നേഷന്‍സ് ലീഗും യൂറോ കപ്പും സോണി പിക്‌ചേഴ്‌സില്‍

നേഷന്‍സ് ലീഗും യൂറോ കപ്പും സോണി പിക്‌ചേഴ്‌സില്‍

കൊച്ചി : പ്രഥമ യുവേഫ നേഷന്‍സ് ലീഗ്, യൂറോ 2020 എന്നീ മല്‍സരങ്ങളുടെ സംപ്രേക്ഷണാവകാശം സോണി പിക്‌ചേഴ്‌സ് നെറ്റ്‌വര്‍ക്ക്‌സ് ഇന്ത്യ കരസ്ഥമാക്കി. ഇതോടെ എട്ട് സുപ്രധാന ഫുട്‌ബോള്‍ മേളകളുടെ ഇന്ത്യാ ഭൂഖണ്ഡത്തിലെ സംപ്രേക്ഷണാവകാശം സോണി കൈവശപ്പെടുത്തിയിരിക്കയാണ്. യൂവേഫ ചാമ്പ്യന്‍സ് ലീഗ്, യുവേഫ യൂറോപ്പ ലീഗ്, ലാലിഗ, സീരി എ, യുവേഫ സൂപ്പര്‍ കപ്പ്, എഫ്എ കപ്പ് എന്നിവയാണ് ഇതര ടൂര്‍ണമെന്റുകള്‍.

യൂറോപ്യന്‍ രാജ്യങ്ങള്‍ മാറ്റുരയ്ക്കുന്ന യൂറോ കപ്പും ലോകകപ്പ് പോലെ നാല് വര്‍ഷം കൂടുമ്പോഴാണെന്നിരിക്കെ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് എല്ലാ വര്‍ഷവും മിടുക്ക് തെളിയിക്കാനുള്ള വേദിയാണ് യൂവേഫ നേഷന്‍സ് ലീഗ്. 55 യൂറോപ്യന്‍ രാജ്യങ്ങള്‍ പങ്കെടുക്കുന്ന നേഷന്‍സ് ലീഗ് മല്‍സരങ്ങള്‍ വ്യാഴാഴ്ച ആരംഭിച്ചു. ഫ്രാന്‍സ്-ജര്‍മനി, ഇംഗ്ലണ്ട്-സ്‌പെയിന്‍, പോര്‍ച്ചുഗല്‍-ഇറ്റലി മല്‍സരങ്ങള്‍ ഈ ആഴ്ച നടക്കുന്നതാണ്. അടുത്ത വര്‍ഷം ജൂണിലാണ് ഫൈനല്‍ നടക്കുക. റഷ്യന്‍ ലോകകപ്പില്‍ യൂറോപ്യന്‍ ടീമുകളാണ് മേധാവിത്തം പുലര്‍ത്തിയതെന്ന വസ്തുത കണക്കിലെടുക്കുമ്പോള്‍ ഫുട്‌ബോള്‍ പ്രേമികളില്‍ ആവേശം വിതയ്ക്കുന്ന മല്‍സരങ്ങളാണ് യുവേഫ നേഷന്‍സ് ലീഗില്‍ നടക്കുക. കഴിഞ്ഞ നാല് ലോകകപ്പും നേടിയത് യൂറോപ്യന്‍ ടീമുകളാണെന്നതാണ് വേറൊരു പ്രത്യേകത.

16-ാമത് യുവേഫ യൂറോ കപ്പ് മല്‍സരങ്ങള്‍ 2020 ജൂണ്‍ 12 മുതല്‍ ജൂലൈ 12 വരെയാണ് നടക്കുക. നേരത്തെ യൂവേഫ കപ്പിന് ആതിഥേയത്വം വഹിച്ചുകൊണ്ടിരുന്നത് ഓരോ തവണയും ഒരു രാജ്യം മാത്രമായിരുന്നുവെങ്കില്‍ ഇത്തവണ ടൂര്‍ണമെന്റിന്റെ 60-ാം വാര്‍ഷികം പ്രമാണിച്ച്, 12 രാജ്യങ്ങളിലെ 12 നഗരങ്ങളിലായാണ് മല്‍സരങ്ങള്‍ നടക്കുക. ക്രിസ്റ്റ്യാനോ റൊണാള്‍ഡേയുടെ നേതൃത്വത്തില്‍ പോര്‍ച്ചുഗലാണ് 2016-ല്‍ യൂറോ കപ്പ് നേടിയത്.

കഴിഞ്ഞ മാസമാരംഭിച്ച ക്ലബ് ഫുട്‌ബോള്‍ സീസണ്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ കമ്പക്കാരില്‍ വലിയ ആവേശമാണുയര്‍ത്തിയിരിക്കുന്നത്. ക്രിസ്റ്റിയോനോ റൊണാള്‍ഡോ സ്‌പെയിനിലെ റയല്‍ മാഡ്രിഡില്‍ നിന്ന് ഇറ്റലിയിലെ യുവന്റസിലേക്ക് ചേക്കേറിയതോടെ ഇറ്റാലിയന്‍ ലീഗായ സീരീ എയ്ക്ക് ഇത്തവണ ഇന്ത്യയില്‍ പ്രേക്ഷകര്‍ കൂടിയിരിക്കയാണ്. ഏറ്റവും വലിയ ക്ലബ് ചാമ്പ്യന്‍ഷിപ്പായ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ തന്റെ മുന്‍ ക്ലബ്ബായ മാഞ്ചസ്റ്റര്‍ യൂണൈറ്റഡിനെതിരെ യുവന്റസിനുവേണ്ടി ക്രിസ്റ്റ്യാനോ ഇറങ്ങുന്നു. ചാമ്പ്യന്‍സ് ലീഗില്‍ മെസിയുടെ ബാഴ്‌സലോണ, ടോട്ടനം, ഇന്റര്‍ മിലാന്‍ തുടങ്ങിയ പ്രബലരടങ്ങുന്ന ഗ്രൂപ്പിലാണ്. ലാലിഗയിലാണെങ്കില്‍ നിലവിലുള്ള ചാമ്പ്യന്‍മാരായ റിയല്‍ മാഡ്രിഡും ബാഴ്‌സലോണയും മേധാവിത്തമുറപ്പിക്കാന്‍ കച്ചകെട്ടിയിരിക്കുന്നു.

നേരത്തെ ക്രിക്കറ്റിന് മാത്രം പ്രാമുഖ്യം നല്‍കിയിരുന്ന ഇന്ത്യന്‍ കായിക പ്രേമികള്‍ ഇപ്പോള്‍ വിവിധ കായിക ഇനങ്ങളോട് പ്രതിപത്തി കാണിച്ചു തുടങ്ങിയിട്ടുണ്ടെന്ന് സോണി പിക്‌ചേഴ്‌സ് നെറ്റ്‌വര്‍ക്ക് ഇന്ത്യ ചീഫ് റെവന്യൂ ഓഫീസര്‍ (സ്‌പോര്‍ട്‌സ്) രാജേഷ് കൗള്‍ പറഞ്ഞു. 2018 ഫിഫാ ലോകകപ്പ് 25.4 കോടി ആളുകളാണ് കണ്ടത്.

Comments

comments

Categories: FK News