വേദാന്തക്ക് ഒഡീഷയില്‍ നിന്നും ബോക്‌സൈറ്റ്

വേദാന്തക്ക് ഒഡീഷയില്‍ നിന്നും ബോക്‌സൈറ്റ്

പ്രവര്‍ത്തനമാരംഭിച്ച് 10 വര്‍ഷത്തിന് ശേഷമാണ് വേദാന്തക്ക് ഒഡീഷയില്‍ നിന്ന് ബോക്‌സൈറ്റ് ലഭിക്കുന്നത്; ഉല്‍പ്പാദന ശേഷിയുടെ 60 ശതമാനം മാത്രമാണ് നിലവിലെ ഉപയോഗപ്പെടുത്താനാവുന്നത്

 

മുംബൈ: തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് പ്ലാന്റ പൂട്ടിയതിന്റെ ക്ഷീണത്തിലിരിക്കുന്ന വേദാന്താ ലിമിറ്റഡിന് ഒഡീഷയില്‍ നിന്ന് ശുഭവാര്‍ത്ത. ഒഡീഷയിലെ ലാഞ്ചീഗഢിലെ റിഫൈനറി വിപുലീകരണ പദ്ധതി പൂര്‍ത്തിയാക്കാന്‍ ആവശ്യമായ ബോക്‌സൈറ്റ്, പൊതുമേഖലാ സ്ഥാപനമായ ഒഡീഷ മൈനിംഗ് കോര്‍പ്പറേഷന്‍ (ഒഎംസി) നല്‍കും. രാജ്യത്തെ ഏറ്റവും വലിയ അലുമിനിയം നിര്‍മാതാക്കളായ വേദാന്തയുടെ ഒഡീഷ പ്ലാന്റിന്റെ പ്രവര്‍ത്തനം അലുമിനിയത്തിന്റെ അയിരായ ബോക്‌സൈറ്റ് ആവശ്യത്തിന് ലഭിക്കാത്തത് മൂലം അവതാളത്തിലായിരുന്നു. പ്രതിവര്‍ഷം രണ്ട് മില്യണ്‍ ടണ്ണിന്റെ ഉല്‍പ്പാദന ശേഷിയുള്ള റിഫൈനറി പ്രവര്‍ത്തിപ്പിക്കുന്നതിന് 2007 മുതല്‍ വിദേശത്ത് നിന്നും ആന്ധ്രപ്രദേശടക്കം മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ബോക്‌സൈറ്റ് ഇറക്കുമതി ചെയ്തുവരികയാണ് കമ്പനി. റിഫൈനറിയില്‍ നിന്നും 152 കിലോമീറ്റര്‍ മാത്രം ദൂരെയുള്ള ഒഎംസിയുടെ കൊദിഗാമലി ഖനിയില്‍ നിന്നും അസംസ്‌കൃത വസ്തുക്കള്‍ ലഭിക്കുന്നതോടെ അലുമിനിയം ഉല്‍പ്പാദനം വര്‍ധിപ്പിക്കാനാവുമെന്ന് വേദാന്താ ലിമിറ്റഡിന്റെ വിദേശകാര്യ വിഭാഗം തലവന്‍ സഞ്ജീവ് കുമാര്‍ വ്യക്തമാക്കി.

ബോക്‌സൈറ്റ് ധാതുവിനാല്‍ സമ്പുഷ്ടമാണ് ഒഡീഷ. എന്നാല്‍ പ്രവര്‍ത്തനം ആരംഭിച്ച് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വേദാന്തയുടെ പ്ലാന്റിന് സംസ്ഥാനത്തിനകത്തു നിന്ന് ബോക്‌സൈറ്റ് ലഭിക്കുന്നത്. ബ്രസീല്‍, ഗ്വിനിയ, തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ നിന്നും ആന്ധ്രാ പ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുമാണ് ഇതുവരെ ബോക്‌സൈറ്റ് എത്തിച്ചിരുന്നത്.

പ്രതിവര്‍ഷം രണ്ട് ദശലക്ഷം ടണ്‍ അലുമിനിയം ഉല്‍പ്പാദിപ്പിക്കാനുള്ള അനുമതി ഉണ്ടെങ്കിലും അസംസ്‌കൃത വസ്തുക്കളുടെ ക്ഷാമം മൂലം കമ്പനിക്ക് പ്രതിവര്‍ഷം 1.2 ദശലക്ഷം ടണ്‍ ഉല്‍പ്പാദന ശേഷി മാത്രമേ കൈവരിക്കാനായിട്ടുള്ളൂ. ഇതിനിടെയാണ് പ്രതിവര്‍ഷം നാല് ദശലക്ഷം ടണ്ണിലേക്ക് ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ കമ്പനി തയ്യാറെടുപ്പ് ആരംഭിച്ചത്. ഒഡീഷയിലെ ഖനികളില്‍ തന്നെയാണ് കമ്പനിയുടെ പ്രതീക്ഷ. ‘നിലവില്‍ ഞങ്ങള്‍ക്ക് ആവശ്യമായ ബോക്‌സൈറ്റിന്റെ അഞ്ച് ശതമാനം മാത്രമാണ് ഒഎംസിയില്‍ നിന്ന് ലഭിക്കുന്നുള്ളു. ഒഡീഷയിലെ മറ്റ് ഖനികള്‍ ലേലത്തിലെടുക്കുന്നതിലൂടെ കൂടുതല്‍ അസംസ്‌കൃത വസ്തുക്കള്‍ ലഭിക്കാനുള്ള സാധ്യതകളാണ് പരിശോധിക്കുന്നത്,’ സഞ്ജീവ് കുമാര്‍ വ്യക്തമാക്കി. വിപുലീകരണ പദ്ധതികള്‍ക്കായി വേദാന്ത ഇതുവരെ 5,000 കോടി രൂപയാണ് ചെലവഴിച്ചെന്നും അദ്ദേഹം പറഞ്ഞു.

Comments

comments

Categories: FK News
Tags: Vedantha