കേരള ടൂറിസം; വേഗത്തിലാകട്ടെ തിരിച്ചുവരവ്

കേരള ടൂറിസം; വേഗത്തിലാകട്ടെ തിരിച്ചുവരവ്

പ്രളയാനന്തരം കേരളത്തിന്റെ ടൂറിസം രംഗത്തിന് വഹിക്കാനുള്ളത് വലിയ ഉത്തരവാദിത്തമാണ്. കേരള ട്രാവല്‍ മാര്‍ട്ടിന്റെ പത്താം പതിപ്പ് അതിന് കരുത്തേകുമെന്ന് പ്രതീക്ഷിക്കാം

നൂറ്റാണ്ടിലെ പ്രളയം കേരളത്തെയാകെ തകര്‍ത്തെറിഞ്ഞപ്പോള്‍ ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ടത് സംസ്ഥാനത്തിന്റെ പ്രധാ വരുമാന സ്രോതസ്സുകളിലൊന്നായ ടൂറിസം മേഖല കൂടിയായിരുന്നു. നിപ്പ മുതലുള്ള ദുരന്തങ്ങള്‍ കേരള ടൂറിസത്തെ വല്ലാതെ ബാധിച്ചിട്ടുണ്ട്, എന്നാല്‍ വളരെ പെട്ടെന്ന് തന്നെ ഉയിര്‍ത്തെഴുനേല്‍ക്കാനുള്ള ശേഷി കേരളത്തിനുണ്ടെന്നത് ലോകത്തെ ബോധ്യപ്പെടുത്താന്‍ കൂടിയുള്ള സമയമാണിത്. ദൈവത്തിന്റെ സ്വന്തം നാടിനെ പുതിയ രീതിയില്‍, പുതിയ ഭാവത്തില്‍ കൂടുതല്‍ മികവോടെ ബ്രാന്‍ഡ് ചെയ്ത് ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാരിനും ടൂറിസം മേഖലയിലെ സംരംഭകര്‍ക്കും സാധിക്കണം.

കേരളത്തിന്റെ പുതിയ സാധ്യതകളിലേക്ക് വെളിച്ചം വീശുന്നതാകണം ഈ മാസം അവസാനം നടക്കാനിരിക്കുന്ന, ദേശീയ ടൂറിസം രംഗത്തെ തന്നെ പ്രധാന ഇവന്റായ കേരള ട്രാവല്‍ മാര്‍ട്ടിന്റെ പത്താമത് പതിപ്പ്.

അതിസങ്കീര്‍ണമായ സാഹചര്യത്തിലൂടെയാണ് കേരളം കടന്നുപോകുന്നത് എന്നതിനാല്‍ തന്നെ മുന്‍ വര്‍ഷങ്ങളിലേക്കാളും മികച്ച രീതിയിലായിരിക്കും ഇക്കുറി കേരള ട്രാവല്‍ മാര്‍ട്ട് നടത്തുകയെന്നാണ് കെടിഎം സൊസൈറ്റി അറിയിച്ചിരിക്കുന്നത്.

പ്രളയബാധയെത്തുടര്‍ന്ന് സംസ്ഥാനത്തുണ്ടായിരിക്കുന്ന മാന്ദ്യത്തില്‍ നിന്നുള്ള തിരിച്ചുവരവിന് കൂടിയുള്ള പദ്ധതികളായിരിക്കണം കേരള ട്രാവല്‍ മാര്‍ട്ടില്‍ ചര്‍ച്ച ചെയ്യേണ്ടത്. 393 വിദേശ ബയര്‍മാരും 1095 ആഭ്യന്തര ബയര്‍മാരും കെടിഎമ്മിലെ പങ്കാളിത്തം ഉറപ്പാക്കിയിട്ടുള്ളതായാണ് കണക്കുകള്‍.

പ്രളയത്തെ തുടര്‍ന്ന് മന്ദഗതിയിലായിരുന്ന ടൂറിസം രംഗം മെച്ചപ്പെട്ടു തുടങ്ങിയതായാണ് സംരംഭകര്‍ പറയുന്നത്. പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള ഗതാഗത തടസ്സങ്ങളെല്ലാം നീങ്ങി. സീസണ്‍ തുടങ്ങിയതിനാല്‍ ബുക്കിംഗുകളും ഇപ്പോള്‍ നടക്കുന്നു. ഏതു പ്രതിസന്ധിയേയും അതിജീവിക്കുന്നവരാണ് കേരളീയര്‍ എന്ന സന്ദേശം ലോകത്തിനെ അറിയിക്കാനുള്ള അവസരമാണ് കെടിഎം എന്നാണ് ഇതുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്.

പ്രളയദുരതാശ്വാസത്തിനും പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുമായി കെടിഎമ്മിന്റെ നേതൃത്വത്തില്‍ കേരളത്തിലെ 28 ടൂറിസം അനുബന്ധ സംഘടനകള്‍ ചേര്‍ന്ന് കര്‍മ്മസേനയ്ക്ക് രൂപം നല്‍കിയ പ്രവൃത്തിയും സ്വാഗതാര്‍ഹമാണ്.
സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ മൂന്നാറില്‍ പ്ലാസ്റ്റിക് സഞ്ചികള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ പ്രചരണം നടത്തുകയും ചെയ്തിരുന്നു.

മഴവെള്ള സംഭരണം, പ്ലാസ്റ്റിക് ഉപയോഗ ലഘൂകരണം, ഹരിതാഭ വര്‍ദ്ധിപ്പിക്കല്‍ എന്നിവയാണ് ഇത്തവണ കെടിഎം ഫോക്കസ് ചെയ്യുന്ന പ്രധാന വിഷയങ്ങള്‍. വിനോദസഞ്ചാരമേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കണ്ടെത്തുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. എന്നാല്‍ വിനോദ മേഖലയുമായി ബന്ധപ്പെട്ട് ഇനി നടക്കുന്ന നിര്‍മാണങ്ങള്‍ എല്ലാം തന്നെ പ്രകൃതിയുടെ താളം തെറ്റിക്കാത്ത തരത്തിലുള്ളതാകണം. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ചയ്ക്കും ഭരണത്തിലിരിക്കുന്നവര്‍ തയാറാകരുത്.

മണ്ണിടിച്ചിലുകള്‍ക്ക് സാധ്യതയുള്ള പ്രദേശങ്ങളിലൊന്നും തന്നെ ഒരു തരത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളും ഇനി അനുവദിക്കില്ലെന്ന ഇച്ഛാശക്തി ഭരണ നേതൃത്വത്തിലിരിക്കുന്നവര്‍ക്ക് വേണം. യുഎസ് കേന്ദ്രമാക്കിയ നാഷണല്‍ സയന്‍സ് ഫൗണ്ടേഷന്‍ ഇടുക്കിയിലെ പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് പുറത്തുവിട്ട കണ്ടെത്തല്‍ എല്ലാം വളരെ ഗൗരവത്തോടെ തന്നെ നാം എടുക്കണം. ഇതെല്ലാം കൂടി പരിഗണിച്ചാകണം പുതിയ ടൂറിസം നയങ്ങള്‍ അവതരിപ്പിക്കേണ്ടത്.

Comments

comments