ഒറ്റയ്ക്ക് നില്‍ക്കാന്‍ വയ്യ; ലയനത്തില്‍ ‘രക്ഷ’ തേടി ഗള്‍ഫ് ബാങ്കുകള്‍

ഒറ്റയ്ക്ക് നില്‍ക്കാന്‍ വയ്യ; ലയനത്തില്‍ ‘രക്ഷ’ തേടി ഗള്‍ഫ് ബാങ്കുകള്‍

മുമ്പെങ്ങുമില്ലാത്ത തരത്തിലുള്ള ലയനങ്ങളും ഏറ്റെടുക്കലുകളുമാണ് ഗള്‍ഫിലെ ബാങ്കിംഗ് മേഖലയില്‍ പ്രകടമാകുന്നത്. സമൂലമായ മാറ്റത്തിനാണ് ഇതോടെ ബാങ്കിംഗ് രംഗം സാക്ഷ്യം വഹിക്കുന്നത്. ഗള്‍ഫിലെ ബാങ്കുകളുടെ ലയന പ്രണയത്തിന് പിന്നിലുള്ള കാരണങ്ങള്‍ എന്തെല്ലാമാണ്…ഒരന്വേഷണം

സമൂലമായ മാറ്റങ്ങളാണ് ഗള്‍ഫ് മേഖലയിലെ ബാങ്കിംഗ് രംഗത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്. എണ്ണ വിലയിലെ ഇടിവിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ ബാങ്കിംഗ് രംഗത്തെയും ബാധിച്ചിരുന്നു. ഇന്ന് എണ്ണ വില തിരിച്ച് കയറി. വിപണി സ്ഥിരത കൈവരിച്ചു. എന്നാല്‍ ബാങ്കിംഗ് രംഗത്ത് ഇപ്പോള്‍ വലിയ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നും. പറഞ്ഞുവുരന്നത് ലയനങ്ങളെ കുറിച്ച് തന്നെ. ചെറിയ ബാങ്കുകളെല്ലാം നില്‍ക്കള്ളിയില്ലാതെ വന്‍കിടക്കാരെ നേരിടാന്‍ ലയനങ്ങളില്‍ അഭയം തേടുന്ന പ്രവണതയാണ് കാണുന്നത്.

തങ്ങളുടെ മൂന്ന് ബാങ്കുകളെ തമ്മില്‍ ലയിപ്പിക്കാനുള്ള പദ്ധതിയിലാണ് അബുദാബി. ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ അബുദാബിയിലെ രണ്ടാമത്തെ പ്രധാനപ്പെട്ട ബാങ്ക് ലയനമായിരിക്കും അങ്ങനെയെങ്കില്‍ സംഭവിക്കുക. ഇക്കഴിഞ്ഞ മേയ് മാസത്തിലാണ് 20 വര്‍ഷത്തിനിടയിലെ തങ്ങളുടെ ആദ്യ ബാങ്ക് ലയനത്തിന് സൗദി അറേബ്യ സാക്ഷ്യം വഹിച്ചത്. ഇതുവരെയുള്ള ഏറ്റവും വലിയ ഏറ്റെടുക്കല്‍, ലയന സീസണിനാണ് അറേബ്യന്‍ നാട്ടിലെ ബാങ്കിംഗ് മേഖല വിധേയമാകുന്നത്. ചുരുങ്ങിയത് അര ഡസണ്‍ ബാങ്കുകളെങ്കിലും ലയന-ഏറ്റെടുക്കല്‍ ചര്‍ച്ചകളില്‍ സജീവമാണ്…

എന്തുകൊണ്ടാണ് ബാങ്കുകള്‍ ലയിക്കുന്നത്

മുകളിലെ ചോദ്യത്തിനുള്ള പ്രധാന ഉത്തരം ബാങ്കുകളുടെ എണ്ണം തന്നെയാണ്. മേഖലയില്‍ കൂടുതലാണ് ബാങ്കുകള്‍. എണ്ണ വിലയുടെ അസ്ഥിരത കൂടി പരിഗണിക്കുമ്പോള്‍ ബാങ്കുകള്‍ക്ക് പിടിച്ച് നില്‍ക്കണമെങ്കില്‍ ലയിച്ചേ തീരുവെന്ന അവസ്ഥയാണ്. ആറ് അംഗങ്ങളുള്ള ഗള്‍ഫ് കോഓപ്പറേഷന്‍ കൗണ്‍സിലില്‍ മാത്രം 73 ലിസ്റ്റഡ് ബാങ്കുകളുണ്ടെന്ന് കണക്കുകള്‍ പറയുന്നു. 51 ദശലക്ഷം വരുന്ന ജനങ്ങളാണ് ഇവിടെയുള്ളത്. പ്രാദേശിക ബാങ്കുകള്‍ പ്രധാനമായും ആശ്രയിക്കുന്നത് സര്‍ക്കാര്‍ നിക്ഷേപങ്ങളെയാണ്. എന്നാല്‍ സര്‍ക്കാര്‍ ചെലവിടല്‍ ആശ്രയിച്ചിരിക്കുന്നത് ക്രൂഡ് ഓയില്‍ വിലയെ ആയിരുന്നു. എണ്ണ വിലയിലെ ഇടിവ് ബാങ്കുകളെയും കാര്യമായി ബാധിക്കുന്ന അവസ്ഥ വന്നു. അതാണ് പല ധനകാര്യസ്ഥാപനങ്ങള്‍ക്കും പ്രതിസന്ധിയുണ്ടാക്കിയത്.

അബുദാബി ബാങ്കുകള്‍ ലയിക്കുന്നതിന്റെ യുക്തിയെന്ത്?

അബുദാബിയിലെ ധനകാര്യമേഖലയില്‍ ഏകീകരണ പ്രവണത ശക്തമാണ്. മൂന്ന് ബാങ്കുകളെ ലയിപ്പിച്ച് വമ്പന്‍ ബാങ്കിംഗ് കമ്പനി സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് അബുദാബിയെന്നതാണ് ഈ വിഷയവുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ വാര്‍ത്ത. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അബുദാബി കൊമേഴ്‌സ്യല്‍ ബാങ്ക്, യൂണിയന്‍ നാഷണല്‍ ബാങ്ക് എന്നീ ലിസ്റ്റഡ് സ്ഥാപനങ്ങള്‍ സ്വകാര്യ സംരംഭമായ അല്‍ ഹിലാല്‍ ബാങ്കുമായാണ് ലയിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ മാസം തന്നെ ലയനപ്രഖ്യാപനങ്ങള്‍ വരാന്‍ സാധ്യതയുണ്ടെന്നാണ് വാര്‍ത്ത.

ലയനത്തിലൂടെ 110 ബില്ല്യണ്‍ ഡോളര്‍ ആസ്തിയുള്ള ധനകാര്യ ഭീമനെ സൃഷ്ടിക്കാനാണ് അബുദാബിയുടെ പദ്ധതി. എണ്ണ കേന്ദ്രീകൃത സമ്പദ് വ്യവസ്ഥയില്‍ നിന്നുള്ള വൈവിധ്യവല്‍ക്കരണത്തിനും ഇത് ശക്തി പകരുമെന്ന് കരുതപ്പെടുന്നു.

ജിസിസി രാജ്യങ്ങളിലെ ഏറ്റവും വലിയ അഞ്ചാമത്തെ ബാങ്കായി പുതിയ സംരംഭം മാറും. കുറഞ്ഞ സര്‍ക്കാര്‍ ചെലവിടല്‍, സാമ്പത്തിക വളര്‍ച്ചയിലെ മന്ദത തുടങ്ങിയ കാരണങ്ങളാല്‍ ബാങ്കിംഗ് രംഗത്ത് പ്രതിസന്ധികള്‍ നേരിടുന്ന സമയത്താണ് ഇത്തരത്തിലൊരു നീക്കമെന്നതാണ് ശ്രദ്ധേയം.

അബുദാബി കൊമേഴ്‌സ്യല്‍ ബാങ്കിന് ഏകദേശം 10 ബില്ല്യണ്‍ ഡോളറിന്റെ വിപണിമൂല്യമുണ്ട്. യൂണിയന്‍ നാഷണല്‍ ബാങ്കിന്റെ വിപണി മൂല്യം 2.9 ബില്ല്യണ്‍ ഡോളറോളം വരും.

എമിറേറ്റിലെ രണ്ട് വലിയ ബാങ്കുകളായ നാഷണല്‍ ബാങ്ക് ഓഫ് അബുദാബിയും ഫസ്റ്റ് ഗള്‍ഫ് ബാങ്കും കഴിഞ്ഞ വര്‍ഷം ലയിച്ച് ഫസ്റ്റ് അബുദാബി ബാങ്ക് എന്ന പേരില്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. മുബാദല ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയും അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് കൗണ്‍സിലും ഇക്കഴിച്ച മാര്‍ച്ചിലാണ് പുതിയ സഖ്യത്തിലേര്‍പ്പെട്ടത്. ഇരുഗ്രൂപ്പുകളും ചേര്‍ന്ന് പുതിയ സോവറിന്‍ വെല്‍ത്ത് ഫണ്ടുണ്ടാക്കി ഇപ്പോള്‍ നിയന്ത്രിക്കുന്നത് 220 ബില്ല്യണ്‍ ഡോളറിന്റെ ആസ്തിയാണ്. നേരത്തെ പറഞ്ഞ പുതിയ ലയനവാര്‍ത്തിയിലെ മൂന്ന് ബാങ്കുകളുടെയും പ്രധാന ഉടമസ്ഥാവകാശം കൈയാളുന്നത് മുബാദലയാണെന്നതും പരാമര്‍ശിക്കേണ്ടതുണ്ട്. ഫസ്റ്റ് അബുദാബി ബാങ്കിന്റെ ലയനം വിജയിച്ചതോടെ മേഖലയിലെ ചെറുകിട ബാങ്കുകളാണ് മല്‍സരത്തിന്റെ കാഠിന്യം അനുഭവിക്കുത്. ഏകീകരണത്തിലൂടെ പിടിച്ചുനില്‍ക്കാനാണ് ഇപ്പോള്‍ അവരും ശ്രമിക്കുത്-മസ്‌ക്കറ്റ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന യുണൈറ്റഡ് സെക്യൂരിറ്റീസിലെ ഇക്വിറ്റി റീസര്‍ച്ച് മേധാവി ജോയിസ് മാത്യു പറയുന്നു.

അറേബ്യന്‍ വളര്‍ച്ച

നേരത്തെ പറഞ്ഞ പോലെ ജിസിസിയിലെ ബാങ്കിംഗ് മേഖലയുടെ വളര്‍ച്ച അതത് രാജ്യങ്ങളുടെ ജിഡിപിയുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. ബഹ്‌റൈന്‍, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ തുടങ്ങിയ ജിസിസി രാജ്യങ്ങള്‍ 2014ന് ശേഷം സാമ്പത്തികപരമായി പ്രതിസന്ധികളില്‍ ഏര്‍പ്പെട്ടിരുന്നു. ക്രൂഡ് ഓയില്‍ വിലയിലെ ഇടിവ് തന്നെയാണ് കാരണം. ഇതുകാരണം സര്‍ക്കാരുകള്‍ ബജറ്റ് പുനക്രമീകരണങ്ങള്‍ നടത്തി, ബാങ്കുകളിലേക്കുള്ള നിക്ഷേപം കുറഞ്ഞു. ഇതിന് പുറമെയാണ് വാറ്റ് (മൂല്യവര്‍ധിത) നികുതി പോലുള്ള ഘടനാപരമായ പരിഷ്‌കരണങ്ങളുടെ ഭാഗമായുള്ള സ്വാഭാവിക പ്രതിസന്ധികള്‍.

ഏതെല്ലാമാണ് മറ്റ് ലയനങ്ങള്‍?

കിരീടാവകാശി പ്രിന്‍സ് മുഹമ്മദിന്റെ നേതൃത്വത്തില്‍ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന സൗദി അറേബ്യയിലും ബാങ്കുകളും ഏകീകരണം ഇപ്പോള്‍ ചര്‍ച്ചാവിഷയമാണ്. എച്ച്എസ്ബിസി ഹോള്‍ഡിംഗ്‌സിന്റെ ഭാഗമായ സൗദി ബ്രിട്ടീഷ് ബാങ്ക് അലാവ്വല്‍ ബാങ്കിനെ ഏറ്റെടുക്കാന്‍ മേയ് മാസത്തില്‍ തീരുമാനിച്ചത് വലിയ വാര്‍ത്തയായിരുന്നു. റോയല്‍ ബാങ്ക് ഓഫ് സ്‌കോട്‌ലന്‍ഡിന്റെ പിന്തുണയുള്ള സ്ഥാപനമാണ് അലാവ്വല്‍ ബാങ്ക്. അഞ്ച് ബില്ല്യണ്‍ ഡോളറിന്റേതായിരുന്നു ഇടപാട്. ഇവര്‍ തമ്മിലുള്ള ലയനം പൂര്‍ത്തിയാകുന്നതോടെ സൃഷ്ടിക്കപ്പെടുന്നത് 78 ബ ില്ല്യണ്‍ ഡോളര്‍ ആസ്തിയുള്ള കമ്പനിയാണ്. സൗദിയിലെ ഏറ്റവും വലിയ മൂന്നാമത്തെ ബാങ്കായി ഈ ലയനസംരംഭം മാറുകയും ചെയ്യും. ജൂണ്‍ മാസത്തിലാണ് മറ്റൊരു ഏറ്റെടുക്കല്‍ വാര്‍ത്ത വന്നത്. സൗദി ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കില്‍ തങ്ങള്‍ക്കുള്ള 7.5 ശതമാനം ഓഹരി ജെപി മോര്‍ഗന്‍ ചേസ് വില്‍ക്കുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്.

ഖത്തറിലും ലയനസംബന്ധമായ ചര്‍ച്ചകള്‍ സജീവമാണ്. 2.7 മില്ല്യണ്‍ ജനസംഖ്യുള്ള ഖത്തറിലുള്ളത് 18ഓളം ബാങ്കുകളാണ്. ബര്‍വാ ബാങ്കും ഇന്റര്‍നാഷണല്‍ ബാങ്ക് ഓഫ് ഖത്തറും തമ്മില്‍ ലയിക്കാന്‍ ഓഗസ്റ്റില്‍ തീരുമാനമെടുത്തിരുന്നു. ഒമാനിലും രണ്ട് ബാങ്കുകളുടെ ലയനം സംബന്ധിച്ച സജീവ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

തുര്‍ക്കിയിലെ ഏറ്റവും വലിയ അഞ്ചാമത്തെ സ്വകാര്യ ബാങ്കായ ഡെനിസ്ബാങ്കിനെ ഏറ്റെടുക്കുകയാണെന്ന് എമിറേറ്റ്‌സ് എന്‍ബിഡി മേയ് മാസത്തിലാണ് പ്രഖ്യാപിച്ചത്. എമിറേറ്റ്‌സ്എന്‍ബിഡിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഏറ്റെടുക്കലായിരുന്നു 3.2 ബില്ല്യണ്‍ ഡോളറിന്റെ ആ ഇടപാട്.

റഷ്യയുടെ എസ്‌ബെര്‍ ബാങ്കിന്റെ കൈയില്‍ നിന്നാണ് ഡെനിസിനെ എമിറേറ്റ്‌സ് എന്‍ബിഡി ഏറ്റെടുത്തത്. ഏകദേശം 37 ബില്ല്യണ്‍ ഡോളറിന്റെ ആസ്തിയുള്ള ബാങ്കാണ് ഡെനിസ്. തുര്‍ക്കിയിലെ ഈ മുന്‍നിര ബാങ്ക് വായ്പായിനത്തില്‍ നല്‍കിയിരിക്കുന്നത് 26 ബില്ല്യണ്‍ ഡോളറാണെന്ന് കണക്കുകള്‍ പറയുന്നു. മാര്‍ച്ച് 31 വരെയുള്ള കണക്കനുസരിച്ച് ബാങ്കിന്റെ പക്കലുള്ള നിക്ഷേപം 25.2 ബില്ല്യണ്‍ ഡോളറിന്റേതാണ്.

ആകെ 751 ശഖകളുള്ള ഡെനിസ് ബാങ്ക് തുര്‍ക്കിയിലും മറ്റ് ചില രാജ്യങ്ങളിലും മികച്ച സാന്നിധ്യമാണ്. 708 ശാഖകള്‍ തുര്‍ക്കിയിലാണ്. ഓസ്ട്രിയ, ജര്‍മനി, ബഹ്‌റൈന്‍, മോസ്‌ക്കോ, സൈപ്രസ് തുടങ്ങിയ രാജ്യങ്ങളിലായാണ് ശേഷിക്കുന്ന 43 ശാഖകള്‍. ഇവിടങ്ങളിലായി 11.8 മില്ല്യണ്‍ ഉപഭോക്താക്കളാണ് ബാങ്കിനുള്ളതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

പശ്ചിമേഷ്യയിലും നോര്‍ത്ത് നോര്‍ത്ത് ആഫ്രിക്കയിലും തുര്‍ക്കിയിലും മുന്‍നിര ബാങ്കായി എമിറേറ്റ്‌സ് എന്‍ബിഡിയുടെ സ്ഥാനം ഊട്ടിയുറപ്പിക്കാന്‍ ഈ ഏറ്റെടുക്കല്‍ സഹായിക്കുമെന്നായിരുന്നു ബാങ്കിന്റെ വൈസ് ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ ഹിഷാം അബ്ദുള്ള അല്‍ ഖാസിം പറഞ്ഞത്.

ഇനിയെന്താണ് സംഭവിക്കുക

സമ്പദ് വ്യവസ്ഥയില്‍ നടക്കുന്ന മാറ്റങ്ങള്‍ അതിവേഗവും അപ്രവചനീയ സ്വഭാവമുള്ളതുമാകുന്നത് ബാങ്കുകളെയും വലയ്ക്കുന്നുണ്ട്. അതിജീവനത്തിന്റെ ഭാഗമായി കൂടുതല്‍ പ്രാദേശിക ബാങ്കുകള്‍ ലയനത്തിലേക്ക് കടക്കാനാണ് സാധ്യത. ദുബായിലും ഇത്തരത്തിലുള്ള ലയനങ്ങള്‍ വരുംനാളുകളില്‍ കാണാന്‍ സാധ്യതയുണ്ട്.

ഗള്‍ഫ് ബാങ്കുകളുടെ ലയനം: ഫാക്റ്റ്ഫയല്‍

 • കുവൈറ്റ്-ബഹ്‌റൈന്‍

കുവൈറ്റ് ഫിനാന്‍സ് ഹൗസ് കെഎസ്‌സിപിയും ബഹ്‌റൈനിന്റെ അഹ്‌ലി യുണൈറ്റഡ് ബാങ്ക് ബിഎസ്‌സിയും തമ്മില്‍ ലയന ചര്‍ച്ചകളുണ്ട്

ലയനശേഷമുള്ള സംരംഭത്തിന്റെ ആസ്തി: 92.6 ബില്ല്യണ്‍ ഡോളര്‍

 • ദുബായ്-തുര്‍ക്കി

എമിറേറ്റ്‌സ് എന്‍ബിഡി പിജെഎസ്‌സി തുര്‍ക്കിയിലെ ഡെനിസ് ബാങ്ക് എഎസ് ഏറ്റെടുക്കാന്‍ തീരുമാനിച്ചു

ലയനശേഷമുള്ള സംരംഭത്തിന്റെ ആസ്തി: 42.8 ബില്ല്യണ്‍ ഡോളര്‍

 • സൗദി അറേബ്യ

അലാവ്വല്‍ ബാങ്കിനെ സൗദി ബ്രിട്ടീഷ് ബാങ്ക് ഏറ്റെടുത്ത്. 5 ബില്ല്യണ്‍ ഡോളറിന്റേതാണ് ഡീല്‍

ലയനശേഷമുള്ള സംരംഭത്തിന്റെ ആസ്തി: 72.5 ബില്ല്യണ്‍ ഡോളര്‍

 • ഖത്തര്‍

ബര്‍വ ബാങ്കും ഇന്റര്‍നാഷണല്‍ ബാങ്ക് ഓഫ് ഖത്തറുമായി ലയനചര്‍ച്ചകള്‍ നടക്കുന്നു

ലയനശേഷമുള്ള സംരംഭത്തിന്റെ ആസ്തി: 22 ബില്ല്യണ്‍ ഡോളര്‍

 • ഒമാന്‍

ഒമാന്‍ അറബ് ബാങ്ക് എസ്എഒസി അലിസ് ഇസ്ലാമിക് ബാങ്ക് എസ്എഒജിയുമായി ലയിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കുന്നു

ലയനശേഷമുള്ള സംരംഭത്തിന്റെ ആസ്തി: 7 ബില്ല്യണ്‍ ഡോളര്‍

 • അബുദാബി

നാഷണല്‍ ബാങ്ക് ഓഫ് അബുദാബി പിജെഎസ്‌സിയും ഫസ്റ്റ് ഗള്‍ഫ് ബാങ്കും ലയിച്ച് ഫസ്റ്റ് അബുദാബി ബാങ്ക് എന്ന സംരംഭമായി മാറി

ലയനശേഷമുള്ള സംരംഭത്തിന്റെ ആസ്തി: 188 ബില്ല്യണ്‍ ഡോളര്‍

 

 • മുബഷിര്‍ പുറത്തുവിട്ട സര്‍വേ റിപ്പോര്‍ട്ട് പ്രകാരം അടുത്ത വര്‍ഷത്തിനുള്ളില്‍ 303 ബില്ല്യണ്‍ ഡോളറിന്റെ ബാങ്ക് ലയനങ്ങളായിരിക്കും ജിസിസി മേഖലയിലുണ്ടാകുക
 • 51 ദശലക്ഷം ജനങ്ങളുള്ള ജിസിസി മേഖലയില്‍ പ്രവര്‍ത്തിക്കുന്നത് 73 ബാങ്കുകളാണ്
 • ഏത് പ്രതികൂലകാലാവസ്ഥയിലും പിടിച്ചുനില്‍ക്കുകയെന്നതാണ് പല ബാങ്കുകളും ലയനത്തിനുള്ള കാരണമായി പറയുന്നത്
 • ചെറിയ ബാങ്കുകള്‍ക്ക് സ്വതന്ത്രമായി നിലനില്‍ക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് ജിസിസി രാജ്യങ്ങളിലുണ്ടാകുന്നത്
 • എണ്ണവിലയിലെ കയറ്റിറക്കങ്ങള്‍ ബാങ്കിംഗ് രംഗത്തെയും സാരമായി ബാധിക്കുന്നുണ്ട്. സമ്പദ് വ്യവസ്ഥകളുടെ വൈവിധ്യവല്‍ക്കരണം പൂര്‍ത്തിയാകുന്നതുവരെ ഇത് പ്രകടമായേക്കാം

Comments

comments

Categories: Arabia
Tags: Gulf bank