ജൂലൈയില്‍ ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെലവ് 76% വര്‍ധിച്ചു

ജൂലൈയില്‍ ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെലവ് 76% വര്‍ധിച്ചു

ഇറാനെതിരായ യുഎസ് ഉപരോധം കൂടുതല്‍ ആശങ്കയുണ്ടാക്കുന്നു

ന്യൂഡെല്‍ഹി: ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെലവ് ജൂലൈയില്‍ 76 ശതമാനം വര്‍ധിച്ച് 10.2 ബില്യണ്‍ ഡോളറിലെത്തിയതായി റിപ്പോര്‍ട്ട്. ഇത് ഇന്ത്യയുടെ വ്യാപാരക്കമ്മി 18 ബില്യണ്‍ ഡോളറിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വ്യാപാരക്കമ്മിയാണ് ഇത്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിച്ചതാണ് ഇന്ത്യയുടെ പ്രതിമാസ എണ്ണ ഇറക്കുമതി ചെലവ് വര്‍ധിക്കാനിടയാക്കിയിരിക്കുകയാണ്.
അസംസ്‌കൃത എണ്ണ വിലയിലുണ്ടായ വര്‍ധന കാരണം വിദേശ വിനിമയ വിപണിയില്‍ യുഎസ് ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് രൂപ വ്യാപാരം നടത്തുന്നത്. ഇതും
ഇന്ത്യയുടെ എണ്ണ ഇറക്കുമതി ബില്ലില്‍ പ്രതിഫലിച്ചിട്ടുണ്ട്. മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും മോശം നിലവാരത്തിലാണ് ഇന്ത്യന്‍ കറന്‍സി കഴിഞ്ഞ മാസം വിനിമയം നടത്തിയത്. വ്യാഴാഴ്ച വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ 72 എന്ന റെക്കോഡ് താഴ്ചയിലേക്ക് രൂപ കൂപ്പുകുത്തിയിരുന്നു. ഈ വര്‍ഷം ഏറ്റവും മോശം പ്രകടനം നടത്തിയിട്ടുള്ള ഏഷ്യന്‍ കറന്‍സി രൂപയാണ്. 11 ശതമാനത്തിലധികം ഇടിവാണ് രൂപയുടെ മൂല്യത്തില്‍ ഈ വര്‍ഷം രേഖപ്പെടുത്തിയത്.
ഇറാനെതിരെ യുഎസ് ഉപരോധം ഏര്‍പ്പെടുത്തുന്നത് ആഗോള തലത്തിലെ എണ്ണ വിതരണം കുറയ്ക്കുമോ എന്നതു സംബന്ധിച്ച ആശങ്കകളും ഇന്ത്യന്‍ കറന്‍സിയെ ദുര്‍ബലമാക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. ആഗോള അനിശ്ചിതത്വങ്ങളെ തുടര്‍ന്ന് ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വിലയില്‍ ഈ വര്‍ഷം 70 ശതമാനം വര്‍ധനയാണ് ഉണ്ടായത്. ബാരലിന് 77.10 ഡോളറാണ് നിലവില്‍ ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില. മേയില്‍ മൂന്ന് വര്‍ഷത്തിനിടയിലെ ഉയര്‍ന്ന നിരക്കായ 80.50 ഡോളറിലേക്ക് ക്രൂഡ് വില ഉയര്‍ന്നിരുന്നു.
എണ്ണ വിലയിലുണ്ടായ വര്‍ധന ജൂലൈ വരെയുള്ള മൂന്ന് മാസവും ഇന്ത്യയുടെ എണ്ണ ഇറക്കുമതി ബില്ല് പത്ത് ബില്യണ്‍ ഡോളറിലധികം വര്‍ധിക്കാന്‍ ഇടയാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജൂണിലും ജൂലൈയിലും ഇന്ത്യയുടെ എണ്ണ ഇറക്കുമതി ബില്ല് 5.8 ബില്യണ്‍ ഡോളറിനടുത്തായിരുന്നു. എണ്ണ വില വര്‍ധന ഇന്ത്യയുടെ കറന്റ് എക്കൗണ്ട് കമ്മിയിലും ധനക്കമ്മിയിലും രൂപയുടെ വിനിമയ മൂല്യത്തിലും സമ്മര്‍ദം ചെലുത്തുന്നതായി ജര്‍മന്‍ ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് കമ്പനിയായ കൊമേഴ്‌സ്ബാങ്ക് എജി നിരീക്ഷിക്കുന്നു.
നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ കറന്റ് എക്കൗണ്ട് കമ്മി ജിഡിപിയുടെ 2.6 ശതമാനമായി ഉയരുമെന്നാണ് ഓസ്‌ട്രേലിയ ആന്‍ഡ് ന്യൂസീലന്‍ഡ് ബാങ്കിംഗ് ഗ്രൂപ്പ് ലിമിറ്റഡിന്റെ നിരീക്ഷണം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 1.5 ശതമാനമായിരുന്നു ഇന്ത്യയുടെ കറന്റ് എക്കൗണ്ട് കമ്മി. നടപ്പു സാമ്പത്തിക വര്‍ഷത്തെ ധനക്കമ്മി ജിഡിപിയുടെ 3.3 ശതമാനത്തില്‍ പിടിച്ചുനിര്‍ത്തുന്നത് കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഏപ്രില്‍-ജൂലൈ കാലളവില്‍ തന്നെ ഇന്ത്യയുടെ ധനക്കമ്മി നടപ്പു സാമ്പത്തിക വര്‍ഷത്തിലേക്ക് ബജറ്റില്‍ നിര്‍ദേശിച്ച പരിധിയുടെ 86.5 ശതമാനത്തിലെത്തിയതായി കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

Comments

comments

Categories: Business & Economy
Tags: Crudeoil