മെക്‌സിക്കോയില്‍ രണ്ടാം യൂണിറ്റ് ആരംഭിച്ച് ടെക് മഹീന്ദ്ര

മെക്‌സിക്കോയില്‍ രണ്ടാം യൂണിറ്റ് ആരംഭിച്ച് ടെക് മഹീന്ദ്ര

നിക്ഷേപം അഞ്ച് ദശലക്ഷം ഡോളര്‍; ഒരു വര്‍ഷത്തിനുള്ളില്‍ 300 ഓളം ആളുകള്‍ക്ക് തൊഴില്‍ വാഗ്ദാനം

ന്യൂഡെല്‍ഹി: മുംബൈ ആസ്ഥാനമായുള്ള ബഹുരാഷ്ട്ര വിവര സാങ്കേതികവിദ്യാ ദാതാക്കളായ ടെക്ക് മഹീന്ദ്ര അഞ്ച് ദശലക്ഷം ഡോളറിന്റെ നിക്ഷേപം നടത്തിക്കൊണ്ട് മെക്‌സിക്കോയില്‍ രണ്ടാമത്തെ യൂണിറ്റ് ആരംഭിച്ചു. അഗ്വാസ്‌കാലിയെന്റസിലാണ് പുതിയ ഘടകം സ്ഥാപിച്ചിരിക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ 300 ഓളം ആളുകള്‍ക്ക് ഇവിടെ തൊഴില്‍ നല്‍കാന്‍ കഴിയുമെന്ന് കമ്പനി അറിയിച്ചു. ഇതോടൊപ്പം നിരവധി പ്രാദേശിക സര്‍വകലാശാലകളുമായുള്ള സഹകരണത്തിനും കമ്പനി കരാറുകളില്‍ ഒപ്പുവെച്ചിട്ടുണ്ട്.

‘മഹീന്ദ്ര ട്രാക്‌റ്റേഴ്‌സ് കഴിഞ്ഞ വര്‍ഷം അഗ്വാസ്‌കാലിയെന്റസില്‍ ഉപകരണങ്ങള്‍ സംയോജിപ്പിക്കുന്ന പ്ലാന്റ് സ്ഥാപിച്ചിരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ ഇപ്പോള്‍ ടെക്ക് മഹീന്ദ്രയും ഇവിടെ പുതിയ യൂണിറ്റ് ആരംഭിച്ചിരിക്കുകയാണ്. ഇതോടൊപ്പം ഒരു വര്‍ഷത്തിനകം അഗ്വാസ്‌കാലിയെന്റസില്‍ 300 തൊഴിലവസരങ്ങള്‍ കൂടി ഇന്ത്യന്‍ കമ്പനിക്ക് സൃഷ്ടിക്കാനാകും,’ വികസനത്തെ സ്വാഗതം ചെയ്തുകൊണ്ട് മെക്‌സികോയിലെ ഇന്ത്യന്‍ അബാസിഡര്‍ മുകേഷ് പര്‍ദേശി പറഞ്ഞു. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര കമ്പനിക്ക് മെക്‌സിയോയിലെ വ്യവസായത്തോടുള്ള താല്‍പ്പര്യമാണ് ഇതില്‍ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഗ്വാസ്‌കാലിയെന്റസിന്റെ ഗവര്‍ണര്‍ മാര്‍ട്ടിന്‍ ഒറോസ്‌കോ സാന്‍ഡോവലാണ് ടെക്ക് മഹീന്ദ്രയുടെ രണ്ടാം യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്ന ഒരു ഇടപാടിനെയാണ് ടെക്ക് മഹീന്ദ്ര പ്രതിനിധാനം ചെയ്യുന്നതെന്ന് ഗവര്‍ണര്‍ മാര്‍ട്ടിന്‍ ഒറോസ്‌കോ സാന്‍ഡോവല്‍ പറഞ്ഞു. ഫോബ്‌സ് പട്ടികയില്‍ ഇടം പിടിച്ച കമ്പനിയാണിത്. വിവര സാങ്കേതികവിദ്യ ശാസ്ത്ര ഗവേഷണം, ലോജിസ്റ്റിക്‌സ്, എയ്‌റോസ്‌പേസ് വ്യവസായം, കാര്‍ഷിക-ഭക്ഷ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ വികസനമാണ് കമ്പനി ലക്ഷ്യമിടുന്നത്.

Comments

comments

Categories: Business & Economy