൊതുക് ഇവിടെയെത്തി വാതില്‍ തുറക്കുമ്പോള്‍ സ്വാതന്ത്രമാവുന്നു. ഇവയാണ് ഇറക്കുമതി മലേറിയ കൂടുതലായി കാണപ്പെടാന്‍ കാരണം. എന്നാല്‍ പിന്നീട് വീണ്ടും തദ്ദേശീയ മലേറിയ ചിലയിടങ്ങളില്‍ നിന്നായി തലപൊക്കാന്‍ തുടങ്ങി. കഴിഞ്ഞ ഏപ്രിലില്‍ കണ്ണൂര്‍ ജില്ലയിലെ വിവിധ മേഖലകളില്‍ മലമ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കാന്‍ ജില്ലാ ആരോഗ്യ ഭരണം അരയും തലയും മുറുക്കി രംഗത്ത് ഇറങ്ങിയിരുന്നു. മട്ടന്നൂര്‍ മേഖലയിലാണ് അന്ന് തദ്ദേശീയനായ ഒരാള്‍ക്ക് മലമ്പനി സ്ഥിരീകരിച്ചത്. അതിന് മുന്‍പ് ഒരു ഇതരസംസ്ഥാന തൊഴിലാളിക്കും മലമ്പനി സ്ഥിരീകരിച്ചിരുന്നു. മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വരുന്നവരില്‍ മലമ്പനി കണ്ടെത്തുന്നത് അപൂര്‍വമല്ലെങ്കിലും തദ്ദേശീയരില്‍ രോഗം കണ്ടെത്തിയത് അതീവ ഗൗരവത്തോടെ കണ്ട് വേണ്ട നടപടികള്‍ സത്വരം കൈകൊണ്ടത് കൊണ്ട്, പകര്‍ച്ചവ്യാധിയുടെ വ്യാപനം പൂര്‍ണ്ണമായും തടയാനായി. ചതുപ്പ് പനി എന്നാണ് മുന്‍പ് മലേറിയയെ വിളിച്ചിരുന്നത്. ഒരു വലിയ വെള്ളപ്പൊക്കം കഴിഞ്ഞ കേരളത്തില്‍ ചതുപ്പുകള്‍ പലയിടത്തും രൂപം കൊണ്ടിട്ടുണ്ട്. ആയതിനാല്‍ മലേറിയയുടെ വ്യാപനസാധ്യത തള്ളിക്കളയാനാവില്ല. ഭരണയന്ത്രം വേണ്ടത്ര മുന്‍കരുതലുകള്‍ എടുക്കുന്നുണ്ടെന്ന് വിശ്വസിക്കാം.

എന്നാല്‍ ലോകത്തെ മറ്റ് പല രാജ്യങ്ങളിലും ഇതല്ല സ്ഥിതി. തെക്കേ അമേരിക്കന്‍ രാജ്യങ്ങളില്‍, നിരവധി ഏഷ്യന്‍ രാജ്യങ്ങളില്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എല്ലാം മലേറിയ വളരെ വ്യാപകമായി ഇന്നും കാണുന്നു. അര്‍ദ്ധ സഹാറന്‍ ആഫ്രിക്ക, മലേറിയയുടെ വ്യാപനം മൂലം വളരെയധികം കഷ്ടപ്പെടുന്നുണ്ട്. അവിടെ ഓരോ നാല്‍പ്പത്തഞ്ച് സെക്കന്റിലും ഒരു കുട്ടി മലേറിയ മൂലം മരണമടയുന്നു. മലേറിയയുടെ വ്യാപനം തടയാന്‍ മുന്‍കരുതലുകള്‍ എത്രയെടുത്താലും പ്ലാസ്‌മോഡിയം അണുവുമായി വരുന്ന കൊതുക് തന്റെ കൊമ്പ് മനുഷ്യന്റെ ചര്‍മത്തിലാഴ്ത്തുമ്പോള്‍ അണുക്കള്‍ രക്തധമനികളില്‍ നിക്ഷേപിക്കപ്പെടുന്നു. ഇത് അരുണ രക്താണുക്കളില്‍ ഗുണീഭവിച്ചാണ് രോഗം ഉണ്ടാവുന്നത്. കൊതുകുകള്‍ പ്ലാസ്‌മോഡിയവുമായി വരുന്നത് തടയാന്‍ കഴിയുമോ എന്ന അന്വേഷണത്തില്‍ ആരോഗ്യശാസ്ത്രം ഒരു പരിധി വരെ വിജയം കണ്ടത് 2010 ല്‍ ആണ്. അമേരിക്കയിലെ അരിസോണ യൂണിവേഴ്‌സിറ്റിയിലെ എന്റമോളജി പ്രൊഫസര്‍ മൈക്കേല്‍ റീല്‍ നേതൃത്വം നല്‍കിയ ഒരു സംഘം ശാസ്ത്രജ്ഞര്‍ അനോഫെലിസ് സ്റ്റീഫന്‍സി എന്ന ഇനം കൊതുകിന്റെ (ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ മലേറിയ പടര്‍ത്തുന്നതില്‍ പ്രധാന പങ്ക് ഇതിന്റേതാണ്) ജനിതകഘടനയില്‍ മാറ്റം വരുത്തി, അവക്ക് പ്ലാസ്‌മോഡിയം കൊണ്ടുനടക്കാനുള്ള കഴിവ് ഇല്ലാതാക്കുന്നതില്‍ വിജയിച്ചു. മോളിക്യൂലര്‍ ബയോളജിയുടെ സാങ്കേതികത ഉപയോഗിച്ച്, കൊതുകിന്റെ ജീന്‍ ഘടനക്ക് അകത്ത് സ്വയം പ്രവേശിക്കാന്‍ കഴിവുള്ള ഒരു കോഡ് മെനെഞ്ഞെടുത്ത് അത് കൊതുകുമുട്ടയില്‍ കയറ്റിവിടുന്നു. ആ മുട്ടയില്‍ നിന്ന് ഉണ്ടാവുന്ന കൊതുകുകള്‍ പരിവര്‍ത്തനം ചെയ്യപ്പെട്ട ജീനുമായാണ് ജനിക്കുന്നത്. അങ്ങിനെ ജനിതകമാറ്റം വന്ന ഒരു കൊതുക് തലമുറ ഉണ്ടാവുന്നു. അവക്ക് പ്ലാസ്‌മോഡിയം വാഹകരാവാനുള്ള കഴിവില്ല.

കൊതുകിന്റെ ഡിഎന്‍എ, ആര്‍എന്‍എ പാളികളില്‍ നമ്മള്‍ സമര്‍ത്ഥമായി ഒളിപ്പിക്കുന്ന കുരുക്കുകള്‍ പ്രാണികളുടെ സ്വഭാവത്തില്‍ മറ്റ് എന്തെങ്കിലും മാറ്റം കാലക്രമേണ വരുത്തുമോ എന്നത് ഇപ്പോള്‍ അറിയില്ല. ആദ്യമെല്ലാം, മലേറിയ ബാധ സംശയിച്ചാല്‍ ഉടനെ ക്ലോറോക്വിന്‍ ഗുളിക ആണ് നല്‍കുന്നത്. എന്നാല്‍ ക്ലോറോക്വിനിന് എതിരെ പ്രതിരോധശേഷി നേടാന്‍ ചിലയിനം മലേറിയ രോഗാണുവര്‍ഗ്ഗങ്ങള്‍ക്ക് കഴിഞ്ഞു. അതുപോലൊരു മാറ്റം ജനിതകപരിണാമം മൂലം മറ്റേത് രൂപത്തില്‍ വരുമെന്ന് കണ്ടറിഞ്ഞാലേ പറയാനാവൂ.

സമാനമായ ഗവേഷണങ്ങള്‍ ലണ്ടനിലെ ഇംപീരിയല്‍ കോളേജിലും അമേരിക്കയിലെ തന്നെ വാഷിംഗ്ടണ്‍ സര്‍വ്വകലാശാലയിലും നടന്നിരുന്നു. അനോഫെലീസ് ഗാംബിയ എന്നയിനം കൊതുകുകളുടെ ഡിഎന്‍എയില്‍ പുതിയ ഘടകങ്ങള്‍ ചേര്‍ത്ത് ജനിതകമാറ്റം വരുത്തി അവക്ക് രോഗാണുക്കളെ കൊണ്ടുപോകാനാവാത്ത വിധത്തിലാക്കുന്നു. ഈ കണ്ടുപിടുത്തം പരിസമാപ്തി പ്രാപിച്ചത് 2011 ല്‍ ആണ്. 2015 ആയപ്പോഴേക്കും റോക്ക്‌ഫെല്ലര്‍ സര്‍വ്വകലാശാല ഈഡിസ് ഈജിപ്തി എന്ന ഇനം കൊതുകില്‍ ക്രിസ്പര്‍ കാസ്9 എന്ന ജീന്‍ എഡിറ്റിംഗ് സംവിധാനം വികസിപ്പിച്ചു. ഈഡിസ് ഈജിപ്തി വിഭാഗം കൊതുകാണ് ചിക്കന്‍ഗുനിയ, മഞ്ഞപ്പിത്തപ്പനി, ഡെങ്കിപ്പനി എന്നിവ പരത്തുന്നത്. എന്നാല്‍ അത് വരെ നടന്ന മറ്റ് ഗവേഷണങ്ങളില്‍ നിന്ന് ഈ കണ്ടുപിടുത്തത്തെ വ്യത്യസ്തമാക്കുന്നത്, ഇത് ആര്‍എന്‍എ അധിഷ്ഠിതമാക്കിയാണ് ്ജനിതകമാറ്റം വരുത്തുന്നത് എന്നതാണ്. അതിനുമുന്‍പുള്ളതെല്ലാം ഡിഎന്‍എ അധിഷ്ഠിതമായിരുന്നു.

കഴിഞ്ഞ ബുധനാഴ്ച, അതായത് സെപ്റ്റംബര്‍ അഞ്ചിന് ഒരു കുഞ്ഞന്‍ ആഫ്രിക്കന്‍ രാജ്യമായ ബുര്‍കിനഫാസോയിലെ ഭരണകൂടം ജനിതകമാറ്റം വരുത്തിയ കൊതുകുകളെ വന്‍തോതില്‍ പുറത്ത് വിടാന്‍ ശാസ്ത്രജ്ഞര്‍ക്ക് അനുവാദം നല്‍കി. മലേറിയ നിര്‍മ്മാജ്ജനത്തിനുള്ള രാജ്യത്തിന്റെ ദീര്‍ഘകാല പദ്ധതിയുടെ ഭാഗമായിട്ടാണ് ഇപ്പോഴത്തെ ഈ അനുമതി നല്‍കിയിരിക്കുന്നത്. ജനിതകമാറ്റം വന്ന കൊതുകുകളുടെ തലമുറകള്‍ വര്‍ദ്ധിപ്പിച്ച്, പുതിയതായി ഉത്ഭവിക്കുന്ന കൊതുകുകളെ മുഴുവന്‍ രോഗാണുവാഹക ശക്തിയില്ലാത്തവയാക്കുക എന്നതാണ് പദ്ധതി. ഈ ‘ജീന്‍ ഡ്രൈവ്’ ബുര്‍കിനഫാസോക്ക് പിന്നാലെ മാലി, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളും പിന്തുടരാന്‍ ഉദ്ദേശിക്കുന്നു.

ഇതിലൊരു വലിയ അപകടം പതിയിരിക്കുന്നുണ്ട്. ഒന്നാമതായി ഏതെങ്കിലും ഒരു ജീവജാലത്തെ മുഴുവന്‍ മാറ്റിയെടുക്കുന്ന പ്രക്രിയ ഇതുവരെ ആരും ചെയ്തിട്ടില്ല. അങ്ങിനെയൊരു നീക്കത്തിന്റെ വരുംവരായ്കകള്‍ പഠിക്കാന്‍ നമുക്ക് അതിനാല്‍ മുന്‍മാതൃകകള്‍ ഇല്ല. ചെയ്തത് ഒരു ഭീമാബദ്ധമായി എന്ന് പിന്നീട് മനസ്സിലായാല്‍, പ്രശ്‌നം തീര്‍ക്കാന്‍ പാകത്തിന് ഒരു ‘അണ്‍ ഡൂ’ ബട്ടണ്‍ നമ്മുടെ കയ്യില്‍ ഇല്ലെന്ന് ഓര്‍മ വേണം.

കൊതുകിന്റെ ഡിഎന്‍എ, ആര്‍എന്‍എ പാളികളില്‍ നമ്മള്‍ സമര്‍ത്ഥമായി ഒളിപ്പിക്കുന്ന കുരുക്കുകള്‍ പ്രാണികളുടെ സ്വഭാവത്തില്‍ മറ്റ് എന്തെങ്കിലും മാറ്റം കാലക്രമേണ വരുത്തുമോ എന്നത് ഇപ്പോള്‍ അറിയില്ല. ആദ്യമെല്ലാം, മലേറിയ ബാധ (ഇതിന് ഒരു പ്രതിരോധ വാക്സിന്‍ ഇല്ല) സംശയിച്ചാല്‍ ഉടനെ ക്ലോറോക്വിന്‍ ഗുളിക ആണ് നല്‍കുന്നത്. എന്നാല്‍ ക്ലോറോക്വിനിന് എതിരെ പ്രതിരോധശേഷി നേടാന്‍ ചിലയിനം മലേറിയ രോഗാണുവര്‍ഗ്ഗങ്ങള്‍ക്ക് കഴിഞ്ഞു. അതുപോലൊരു മാറ്റം ജനിതകപരിണാമം മൂലം മറ്റേത് രൂപത്തില്‍ വരുമെന്ന് കണ്ടറിഞ്ഞാലേ പറയാനാവൂ.

മാറ്റം വന്ന ജീനുകള്‍ മറ്റ് ജീവജാലങ്ങളിലേക്ക് പടര്‍ന്ന് കയറിയാല്‍ അത് അവയില്‍ എന്തെല്ലാം വിധം ജൈവ പ്രക്രിയക്കാണ് അവസരമൊരുക്കുക എന്നത് പ്രവചനാതീതമാണ്. ഇപ്പോള്‍ ക്ഷുദ്രസ്വഭാവമില്ലാത്തവ ഇനിമേല്‍ പുതിയ രോഗാണു ഉത്പാദകരോ വാഹകരോ ആയേക്കാം. ചിലപ്പോള്‍ ചില ജീവജാലങ്ങള്‍ അന്യം നിന്നേക്കാം. പ്രകൃതിക്ക് മേല്‍ നമുക്ക് കിട്ടിയ അധികാരം അതിലധികം ഉത്തരവാദിത്തം നമ്മിലര്‍പ്പിക്കുന്നുണ്ട് എന്ന് ശാസ്ത്രജ്ഞര്‍ മനസ്സിലാക്കണം. ഉദ്ദേശലക്ഷ്യങ്ങളും മാര്‍ഗ്ഗങ്ങളും തമ്മില്‍ ഏകമാനസ്വരൂപമായ സമതുലനം നേടിയാലേ അവ ദീര്‍ഘകാലാടിസ്ഥാനത്തില്‍ മനുഷ്യരാശിക്കും പക്ഷിമൃഗാദികള്‍ക്കും സസ്യലതാദികള്‍ക്കും ഗുണം ചെയ്യൂ. അതാണ്, ആദ്യം പറഞ്ഞ ഫോര്‍ട്ട്‌ഡെട്രിക് പരീക്ഷണശാലയിലെ ഗവേഷണങ്ങള്‍ എയ്ഡ്സ് രോഗാണുവിലേക്ക് എത്തിയ ചരിത്രം അല്ലെങ്കില്‍ കഥ നമ്മെ പഠിപ്പിക്കുന്നത്. മലേറിയ വിരുദ്ധ ഗവേഷണം നടത്തുമ്പോള്‍ താന്‍ പരിണാമ പ്രക്രിയക്ക് വിധേയയാക്കുന്ന കൊതുക്, ഒരു ഭീകരജീവി ആവാതെ നോക്കുക കൂടി ചെയ്യണം ശാസ്ത്രകാരന്‍. ജനിതകമാറ്റം വന്ന കൊതുകിന്റെ പേര് കൊതുകെന്ന് തന്നെയിരുന്നാലും അത് ജീവശാസ്ത്രപരമായി വേറൊന്നായി മാറിയാല്‍, പേര് അതുതന്നെയാണെന്ന് മാത്രം പിന്നെയും പറയരുത്. ഒരു പേരിലെന്തിരിക്കുന്നു.

വാല്‍കഷ്ണം: ഏഴെട്ട് വര്‍ഷം മുന്‍പ് ധന്‍ബാദില്‍ കണ്ട കാഴ്ചയാണ്. വഴിയരുകില്‍ ദേശീയ മലേറിയ നിര്‍മ്മാര്‍ജ്ജന പദ്ധതിയുടെ ജീപ്പ് നിര്‍ത്തിയിട്ടിരിക്കുന്നു. അതിന്റെ പുറകില്‍ ഇടത് വശത്ത് നമ്പര്‍ പ്ലേറ്റ്. വലത് വശത്ത് അനുരൂപമായി മറ്റൊരു ബോര്‍ഡ്; രണ്ട് നിരകളിലായി: ‘National Eradication Malaria Programme’! എഴുതിയ ആള്‍ക്ക് ആകെ ‘കണ്‍ഫൂഷന്‍’ ആയതാവാം. എന്നാലും അറം പറ്റാതെ നോക്കണം.

 

Comments

comments

Categories: Health, Slider