രക്ഷകരുടെ തനിനിറം

രക്ഷകരുടെ തനിനിറം

ചില ആളുകള്‍ വിഷമാണ്. നാം അത് തിരിച്ചറിയുന്നില്ല. നമ്മുടെ ചിന്തകളില്‍, പ്രവര്‍ത്തികളില്‍ അവര്‍ വിഷം കലര്‍ത്തുന്നു. നാം അവരെ രക്ഷകരായി കാണുന്നു. നാം പോലുമറിയാതെ അവര്‍ നമ്മില്‍ പടര്‍ന്നു കയറുന്നു

അയാള്‍ ഒരു ഗ്ലാസ് വെള്ളം എടുത്ത് മേശപ്പുറത്തു വെച്ചു. മറ്റെന്തോ ആവശ്യത്തിനായി പുറത്തേക്ക് പോയി.

ഗ്ലാസിനരികെ ഒരു കുപ്പി വിഷം ഇരിക്കുന്നുണ്ടായിരുന്നു. വിഷം വെള്ളത്തെ നോക്കി ചിരിച്ചു. എന്നിട്ട് പറഞ്ഞു ”നിന്റെ ആയുസ് തീരാറായി അയാള്‍ നിന്നെ ഇപ്പോള്‍ കുടിക്കും”

വെള്ളം ഞെട്ടിപ്പോയി. അത് വിഷത്തോട് ചോദിച്ചു, ”ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ എന്താണ് മാര്‍ഗ്ഗം .”

വിഷം മറുപടി പറഞ്ഞു ”എന്റെ ഒരുതുള്ളി ഞാന്‍ നിനക്ക് തരാം നിന്റെ നിറം മാറുമ്പോള്‍ അയാള്‍ നിന്നെ കുടിക്കില്ല.”

വെള്ളത്തിന് സന്തോഷമായി. വിഷത്തില്‍ അത് രക്ഷകനെ കണ്ടെത്തി. വെള്ളം പറഞ്ഞു ”എന്നാല്‍ വേഗം നിന്റെ ഒരു തുള്ളി എന്നില്‍ കലക്കൂ. ഞാന്‍ രക്ഷപ്പെടട്ടെ.”

വിഷം തന്റെ ഒരു തുള്ളി വെള്ളത്തിന് നല്കി. വെള്ളത്തിന്റെ നിറം മാറി. വെള്ളം കുടിക്കാന്‍ എടുത്തു വെച്ചയാള്‍ തിരികെ വന്നു. നിറവ്യത്യാസം കണ്ട അയാള്‍ അത് കുടിക്കാതെ അവിടെ വെച്ചിട്ട് പോയി.

വെള്ളം ആഹ്ലാദം കൊണ്ട് മതി മറന്നു. വിഷം എന്ന സുഹൃത്ത് തന്നെ രക്ഷിച്ചിരിക്കുന്നു. അത് വിഷത്തോട് പറഞ്ഞു ”നീ ഈ ചെയ്ത ഉപകാരം ഞാന്‍ ഒരിക്കലും മറക്കില്ല. നീയെന്റെ ജീവന്‍ രക്ഷിച്ചു. ഇനി നീയെന്നെ പഴയ സ്ഥിതിയിലാക്കൂ.”

വിഷം പതിയെ ചിരിച്ചുകൊണ്ട് പറഞ്ഞു ”സുഹൃത്തേ, എനിക്ക് നിന്നില്‍ പടരാനേ കഴിയൂ. നിന്നില്‍ നിന്നും എന്നെ എടുത്തുമാറ്റാന്‍ എനിക്കാവില്ല. നീയിനി വെള്ളമല്ല. വിഷമാണ്.”

ചില ആളുകള്‍ വിഷമാണ്. നാം അത് തിരിച്ചറിയുന്നില്ല. നമ്മുടെ ചിന്തകളില്‍, പ്രവര്‍ത്തികളില്‍ അവര്‍ വിഷം കലര്‍ത്തുന്നു. നാം അവരെ രക്ഷകരായി കാണുന്നു. നാം പോലുമറിയാതെ അവര്‍ നമ്മില്‍ പടര്‍ന്നു കയറുന്നു.

ജീവിതം ഒന്നേയുള്ളൂ. അത് വിഷമയമാക്കരുത്.

 

Comments

comments

Categories: Slider