സഞ്ചാരം സുഗമമാക്കി ഇ-വാഹന സംരംഭങ്ങള്‍

സഞ്ചാരം സുഗമമാക്കി ഇ-വാഹന സംരംഭങ്ങള്‍

ഇലക്ട്രിക് മൊബിലിറ്റി പദ്ധതി അനുസരിച്ച്, 2030 ഓടുകൂടി രാജ്യത്ത് ആകെയുള്ള വാഹനങ്ങളുടെ മുപ്പതു ശതമാനത്തോളം ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറ്റാനാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നല്‍കിവരുന്ന ആനുകൂല്യവും മറ്റും കൂടുതല്‍ കമ്പനികള്‍ സമാന മേഖലയിലേക്ക് കടന്നു വരാനും പ്രേരണയേകുന്നു. വന്‍കിട കമ്പനികള്‍ക്കൊപ്പം വിപണിയിലേക്ക് എത്തിയിരിക്കുന്ന ഏതാനും ചില ഇലക്ട്രിക് വാഹന സംരംഭങ്ങളെ ഇവിടെ പരിചയപ്പെടാം

 

ഇന്ത്യന്‍ നിരത്തുകള്‍ ഇലക്ട്രിക് വാഹനങ്ങള്‍ കീഴടക്കുന്ന കാലം വിദൂരത്തല്ല. ഓട്ടോറിക്ഷകള്‍ മുതല്‍ ബസുകള്‍ വരെ വാഹന ശ്രേണികള്‍ ഇലക്ട്രിക് സംവിധാനത്തിലാകാന്‍ പദ്ധതിയിടുന്നതോടെ രാജ്യത്ത് ഇലക്ട്രിക് വാഹന വിപ്ലവം തന്നെ സാധ്യമായേക്കും. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നയ പരിപാടികളും ആനുകൂല്യങ്ങളും മറ്റും ഈ വിപ്ലവത്തിന് ആക്കം കൂട്ടുകയും ചെയ്യുന്നുണ്ട്.

ഓണ്‍ലൈന്‍ കാബ് സേവനദാതാക്കളായ ഒലയും ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തുകളില്‍ എത്തിക്കാനുള്ള ദൗത്യത്തില്‍ ഏര്‍പ്പെട്ടു കഴിഞ്ഞു. അടുത്ത 12 മാസത്തിനുള്ളില്‍ 10,000 ഇ-റിക്ഷകള്‍ റോഡിലിറക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. മഹിന്ദ്ര ആന്‍ഡ് മഹിന്ദ്രയുടെ പങ്കാളിത്തത്തോടെ സൂം കാറും അടുത്തിടെ ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കുകയുണ്ടായി. ഓണ്‍ലൈന്‍ ബസ് സേവന ദാതാക്കളായ സിപ്‌ഗോ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നതിനായി 300 കോടി രൂപ സമാഹരിച്ചതായി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. 5 വര്‍ഷം മുമ്പ് പ്രവര്‍ത്തനം ആരംഭിച്ച ടൈഗര്‍ ഗ്ലോബലിന്റെ പിന്തുണയുള്ള എയ്തര്‍ എനര്‍ജി ഈ വര്‍ഷം ആദ്യം അവരുടെ പുതിയ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിപണിയില്‍ ഇറക്കിയിരുന്നു.

ഇലക്ട്രിക് മൊബിലിറ്റി പദ്ധതി അനുസരിച്ച്, 2030 ഓടുകൂടി രാജ്യത്ത് ആകെയുള്ള വാഹനങ്ങളുടെ മുപ്പതു ശതമാനത്തോളം ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറ്റാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. ഓരോ ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുമ്പോഴും ഉപഭോക്താക്കള്‍ക്ക് നേരിട്ട് സബ്‌സിഡി നല്‍കാനും ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ക്ക് നല്‍കിവരുന്ന ആനുകൂല്യങ്ങള്‍ ദീര്‍ഘിപ്പിക്കാനുമുള്ള സര്‍ക്കാരിന്റെ നീക്കം മേഖലയിലേക്ക് കടന്നുവരുന്ന ഇലക്ട്രിക് വാഹന നിര്‍മാതാക്കളെയും കാര്യമായി പിന്തുണയ്ക്കുന്നുണ്ട്. മേഖലയിലെ വന്‍കിട കമ്പനികള്‍ക്കൊപ്പം വിപണിയില്‍ മികച്ച രീതിയില്‍ മുന്നോട്ടു പോകുന്ന ഏതാനും ചില ഇലക്ട്രിക് വാഹന സംരംഭങ്ങളെ ഇവിടെ പരിചയപ്പെടാം.

സ്മാര്‍ട്ട്ഇ

മൂന്നു വര്‍ഷം മുമ്പ് ഡെല്‍ഹി ആസ്ഥാനമായി ഗോള്‍ഡി ശ്രീവാസ്തവ തുടങ്ങിയ ഇ-റിക്ഷാ കമ്പനിയാണ് സ്മാര്‍ട്ട്ഇ. സുരക്ഷിതവും വിശ്വാസയോഗ്യവും താങ്ങാവുന്ന നിരക്കിലുമുള്ളതാണ് ഇവരുടെ സേവനം. അഞ്ച് മില്യണ്‍ ഡോളര്‍ നിക്ഷേപ സമാഹരണം നടത്തിയ കമ്പനി 2022 ഓടുകൂടി 10,000 ഇ-റിക്ഷകള്‍ നിരത്തിലിറക്കാനാണ് പദ്ധതിയിടുന്നത്. 10 രൂപയില്‍ തുടങ്ങുന്ന സര്‍വീസില്‍ ഓരോ അധിക കിലോമീറ്ററിനും 5 രൂപ വീതമാണ് സ്മാര്‍ട്ട്ഇ ഈടാക്കുന്നത്. താങ്ങാവുന്ന നിരക്ക് ആയതുകൊണ്ടുതന്നെ പ്രതിദിനം 60,000 ല്‍ അധികം യാത്രക്കാര്‍ തങ്ങളുടെ വാഹനങ്ങളിലൂടെ യാത്ര ചെയ്യുന്നുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു.

സ്‌കൂട്ടര്‍സണ്‍

ഡെല്‍ഹി, സാന്‍ഫ്രാന്‍സിസ്‌കോ എന്നിവിടങ്ങള്‍ കേന്ദ്രമാക്കി രണ്ടു വര്‍ഷം മുമ്പ് ദീപന്‍ഷ് ജെയ്ന്‍, മിനിയ ഡി വ്രീസ് എന്നിവര്‍ തുടങ്ങിയ സംരംഭമാണ് സ്‌കൂട്ടര്‍സണ്‍. ഇന്റലിജന്റ് ഇലക്ട്രിക് സ്‌കൂട്ടര്‍ എന്ന വിശേഷണത്തോടെ പുറത്തിറക്കിയ വാഹനം ക്ലൗഡ്, സ്മാര്‍ട്ട്‌ഫോണ്‍ ടെക്‌നോളജി, ഡാറ്റാ അനാലിസിസ് എന്നിവ ഉപയോഗപ്പെടുത്തിയാണ് സേവനം നല്‍കുന്നത്. വാഹനം ഓടിക്കുന്ന വ്യക്തിയുടെ സുരക്ഷയും വാഹനത്തിന്റെ ഇന്ധനക്ഷമതയും ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് ഈ വിദ്യ ഉപയോഗപ്പെടുത്തിയിരിക്കുന്നത്. പ്രിസിഷന്‍ മെറ്റല്‍ ഭാഗങ്ങള്‍ നിര്‍മിക്കുന്ന കിഴക്കന്‍ യൂറോപ്യന്‍ മേഖലകളിലെ പ്രശസ്ത നിര്‍മാതാക്കളായ എആര്‍എസ്എറ്റിയില്‍ നിന്നും ഈ വര്‍ഷമാദ്യം 1. 75 മില്യണ്‍ ഡോളര്‍ നിക്ഷേപം നേടിയ കമ്പനി വരും വര്‍ഷങ്ങളില്‍ ഇലക്ട്രിക് വാഹന മേഖലയില്‍ കൂടുതല്‍ ബിസിനസ് വിപുലീകരണത്തിന് തയാറെടുക്കുകയാണ്.

അള്‍ട്രാവയലറ്റ് ഓട്ടോമോട്ടീവ്

2014ല്‍ നാരായണ്‍ സുബ്രഹ്മണ്യന്‍ സ്ഥാപിച്ച ഓട്ടോമോട്ടീവ് മൊബിലിറ്റി കമ്പനിയാണ് അള്‍ട്രാവയലറ്റ് ഓട്ടോമോട്ടീവ്. ആധുനിക തലമുറയ്ക്ക് ഇണങ്ങുന്ന രീതിയിലുള്ള സ്റ്റൈല്‍, സ്പീഡ്, ലക്ഷ്വറി എന്നിവയെല്ലാം ഒത്തൊരുമിക്കുന്ന ഇലക്ട്രോണിക് ബൈക്ക് ആണ് കമ്പനി പുറത്തിറക്കുക. വിപണിയില്‍ തങ്ങളുടെ ബൈക്ക് എങ്ങനെ വില്‍പ്പന നടത്തണമെന്നതിനെ കുറിച്ച് കൃത്യമായ ബിസിനസ് പദ്ധതികള്‍ തയാറാക്കിയിരിക്കുന്ന കമ്പനി ബൈക്കിന്റെ വില സംബന്ധിക്കുന്ന വിവരങ്ങള്‍ ഇനിയും പുറത്ത് വിട്ടിട്ടില്ല. 50 ലക്ഷം രൂപ പ്രാഥമിക നിക്ഷേപത്തില്‍ തുടങ്ങിയ കമ്പനി അടുത്തിടെ ടിവിഎസില്‍ നിന്നും നിക്ഷേപ സമാഹരണം നടത്തിയിരുന്നു.

ആംപിയര്‍

ചരക്കുകള്‍ കയറ്റുന്ന ഇ- ട്രോളികള്‍ മുതല്‍, ഇ-സ്‌കൂട്ടര്‍, ഇ-സൈക്കിള്‍ എന്നീ വാഹനങ്ങള്‍ പുറത്തിറക്കുന്ന കമ്പനിയാണ് ആംപിയര്‍. കോയമ്പത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി ഭിന്നശേഷിയുള്ളവര്‍ക്കായി പ്രത്യേക രീതിയില്‍ രൂപകല്‍പ്പന ചെയ്ത വാഹനവും മാലിന്യ നിര്‍മാര്‍ജ്ജനത്തിനായുള്ള വാഹനവും പുറത്തിറക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഹേമലത അണ്ണാമലൈ തുടങ്ങിയ സംരംഭം ടാറ്റാ സണ്‍സ് ചെയര്‍മാന്‍ രത്തന്‍ ടാറ്റയില്‍ നിന്നും നിക്ഷേപം സമാഹരിച്ചിട്ടുണ്ട്്. നിക്ഷേപ തുക കമ്പനി വെളിപ്പെടുത്തിയിട്ടില്ല. 20,000 മുതല്‍ 30,000 രൂപ വരെയാണ് ഇലക്ട്രോണിക് സൈക്കിളിന്റെ വില. കമ്പനി പുറത്തിറക്കിയിരിക്കുന്ന ഇലക്ടോണിക് സ്‌കൂട്ടറിന് 20,000 മുതല്‍ 45,000 രൂപയാണ് നിരക്ക്.

ട്വന്റി റ്റു മോട്ടോര്‍സ്

ഇലക്ട്രോണിക് വാഹന സാങ്കേതികവിദ്യ താങ്ങാവുന്ന നിരക്കില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി പ്രവീണ്‍ ഖര്‍ബ്, വിജയ് ചന്ദ്രാവത് എന്നിവര്‍ ചേര്‍ന്നു രൂപം കൊടുത്ത സംരംഭമാണ് ട്വന്റി റ്റു മോട്ടോര്‍സ്. രണ്ടു വര്‍ഷം മുമ്പ് തുടങ്ങിയ കമ്പനിയില്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ മുന്‍ ഡയറക്റ്ററായ ഫര്‍ഹാന്‍ ഷബീറും നിക്ഷേപക അംഗമാണ്. ലിഥിയം – അയണ്‍ ബാറ്ററി പായ്ക്ക്, ബാറ്ററി മാനേജ്‌മെന്റ് സിസ്റ്റം (ബിഎംഎസ്), സ്മാര്‍ട്ട് ഇലക്ട്രോണിക്‌സ് എന്നിവയില്‍ അതീവ ശ്രദ്ധ ചെലുത്തിയാണ് കമ്പനി വാഹനം നിര്‍മിക്കുന്നത്. ഗുരുഗ്രാം ആസ്ഥാനമായ കമ്പനി കഴിഞ്ഞ വര്‍ഷം പ്രാഥമിക റൗണ്ട് നിക്ഷേപ സമാഹരണത്തില്‍ 1.6 മില്യണ്‍ ഡോളര്‍ തുക നേടിയിരുന്നു.

Comments

comments

Categories: Auto
Tags: e vehicles