ഇരുചക്ര വാഹന ഉടമസ്ഥാവകാശം 6% വര്‍ധിച്ചെന്ന് ഹോണ്ട

ഇരുചക്ര വാഹന ഉടമസ്ഥാവകാശം 6% വര്‍ധിച്ചെന്ന് ഹോണ്ട

സെപ്റ്റംബര്‍ ഒന്ന് മുതല്‍ വാഹനം ഡീലര്‍മാര്‍ വില്‍ക്കുന്ന ഘട്ടത്തില്‍ തന്നെ നാലുചക്ര വാഹനങ്ങള്‍ക്ക് മൂന്ന് വര്‍ഷത്തെയും ഇരുചക്രവാഹനങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തെയും തേഡ് പാര്‍ട്ടി ഇന്‍ഷ്വറന്‍സ് നിര്‍ബന്ധമാക്കാനാണ് കോടതി നിര്‍ദേശം

 

ന്യൂഡെല്‍ഹി: സെപ്റ്റംബര്‍ ഒന്ന് മുതല്‍ ദീര്‍ഘകാല ഇന്‍ഷുറന്‍സ് പ്രീമിയം നിര്‍ബന്ധമാക്കിയത് മൂലം ഇരുചക്ര വാഹന ഉടമസ്ഥാവകാശം ഏകദേശം 6 ശതമാനം വര്‍ധിച്ചെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്‌ഐ). സെപ്റ്റംബര്‍ ഒന്ന് മുതല്‍ വാഹനം ഡീലര്‍മാര്‍ വില്‍ക്കുന്ന ഘട്ടത്തില്‍ തന്നെ നാലുചക്ര വാഹനങ്ങള്‍ക്ക് മൂന്ന് വര്‍ഷത്തെയും ഇരുചക്രവാഹനങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തെയും തേഡ് പാര്‍ട്ടി പ്രീമിയം നിര്‍ബന്ധമാക്കാന്‍ ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റിയോട് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് രേഖാമൂലമുള്ള ഉടമകളുടെ എണ്ണവും വര്‍ധിക്കുന്നത്. കാറുകള്‍ക്കു മൂന്നു വര്‍ഷത്തേയും ഇരുചക്രവാഹനങ്ങള്‍ക്ക് അഞ്ചു വര്‍ഷത്തെയും പ്രീമിയം ഒന്നിച്ച് അടക്കണമെന്നാണ് സുപ്രീംകോടതി നിര്‍ദേശം. കോടതി ഉത്തരവ് വരും ദിവസങ്ങളില്‍ വാഹനങ്ങളുടെ വില്‍പ്പനയില്‍ കാര്യമായ സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തല്‍.

രാജ്യത്തെ നിരത്തുകളില്‍ ഓടുന്ന പകുതിയോളം ഇരുചക്ര വാഹനങ്ങള്‍ക്കും കാറുകള്‍ക്കും ഇന്‍ഷ്വറന്‍സില്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കോടതി ശക്തമായ നിര്‍ദേശം പുറപ്പെടുവിച്ചത്. തേഡ് പാര്‍ട്ടി ഇന്‍ഷ്വറന്‍സ് ഇല്ലാതെ വാഹനം ഓടിക്കുന്നത് നിയമവിരുദ്ധമാണ്. വര്‍ഷംതോറും ഇതു പുതുക്കുന്നതില്‍ പലരും വീഴ്ച വരുത്തുന്നതു കണക്കിലെടുത്താണ് ദീര്‍ഘകാല പ്രാബല്യമുള്ള പോളിസി നടപ്പാക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചത്.

ഇന്‍ഷുറന്‍സ് നിയന്ത്രണങ്ങള്‍ രാജ്യത്തെ ഇരുചക്ര വാഹന വ്യവസായത്തെ മന്ദീഭവിപ്പിച്ചേക്കാമെന്നാണ് സ്‌കൂട്ടര്‍ വിഭാഗത്തിലെ മുന്‍നിരക്കാരായ എച്ച്എംഎസ്‌ഐ നിരീക്ഷിക്കുന്നത്. ”വളര്‍ച്ചാ ഗതിയില്‍ സമീപകാലത്ത് ചില തടസങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. ദീര്‍ഘകാല ഇന്‍ഷ്വറന്‍സ് നിബന്ധന ആരും പ്രതീക്ഷിച്ചിരുന്നില്ല. ഇത് ഇരുചക്ര വാഹനം വാങ്ങുന്നതിന്റെ ചെലവ് ആറ് ശതമാനം വരെ കൂട്ടാനിടയാക്കിയിട്ടുണ്ട്. 2019 ഏപ്രിലോടെ ഇരുചക്രവാഹനങ്ങള്‍ക്ക് ആന്റിലോക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്) അല്ലെങ്കില്‍ സംയുക്ത ബ്രേക്കിംഗ് സിസ്റ്റം (സിബിഎസ്) ഉണ്ടായിരിക്കണമെന്ന് സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്്”, എച്ച്എംഎസ്‌ഐ സെയ്ല്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് സീനിയര്‍ വൈസ് പ്രസിഡന്റായ യദ്‌വീന്ദര്‍ എസ് ഗുലെരിയ പറഞ്ഞു. 2020 ഏപ്രിലോടെ വാഹനങ്ങള്‍ ബിഎസ്-ആറ് നിലവാരത്തിലേക്ക് ഉയര്‍ത്തണമെന്നത് അടക്കം വരാനിരിക്കുന്ന നിയമപരമായ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ജാഗ്രത പുലര്‍ത്തി വരികയാണെന്നും ഗുലെരിയ കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Auto
Tags: Two wheelers