കറന്‍സിരഹിത സമൂഹം അതിജീവിക്കുമോ?

കറന്‍സിരഹിത സമൂഹം അതിജീവിക്കുമോ?

ഇന്റര്‍നെറ്റ് അധിഷ്ഠിത ബാങ്കിംഗ് സാങ്കേതികവികസനമോ വിനാശകാരിയോ

ബാങ്കുകള്‍, ചലഞ്ചറുകള്‍ ഫിന്‍ടെക് കമ്പനികള്‍, പേയ്‌മെന്റ് പ്രൊവൈഡര്‍മാര്‍ – ഇവയ്‌ക്കെല്ലാം പൊതുവായിട്ടുണ്ടാകാറുള്ള മൂന്നുനാലു പ്രശ്‌നങ്ങളുണ്ട്. ഐടി പ്രശ്‌നങ്ങള്‍, സാങ്കേതികപ്പിഴവുകള്‍, ഹാക്കിംഗ് ഉപദ്രവം, തകര്‍ച്ചകള്‍, കസ്റ്റമര്‍ സര്‍വീസ് പരാജയങ്ങള്‍ തുടങ്ങിയ കാര്യങ്ങളാണിവ.
എന്നിരുന്നാലും ഈ പ്രശ്‌നങ്ങള്‍ക്കൊന്നും കറന്‍സിരഹിത സമ്പദ്‌വ്യവസ്ഥയിലേക്കുള്ള നീക്കത്തിന്റെ ഗതിവേഗം കുറയ്ക്കാനാകുന്നില്ല. കാര്‍ഡ് വ്യവഹാരം ഇന്ന് ധനവിനിമയത്തില്‍ പ്രചുരപ്രചാരം നേടിക്കഴിഞ്ഞിരിക്കുന്നു. പുതിയ കാലഘട്ടത്തില്‍ എടിഎം മെഷീനുകള്‍ സാധാരണക്കാരന്‍ ഏറ്റവുമധികം ആശ്രയിക്കുന്ന ധനവിനിമയമാര്‍ഗമായി മാറിയിരിക്കുന്നു. ബദല്‍ സംവിധാനങ്ങള്‍ വന്നാല്‍പ്പോലും എടിഎമ്മുകള്‍ കാലത്തെ അതിജീവിക്കുമെന്നു തന്നെയാണ് സാങ്കേതിക- ധനകാര്യ വിദഗ്ധര്‍ പറയുന്നത്.

പണത്തിന്റെ അവശ്യകത എന്നും നിലനില്‍ക്കുമെന്നതാണ് എടിഎമ്മുകള്‍ അതിജീവിക്കുമെന്നതിനു ചൂണ്ടിക്കാട്ടപ്പെടുന്ന പ്രധാനകാരണം. നോട്ട് പിന്‍വലിക്കലിനെത്തുടര്‍ന്ന് ഇന്ത്യയില്‍ നടന്ന കാര്യങ്ങള്‍ ഉദാഹരണം. പണം പ്രധാന വിനിമയമാര്‍ഗമായി സ്വീകരിച്ചിരുന്ന സമൂഹത്തില്‍ ഭൂരിപക്ഷത്തിനും മൊബീല്‍ സാങ്കേതികവിദ്യയെ ആശ്രയിക്കേണ്ടി വന്നു. പേടി എം പോലുള്ള ആപ്പുകളെ പെട്ടെന്ന് ആശ്രയിക്കേണ്ടി വന്നപ്പോള്‍ പലരും വലിയ സങ്കോചം കൂടാതെ അതിലേക്കു മാറുകയാണുണ്ടായത്. നിത്യോപയോഗസാധനങ്ങള്‍ക്കായി ആശ്രയിക്കേണ്ടി വന്ന കടകള്‍ വിട്ട് പച്ചക്കറി വാങ്ങാന്‍ പോലും കാര്‍ഡ് സ്വീകരിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റുകളെയും മാളുകളെയും ആശ്രയിച്ചവരുണ്ട്. എന്നാല്‍ ഇതെല്ലാം താല്‍ക്കാലികമോ ഹ്രസ്വകാലപ്രതിഭാസമോ ആയി ഒതുങ്ങിയെന്നതാണു വാസ്തവം.

പടിപടിയായി നോട്ടുപയോഗം കുറച്ച് ഡിജിറ്റല്‍ വിനിമയത്തിന് ഊന്നല്‍ നല്‍കുമെന്ന മോഡി സര്‍ക്കാര്‍ തീരുമാനം വാചകമായി മാത്രം പരിണമിച്ചുവെന്നതാണ് ക്യാഷ് ലെസ് ഇന്ത്യയുടെ ബാക്കിപത്രം. 200രൂപയുടെ നോട്ടുകള്‍ അച്ചടിക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചത് ഇതിന് ഉദാഹരണമാണ്. 2016 നവംബര്‍ 8-ന് 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിനു ശേഷം പുതിയ 2000, 500, 200 രൂപ നോട്ടുകള്‍ രാജ്യത്ത് ഇറക്കിയിരുന്നു. 2000 രൂപ നോട്ട് ഉപയോഗിച്ചുള്ള ചെറിയ ഇടപാടുകള്‍ എളുപ്പമല്ലെന്ന് പരാതി ഉയര്‍ന്നതോടെയാണ് 200 രൂപ നോട്ടുകളിറാക്കാന്‍ ആര്‍ ബി ഐ തീരുമാനിച്ചത്. 50,10 രൂപ നോട്ടുകളും പുറത്തുവന്നു. ചെറിയ നോട്ടുകള്‍ അടക്കം പിന്‍വലിച്ചു രാജ്യം ഡിജിറ്റല്‍ ആകാന്‍ പ്രാപ്തമായി എന്ന പ്രധാനമന്ത്രിയുടെയും ധനമന്ത്രിയുടെയും മുന്‍നിലപാടുകള്‍ക്ക് കടകവിരുദ്ധമാണ് ഈ നടപടി.

ഡിജിറ്റല്‍ ബാങ്കിംഗും കാര്‍ഡുപയോഗവും വലിയ മാറ്റം കൊണ്ടുവന്നെങ്കിലും ജനത്തിന് ഇന്നും അവരുടെ നിത്യവ്യവഹാരങ്ങളില്‍ നിന്ന് പണം ഒഴിവാക്കാനാകുന്നില്ല. പലചരക്ക്, സ്റ്റേഷനറി കടകളിലും ഓഫീസിലെ ചായ സമയത്തും കാശ് ആവശ്യമായി വരുന്നു. 7,000 വര്‍ഷമായി പ്രചാരത്തിലുള്ള പണത്തിന് സമൂഹത്തിലുള്ള സ്ഥാനം അങ്ങനെ പെട്ടെന്നൊന്നും എടുത്തുകളയാനാകില്ലെന്ന വാസ്തവം പരിഗണിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. എന്ത് ഡിജിറ്റൈസേഷന്‍ വന്നാലും പണമിടപാടുകള്‍ പൂര്‍ണമായി ഒഴിവാക്കാവുന്ന സാഹചര്യം ആയിട്ടില്ല. വലിയ തുക കൈമാറ്റം ചെയ്യുന്ന ഇടങ്ങളില്‍പ്പോലും ചില മേഖലകളിലെങ്കിലും ചില്ലറ മാറി കൊടുക്കേണ്ട സാഹചര്യമുണ്ടാകും.

കാര്‍ഡ് ഇട്ട് കറന്‍സി പിന്‍വലിക്കാമെന്നതു മാത്രമല്ല എടിഎമ്മിന്റെ പ്രസക്തി. പണമിടപാടുകള്‍ക്കു സംഭവിച്ച സാങ്കേതിക രൂപപരിണാമം ഇവയിലും വരുത്താനാകും. എടിഎം കാര്‍ഡോ പഴ്‌സോ നഷ്ടപ്പെട്ടാലും മൊബീല്‍ ഫോണിലേക്ക് അയയ്ക്കുന്ന പിന്‍ നമ്പര്‍ മുഖേന പണം പിന്‍വലിക്കാനാകും. ഇത്തരം സേവനങ്ങള്‍ പ്രദാനം ചെയ്യുന്ന ബാങ്കുകള്‍ ഇന്ന് വ്യാപകമാണ്. മൊബീല്‍ ഫോണുകളും ഐപാഡുകളും ഉപയോഗിച്ച് ബാങ്ക് എക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാന്‍ ഇന്ന് ആര്‍ക്കും കഴിയും. എടിഎമ്മുകള്‍ ഡെബിറ്റ് കാര്‍ഡുകളായി ഷോപ്പിംഗിന് ഉപയോഗിക്കുന്നത് സര്‍വ്വസാധാരാണമായി. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉതിര്‍ക്കുകയും ഓവര്‍ഡ്രാഫ്റ്റ് ഫീസും എത്ര പണമടയ്ക്കണമെന്നുള്ള രേഖകളും മുന്‍കൂറായി നല്‍കുന്ന എടിഎമ്മുകളും ഉടന്‍ വരും. എടിഎമ്മുകളുടെ ഈ ദിശയിലുള്ള വളര്‍ച്ച ഇവയെ നാളെ പ്രധാന ബാങ്ക് ശാഖകള്‍ക്കു പകരമാക്കുകയും ഒരുപക്ഷെ ബ്രാഞ്ചുകളുടെ അടച്ചുപൂട്ടലിനു വരെ കാരണമാക്കുകയും ചെയ്യാം.

റീറ്റെയ്ല്‍ ബാങ്കിംഗിലും എടിഎമ്മുകള്‍ ഫലപ്രദമായി ഉപയോഗിക്കാം. സ്‌പെയ്‌നില്‍ കായികമേളകള്‍ക്കുള്ള ടിക്കറ്റുകളും പാര്‍ക്കിംഗ് ഫീസ് അടയ്ക്കലും യുഎസില്‍ സ്റ്റാംപുകളും എടിഎമ്മില്‍ ലഭിക്കും. മരണാനന്തര ചടങ്ങുകള്‍ക്ക് ഫീസടയ്ക്കാന്‍ സൗത്ത് ആഫ്രിക്കയില്‍ ക്യാഷ് മെഷീനുകള്‍ ഉപയോഗിക്കുമ്പോള്‍ പോര്‍ട്ടുഗലില്‍ മല്‍സ്യബന്ധനത്തിനും വേട്ടയാടലിനുമുള്ള ലൈസന്‍സ് ഇതിലൂടെ വിതരണം ചെയ്യുന്നു. ഓണ്‍ലൈന്‍ ബാങ്കിംഗിന് അനുപൂരകമായി എടിഎമ്മുകള്‍ മാറിയിട്ടുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്‍കാനും ക്രെഡിറ്റ് കാര്‍ഡ് അപേക്ഷ നല്‍കാനും തപാല്‍സ്റ്റാംപിനും നിങ്ങള്‍ക്ക് ചുറ്റുവട്ടത്തെ എടിഎമ്മിനെ ആശ്രയിക്കാവുന്ന കാലമെത്തിച്ചേരും. വിവിധ രാജ്യങ്ങളില്‍ ഉപഭോക്തൃ അനുകൂല ഉപകരണമായി ക്യാഷ് മെഷീനുകള്‍ മാറിക്കൊണ്ടിരിക്കുകയാണെന്നു ചുരുക്കം.

പണം കൊണ്ടു നടക്കുന്നതിലെ അപകടസാധ്യത തടുക്കുക തന്നെയാണ് എടിഎമ്മുകളുടെ പരമപ്രധാന ഉപയോഗം. പണം മോഷ്ടിക്കപ്പെടുകയോ തികയാതെ വരുകയോ ചെയ്യുമ്പോഴാണ് നാം എടിഎമ്മുകളെ ആശ്രയിക്കുന്നത്. എന്നാല്‍ അതിലും അപകടങ്ങള്‍ പതിയിരിക്കുന്നതായി കാണാം. പണമിടപാട്, സൈബര്‍ ആക്രമണ ഭീഷണി, സ്വകാര്യത സംബന്ധിച്ച ആശങ്കകള്‍ എന്നിവ ഇതില്‍ ചിലതാണ്. ഇതിന് പരിഹാരമായി പണം കൈയില്‍ സൂക്ഷിക്കുന്നതു തന്നെയാണ് ഉചിതം എന്ന് വിചാരിക്കുന്നവരുണ്ടാകാം. എന്നാല്‍ ഇക്കാലത്ത് നോട്ടുകെട്ടുകള്‍ പൂഴ്ത്തിവെക്കുന്നതില്‍ ഏറെപ്പേര്‍ക്കും വിശ്വാസമില്ലെന്നതാണ് യാഥാര്‍ത്ഥ്യം. പണം നേരിട്ടടയ്‌ക്കേണ്ടി വരുന്ന ചില്ലറ ഇടപാടുകള്‍ക്ക് കൈവശം സൂക്ഷിക്കുകയാണ് മിക്കവരും ചെയ്യുന്നത്. അതിനാല്‍ത്തന്നെ എടിഎമ്മുകളുടെ പ്രസക്തി അവസാനിക്കില്ലെന്നു തന്നെ കരുതാം.

നോട്ട് പിന്‍വലിക്കലിന്റെ സമയത്ത് ആളുകള്‍ നെട്ടോട്ടമോടിയത് നാം കണ്ടതാണ്. ലോകമെമ്പാടും ഇതു തന്നെയാണ് സ്ഥിതി. സാമ്പത്തികാസൂത്രണത്തില്‍ പ്രധാനപങ്ക് വഹിക്കുന്നത് പണമാണ്. കാര്‍ഡ് ഉപയോഗം വരുംവര്‍ഷങ്ങളില്‍ കറന്‍സിയെ കടത്തിവെട്ടുമെങ്കിലും പണത്തിന്റെ പങ്ക് ഇല്ലാതാകില്ല. പണം അപ്രത്യക്ഷമാകുന്ന സ്ഥിതിവിശേഷമുണ്ടാകില്ലെന്നു മാത്രമല്ല, അടുത്ത ദശകത്തില്‍ കുറഞ്ഞത് ക്രയവിക്രയങ്ങളുടെ 21 ശതമാനത്തിനും പണം വേണ്ടിവരുമെന്നുമാണ് കരുതപ്പെടുന്നത്. കണക്കൂകൂട്ടലുകള്‍ എളുപ്പത്തിലാക്കുമെന്നതാണ് കാശിനോടുള്ള ഇഷ്ടത്തിന് ഒരു കാരണം. പിടിച്ചു ചെലവാക്കുന്നതിന് പ്രേരിപ്പിക്കുന്ന ഘടകമാണിത്.

ഓപ്പണ്‍ബാങ്കിംഗ് മോശം ആശയമായാണ് ആധുനികസാമ്പത്തിക സമൂഹം കണക്കാക്കുന്നത്. ഇത് കുറഞ്ഞ വരുമാനക്കാരെ സാമ്പത്തികമായി ഒഴിവാക്കുന്നതിന് കാരണമാകുമെന്നതാണ് പ്രധാന വസ്തുത. ഇതു വന്നാല്‍ ഇടപാടുകാര്‍ക്ക് അവരുടെ വിവരങ്ങളില്‍ പൂര്‍ണാധികാരം ഉണ്ടെന്ന് വിശ്വസിക്കാനാകില്ല. ഇടപാടുകാര്‍ ബാങ്കുകള്‍ക്കു മുമ്പില്‍ ക്യൂ നില്‍ക്കുമെന്ന പ്രതീക്ഷയും വേണ്ട. മാത്രമല്ല, ഇടപാടുകാര്‍ ചൂഷണം ചെയ്യപ്പെടാനുള്ള സാധ്യതയുണ്ടെന്ന അപകടവും ഒളിഞ്ഞിരിക്കുന്നു. വായ്പയ്ക്ക് ചെലവു കൂടുന്നതും സ്വകാര്യവിവരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതും പോലുള്ള പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരും. ലോകബാങ്കിന്റെ കണക്കനുസരിച്ച് ലോകത്തെ രണ്ടു ബില്യണ്‍ ആളുകള്‍ക്ക് ബാങ്ക് എക്കൗണ്ടില്ല.

കറന്‍സി പിന്‍വലിച്ച ഘട്ടത്തില്‍ ഇന്ത്യയുടെ ഡിജിറ്റല്‍ ഇടപാടുകള്‍ വെറും രണ്ടു ശതമാനം മാത്രമായിരുന്നു. നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്റെ കണക്കനുസരിച്ച് കാര്‍ഡ് വിനിയോഗത്താല്‍ നടത്തിയ ഇടപാടുകളുടെ എണ്ണം ഒരു ദിവസത്തില്‍ 2.5 ലക്ഷം എന്നത് 15ലക്ഷമായി ഉയര്‍ന്നിരുന്നു. റുപേ കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള ഇടപാട് ഒരു ദിവസത്തില്‍ 1.5 ലക്ഷത്തില്‍നിന്നും മൂന്നു ലക്ഷമായാണ് ഉയര്‍ന്നത്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു നടത്തുന്ന ഇടപാടുകള്‍ ഒരു ദിവസം മൂന്നു ലക്ഷം എന്നത് ഇരുപതു ലക്ഷമായി ഉയര്‍ന്നു. എന്നാല്‍, ഇന്ത്യയില്‍ 133 കോടി വരുന്ന ജനസംഖ്യയില്‍ വെറും 37 കോടി ജനങ്ങള്‍ മാത്രമാണ് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതെന്നതാണ് വാസ്തവം. ഇതില്‍ 30 കോടി മാത്രമാണ് മൊബീല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്. മൊബീല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ 100 കോടി വരുമെങ്കിലും 35 കോടി പേര്‍ മാത്രമേ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവരായുള്ളൂ.

റിസര്‍വ് ബാങ്കിന്റെ കണക്കനുസരിച്ച് ഡെബിറ്റ് കാര്‍ഡുകള്‍ ഉള്ളവര്‍ 94 കോടിയാണെങ്കിലും പോയിന്റ് ഓഫ് സെയില്‍സിനായി (പിഒഎസ്) ഉപയോഗിക്കുന്നത് 14 കോടി പേര്‍ മാത്രമാണ്. എം വാലറ്റ് തുടങ്ങിയ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നവര്‍ ഒമ്പതു കോടി മാത്രമാണ്. നാലു കോടിയിലധികം വ്യാപാരസ്ഥാപനങ്ങള്‍ ഉള്ള ഇന്ത്യയില്‍ 14 ലക്ഷം പിഒഎസ് ടെര്‍മിനലുകള്‍ മാത്രമാണുള്ളത്. സാങ്കേതികരംഗം കണ്ണു ചിമ്മുന്ന നേരത്തിനുള്ളില്‍ മാറിമറിയുന്ന സാഹചര്യത്തില്‍ അടുത്ത ദശകത്തിനുള്ളില്‍ പണരഹിത സമ്പദ്‌വ്യവസ്ഥയില്‍ എന്തുമാറ്റമാണ് വരുന്നതെന്നു പറയാന്‍ നാം അശക്തരാണ്. എന്നാല്‍ ഒന്നുറപ്പാണ്, പണമടയ്ക്കാന്‍ മാത്രമല്ല സമ്പത്ത് വിദഗ്ധമായി കൈകാര്യം ചെയ്യുന്നതിനും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്ന തലമുറയാണ് നമുക്കു മുമ്പിലുള്ളത്. വായ്പ, ഇന്‍ഷുറന്‍സ്, സംഭാവന എന്നിവയെല്ലാം മൊബീല്‍ ആപ്ലിക്കേഷനുകള്‍ ഒറ്റമൂലിയാകുന്നു. എന്നാല്‍, അവരുടെ ആവശ്യത്തിന് ഉല്‍പ്പന്നങ്ങള്‍ മല്‍കുന്നതിനൊപ്പം മറ്റുള്ളവരെ കൂടി ആകര്‍ഷിക്കാന്‍ കഴിയും വിധം ഉല്‍പ്പന്നശ്രേണി വിപുലീകരിക്കാന്‍ ബാങ്കുകള്‍ തയാറായിട്ടുണ്ടോ എന്നു പരിശോധിക്കണം.

കറന്‍സിരഹിത ഇടപാടുകള്‍ പ്രോല്‍സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ ചില ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ ഇളവുകളേക്കാള്‍ ഇരട്ടിയായി മറുവശത്തുകൂടി സര്‍വീസ് ചാര്‍ജായി ഈടാക്കുന്നുവെന്നതാണു വാസ്തവം. ആധുനികസംവിധാനത്തിലേക്ക് രാജ്യം നീങ്ങുമ്പോള്‍ നടപ്പാക്കേണ്ടിയിരുന്ന പല കാര്യങ്ങളും ഇപ്പോഴും പാതിവഴിയിലായതാണ് ജനം പണരഹിത ഇടപാടുകളോട് മുഖം തിരിക്കാന്‍ കാരണം. മതിയായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താതെ എല്ലാവരും ഡിജിറ്റല്‍ മൊബൈല്‍ പണമിടപാടുകളിലേക്കു നീങ്ങണമെന്നു പറഞ്ഞാല്‍ ഇന്ത്യയില്‍ നോട്ടുരഹിത സാമ്പത്തികസ്ഥിതി നിലവില്‍ വരില്ല. യാതൊരു സാമ്പത്തിക മുന്നൊരുക്കവുമില്ലാതെ കറന്‍സി പിന്‍വലിച്ചതു പോലെതന്നെയാകും ഈ പദ്ധതിയും. ഇക്കാര്യത്തിലെ സ്തംഭവനാവസ്ഥ മാറ്റാന്‍ തുടര്‍നടപടികളെടുക്കാന്‍ തയാറായില്ലെങ്കില്‍ പണരഹിത സമ്പദ് വ്യവസ്ഥ സ്വപ്‌നമായി അവശേഷിക്കും.

Comments

comments

Categories: Tech