ഈ മാസം 15 മുതല്‍ 90 ദിന പ്രക്ഷോഭത്തിനൊരുങ്ങി വ്യാപാരികള്‍

ഈ മാസം 15 മുതല്‍ 90 ദിന പ്രക്ഷോഭത്തിനൊരുങ്ങി വ്യാപാരികള്‍

ബെംഗളൂരു: രാജ്യത്തെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്ലിപ്കാര്‍ട്ടിനെ യുഎസ് റീട്ടെയ്ല്‍ ഭീമന്‍ വാള്‍മാര്‍ട്ട് ഏറ്റെടുത്തതിനെതിരെ വ്യാപാരികള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. ദേശീയ തലത്തില്‍ സെപ്റ്റംബര്‍ 15 മുതല്‍ 90 ദിവസം സമരം സംഘടിപ്പിക്കുമെന്ന് വ്യാപാരികളുടെ സംഘടനയായ സിഎഐടി (കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ്) പ്രസ്താവനയിലൂടെ അറിയിച്ചു. രാജ്യ തലസ്ഥാനത്തുനിന്നും ആരംഭിക്കുന്ന സമരത്തിന്റെ ഭാഗമായി ഈ മാസം 28ന് ഭാരത് വ്യാപാര ബന്ദ് നടത്താനും സിഎഐടി ആഹ്വാനം ചെയ്തിട്ടുണ്ട്.
വാള്‍മാര്‍ട്ട്- ഫ്ലിപ്കാർട് ഇടപാടിനെതിരെയും റീട്ടെയ്ല്‍ മേഖലയിലേക്കുള്ള പ്രത്യക്ഷ വിദേശ നിക്ഷേപ(എഫ്ഡിഐ) ത്തിനെതിരെയുമുള്ള തങ്ങളുടെ വിയോജിപ്പ് കൂടുതല്‍ വ്യക്തക്കാനാണ് 90 ദിവസത്തെ സമരത്തിലൂടെ വ്യാപാരികള്‍ ലക്ഷ്യമിടുന്നത്. ചില്ലറ വ്യാപാര മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം കടന്നുവരുന്നതിന് ഫ്ലിപ്കാർട്ടും വാള്‍മാര്‍ട്ടും തമ്മിലുള്ള ഏറ്റെടുക്കല്‍ കരാര്‍ വഴിയൊരുക്കുമെന്നതിനാലാണ് പ്രക്ഷോഭം സംഘടിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് വ്യാപാരികളുടെ സംഘടന വ്യക്തമാക്കി.
ഫ്ലിപ്കാർട്ടിന്റെ 77 ശതമാനം ഓഹരികളാണ് വാള്‍മാര്‍ട്ട് ഏറ്റെടുക്കുന്നത്. 16 ബില്യണ്‍ ഡോളറിന്റേതാണ് ഏറ്റെടുക്കല്‍ കരാര്‍. കരാറിന് അനുമതി നല്‍കികൊണ്ടുള്ള കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ)യുടെ തീരുമാനത്തിനെതിരെ കഴിഞ്ഞ മാസം സിഎഐടി നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണലില്‍ (എന്‍സിഎല്‍എടി) പരാതി നല്‍കിയിരുന്നു.
മുന്‍നിര ഇ-കൊമേഴ്‌സ് കമ്പനികളുടെ ചൂണ്ടയിടല്‍ സ്വഭാവമുള്ള വില നിര്‍ണയ രീതികളും വമ്പിച്ച വിലക്കിഴിവ് ഓഫറുകളും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യന്‍ ഇ-കൊമേഴ്‌സ് മേഖലയെ വലിയ രീതിയില്‍ വികലമാക്കികൊണ്ടിരിക്കുന്നതായി സിഎഐടി സെക്രട്ടറി ജനറല്‍ പ്രവീണ്‍ ഖണ്ഡേല്‍വാല്‍ ആരോപിച്ചിരുന്നു.

Comments

comments

Categories: Business & Economy